വിമതലൈംഗികതയുടെ രാഷ്ട്രീയ ഭൂപടങ്ങൾ

ഡോ. രശ്മി ജി, അനിൽകുമാർ കെ എസ്


മലയാളത്തിലെ ആൺ സ്വവർഗ്ഗ പ്രണയകഥകളുടെ രാഷ്ട്രീയ സങ്കല്പങ്ങളിലൂടെ

ആണ്-പെണ് പ്രണയം പോലെ ആണ്-ആണ് പ്രണയവും സാധ്യമാണെന്നു തെളിയിക്കുന്ന കഥകള് - ഒരു പഠനം


  തിപ്രാചീന കാലത്തുതന്നെ സ്വവർഗ്ഗാനുരാഗം ജനസമൂഹങ്ങൾക്കിടയിലുണ്ടായിരുന്നു. പ്രാചീന ഗ്രീക്ക്- റോമൻ സംസ്കാരങ്ങളിൽ സ്വവർഗ്ഗാനുരാഗബന്ധങ്ങൾ യഥേഷ്ടം നിർവ്വഹിക്കപ്പെട്ടിരുന്നു. സീയൂസ്, അക്കിലസ്, ഹെർക്കുലീസ്, പെസിഡോൺ തുടങ്ങിയ യവന ദേവൻമാരൊക്കെ സ്വവർഗ്ഗാനുരാഗികളായിരുന്നു. ഗ്രീക്ക്- റോമൻ കാലഘട്ടത്തിൽ അടിമകൾ ധാരാളമായി ഉണ്ടായിരുന്നതുകൊണ്ടുതന്നെ വ്യാപകമായി അടിമകളെ സ്വവർഗ്ഗരതിക്കായി ഉപയോഗിച്ചിരുന്നു. പ്രാചീന കാലഘട്ടത്തിൽനിന്നും മദ്ധ്യകാലഘട്ടത്തിലേക്ക് എത്തുമ്പോൾ സ്വവർഗ്ഗാനുരാഗം സംബന്ധിച്ച നിലപാടുകളിൽ ആഗോളതലത്തിൽ വ്യാപകമായ മാറ്റങ്ങളുണ്ടായി. പ്രാചീന കാലത്ത് സ്വവർഗ്ഗരതി സ്വാഭാവികമായിരുന്നുവെങ്കിൽ മദ്ധ്യകാലഘട്ടം എത്തുമ്പോൾ സ്വവർഗ്ഗരതി മ്ലേച്ഛവും വികൃതവുമായി വിലയിരുത്തപ്പെട്ടു. പ്രാകൃതമായ ശിക്ഷാരീതികളിലൂടെ പുരുഷ സ്വവർഗ്ഗാനുരാഗികളെ (സ്ത്രീ സ്വവർഗ്ഗാനുരാഗികളെയും) അതിക്രൂരമായി ഇല്ലായ്മ ചെയ്തിരുന്നു. ജൂത ചിത്രകാരനായ സിമിയൽ സോളമനടക്കം പലരും നിയമപരമായ ശിക്ഷകൾക്കു വിധേയരായിരുന്നു. കലാസാഹിത്യ സാമൂഹ്യ രംഗങ്ങളിൽ പ്രശസ്തരായിരുന്ന പല വ്യക്തികളും പുരുഷ സ്വവർഗ്ഗാനുരാഗികളായിരുന്നുവെന്നു ചരിത്രം തെളിയിക്കുന്നു. പുരുഷ സൗന്ദര്യം ശില്പങ്ങളിലും ചിത്രങ്ങളിലും ആവാഹിച്ച ഇറ്റാലിയൻ കലാകാരൻ മൈക്കൽ ആഞ്ചലോ (1475-1564), കവിയും നിരൂപകനുമായിരുന്ന ഓസ്കാർ വൈൽഡ് എന്നിവർ ഉദാഹരണം.

ഇന്ത്യൻ സമൂഹത്തിൽ വിക്ടോറിയൻ മൊറാലിറ്റി ഇടപെടുവാൻ തുടങ്ങിയതോടുകൂടിയാണ് സ്വവർഗ്ഗാനുരാഗികൾ മ്ലേച്ഛരും ക്രിമിനലുകളുമായത്. ചരിത്രപരമായും സാംസ്കാരികമായും വിമർശന വിധേയമാകുന്ന സ്വവർഗ്ഗ പ്രണയത്തെ കേന്ദ്രീകരിച്ച് കലാസാഹിത്യാദി സൃഷ്ടികൾ ഉണ്ടായിട്ടുണ്ട്. മലയാള സാഹിത്യശാഖയെ സംബന്ധിച്ചിടത്തോളം പുരുഷ സ്വവർഗ്ഗാനുരാഗത്തെ (ഗേ - കഥകൾ) കേന്ദ്രീകരിച്ചുള്ള ഒരു പിടി കഥകൾ എഴുതപ്പെടുകയുണ്ടായി. ഫ്യൂഡൽ ആൺ അധികാര സദാചാര ഭാവനകൾ ആധിപത്യം പുലർത്തുന്ന കേരളീയ സമൂഹത്തിൽ സ്വവർഗ്ഗാനുരാഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കഥകൾ എഴുതപ്പെട്ടത് അങ്ങേയറ്റം വിപ്ലവകരമായ ഒരു ഇടപെടലായിരുന്നു.

തകഴിയുടെ സ്വവർഗ്ഗപ്രണയം

ഗ്രാമീണതയുടെ ഉൾത്തുടിപ്പുകളെ അതിതീവ്രമായി ആവിഷ്കരിച്ച തകഴി ശിവശങ്കരപ്പിള്ളയുടെ അസാധാരണ കഥകളിലൊന്നാണ് സാഹോദര്യം. ലൈംഗികതയെക്കുറിച്ചു കേരളീയ സമൂഹം തുറന്ന ചർച്ചകൾ പോലും ആലോചിക്കാതിരുന്ന കാലയളവിലാണ് തകഴി സാഹോദര്യം എഴുതിയത്. സ്വവർഗ്ഗരതി സാധ്യമാകുന്ന ഇടങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ജയിലിനുള്ളിലാണ് 'കുട്ടനും' 'അണ്ണനും' മെന്നു പരസ്പരം സംബോധന ചെയ്യുന്ന മദ്ധ്യവയസ്കനും യുവാവും പ്രണയിക്കുന്നത്.

തകഴി ശിവശങ്കരപിള്ള


''എന്റെ കൊച്ചുകള്ളാ!'' വാത്സല്യമേറിയ അവരുടെ മുഖങ്ങൾ യോജിച്ചു. ഒരിക്കൽ ചുകന്ന്, ഇന്നു വിളറിയിരിക്കുന്ന അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി കളിയാടി. അവന്റെ മുഖം കുനിഞ്ഞു. അവൻ മദ്ധ്യവയസ്കന്റെ മുഖത്തു നോക്കിയില്ല. ആ രോമാഞ്ചത്തിന്റെ അനുഭൂതിയിൽ ചില നിമിഷങ്ങൾ കഴിഞ്ഞ് അവൻ മിഴിചായ്ച് ഒരു ക്ഷണം മദ്ധ്യവയസ്കനെ നോക്കി. കുനിഞ്ഞ ശിരസ്സോടും വിരലുകൾ കോർത്തുതാഴ്ത്തിയ കൈകളോടും കൂടിനിന്ന കുട്ടന്റെ കർണ്ണങ്ങളിൽ എന്തോ വികാരപരവശമായ ഒരു ഓമനപ്പേർ അയാൾ മന്ത്രിച്ചു.

ആ ബന്ധം അങ്ങനെ സഗൗരവമായ ഒന്നായിരുന്നു. അവിടെ പ്രണയ കലഹങ്ങളുണ്ട്, പരിഭവങ്ങളുണ്ട്, മുള്ളുവാക്കുകളുണ്ട്, കരച്ചിലും പിഴിച്ചിലും ചിലപ്പോൾ ഉണ്ട്.ജയിലറയ്ക്കുള്ളിലെ മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ ഇരുവരും പരസ്പരം മനസ്സിലാക്കി സ്നേഹബന്ധത്തിലേർപ്പെടുന്നു. സ്വവർഗ്ഗാനുരാഗത്തിന്റെ അന്യൂനമായ കാഴ്ചകളിലൊന്നാണ് സാഹോദര്യത്തിലെ പ്രണയ ബന്ധം. മുൻവിധികളില്ലാതെ, മനുഷ്യർക്കിടയിൽ ഇത്തരം ബന്ധങ്ങൾ സാധ്യമാണെന്നു അതീവ സമർത്ഥമായി തകഴി ആവിഷ്കരിക്കുകയായിരുന്നു.

