യഥാതഥമായ ഒരു സൈക്കിൾ കഥ

ഡോ. മിനി നായർ


ബി മുരളിയുടെ ബൈസിക്കിൾ റിയലിസമെന്ന ഗ്രന്ഥത്തിന്റെ വായന

പുതിയ കാലത്തിന്റെ സംസ്കാരത്തെ ആവിഷ്ക്കരിക്കുന്ന ബി. മുരളിയുടെ കഥാലോകത്തിലൂടെ

  റി യലിസം ഒരു സാഹിത്യ പ്രസ്ഥാനമാണ്. ബൈസിക്കിൾ റിയലിസം ഒരു കഥാസമാഹാരവും. ബി. മുരളിയുടെ പതിനൊന്ന് കഥകളുടെ സമാഹാരമാണിത്. നിഗൂഢവും നിശബ്ദവും ഭീതിദവുമായ ഒരു ഊടുവഴിയിലൂടെ ഏകനായി നടന്നു പോകാൻ അപ്രതീക്ഷിതമായി നിയോഗിക്കപ്പെട്ട ഒരു സഞ്ചാരിയെപ്പോലെ ചകിതനായി വായനക്കാരന് ഈ കഥകളിലൂടെ കടന്നു പോകാം.

സൈക്കിളോട്ടത്തിൽ കമ്പമുള്ള ഏതാനും ചെറുപ്പക്കാർ ചേർന്ന് തങ്ങളുടെ മുത്തച്ഛനായ വേലായുധനാശാനെന്ന സൈക്കിൾ പ്രേമിയുടെ ജീവിത സഞ്ചാരങ്ങളെ കൂലംകഷമായി അവലോകനം ചെയ്യുകയാണ് ബൈസിക്കിൾ റിയലിസം എന്ന ആദ്യ കഥയിൽ -യഥാതഥമെന്ന് വിശ്വസിക്കപ്പെടുന്ന ചില ചരിത്ര വസ്തുതകളെ കൂട്ടുപിടിച്ചു കൊണ്ടാണ് വേലായുധനാശാന്റെ സ്തോഭകജനകമായ ജീവിതം ചിത്രീകരിക്കപ്പെടുന്നത്. തന്റെ ജീവിതം വെളിപ്പെടുത്തുന്നതിൽ തികഞ്ഞ വിമുഖതയാണ് ആശാൻ പുലർത്തിയിരുന്നത്. അവിടവിടെയായി അടർന്നു തെറിച്ചു കിടന്ന ആശാന്റെ വാക്കുകളെ സാഹചര്യങ്ങളുമായി ചേർത്ത് വായിക്കപ്പെടുകയാണ് ബൈസിക്കിൾ റിയലിസത്തിൽ.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബോംബയിലേക്ക് കള്ളവണ്ടി കയറി പോയ (അന്തസ്സോടെ ടിക്കറ്റ് എടുത്തു എന്ന് ആശാൻ) ആളാണ് വേലായുധനാശാൻ. അവിടെ സായിപ്പിന്റെ കൂലിക്കാരനായി കൂടി. സ്വാതന്ത്ര്യസമരവും രണ്ടാം ലോകമഹായുദ്ധവും സാമ്പത്തികാവസ്ഥയെ തകിടം മറിച്ചപ്പോൾ സായിപ്പിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. തന്റെ ഏക സമ്പാദ്യമായ സൈക്കിളിനെ ഒരു അടുത്ത ചങ്ങാതിയെ ഏൽപ്പിച്ച് ആശാൻ കപ്പൽ കയറി. മഹാരാഷ്ട്രക്കാരന്റെ വീട്ടു ചായ്പിൽ അനാഥമായി ഇരിക്കുന്ന സൈക്കിളിനെ കുറിച്ച് മാത്രം വേവലാതി പെട്ടു കൊണ്ട് ഒന്നര മാസം അദ്ദേഹം കപ്പലിൽ കഴിച്ചുകൂട്ടി. തന്റെ യാത്രയുടെ ലക്ഷ്യം R0 FS (ബ്രിസ്റ്റൻ റോയൽ ഓർഡന്സ് ഫാക്ടറി) എന്ന പ്രസിദ്ധമായ ആയുധ നിർമ്മാണ ശാലയാണെന്നും, ബോംബ് നിർമ്മാണമാണ് തന്റെ തൊഴിലെന്നും എന്ന് ആശാൻ തിരിച്ചറിയുന്നത് അവിടെ എത്തിയതിന് ശേഷമാണ്. ചാര സ്വഭാവമുള്ള തന്റെ തൊഴിലിൽ വ്യാപരിക്കുമ്പോഴും കുട്ടികളുടെ സൈക്കിൾ നന്നാക്കുന്നതിലും സ്ത്രീകളുടെ സൈക്കിൾ നിരീക്ഷിക്കുന്നതിലും താൻ തൽപ്പരനായിരുന്നു എന്ന് ആശാൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആശാന്റെ സൈക്കിൾ ഭ്രാന്ത് മനസ്സിലാക്കിയ സായിപ്പ് ബ്രസ്റ്റണിൽ വച്ച് സമ്മാനിച്ച സൈക്കിളുമായി ദൗത്യം പൂർത്തിയാക്കി ആശാൻ ബോംബയിൽ തിരിച്ചെത്തി. തന്റെ ആദ്യ സൈക്കിൾ പ്രണയ പൂർവ്വം വീണ്ടെടുത്തു