മാധവിക്കുട്ടിയുടെ ആൺപ്രണയിതാക്കൾ

ലെസ്ബിയൻ പ്രണയത്തിന്റെ തുറന്നെഴുത്തുകൾ നിർവ്വഹിച്ച മാധവിക്കുട്ടിയുടെ ആണ് പ്രണയ കഥകളാണ് 'ചന്ദ്രരശ്മികൾ', 'രാജവീഥികൾ' എന്നിവ. ഇക്ബാലും രമേഷും തമ്മിലുള്ള സ്വവർഗ്ഗ പ്രണയത്തെ രമേഷിന്റെ ഭാര്യയുടെ കണ്ണുകളിലൂടെ വിലയിരുത്തുന്ന കഥയാണ് ചന്ദ്രരശ്മികൾ. ആത്മഹത്യാശ്രമത്തിൽ പരാജയപ്പെട്ട്, ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ഇക്ബാലിനോട് രമേഷിന്റെ ഭാര്യ ''ഞാൻ ഗർഭം ധരിച്ചിരിക്കുന്നു. നിങ്ങൾക്ക് ആ കഴിവില്ലല്ലോ, അതുകൊണ്ടാണ് നിങ്ങൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്'' എന്നു പറയുന്ന സന്ദർഭത്തിലാണ് ആൺ സ്വവർഗ്ഗ പ്രണയത്തിന്റെ ആഴവും പരപ്പും ബോധ്യപ്പെടുന്നത്. അതിലളിതമായ ഭാഷയിലൂടെ രണ്ടു സുഹൃത്തുക്കൾക്കിടയിലുണ്ടാകുന്ന പ്രണയത്തെ ചിത്രീകരിച്ച മാധവിക്കുട്ടി അവർക്കിടയിലൊരു സ്ത്രീ കടന്നുവരുന്നതിന്റെ അസ്വസ്ഥതകളെക്കൂടി ആവിഷ്കരിക്കുന്നു. മോഡലിംഗ് രംഗത്തു പ്രവർത്തിക്കുന്ന മനോരമ കൊളംബോ നഗരത്തിൽ ഫാഷൻ പരേഡിനായി എത്തുമ്പോൾ നടക്കുന്ന സംഭവ പരമ്പരകളാണ് രാജവീഥികൾ എന്ന കഥയുടെ അടിസ്ഥാന പ്രമേയം. തന്റെ ബോസ് നിക്കലസ് കൊടുത്തയച്ച പെട്ടി ഫ്ളെച്ചർ എന്ന വ്യക്തിയെ ഏല്പിക്കാനെത്തുന്ന മനോരമ ഫ്ളെച്ചറും സഹായി ജെറിയും തമ്മിലുള്ള സ്വവർഗ്ഗ പ്രണയത്തെ തിരിച്ചറിയുന്നു. അനാഥനായ ജെറിയെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന ഫ്ളെച്ചർ തന്റെ സ്വവർഗ്ഗ പ്രണയത്തിനായി അവനെ ഉപയോഗപ്പെടുത്തുകയായിരുന്നു. സ്വവർഗ്ഗാനുരാഗിയല്ലാത്ത ജെറി മനോരമയുമായി അടുപ്പത്തിലാകുകയും അവളോടൊപ്പം പാരീസിലേക്കു രക്ഷപ്പെടാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ജെറിയുടെ വൈകാരിക അടുപ്പം തിരിച്ചറിയുന്ന ഫ്ളെച്ചർ അവനെ കൊലപ്പെടുത്തുകയും അത് തീവ്രവാദികളുടെ ആക്രമണത്തിന്റെ ഫലമാണെന്നു വരുത്തിത്തീർക്കുകയും ചെയ്യുന്നതിന്റെ സൂചനകൾ കഥയിൽനിന്നു ലഭ്യമാണ്. ഫ്ളെച്ചർ - ജെറി സ്വവർഗ്ഗ പ്രണയത്തിൽ ജെറി ഒരു ലൈംഗിക അടിമയായിരുന്നതിനാലാണ് മനോരമയുമായുള്ള അടുപ്പത്തിലൂടെ രക്ഷപ്പെടുവാൻ ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ ജെറിയുടെ ഐഡന്റിറ്റി ഭിന്നവർഗ്ഗ ലൈംഗികതയുടേതായിരുന്നു. സ്വവർഗ്ഗ - ഭിന്നവർഗ്ഗ പ്രണയബന്ധങ്ങളുടെ സങ്കീർണ്ണതകളിലേയ്ക്കു തൂലിക ചലിപ്പിച്ചിട്ടുള്ള മാധവിക്കുട്ടിയുടെ വേറിട്ട രചനകളിലൊന്നാണ് രാജവീഥികൾ. പ്രണയ സംഘർഷങ്ങളുടെ ഭാവനാ ലോകത്തിലൂടെ സഞ്ചരിച്ചുകൊണ്ട് കഥയിൽ ചില കൂട്ടിച്ചേർക്കലുകൾക്കുള്ള അവസരങ്ങൾ അനുവാചകനു നല്കുകയെന്ന രീതിശാസ്ത്രം മാധവിക്കുട്ടി പ്രകടിപ്പിച്ച കഥ കൂടിയാണ് രാജവീഥികൾ.

മാധവിക്കുട്ടി


മുസ്ലീം സ്വത്വവും ആൺ അനുരാഗിയും

കെ പി രാമനുണ്ണിയുടെ കഥ, കഥാപാത്രം, കഥാകൃത്ത് എന്ന കഥ വടക്കൻ കേരളത്തിൽ പറഞ്ഞു പഴകിയ ഒരു ബന്ധത്തിന്റെ വിവരണമാണ്. പഴയകാലത്ത് കുടുംബസ്ഥനായ പുരുഷൻ തന്റെ ശാരീരിക സന്തോഷങ്ങൾക്കായി കൗമാരപ്രായക്കാരനെ കൊണ്ടു നടന്നിരുന്ന യാഥാർത്ഥ്യത്തെ കഥ, കഥാപാത്രം, കഥാകൃത്ത് എന്ന കഥയിലൂടെ കെ പി രാമനുണ്ണി ഓർമ്മപ്പെടുത്തുന്നു. കഥാപാത്രവും കഥാകൃത്തും തമ്മിലുള്ള സംഭാഷണ ഘടനയിൽ രചിക്കപ്പെട്ടിരിക്കുന്ന കഥയിൽ സ്വവർഗ്ഗാനുരാഗിയായിരുന്ന മധുവിന്റെ സംഘർഷങ്ങൾ, പൊതുസമൂഹത്തിന്റെ പ്രതികരണങ്ങൾ എന്നിവയാണുള്ളത്. കൗമാരക്കാരനായിരുന്ന മധുവും വിവാഹിതനായ കുഞ്ഞാലിയും തമ്മിലുള്ള സവിശേഷ ബന്ധത്തിന്റെ ഭഗ്നവിവരണമാണ് കഥയിലുള്ളതെങ്കിലും സ്വവർഗ്ഗാനുരാഗികളോട് പൊതുസമൂഹത്തിനുള്ള ഭയം (ഹോമോഫോബിയ) പ്രകടമായ രീതിയിൽത്തന്നെ അവതരിപ്പിക്കുന്നുണ്ട്. സദാചാര മര്യാദകൾക്കു നിരക്കാത്ത മധു- കുഞ്ഞാലി ബന്ധത്തെ തിരിച്ചറിയുന്ന കുഞ്ഞാലിയുടെ ഭാര്യ അയിഷ മധുവിനെ വീട്ടിൽനിന്നും ഭർത്താവിനെ ജീവിതത്തിൽ നിന്നും ഇറക്കിവിട്ട് സ്വവർഗ്ഗരതിയോടുള്ള വെറുപ്പ് പ്രകടിപ്പിക്കുന്നു.