വേലായുധനാശാന്റെ സൈക്കിൾ പ്രേമം എത്ര മൗലികമായിരുന്നു എന്ന് കാണിക്കുന്ന ചില വാക്യങ്ങൾ ഈ കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കാണുക:

''സ്വന്തമായ സൈക്കിളിനെക്കുറിച്ചുള്ള ആശങ്കയല്ലാതെ ആശാന് മറ്റൊന്നും കൈവശമില്ലായിരുന്നു "

"തന്റെ ബോംബുനിർമ്മാണ ശാല ജീവിതത്തിനിടയിൽ ആശാൻ കൊതിയോടെ പല പണ്ടാരുടേയും സൈക്കിളുകൾ ഉന്തി വിടുകയും നന്നാക്കിക്കൊടുക്കുകയും ചെയ്തു "

"ചർക്കയെപ്പറ്റി പറഞ്ഞപ്പോൾ ആശാൻ ഉത്സാഹിയായി. ചർക്കയുടെ ചക്രവും സൈക്കിളിന്റെ ടയറും തമ്മിലുണ്ട അതിശയകരമായ രൂപസാദൃശ്യത്തെപ്പറ്റിയാണ് ആശാൻ കൂടുതലും പറഞ്ഞത്. "

"ബോംബർ വിമാനങ്ങൾ അടുത്തു കണ്ടിട്ടുണ്ടാകുമല്ലോ എന്ന എന്ന ചോദ്യത്തിന് വിമാനങ്ങളിലേയ്ക്ക് ബോംബുകൾ കൊണ്ടു പോകുന്ന കൂറ്റൻ സൈക്കിളുകളെപ്പറ്റിയാണ് ആശാൻ സംസാരിച്ചത്."

മണ്ണിൽ കാലുകുത്തി നിൽക്കുന്ന റിയലിസ്റ്റിനോട് ആകാശത്തിൽ റോക്കറ്റ് ഓട്ടുന്ന സ്വപ്നത്തെക്കുറിച്ച് പറയാൻ പാടില്ല എന്നാണ് കഥയുടെ ഗുണപാഠം. വേലായുധനാശാന്റെ സൈക്കിൾ പൊട്ടൻ കളി ബുദ്ധിപരവും അപകടഭരിതവും ആയ ഒരു കളി മാത്രമാണെന്ന പുനർവായനയാണു് വേലായുധനാശാൻ ഒരു തിരുത്ത് എന്ന കഥ. ആശാനെ കുറിച്ചുള്ള ഗവേഷണഫലം പുറത്ത് വന്നതിനു പിന്നാലെയാണ് അദ്ദേഹത്തെ കുറിച്ചുള്ള വിശ്വാസങ്ങളെ അട്ടിമറിക്കുന്ന ചില കഥകൾ വെളിപ്പെടുന്നത്.

സൈക്കിളിനെ കുറിച്ച് ആശാൻ കാണിച്ച ഉന്മാദം ഒരു മുഖം മൂടിയായിരുന്നു. ജർമ്മൻ ചാരനായ ആശാൻ പിടിക്കപ്പെടുമെന്ന നിർണ്ണായകഘട്ടത്തിൽ ആണ് കേരളത്തിൽ നിന്ന് ബോംബെയിലെത്തിയത്. ഒരു മണ്ടനായി അഭിനയിച്ച് ബ്രിട്ടണിലെ ആയുധശാല വരെ എത്തിയ ആശാൻ. സായിപ്പിന്റെ വിശ്വാസം നേടുക മാത്രമല്ല മദാമ്മയുടെ രഹസ്യക്കാരനായി മാറുകയും ചെയ്തു. മദാമ്മയ്ക്കു മുന്നിൽ മാത്രമാണ് ആശാൻ അല്പമൊന്ന് വെളിപ്പെട്ടത്. പക്ഷേ ആശാനുമായി ചേർന്ന് താൻ നടത്തിയ രഹസ്യ ഏർപ്പാടുകൾ പുറത്താകുമെന്ന് ഭയന്ന് മദാമ്മ ആശാന് മടങ്ങി പോകാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയാണുണ്ടായത്. ഗവേഷണം നടത്തുന്നവർ സൈക്കിളിനു പിന്നിൽ ഇരമ്പുന്ന റോക്കറ്റാണ് തിരിച്ചറിയേണ്ടത് എന്ന് മുന്നറിയിപ്പു നൽകി അവസാനിക്കുന്നു കഥ .

ചില അർത്ഥാന്തരന്യാസ വാചകങ്ങളിലൂടെ വേലായുധനാശാനെ കുറിച്ച് ചെറുപ്പക്കാർ നടത്തിയ ഗവേഷണപിഴവുകളെ എഴുത്തുകാരൻ വെളിപ്പെടുത്തി സമർത്ഥിക്കുന്നത് കാണുക. അതീവ രസകരമായ ചില സാമാന്യങ്ങളെ ആണ് ഇതിനായി കൂട്ടുപിടിച്ചിരിക്കുന്നത്:

"ഒരു തിയറിയെ അട്ടിമറിച്ചു കൊണ്ട് പുതിയ തിയറികൾ വരുന്നത് എല്ലാ വിജ്ഞാന ശാഖകളിലും പുതുമയുള്ള കാര്യമല്ല "

"ഒരു പ്രത്യേക ആശയത്തിലുള്ള അമിത വിശ്വാസം അജ്ഞതയുടെ വരമ്പും കഴിഞ്ഞ് വിഡ്ഢിത്തത്തിലേക്ക് വീഴുമ്പോൾ ചുറ്റുമുള്ളവർക്ക് അയാളെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം"

"ഒരാൾ മണ്ടനും വിജ്ഞാന ശൂന്യനുമെന്ന് വ്യക്തമായാൽ അയാളെക്കൊണ്ട് ഏതു പണിയും എടുപ്പിക്കുന്നതിൽ നിങ്ങൾ രണ്ടാമതൊന്നു ആലോചിക്കില്ലല്ലോ "

" ഇപ്പോ, ചേമ്പിലക്ക് മുന്നിൽ കുത്തിയിരുന്നു മൂത്രമൊഴിക്കാൻ ആർക്കാണ് സന്ദേഹം? പ്രക്രിയ എന്താണെന്ന് ചേമ്പിലയ്ക്കറിയില്ലല്ലോ "

വായനയിൽ പരസ്പരപൂരകങ്ങളായി അനുഭവപ്പെടുന്നവയാണ് ഈ ചെറുകഥകൾ. എന്നാൽ ഓരോന്നും മൗലികമായ ഘടന പുലർത്തുന്നുമുണ്ട്. വിവരണാത്മകമായ ആഖ്യാനശൈലിയാണ് ഈ കഥകളെ ചേർത്തവയ്ക്കുന്നത്. യഥാതഥമായ ക്ലാസ്സിക് രീതിയിലേക്ക് കഥകളെ ഉയർത്തുന്നതും ഈ വിവരണാത്മകതയാണ്.