സ്വവർഗ്ഗബന്ധത്തിലേർപ്പെടുന്ന വ്യക്തികൾക്ക് കുടുംബം ഉൾപ്പെടെയുള്ള സാമൂഹ്യസ്ഥാപനങ്ങളുടെ ഭാഗമായി തുടരാൻ കഴിയുകയില്ലെന്ന് മധുവിന്റെയും കുഞ്ഞാലിയുടെയും പരാജയ ജീവിതം കാട്ടിത്തരുന്നു. സാധാരണമായിത്തുടങ്ങിയ ബന്ധം യാദൃച്ഛികമായിട്ടാണ് സ്വവർഗ്ഗരതിബന്ധമായി മാറുന്നത്. കഥ, കഥാപാത്രം, കഥാകൃത്ത് എന്ന കഥയിലൂടെ കെ പി രാമനുണ്ണി ഒരേ സമയം സാഹിത്യമണ്ഡലത്തിന്റെ വ്യവസ്ഥാപിത സമ്പ്രദായങ്ങളെയും പുഴുക്കുത്തുകളെയും വിമർശനവിധേയമാക്കുന്നതിനൊപ്പം സ്വവർഗ്ഗാനുരാഗികളുടെ സാമാന്യാവസ്ഥകളെയും സൂചിപ്പിക്കുന്നു. കഥാസന്ദർഭങ്ങളെ കഥാകൃത്തിന്റെ വ്യക്തിജീവിതത്തിലാരോപിച്ച് രസംപിടിക്കുന്ന വായനാ സമൂഹത്തെ ഭയക്കുന്ന, അതിനെ തടയുവാൻ മുൻകരുതലുകൾ സ്വീകരിക്കുന്ന എഴുത്തുകാരന്റെ മനോനിലകൾ കൂടി കെ പി രാമനുണ്ണിയുടെ കഥയിൽ പ്രകടമാണ്. സ്വവർഗ്ഗാനുരാഗികളെ പിന്തുണക്കുവാനോ ചവിട്ടിത്താഴ്ത്തുവാനോ നില്ക്കാതെ തന്ത്രപരമായി സുരക്ഷിതമായ പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട് നിഷ്പക്ഷമതിയാണ് താനെന്നു ബോധപൂർവ്വം തെളിയിക്കുവാനുള്ള ശ്രമങ്ങൾ കൂടി കഥ, കഥാപാത്രം, കഥാകൃത്ത് എന്ന കഥയിലൂടെ രാമനുണ്ണി നിർവ്വഹിക്കുന്നുണ്ട്.

ലൈംഗിക അസംതൃപ്തിയും സ്വവർഗ്ഗരതി താല്പര്യങ്ങളും

ജി ആർ ഇന്ദുഗോപന്റെ ഉറങ്ങാതിരിക്കുക കള്ളനെപ്പിടിക്കാം. വീട്ടിൽ കയറുന്ന കള്ളനെ സ്വവർഗ്ഗരതിക്ക് ഉപയോഗിക്കുവാൻ ശ്രമിക്കുന്ന വീട്ടുടമസ്ഥന്റെ കഥയാണ്. മോഷണത്തിനു കയറിയവനെ പിടികൂടുന്ന ഗൃഹനാഥൻ പ്രണയാതുരനായി മാറി തന്റെ സ്വവർഗ്ഗരതി താല്പര്യത്തെ വെളിപ്പെടുത്തുമ്പോൾ അതിനു വഴങ്ങാതെ 'കള്ളൻ' രക്ഷപ്പെടുന്നു. ഇന്ദുഗോപൻ ഈ കഥയിൽ പുരുഷ സ്വവർഗ്ഗരതിക്കാരെ ആക്രമണോത്സുക ലൈംഗികതയുടെ വക്താവായാണ് അവതരിപ്പിക്കുന്നത്. ലൈംഗിക സദാചാരമര്യാദകളുടെ(?) ഭാഗമായി നില്ക്കുന്ന കള്ളൻ സ്വവർഗ്ഗരതിക്കാരനെ 'നായിന്റെമോൻ' എന്നു വിളിച്ച് കല്ലും മണ്ണും വാരിയെറിഞ്ഞ് രക്ഷപ്പെടുമ്പോൾ സ്വവർഗ്ഗരതി മ്ലേച്ഛമാണ് അത് അടിച്ചമർത്തപ്പെടേണ്ടതാണ് എന്ന നിലപാട് കഥയിൽ സ്ഥാപിതമായിരിക്കുന്നു. ഒരുവേള ഭിന്നവർഗ്ഗ ലൈംഗികതയുടെ ഭാഗമായി നില്ക്കുന്ന കള്ളനെ സംബന്ധിച്ചിടത്തോളം ഗൃഹനാഥൻ ലൈംഗിക അരാജകത്വത്തിന്റെ വക്താവ് മാത്രമാണ്. അത് അയാളുടെ വാക്കുകളിൽനിന്ന് വ്യക്തമാണ്. പത്തുമണി മുതൽ പന്ത്രണ്ടുമണി വരെ എറണാകുളം മൊത്തം തപ്പിയിട്ടും ആരേയും കിട്ടിയില്ലായെന്നു വിലപിക്കുന്ന ഗൃഹനാഥൻ അനിയന്ത്രിതമായ ലൈംഗികാസക്തിയുടെ ആളായും മാനസിക രോഗിയായും വിലയിരുത്തപ്പെടുന്നു. കള്ളന്റെ അധമ-കീഴാള ബോധം ഗൃഹനാഥൻ തന്റെ ശരീരത്തിൽ തപ്പുമ്പോൾ പ്രകടമാണ്. കേവലം ഒരു കള്ളന്റെ കാഴ്ചകളിലൂടെ ലൈംഗിക അസംതൃപ്തിയുള്ള ഒരു മനുഷ്യന്റെ പരാക്രമങ്ങളെ അവതരിപ്പിച്ച കഥ പുരുഷ സ്വവർഗ്ഗാനുരാഗിയുടെ പ്രശ്നങ്ങളിലേക്ക് ഒന്ന് എത്തിനോക്കുകപോലും ചെയ്യാതെ അവസാനിക്കുന്നു.

രതിയുടെ മന്ദാരങ്ങൾ

എഡ്വിനും പോളും തമ്മിലുള്ള പ്രണയബന്ധത്തെ ആവിഷ്കരിക്കുന്ന സി വി ബാലകൃഷ്ണന്റെ എഡ്വിൻപോൾ ആൺ സ്വവർഗ്ഗാനുരാഗം കുടുംബബന്ധങ്ങൾക്കിടയിലുണ്ടാകുന്ന സംഘർഷങ്ങളിലേയ്ക്കു കൂടി സഞ്ചരിക്കുന്ന കഥയാണ്. ആൺ - പെൺ പ്രണയ - രതി ബന്ധംപോലെ ആൺ - ആൺ പ്രണയത്തിലേയ്ക്കു പുരുഷന്മാർ സ്വാഭാവികമായി എത്താറുണ്ടെന്ന കാഴ്ചപ്പാടിനെ സി വി ബാലകൃഷ്ണൻ എഡ്വിൻ പോളിലൂടെ പങ്കുവയ്ക്കുന്നു. ''പെണ്ണിനെത്തന്നെ കെട്ടണമെന്ന് എന്താ നിർബന്ധം, ഞാൻ കെട്ടാൻ പോകുന്നത് പോളിനെയാ'' - എഡ്വിന്റെ ഇത്തരമൊരു മറുപടി അത് തെളിയിക്കുന്നു. പക്ഷേ ആൺ സ്വവർഗ്ഗ പ്രണയത്തിനു അതിജീവനം സാധ്യമല്ല എന്ന് എഡ്വിൻ പോൾ തെളിയിക്കുന്നു. പ്രണയത്തെ സംബന്ധിച്ചുള്ള നേർരേഖകളെ നിയന്ത്രിക്കുന്ന മത സമുദായ ആചാരാനുഷ്ഠാനങ്ങൾക്ക് സ്വവർഗ്ഗാനുരാഗം മ്ലേച്ഛമാണ്.

ക്രൈസ്തവ സമൂഹമാകട്ടേ സോദോം കഥകളുടെ അടിസ്ഥാനത്തിൽ സ്വവർഗ്ഗരതിയെ വർജ്ജിക്കുന്നു. കുരിശിങ്കൽ കുടുംബത്തിലെ എഡ്വിന്റെ സ്വവർഗ്ഗ പ്രണയം പാതിവഴിയിലവസാനിക്കുന്നത് പോൾ പിരിഞ്ഞു പോകുന്നതിലൂടെയാണ്. ഉടൽബന്ധങ്ങൾക്കപ്പുറത്ത് മനസ്സിന്റെ ഏകീഭാവങ്ങളെയാണ് എഡ്വിൻ പോളില് കണ്ടെത്തുവാൻ കഴിയുന്നത്.