ആദ്യകാല ചെറുകഥകളുടെ സവിശേഷതയായി സാഹിത്യ ചരിത്രം അപസർപ്പക (ditective) സ്വഭാവത്തെ എടുത്തു കാട്ടുന്നുണ്ട്. കാലികമായ സാഹചര്യങ്ങളിൽ അപസർപ്പകത എങ്ങനെ ചിത്രീകരിക്കാമെന്ന് വെളിവാക്കുന്ന ചില കഥകളിലൂടെ നമുക്ക് ഒന്നു സഞ്ചരിക്കാം. വഞ്ചനയുടേയും ചതിയുടേയും സ്വാർത്ഥതയുടേയും കളിയരങ്ങായ ചില കഥാപാത്രങ്ങളെ ഈ കഥകളിൽ നമുക്ക് കാണാം. ശത്രുവിന്റെ നിസ്സഹായതയെയും നിരാലംബതയേയും മുതലെടുക്കാൻ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങൾ,സ്തോഭജനകമായ തന്ത്രങ്ങൾ ഒക്കെ പലപ്പോഴും മാനസിക വിഭ്രാന്തിയാണെന്ന തോന്നൽ സൃഷ്ടിക്കും. എന്നാൽ ഈ വില്ലൻ/ വില്ലത്തി കഥാപാത്രങ്ങളെ വെറുക്കാതിരിക്കാനുള്ള മതിയായ കാരണങ്ങൾ വരികൾക്കിടയിൽ ഒളിപ്പിച്ച് പിടിച്ചു കൊണ്ട് എഴുത്തുകാരൻ അവനവനിലേക്ക് തിരിഞ്ഞു നോക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നു. പറഞ്ഞു തീരാത്ത ഒരു കഥ പോലെ വില്ലന്മാർ അപൂർണ്ണരായി നമ്മെ പിൻതുടരുന്നു.

ചില വില്ലത്തികളെ നമുക്ക് പരിചയപ്പെടാം ഇതിനായി 'ഗ്രഹാം ബെൽ', 'ഭൂമി ജീവ ശാസ്ത്രം: എന്നീ കഥകൾ നിരീക്ഷിക്കാം. ഗ്രഹാം ബെല്ലിൽ സുമയെ ശശികുമാർ കുടുക്കുന്നത് അയാളുടെ ശബ്ദത്തിലൂടെയാണ്. സുമയുടെ കൂട്ടുകാരിയാണ് അവരുടെ ബന്ധത്തിലെ ഏക തടസ്സമെന്നായിരുന്നു ശശിയുടെ ശബ്ദം അവളോട് പറഞ്ഞത്. പതുക്കെ ശരീരത്തിൽ വ്യാപിക്കുന്ന ഭീകരരോഗാണുവിനെ പോലെ അയാളുടെ പദ്ധതികൾക്ക് അവൾ കീഴടങ്ങി. ആർക്കും സംശയമില്ലാത്ത വിധം മാനസിക പീഡനകൾ ഏൽപ്പിച്ച് കൂട്ടുകാരിയെ മരണത്തിൽ കുടുക്കുന്നു സുമ.

സുമയെ ആക്സിഡന്റിലേക്ക് തള്ളി, വികലാംഗയാക്കി തന്റെ പദ്ധതി ഭംഗിയായി പൂർത്തിയാക്കുന്നു ശശി.എന്നാൽ ചതിയുടെ ചാക്രിക ഭ്രമണം വീണ്ടും തുടരുകയാണ്. സലീമിനെ ശബ്ദം കൊണ്ട് കുടുക്കി ശശിക്കെതിരെ കരുവായി ഉപയോഗിക്കുകയാണ് സുമ. സലീം നിയോഗിച്ച വാടകക്കൊലയാളിയുടെ ലോറിക്കടിയിൽപെട്ട് ശശി മരിക്കുന്നു. ഫോണിനെ എറിഞ്ഞ് തകർത്ത് വല ഭേദിച്ച് പുറത്ത് കടക്കുന്ന ചിലന്തിയെ പോലെ സുമ സ്വതന്ത്രയാകുന്നു.

അനാഥയാക്കപ്പെട്ട പാവം പെൺകുട്ടിയുടെ രൂപത്തിൽ ആണ് ഭൂമി ജീവശാസ്ത്രത്തിലെ യുവതി കഥയുടെ ആദ്യ ഭാഗത്ത് പ്രത്യക്ഷപ്പെടുന്നത്. നാട്ടുകാരുടെയും അയൽവക്കക്കാരുടേയും കണ്ണിൽ കഥയുടെ ചുരുൾ അഴിഞ്ഞു വരുമ്പോഴാണ് അച്ഛനെതിരെ അഞ്ച് പരാതികൾ പോലീസ്റ്റേഷനിൽ നൽകിയ അതിക്രൂരയായ മകളുടെ ചിത്രം വെളിപ്പെടുന്നത്. പക്ഷേ വായനക്കാരനു മുന്നിൽ ഒരു അർദ്ധവിരാമമായി പ്രത്യക്ഷപ്പെടുയാണ് അവൾ അപ്പോഴും ഇനിയും പൂർത്തിയാക്കാനാകാത്ത ദുരൂഹതകൾ ആയാണ് ആ വില്ലത്തി ബാക്കിയാക്കുന്നത്.