കെ .പി. രാമനുണ്ണി

ജി.ആര്. ഇന്ദുഗോപന്

ആൺ പ്രണയത്തിന്റെ തിരിച്ചറിവുകൾ

കെ ആർ മീരയുടെ കമിങ് ഔട്ട് ലണ്ടനിലെ നേഴ്സായ സേബയുടെ കാഴ്ചകളിലൂടെ പുരുഷ സ്വവർഗ്ഗാനുരാഗത്തെ അനാവരണം ചെയ്യുന്നു. ശരീരശാസ്ത്രസംബന്ധമായി ഉരുവംകൊണ്ടിരിക്കുന്ന വ്യവസ്ഥാപിത സങ്കല്പങ്ങളെ പാശ്ചാത്യനാഗരികതയുടെ, ക്രൈസ്തവ വിശ്വാസങ്ങളുടെ അടിത്തറകളിൽ ചേർത്തുകൊണ്ട് വിശകലനം ചെയ്യുകയാണ് കമിങ് ഔട്ട്. ലണ്ടനിലെ പുതുവർഷരാത്രിയിൽ യാദൃച്ഛികമായി പരിചയപ്പെടുന്ന ജോൺ, ഡേവിഡ് എന്നീ പുരുഷസുഹൃത്തുക്കൾ സ്വവർഗ്ഗരതിക്കാരാണെന്നു സേബ മനസ്സിലാക്കുന്നു. എയ്ഡ്സ് ബാധിതനായ ജോൺ മരിക്കുന്നതു മുതൽ അയാളുടെ ശവസംസ്കാരം കഴിയുന്നതുവരെ ഡേവിഡിന്റെ കൂടെ നില്ക്കുന്ന സേബ ഡേവിഡിന്റെ വാക്കുകളിലൂടെ ഡേവിഡ്-ജോൺ ബന്ധത്തിന്റെ സാഹചര്യങ്ങളറിയുന്നു. പ്രസ്തുത സന്ദർഭത്തിൽ തന്റെ ഭർത്താവിന്റെ പുരുഷസ്വവർഗ്ഗാനുരാഗ താല്പര്യങ്ങൾ ദാമ്പത്യവ്യവസ്ഥിതി തകർത്തുകളഞ്ഞത് സേബ ഓർമ്മിക്കുന്നു. പാശ്ചാത്യവും കേരളീയവുമായ പശ്ചാത്തലങ്ങളിൽ പുരുഷ സ്വവർഗ്ഗരതിയുടെ രാഷ്ട്രീയ- സാംസ്കാരിക സ്ഥാനങ്ങളെ വിശകലനം ചെയ്യുന്ന കെ ആർ മീര പുരുഷ സ്വവർഗ്ഗരതിക്കാരുടെ സ്വത്വ സംഘർഷങ്ങളുടെ ഉള്ളറകളിലേക്കിറങ്ങി ചെല്ലുകയും അനുവാചകനെ അതിലേക്കു നയിക്കുകയും ചെയ്യുന്നു.

ഡേവിഡ്-ജോൺ ബന്ധത്തിനു രാഷ്ട്രീയ പ്രാധാന്യം ലഭിക്കുന്നത് ലണ്ടനിൽ ഗേ/ലെസ്ബിയൻ വിവാഹങ്ങളെ നിയമാനുസൃതമാക്കിയപ്പോൾ ഇരുവരും വിവാഹം കഴിച്ചതിലൂടെയാണ്. ആഘോഷപൂർണ്ണമായ പുരുഷ സ്വവർഗ്ഗരതിബന്ധം എയ്ഡ്സ് ബാധിതനായ ജോണിന്റെ മരണത്തിലവസാനിക്കുമ്പോൾ സ്വവർഗ്ഗരതിബന്ധത്തിന്റെ അപകടകരമായ മേഖലകളും അത്തരം ബന്ധത്തിന്റെ സാദ്ധ്യതയില്ലായ്മകളും കഥയിൽ സൂചിതമാകുന്നു. ഗേ/ലെസ്ബിയൻ, ട്രാൻസ്ജെന്റർ തുടങ്ങിയവർ മാരകമായ ലൈംഗിക രോഗങ്ങളുടെ വാഹകരായിരിക്കുമെന്ന സാമാന്യ ജനസമൂഹത്തിന്റെ ധാരണകളെ ശരിവയ്ക്കുവാൻ കമിങ് ഔട്ടിനു കഴിഞ്ഞു. കമിങ് ഔട്ടിലെ സേബ ഒരേ സമയം പുരുഷ സ്വവർഗ്ഗരതി ബന്ധത്തെ സ്വന്തം ജീവിതത്തിൽ തിരിച്ചറിഞ്ഞവളും ഡേവിഡ്- ജോൺ ബന്ധത്തെ അടുത്തുനിന്ന് അറിഞ്ഞവളുമാണ്. ലാസറിന്റെ സമ്പത്തിലും സൗന്ദര്യത്തിലും ഭ്രമിച്ച് അയാളെ നിർബ്ബന്ധപൂർവ്വം വിവാഹം കഴിച്ച സേബയുടെ സ്ത്രീ സഹജമായ ആഗ്രഹങ്ങൾ ദാമ്പത്യ സംവിധാനത്തിൽ പ്രാവർത്തികമാകാതെ പുറന്തള്ളപ്പെട്ടു. സ്ത്രീ-പുരുഷ ലൈംഗിക ബന്ധത്തിന്റെ പൂർണ്ണതകൾ തേടിയ സേബയെ നിരാകരിക്കുന്ന ലാസർ തന്റെ ശാരീരിക ചോദനകൾ മറ്റൊരു പുരുഷന്റെ ബന്ധത്തിൽ അടക്കം ചെയ്യുന്നു. ലാസറിന്റെ ഗേ ബന്ധം ദാമ്പത്യവ്യവസ്ഥയിലെ സ്ത്രീത്വത്തോടുള്ള അവഹേളനമായും പാരമ്പര്യ ക്രൈസ്തവവിശ്വാസത്തോടുള്ള പുറന്തള്ളലായും കാണുന്ന സേബ ലാസറിനെ ഉപേക്ഷിക്കുന്നു. ക്രൈസ്തവ പാരമ്പര്യവിശ്വാസങ്ങളെ പിന്തുടർന്ന് ഗേയെ നിരാകരിച്ച സേബയ്ക്ക് ലണ്ടനിൽ വെച്ച് പുരുഷസ്വവർഗ്ഗരതിക്കാരെ അംഗീകരിക്കേണ്ടതായി വന്നു. സ്വന്തം ജീവിതത്തെക്കുറിച്ചൊരു തിരിച്ചറിവ് സേബയ്ക്കു സമ്മാനിക്കുന്നത് ഡേവിഡ്-ജോൺ സ്വവർഗ്ഗരതിക്കാരാണ്. തന്റെ തെറ്റു തിരിച്ചറിയുന്ന സേബ കല്ലറയുടെ മുമ്പിൽ ചെന്നു നിന്ന് 'ലാസറേ പുറത്തുവരൂ' എന്നു നിലവിളിക്കുന്നു. സേബയെ സംബന്ധിച്ചിടത്തോളം മരിച്ച ലാസറിന്റെ ഉയിർത്തെഴുന്നേല്പ് ഒരു പ്രതീക്ഷയും പശ്ചാത്താപത്തിനുള്ള സന്ദർഭവും ആയിരുന്നു. അതിസങ്കീർണ്ണമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോയിരുന്ന ഒരു വ്യക്തിയെ തിരിച്ചറിയാതെ അപമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കല്ലറയ്ക്കു മുമ്പിലെത്തി അവൾ നിലവിളിക്കുന്നത്.

സി.വി. ബാലകൃഷ്ണന്


കനിയുടെ സങ്കീർണ്ണതകൾ

സി.എസ്. ചന്ദ്രികയുടെ കനി അഭിജിത്ത് എന്ന പുരുഷസ്വവർഗ്ഗാനുരാഗിയുടെ സാമൂഹ്യ പ്രതിസന്ധികൾ അയാളുടെ ഭാര്യ ജയന്തിയുടെ കാഴ്ചകളിലൂടെ പങ്കുവയ്ക്കുന്നു. സമ്പന്ന കുടുംബാംഗമായ ജയന്തിയെ വീട്ടുകാർ ബ്രോക്കർ വഴി തെരഞ്ഞെടുത്ത അഭിജിത്തെന്ന സോഫ്റ്റ് വെയർ എഞ്ചിനീയർക്കു വിവാഹം കഴിച്ചുകൊടുക്കുന്നു. സ്വാഭാവികമായ ദാമ്പത്യബന്ധം (സ്ത്രീ - പുരുഷബന്ധം) അവർക്കുള്ളിൽ സാദ്ധ്യമാകാതെ വരുമ്പോൾ കുടുംബത്തിന്റെ അന്തസ്സു നിലനിർത്തുന്നതിനായി അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുവാൻ വീട്ടുകാർ ആവശ്യപ്പെടുന്നു. സൈക്കോ അനലിറ്റിക്കൽ സെന്ററിൽ വെച്ച് ഡോക്ടർമാരിൽനിന്നും അഭിജിത്ത് ഗേ ആണെന്നു തിരിച്ചറിയുന്ന ജയന്തി തന്റെ തകർന്ന ജീവിത സന്ദർഭത്തിലും സ്വവർഗ്ഗരതിക്കാരന്റെ പ്രതിസന്ധികളെ മനസ്സിലാക്കിയെടുക്കുവാൻ ശ്രമിക്കുന്നു. കൗൺസിലിങ്ങിലൂടെ കുടുംബ- ദാമ്പത്യ ബന്ധങ്ങൾ പുനഃസ്ഥാപിക്കുവാൻ കഴിയില്ലെന്ന് തിരിച്ചറിയുന്ന ജയന്തി അഭിജിത്തെന്ന ഗേ യെ അയാളുടെ സ്വാതന്ത്ര്യങ്ങളിലേക്കു തിരിച്ചുവിടുവാനാണ് ഡോക്ടർമാർ താല്പര്യപ്പെടുന്നതെന്ന് മനസ്സിലാക്കുന്നു. അഭിജിത്ത്-ജയന്തിമാരുടെ കുടുംബക്കാർ ബാംഗ്ലൂരിലെ ഒരു സ്ഥാപനത്തിൽ ഗേ കൺവെര്ഷൻതെറാപ്പി നടത്തുവാൻ തീരുമാനിക്കുന്നു. അഭിജിത്തിനു സ്വസ്ഥതയുള്ള ജീവിതം നല്കുന്നതിനായി ജയന്തി ആത്മഹത്യ ചെയ്യുന്നു.

പുരുഷസ്വവർഗ്ഗാനുരാഗമാണ് അക്കാദമിക് നിലവാരമുള്ള സ്ത്രീയെ ആത്മഹത്യയിലേക്കു നയിക്കുന്നത് എന്നുള്ള രീതിയിൽ കഥ വ്യാഖ്യാനിച്ചാൽ തീർച്ചയായും പുരുഷ സ്വവർഗ്ഗരതിക്കാരൻ പ്രതിസ്ഥാനത്തു നിർത്തപ്പെടും. യഥാർത്ഥത്തിൽ പ്രതിസ്ഥാനത്തു നിർത്തപ്പെടുന്നത് ഇരുവരുടെയും കുടുംബക്കാരാണ്. അഭിജിത്തിന്റെ സ്വവർഗ്ഗരതി താല്പര്യമറിയാതെ അയാളെ ഭിന്നവർഗ്ഗലൈംഗിക ജീവിതത്തിന്റെ ഭാഗമാക്കുവാനുത്സാഹിച്ച, വിവാഹാനന്തരം ദാമ്പത്യ വ്യവസ്ഥിതിയിലേക്കു പൊരുത്തപ്പെടുവാൻ കഴിയാത്ത അഭിജിത്തിനെ നിർബ്ബന്ധിത ഗേ-കൺവെര്ഷൻ തെറാപ്പിക്കു വിധേയമാക്കുവാൻ ശ്രമിച്ച അഭിജിത്തിന്റെ കുടുംബക്കാർ ഒരേ സമയം അഭിജിത്തിനെയും ജയന്തിയെയും പ്രതിസന്ധിയിലാക്കുന്നു. ജയന്തിയുടെ കുടുംബക്കാർ കുടുംബത്തിന്റെ അന്തസ്സ്, സാമൂഹ്യപദവി എന്നിവയെ മുൻനിർത്തി ഗേ-വ്യക്തിത്വവുമായുള്ള ദാമ്പത്യസംവിധാനത്തെ പിന്തുടരുവാൻ പ്രേരിപ്പിക്കുന്നു. താനെന്ന സ്ത്രീവ്യക്തിത്വത്തിന്റെ സജീവ സാന്നിദ്ധ്യമാണ് കുടുംബക്കാരെ സമ്മർദ്ദത്തിലാക്കുന്നതെന്നു തിരിച്ചറിയുന്ന ജയന്തി ഒരർത്ഥത്തിൽ സ്വയം ഒഴിവാകുകയാണ് ചെയ്യുന്നത്.

ദാമ്പത്യവ്യവസ്ഥ, കുടുംബഘടന എന്നിവയെ സമ്മർദ്ദോപകരണങ്ങളായി നിലനിർത്തുന്ന കനി 'ഗേ'യുടെ സ്വതന്ത്ര വ്യക്തിത്വത്തെ സ്ഥാപിച്ചെടുക്കുന്നതിലുപരി ആ വ്യക്തിത്വത്തിന്റെ സങ്കീർണ്ണതകളെ അയാളുടെ ചുറ്റിലുമുള്ളവരിലൂടെ അവതരിപ്പിക്കുന്നു. അഭിജിത്തിന്റെ ഭാര്യയായ ജയന്തി പരാജയ ദാമ്പത്യത്തിന്റെ ഇരയാണെങ്കിൽത്തന്നെയും 'ഗേ' എന്നനിലയിൽ അയാളനുഭവിക്കുന്ന സംഘർഷാവസ്ഥകളെ തിരിച്ചറിഞ്ഞ് സഹാനുഭൂതി കാട്ടുമ്പോൾ മാനുഷിക പരിഗണനകൾ അർഹിക്കുന്നവരാണ് അഭിജിത്തിന്റെ കൂട്ടർ എന്ന നിലപാട് പ്രകടമാകുന്നു. ജാതി-മത സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ചികിത്സാ കേന്ദ്രത്തിൽ ഇലക്ട്രിക് ഷോക്കുകളിലൂടെ ഗേ-കൺവെര്ഷൻ തെറാപ്പി സാദ്ധ്യമാണെന്നു വിളിച്ചു പറയുന്ന സമൂഹത്തിൽ അതിന്റെ അപകട സാദ്ധ്യതകൾ, ഫലമില്ലായ്മകൾ എന്നിവയെ കാര്യകാരണ സഹിതം എഴുത്തുകാരി ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യ വ്യവസ്ഥിതികളിൽ പരിഹാസ്യനായി പുറന്തള്ളപ്പെടുന്ന 'ഗേ' കളെ തിരിച്ചറിയേണ്ടതിന്റെയും സ്വീകരിക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറയുമ്പോൾ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള എഴുത്തുകാരിയുടെ കരുത്തുറ്റ നിലപാടുകളാണ് കനിയിൽ പ്രകടമാകുന്നത്.

സ്വത്വം തേടുന്ന അനുരാഗികൾ

പ്രമോദ് രാമന്റെ സപുംസകരുടെ പത്ത് പടവുകൾ, ഒരു ബ്രാക്കറ്റിൽ എത്രപേർക്കു ജീവിക്കാം, രതിമാതാവിന്റെ പുത്രൻ എന്നീ കഥകൾ പുരുഷ സ്വവർഗ്ഗരതിയെ അതിന്റെ സൂക്ഷ്മഘടകങ്ങളിലേക്കിറങ്ങി നിന്നുകൊണ്ട് ആവിഷ്കരിക്കുവാൻ ശ്രമിക്കുന്നവയാണ്. വ്യവസ്ഥാപിത ലൈംഗികരീതികളെ അതിലംഘിക്കുന്നവരെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്വവർഗ്ഗരതിക്കാർ എങ്ങനെയാണ് സ്വവർഗ്ഗരതി തല്പരരായിത്തീരുന്നതെന്ന് പ്രമോദ് രാമൻ സപുംസകരുടെ പത്ത് പടവുകളിലൂടെ വിശദീകരിക്കുന്നു. ബാല്യകാല സുഹൃത്തുക്കളായ രണ്ട് ആൺകുട്ടികൾ തട്ടിൻപുറത്തുവച്ച് ആണും പെണ്ണുമായി മാറിമാറി അഭിനയിച്ചു കളിക്കുകയും അത് പുതിയൊരു രതിബന്ധത്തിന് തുടക്കമിടുകയും ചെയ്തു. ആൺകുട്ടികളിൽ ഒരാളുടെ പേര് താരാനാഥൻ. കഥ പറയുന്ന മറ്റേ ആളിനു സംബോധനകളൊന്നും നല്കിയിട്ടില്ല. പുരുഷ സ്വവർഗ്ഗബന്ധത്തിന്റെ തുടക്കം ബാല്യകാലത്തായിരുന്നെങ്കിൽ യൗവന കാലത്ത് അതിന്റെ ആഘോഷങ്ങൾ ഇരുവരും നിർബ്ബാധം തുടരുന്നു. സ്വവർഗ്ഗലൈംഗികതയുടെ അടിത്തറയിലാണ് ഇരുവരും നില്ക്കുന്നതെങ്കിലും രണ്ട് പുരുഷ ശരീരങ്ങളും അതിന്റെ യഥാർത്ഥസത്തയെ, സ്വത്വത്തെത്തേടുന്നുണ്ട്. ഇരുവരുടേയും ബന്ധത്തിൽ താരാനാഥൻ എന്ന നാഥൻ അധികാര മേല്ക്കോയ്മ പുലർത്തി പുരുഷന്റെ സ്ഥാനം, കർത്തൃത്വം ഏറ്റെടുക്കുമ്പോൾ കഥ പറയുന്നയാൾ വിധേയത്വത്തിലൂടെ സ്ത്രീയുടെ നില കൈവരിക്കുന്നു.