കത്തി, പത്മാവതി ടീച്ചർ, വാതിൽക്കലെ കള്ളൻ തുടങ്ങിയ കഥകളിൽ ദുരൂഹരായ വില്ലൻ കഥാപാത്രങ്ങളെ കാണാം. എതിരാളിയുടെ നിസ്സഹായതയിൽ ആണ് ആദ്യ രണ്ട് കഥകളിലേയും വില്ലന്മാർ പിടിമുറുക്കിയിരിക്കുന്നത് - സെയിൽസ് ഏജന്റായ ഗോപാലകൃഷ്ണന് രാത്രി ഉറങ്ങാനൊരു ഇടം നൽകിയാണ് ജോസഫ് അയാളുടെ ജീവിതത്തിൽ കടന്നുകയറുന്നത്. ജോസഫിന്റെ മുറിയുടെ മൂലയിൽ കിടക്കാനൊരിടം ലഭിക്കുന്നതോടെ പരിപൂർണ്ണ ആശ്രിതത്വം ആണ് ഗോപാലകൃഷ്ണൻ പുലർത്തുന്നത്. പക്ഷേ, അർദ്ധരാത്രി അപ്രതീക്ഷിതമായി ജോസഫിന്റെ കൈയിൽ കാണുന്ന തിളങ്ങുന്ന കത്തി ഗോപാലകൃഷണനെ അസ്വസ്ഥനാക്കുന്നു. ജോസഫിനെ കുറിച്ചുള്ള ദുരൂഹ ഭീതികൾ അയാളെ ഭ്രാന്തമായി പീഡിപ്പിക്കുകയാണ്. പത്മാവതി ടീച്ചർ എന്ന കഥയിലും വില്ലന്റെ വില്ലത്വത്തെ കുറ്റപ്പെടുത്താൻ വായനക്കാരനാകുന്നില്ല. ആരാണിയാൾ എന്ന് സംശയിച്ച് അയാളുടെ അവസ്ഥയിൽ സഹതാപം കറാൻ മാത്രമാണ് ആസ്വാദകന് സാധ്യമാകുന്നത്.

'സ്വസ്ഥിതി തൻ മറുപുറം തപ്പും മർത്യ രീതി' - വൈലോപ്പിള്ളിയുടെയുടെ കുടിയൊഴിക്കലിലെ വരിയാണ്. വാതിൽക്കലെ കള്ളന്റെ അവസ്ഥയും ഇതാണ്. തുറന്നിട്ട വാതിലുകളും ബന്ധിക്കപ്പെടാത്ത പൂട്ടുകളും ഉള്ള ഒരു വീട് കള്ളൻ ആഗ്രഹിക്കുന്നില്ല. അവന് കള്ളത്താക്കോല് വേണം, മാർജ്ജാര പാദങ്ങളോടെ മുറികളിൽ കയറി ഇറങ്ങണം. ആ പ്രവൃത്തിയിൽ അവനനുഭവിക്കുന്ന ഉന്മാദമാണ് മോഷണമുതലിനെക്കാൾ അവനാഗ്രഹിക്കുന്നത്. കരസഞ്ചാരം എന്ന കഥയിലും വിഭ്രമജനകവും അവിശ്വസനീയവും ആയ ചില വസ്തുതകൾ ചേർത്തുവച്ചിരിക്കുന്നത് കാണാം.കരസഞ്ചാരങ്ങൾ ഭീഷണമാണെന്ന മുന്നറിയിപ്പു കഥയോടൊപ്പം സമകാലികസമൂഹവും നമുക്ക് പകർന്നു തരുന്നുണ്ട്.

വാഴക്കൂമ്പ് ഒരു പാചക കഥയാണ്. അത്യന്തം രുചികരമായ വാഴക്കൂമ്പ് തോരൻ എങ്ങനെ ഉണ്ടാക്കാം എന്ന് വിശദീകരിച്ചു കൊണ്ട് ആരംഭിക്കുന്ന കഥ ക്രമേണ സാംകുട്ടിയുടേയും ഡെയ്സിയംടേയും ജീവിതം തകർക്കുന്ന വില്ലനായി അവതരിക്കുന്നു. അമേരിക്കയിൽ താമസക്കാരനായ സാംകുട്ടി നാട്ടിൽ നിന്ന് ഒരു പെണ്ണിനെ വിവാഹം കഴിക്കുമ്പോൾ ഗൃഹാതുരമായ ഭക്ഷണസ്മരണകൾ ആണ് നിയന്ത്രിച്ചിരുന്നത്. എന്നാൽ ഭക്ഷണ കാര്യങ്ങളിൽ തീർത്തും അജ്ഞയായിരുന്നു ഡെയ്സി.