താരാനാഥനെയും സുഹൃത്തിനെയും സ്വവർഗ്ഗബന്ധത്തിലേക്കു നയിക്കുന്നത് തറവാട്ടിലുള്ള ദാമുവാണ്. ''ഇപ്പോളേ ഇതല്ലാം കൊറച്ച് അറിയണം. ഇല്ലേങ്ക് മംഗലം കയ്ക്കാനാകുമ്പപ്പിന്നെ എന്താകും? ന് ങ്ങ രണ്ടാള്ല്ലേ. ഒരാള് ആണാണം. മറ്റാള് പെണ്ണാണം.'' ലൈംഗികതയിലെ കൗതുകങ്ങൾ തേടുന്ന ബാല്യ- കൗമാര വ്യക്തിത്വങ്ങൾ അതിന്റെ അനുഭൂതി മണ്ഡലങ്ങളെ പിന്തുടർന്ന് സ്വവർഗ്ഗരതി ബന്ധത്തെ നിലനിർത്തുന്നു. ശാരീരിക വളർച്ചാ ഘട്ടങ്ങളിലെ ലൈംഗിക ശീലങ്ങൾ ഒരു വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുകവഴി ആ വ്യക്തി ഭിന്നവർഗ്ഗലൈംഗികത/സ്വവർഗ്ഗലൈംഗികതയുടെ ഭാഗമായിത്തീരുകയാണ് പതിവ്. താരാനാഥനും സുഹൃത്തും സ്വവർഗ്ഗ ബന്ധത്തെ യൗവന ഘട്ടത്തിലും രഹസ്യമായി, സജീവമായി നിലനിർത്തിയിരിക്കുന്നു. പേരിൽ സ്ത്രീ വ്യക്തിത്വത്തെ ചുമക്കുന്ന താരയെന്ന താരാനാഥൻ തന്റെ തന്നെ പെൺ അപരത്വത്തെ തന്റെ സുഹൃത്തിൽ കണ്ടെത്തുവാൻ ശ്രമിക്കുന്നു. സുഹൃത്തിനെ രതിബന്ധത്തിന്റെ സുഖാലസ്യത്തിലേക്കു നയിക്കുന്ന താരാനാഥൻ അയാളെ 'താരാ' എന്നു വിളിച്ച് സംബോധന ചെയ്യുന്നത് അതിനു തെളിവാണ്.

സി.എസ്. ചന്ദ്രിക

പ്രമോദ് രാമന്

ചതുരക്കള്ളികളിലെ കാമനകൾ

ഒരു ബ്രാക്കറ്റിൽ എത്രപേർക്കു ജീവിക്കാം സ്വവർഗ്ഗാനുരാഗത്തിന്റെ അതിനിഗൂഢമായ തലങ്ങളെ അനാവരണം ചെയ്യുന്ന ഒരു കഥയാണ്. ജോളി ജോസഫ്, എൽദോ, റോസി എന്ന മൂവർ സംഘത്തിൽ എൽദോ എപ്പോഴും ഇടതുവശത്തും നടുക്ക് ജോളിയും വലത്ത് റോസിയുമായിരുന്നു. ജോളിയും റോസിയും തമ്മിൽ അടുപ്പത്തിലാണെന്നു വിശ്വസിച്ച നാട്ടുകാർ എൽദോയെ കട്ടുറുമ്പായിട്ടാണ് കണ്ടത്. എൽദോ ഇടത്തും റോസി വലത്തുമായി ഒരു ബ്രാക്കറ്റിനുള്ളിൽ നില്ക്കുമ്പോലെയുള്ള ജീവിതത്തിൽ ജോളിജോസഫ് വലത്തുവശത്തുള്ള ഭിന്നവർഗ്ഗ ലൈംഗിക ജീവിതത്തിലേക്കു പോകാതെ ഇടതുഭാഗത്തുള്ള പുരുഷസ്വവർഗ്ഗ രതിയുടെ ലോകത്തേക്ക് മാറുന്നു. ഭിന്നവർഗ്ഗലൈംഗികതയോടു താല്പര്യമുള്ള ഭൂരിപക്ഷക്കാർക്കിടയിൽ സ്വവർഗ്ഗലൈംഗികതയോടു താല്പര്യമുള്ള ഒരു ചെറു ന്യൂനപക്ഷമുണ്ടാകും. ഭൂരിപക്ഷ വലംകൈയന്മാർക്കിടയിൽ ന്യൂനപക്ഷ ഇടംകൈയന്മാരായ സ്വവർഗ്ഗരതിക്കാരെ പ്രതിനിധാനം ചെയ്യുന്ന എൽദോയെ സ്വീകരിക്കുന്ന ജോളിക്ക് റോസിയുടെ സ്ത്രൈണ ഭാവങ്ങൾ ഒരു പ്രലോഭനങ്ങളും സൃഷ്ടിച്ചില്ല. എല്ലാവരുടെയും നിർബ്ബന്ധത്തിനു വഴങ്ങി റോസിയെ വിവാഹം കഴിക്കേണ്ടിവരുമ്പോൾ ജോളിക്ക് എൽദോയുടെ സമ്മതമായിരുന്നു ആവശ്യം. റോസിയുമായി ലൈംഗികബന്ധം സാദ്ധ്യമാകാതെ വരുന്നത് ജോളി എൽദോ ബന്ധത്തിന്റെ, സ്വവർഗ്ഗാനുരാഗത്തിന്റെ ആധിപത്യ സ്വഭാവം ജോളിയിൽ നിറഞ്ഞു നില്ക്കുന്നതിന്റെ പരിണതഫലമായിരുന്നു. എൽദോ-ജോളി സ്വവർഗ്ഗ ബന്ധം തിരിച്ചറിയുന്ന റോസി ജോളിയെ കൊലപ്പെടുത്തിക്കൊണ്ട് സ്വവർഗ്ഗ ലൈംഗികതയോടുള്ള വിപ്രതിപത്തി പ്രകടമാക്കുന്നു. കുടുംബ-ദാമ്പത്യ ജീവിതത്തിനു പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നവയാണ് സ്വവർഗ്ഗരതി ബന്ധങ്ങൾ എന്ന പൊതുബോധത്തെ വിമർശനാത്മകമായി വിശകലനം ചെയ്യുന്ന കഥകൂടിയാണ് ഒരു ബ്രാക്കറ്റിൽ എത്ര പേർക്കു ജീവിക്കാം എന്ന കഥ.

ഉടലിന്റെ രതിസഞ്ചാരങ്ങൾ

രതി, രത്തൻ എന്നിവർക്കിടയിൽ സാധ്യമാകുന്ന ബന്ധങ്ങളെ ആവിഷ്കരിച്ച കഥയാണ് രതിമാതാവിന്റെ പുത്രൻ ജീവൻ. ജീവന് ഒരേ സമയം രതിയുടെ ഭർത്താവാകാനും രത്തന്റെ പങ്കാളിയാകാനും കഴിയുന്ന ഉടൽ സവിശേഷതകളുള്ള വ്യക്തിയാണ്. ''രതിക്കു മുന്നിൽ വിത്തുകാള, രത്തനു മുന്നിൽ കാമധേനു. രാത്രിയിൽ കൊമ്പുകുലുക്കും. പകൽ പാൽ ചുരത്തും. ഞാൻ വൃഷണങ്ങളും അകിടും ഒന്നിച്ചു വളരുന്ന കാമഋഷഭം'' ഭിന്നവർഗ്ഗ ലൈംഗികതയുടെ സ്ഥാപനത്തിലേയ്ക്കു രതിയോടൊപ്പം ചേർന്നുനില്ക്കുന്ന ജീവനു തന്റെ ഉടൽ കടുത്ത സംഘർഷങ്ങളുണ്ടാക്കുന്നു. അതേസമയം രത്തനുമായുള്ള സ്വവർഗ്ഗ പ്രണയബന്ധത്തിൽ ഉടലിന്റെ സംഘർഷങ്ങളിൽ നിന്നു ജീവൻ മോചിതനാകുന്നുമുണ്ട്. ഒരേസമയം സ്വവർഗ്ഗ - ഭിന്നവർഗ്ഗ പ്രണയബന്ധങ്ങളുടെ ഭാഗമാകാൻ കഴിയുന്ന ജീവൻ ഒരു ബൈസെക്ഷ്വൽ ഐഡന്റിറ്റിയാണ്. സങ്കീർണ്ണമായ ശാരീരിക - മാനസിക വ്യാപാരങ്ങളിലൂടെ സഞ്ചരിക്കേണ്ടിവരുന്ന ജീവൻ മരണപ്പെടുമ്പോൾ ജീവന്റെ അടുത്ത തലമുറ പിറന്നിരുന്നു. രതിമാതാവിന്റെ പുത്രനായി ജീവൻ പിറവിയെടുക്കുമ്പോൾ ഏറ്റുവാങ്ങിയത് രത്തനായിരുന്നു. പ്രണയ കാമനകളുടെ നേർരേഖാ സഞ്ചാരത്തെ നിരാകരിക്കുന്ന രതിമാതാവിന്റെ പുത്രൻ സങ്കീർണ്ണമായ ഉടലിന്റെ രാഷ്ട്രീയ നിലപാടുകളെക്കൂടി അതിസൂക്ഷ്മമായി അവതരിപ്പിക്കുന്നു.