വാഴക്കൂമ്പ് തോരൻ ഒരു ദാമ്പത്യ ജീവിതം തകർക്കാൻ മാത്രം ശക്തമാണെന്ന് വായനക്കാരന് ഈ കഥ വ്യക്തമാക്കുന്നു. മധ്യ വർഗ്ഗസമ്പന്നതയുടെ പൊള്ളയായ അഹന്തകളെയാണ് ഒരു ചെറു ചിരിയോടെ കഥ നമുക്ക് മുന്നിൽ വയ്ക്കുന്നത്.

ദാരിദ്യത്തെ ഒരു കറുത്ത ഹാസ്യമാക്കി മാറ്റുന്ന വിദ്യയാണ് ജഡങ്ങളിൽ നല്ലവൻ എന്ന കഥ. പരീക്ഷയിൽ തോറ്റ തിരുമുറിവും പേറി നടക്കുന്ന സേവി ഒരു ശവശരീരത്തെ മുഖാമുഖം കാണുകയാണ്. സേവിക്കില്ലാത്ത ഒന്ന് ആ ജഡത്തിനുണ്ട്. ഒരു വെള്ളമുണ്ട്. ഉടുത്ത് പുറത്തിറങ്ങാൻ പാകമാകാത്ത ഒരു കൈമുണ്ട് മാത്രമാണ് സേവിക്ക് സ്വന്തം. പിഞ്ഞിയ തന്റെ കൈലി അഴിച്ചുമാറ്റി ജഡത്തിന്റെ അരയിൽ നിന്നും വെള്ളമുണ്ട് അഴിച്ചെടുത്ത് കാറ്റിനു നേരെ പിടിച്ച് ഉണക്കുകയാണ് സേവി. ഇവിടെ നീതിയും നീതി രാഹിത്യവുമില്ല. ആവശ്യങ്ങൾ മാത്രമാണുള്ളത് 'നഗ്നമായ ജീവിതത്തിന് മുന്നിൽ ന്യായാന്യായങ്ങൾ തീരെ ഇല്ലല്ലോ.


അതിരുകളില്ലാത്ത പുൽമേടുകൾ സ്വന്തമായുള്ള പശുവും നാലുവശവും അതിർത്തി തർക്കങ്ങൾ നടത്തുന്ന മനുഷ്യനും ആണ് അന്നരായപുരത്തെ പശുവിലെ കഥാപാത്രങ്ങൾ. പിന്നെ ആദ്യം പശുവിനെ കണ്ട് ഭയന്ന കുട്ടിയും. ജീവിച്ചിരിക്കുമ്പോഴും മരിക്കുമ്പോഴും സ്വയം സമർപ്പിക്കുന്ന തങ്ങളോളം എത്തില്ല ഒരു മനുഷ്യനും എന്ന് പശുവിനറിയാം. അതിന് രാഷ്ട്രീയത്തിൽ താത്പര്യവുമില്ല. ഏത് കലാപവും ഭയക്കേണ്ടവൻ മനുഷ്യനാണ് പശുവല്ല എന്ന് തിരിച്ചറിവും പശുവിനുണ്ട്.

ഈ കഥകൾ അണ്ഡകടാഹ (ബഷീറിനോട് കടപ്പാട്) ത്തിന്റേതാണ്.ഒരച്ചുതണ്ടിൽ കറങ്ങുന്ന ഭൂമിയിലെ മാറിമറിയുന്ന കാഴ്ചകളാണ്. അതിൽ സത്യവും മിഥ്യയുമുണ്ട്. രാഷ്ട്രീയവും അരാഷ്ട്രീയവുമുണ്ട്. ജനനവും മരണവും കൊലയും കൊള്ളയും ഭ്രാന്തുകളും സ്നേഹവും വെറുപ്പും നിരാസങ്ങളും ഒരു വറചട്ടിയിൽ ചുട്ടെടുക്കുന്ന സ്വാദുണ്ട്.കൂടുതൽ