പ്രമോദ് രാമന്റെ സപുംസകരുടെ പത്ത് പടവുകൾ, ഒരു ബ്രാക്കറ്റിൽ എത്രപേർക്കു ജീവിക്കാം, രതിമാതാവിന്റെ പുത്രൻ എന്നീ കഥകൾ പുരുഷ സ്വവർഗ്ഗരതിയെക്കുറിച്ചുള്ള പതിവ് കഥന ശൈലിയിലൂടെയല്ല നീങ്ങുന്നത്. മൂന്ന് കഥകളും സ്വവർഗ്ഗരതിബന്ധങ്ങൾ സ്ത്രീ-പുരുഷ ബന്ധത്തിന്റെ സ്വാഭാവിക താളത്തിനു ഭീഷണിയാണെന്ന വിലാപങ്ങളൊന്നും പങ്കുവയ്ക്കുന്നില്ലെന്നു മാത്രമല്ല ഭിന്നവർഗ്ഗ ലൈംഗികതയുടെ അധീശത്വ വ്യവഹാരമണ്ഡലങ്ങളെ സ്ഥാപിച്ചെടുക്കുവാനും ശ്രമിക്കുന്നില്ല. വ്യവസ്ഥാപിത ലൈംഗിക ശീലങ്ങളിൽനിന്നു ചില 'കുതറിമാറലുകൾ' നിർവ്വഹിക്കുന്ന ലൈംഗികസ്വത്വങ്ങളുടെ യഥാർത്ഥ ഐഡന്റിറ്റി വെളിപ്പെടുത്തുവാൻ ശ്രമിച്ച പ്രമോദ് രാമൻ ലൈംഗികതയിലെ രുചിഭേദങ്ങൾ മാത്രമല്ല ഗേ-ബന്ധങ്ങളെന്നും അതിനുപിന്നിൽ ജീവശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ കാര്യകാരണങ്ങളുണ്ടെന്നു ബോദ്ധ്യപ്പെടുത്തി.


സ്വവർഗ്ഗാനുരാഗിയുടെ മകൾ

വിനോദിന്റെയും അരവിന്ദന്റെയും മകൾ എന്ന കഥയിലൂടെ കെ ദിലീപ്കുമാർ വിനോദും അരവിന്ദും തമ്മിലുള്ള സ്വവർഗ്ഗാനുരാഗത്തിന്റെ സസൂക്ഷ്മതലങ്ങളെ അനാവരണം ചെയ്യുന്നു. പതിനേഴു വയസ്സുള്ള ഡയാന അരവിന്ദന്റെയും വിനോദിന്റെയും ബന്ധങ്ങളെ വിശകലനം ചെയ്തുകൊണ്ട് പുതിയ തിരിച്ചറിവുകളിലേയ്ക്ക് എത്തുന്നു. അമ്മ സ്ത്രീയും അച്ഛൻ പുരുഷനുമായിരിക്കണമെന്ന പാരമ്പര്യധാരണയെ മാറ്റിനിറുത്തിക്കൊണ്ട് തന്റെ അച്ഛനും അമ്മയും രണ്ടു പുരുഷന്മാരാണ് എന്ന യാഥാർത്ഥ്യത്തെ ഡയാന അംഗീകരിക്കുന്നു. രണ്ടു പുരുഷന്മാർക്ക് കുടുംബത്തെ പരിപാലിച്ചു കൊണ്ടുപോകുവാൻ കഴിയുമെന്നു ബോധ്യപ്പെടുത്തുന്ന വിനോദിന്റെയും അരവിന്ദന്റെയും മകൾ സ്വവർഗ്ഗാനുരാഗം കുടുംബബന്ധത്തിനു ഭീഷണിയാണെന്ന പൊതുബോധത്തെ പിന്തുടരുന്നില്ല എന്നതു ശ്രദ്ധേയമാണ്.

പെൺകാഴ്ചയിലെ ആൺരതികൾ

നിഷ അനിൽകുമാറിന്റെ പരിണാമം, പെണ്ണടയാളങ്ങൾ എന്നീ കഥകൾ പുരുഷ സ്വവർഗ്ഗാനുരാഗത്തെ വ്യത്യസ്ത വീക്ഷണങ്ങളിലൂടെ ആവിഷ്കരിച്ചവയാണ്. പരിണാമം ഒരു കൗമാരക്കാരനും അരുൺ എന്ന യുവാവും തമ്മിലുള്ള അടുപ്പത്തെ അവതരിപ്പിച്ചുകൊണ്ട് തകർന്ന കുടുംബ സംവിധാനങ്ങൾ ആൺകുട്ടികളെ വഴിതെറ്റിക്കുമെന്ന് സമർത്ഥിക്കുന്നു. രമേഷിന്റെ കുടുംബത്തിലെ കലഹങ്ങളാണ് അയാളുടെ മകനെ അരുണിനോടടുപ്പിക്കുന്നത്. ഒരു ലോഡ്ജിൽ മുറിയെടുത്ത ഇവരിൽ സംശയം തോന്നിയ ലോഡ്ജുകാർ പൊലീസിനെ വിളിച്ചുവരുത്തി ഇരുവരേയും ഏല്പിക്കുന്നു. അച്ഛനായ രമേഷിന്റെ അസന്മാർഗ്ഗിക ജീവിത ശീലങ്ങളാണ് മകനെ ഒരു 'ഗേ'യാക്കി മാറ്റിയത് എന്നു വെളിപ്പെടുത്തിക്കൊണ്ടാണ് പരിണാമം അവസാനിക്കുന്നത്. സാമൂഹ്യ സദാചാര വ്യവസ്ഥിതികളോടു സമരസപ്പെട്ടുകൊണ്ടുള്ള രചനയായ പരിണാമം പ്രത്യേകിച്ചു തുറന്നെഴുത്തുകൾ ഒന്നും തന്നെയവതരിപ്പിക്കാതെ ചെറുകഥയുടെ പാരമ്പര്യവഴികളിലേക്കു കയറിക്കൂടുന്നു. പരിണാമത്തിൽ നിന്നും എഴുത്തുകാരിയുടെ നിലപാടുകൾ കൂടുതൽ വ്യക്തമാകുന്നത് പെണ്ണടയാളങ്ങളിലാണ്. പ്രിയയെന്ന യുവതിയുടെ പ്രണയ - ദാമ്പത്യ പരാജയത്തിന്റെ കാരണങ്ങളെ അന്വേഷിക്കുന്ന പെണ്ണടയാളങ്ങൾ അവളുടെ ഭർത്താവ് അനുരാഗിന്റെ സ്വവർഗ്ഗരതിബന്ധത്തിലാണ് എത്തുന്നത്. അനുരാഗിനും സാമിനുമിടയിൽ അപ്രസക്തയായിത്തീർന്ന പ്രിയ പ്രണയ പരാജയത്തിന്റെ പകയിൽ സാം അലക്സിനെ കിടക്കയിലെത്തിച്ച് അത് അനുരാഗിനെ ബോധ്യപ്പെടുത്തുന്നു. പ്രിയയുടെ പകവീട്ടലിന്റെ ഇരയായ അനുരാഗിനെ കാണാതാകുമ്പോൾ തെറ്റിന്റെയും ശരിയുടെയും കണക്കെടുപ്പു നടത്താൻ കഴിയാതെ പ്രിയ പരാജയപ്പെടുന്നു.

അനുരാഗികളുടെ വൈരാഗ്യങ്ങൾ

നിഷ അനിൽകുമാറിന്റെ പെണ്ണടയാളങ്ങൾ പോലെ ആൺ സ്വവർഗ്ഗബന്ധത്തെ വൈരാഗ്യബുദ്ധിയോടുകൂടി സമീപിക്കുന്ന പെണ്ണിന്റെ നിലപാടുകൾ ഉൾക്കൊള്ളുന്ന കഥയാണ് മിനി പി സിയുടെ ഒരു സ്വവർഗ്ഗാനുരാഗിയോട് ചെയ്തു കൂടാത്തത്. ഛായാ കൃഷ്ണന്റെ ഭർത്താവ് കൃഷ്ണകാന്ത് ബിസിനസ് എക്സിക്യൂട്ടീവ് പരംജിത് സിങ്ങുമായി പ്രണയബന്ധത്തിലാകുന്നതിനെ ഛായാ കൃഷ്ണൻ ചോദ്യം ചെയ്യുന്നു. കൃഷ്ണകാന്തിന്റെ കരുത്തിനു മുമ്പിൽ നിശബ്ദയായി ഒതുങ്ങേണ്ടി വരുന്ന ഛായാ കൃഷ്ണൻ തന്ത്രപരമായ നീക്കങ്ങളിലൂടെ അവരുടെ സ്വവർഗ്ഗ പ്രണയബന്ധത്തെ തകർക്കുന്നു. പരംജിത്തുമായി ബന്ധം സ്ഥാപിക്കുന്ന ഛായ അയാളുടെ കുഞ്ഞിനെ പ്രസവിച്ചു വളർത്തിക്കൊണ്ടാണ് കൃഷ്ണകാന്തിനോടു പകരം വീട്ടുന്നത്. സ്വവർഗ്ഗ പ്രണയത്തെ സംബന്ധിച്ച് ഭിന്നവർഗ്ഗലൈംഗികതയുടെ വക്താക്കൾ പുലർത്തുന്ന വീക്ഷണങ്ങളുടെ പ്രതിഫലനം ഒരു സ്വവർഗ്ഗാനുരാഗിയോട് ചെയ്തുകൂടാത്തത് എന്ന കഥയിൽ കാണുവാൻ കഴിയുന്നതാണ്.

യാഥാസ്ഥിതിക ബോധങ്ങളെ പിളർത്തുന്ന കഥകൾ

മലയാള ചെറുകഥാ സാഹിത്യത്തിൽ പുരുഷ സ്വവർഗ്ഗാനുരാഗകഥകൾ നടത്തിയ ഇടപെടലുകൾ എന്താണ് എന്ന അന്വേഷണം നടത്തിയാൽ, അവ മലയാള കഥാസാഹിത്യത്തിലെ വരേണ്യ സദാചാര ഭാവനകളെ അതിസമർത്ഥമായി പൊളിച്ചെഴുതി എന്നു വ്യക്തമാകും. ഭിന്നവർഗ്ഗ ലൈംഗികത (Hetero Sexualtiy) യുടെ രീതിശാസ്ത്രത്തെ അന്ധമായി പിന്തുടർന്ന നമ്മുടെ കലാസാഹിത്യാദി മാധ്യമങ്ങൾ ഭിന്നവർഗ്ഗ ലൈംഗികത പ്രഘോഷിക്കുന്ന സ്ഥാപനങ്ങളെയും അവയുടെ അധികാരവ്യവസ്ഥിതികളെയും അരക്കിട്ടുറപ്പിച്ചു. ഭിന്നവർഗ്ഗ ലൈംഗികതയ്ക്കപ്പുറത്ത് മറ്റൊരു ബന്ധങ്ങളെയും അംഗീകരിക്കുവാൻ ഇന്ത്യൻ ജനസമൂഹം തയ്യാറല്ലായിരുന്നു. അതേ സന്ദർഭത്തിൽ സ്വവർഗ്ഗാനുരാഗവും സ്വവർഗ്ഗരതിയും ഉഭയരതിയുമെല്ലാം സമൂഹത്തിൽ നിലനിന്നിരുന്നു, സ്വകാര്യ ഇടങ്ങളിൽ ആയിരുന്നു അവ പങ്കുവയ്ക്കപ്പെട്ടിരുന്നത്. വിക്ടോറിയൻ മെറാലിറ്റി ക്രിമിനൽ കുറ്റമായി പരിഗണിക്കുന്ന സ്വവർഗ്ഗരതി പൊതുഇടങ്ങളിൽ ദൃശ്യപ്പെട്ടിരുന്നില്ല എന്നതു വാസ്തവമാണ്. വർത്തമാനകാലത്ത് ഉഭയ സമ്മതപ്രകാരമുള്ള സ്വവർഗ്ഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കുന്നു.

കെ .ആര്‍. മീര


മലയാളത്തിലെ ഗേ കഥകൾ രണ്ടു കാലയളവിലാണ് എഴുതപ്പെട്ടത് എന്നു നിരീക്ഷിക്കാം. സ്വവർഗ്ഗാനുരാഗികൾ ക്രിമിനൽ കുറ്റവാളികളായി നിലനിർത്തപ്പെട്ട കാലത്തിൽ എഴുതപ്പെട്ട കഥകളുണ്ട്. ഉഭയ സമ്മത പ്രകാരമുള്ള സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലായെന്നു കോടതി പ്രഖ്യാപനത്തിനുശേഷം എഴുതപ്പെട്ട കഥകളുമുണ്ട്. ക്രിമിനൽ കുറ്റവാളികൾ ആയിരുന്ന വ്യക്തികൾ ക്രിമിനൽ കുറ്റവാളികളല്ലാതായിത്തീർന്ന കാലയളവിൽ രചിക്കപ്പെട്ട ഗേ കഥകൾ പ്രധാനമായും രണ്ടുതരം സമീപനങ്ങളാണ് മുമ്പോട്ടുവെച്ചത്. സ്വവർഗ്ഗലൈംഗികത ഭിന്നവർഗ്ഗ ലൈംഗികതയ്ക്കു ഭീഷണിയാണെന്നു സദാചാരവാദികളുടെ നിലപാടുകളെ പിന്തുടർന്നുകൊണ്ട് സ്വവർഗ്ഗ ലൈംഗികതയെ പ്രതിസ്ഥാനത്തു നിറുത്തുന്ന രചനാശൈലിയാണ് പെണ്ണടയാളങ്ങൾ, ഒരു സ്വവർഗ്ഗാനുരാഗിയോടു ചെയ്തു കൂടാത്തത് എന്നീ കഥകൾ സ്വീകരിച്ചിരിക്കുന്നത്. ദാമ്പത്യബന്ധത്തിനു ഭീഷണിയാകുന്ന ഭർത്താവിന്റെ സ്വവർഗ്ഗാനുരാഗ താല്പര്യത്തെ, അയാളുടെ പങ്കാളിയെത്തന്നെ ഉപയോഗപ്പെടുത്തുന്ന ഭാര്യമാരെ ഇരുകഥകളിലും കാണുവാൻ കഴിയും. അതേസമയം സി വി ബാലകൃഷ്ണന്റെ എഡ്വിൻ പോൾ, പ്രമോദ് രാമന്റെ നപുംസകരുടെ പത്തു പടവുകൾ, സി എസ് ചന്ദ്രികയുടെ കനി തുടങ്ങിയവ സ്വവർഗ്ഗാനുരാഗിയുടെ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ ആവിഷ്കരിച്ച കഥകളാണ്. ക്വീയർപൊളിറ്റിക്സിന്റെ തീവ്രതലങ്ങളെ പകർത്തിവെയ്ക്കുന്ന കഥകൾ കൂടിയാണിവ.

'കുണ്ടൻ കഥകൾ' എന്നു പറഞ്ഞ് കപട സദാചാരവാദികൾ അശ്ലീലവല്ക്കരിക്കുന്ന നുണക്കഥകളെ അപ്രസക്തമാക്കിക്കൊണ്ടാണ് പുരുഷ സ്വവർഗ്ഗാനുരാഗ കഥകൾ അവയുടെ തീക്ഷ്ണമായ രാഷ്ട്രീയ നിലപാടുകൾ അനുവാചകനിലേയ്ക്കു സന്നിവേശിപ്പിക്കുന്നത്. ആൺ-പെൺ പ്രണയം പോലെതന്നെ ആൺ-ആൺ പ്രണയവും സ്വാഭാവികമാണെന്ന യാഥാർത്ഥ്യത്തെ ഗേ കഥകൾ ബോധ്യപ്പെടുത്തുന്നു. പ്രണയം, ലൈംഗികത, പ്രത്യുല്പാദനം, കുടുംബബന്ധങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചുള്ള യാഥാസ്ഥിതിക ബോധങ്ങളെ അട്ടിമറിക്കുവാൻ ഇവയ്ക്കു കഴിഞ്ഞു. അതോടൊപ്പം ഭാഷയെ കേന്ദ്രീകരിച്ചു നില്ക്കുന്ന മാന്യതാ ബോധത്തെക്കൂടി പിളർത്തുന്ന ഗേ കഥകൾ, ഭാഷയിൽ ധീരമായ പരീക്ഷണങ്ങൾ നിർവ്വഹിക്കുന്നത് പ്രമോദ് രാമൻ, സി വി ബാലകൃഷ്ണൻ, കെ ആർ മീര എന്നിവരുടെ കഥകളിൽ നിന്നു വ്യക്തമാണ്. ഭിന്നവർഗ്ഗ ലൈംഗികതയുടെ ഏക മാതൃകയെ കണ്ടും അറിഞ്ഞും ശീലിച്ച പൊതുസമൂഹത്തിനു മുമ്പിൽ മറ്റൊരു ജീവിതം സാധ്യമാണ് എന്നു തെളിയിച്ച സ്വവർഗ്ഗാനുരാഗികളുടെ തീക്ഷ്ണമായ അനുഭവങ്ങളെ പകർന്നുവെയ്ക്കുവാൻ കൂടി ഗേ കഥകൾക്കു കഴിയുന്നു.കൂടുതൽ