തായ്രാജാവിന്റെ വെള്ളാനകൾ

ഡോ. രാജൻ ചുങ്കത്ത്


തായ്ലന്റിന്റെ സ്വത്വമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വെള്ളാനകളെക്കുറിച്ച്

സഫാരി വേൾഡ് എന്ന അനിമൽ പാർക്കിലെ കാഴ്ചകളും വെള്ളാനകളുടെ രാജകീയ ചരിത്രവും

 താ യ്ലൻഡ് യാത്രയുടെ അവസാന ദിവസമായിരുന്നു ബാങ്കോക്കിനടുത്ത ‘കോലോങ് സ്വം വ’(KHLONG SAM WA)യിലെ ‘സഫാരി വേൾഡ്’ സന്ദർശനം. ഒരു മുഴുവൻദിന പാക്കേജ്. ‘അനിമൽ വേൾഡ്’, ‘മറൈൻ വേൾഡ്’ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി 480 ഏക്ര വിസ്തൃതിയിൽ പരന്നു കിടക്കുന്ന മഹാത്ഭുതമാണ് ‘സഫാരി വേൾഡ്’ എന്ന കൃത്രിമ വനം. ഇതുവരെ ഞാൻ കണ്ട മൃഗശാലകളിലെല്ലാം മൃഗങ്ങൾ അവയുടെ കൂട്ടിലും സന്ദർശകർ പുറത്തുമാണ്. എന്നാൽ സഫാരി വേൾഡിൽ കാര്യം മറിച്ചാണ്. സിംഹം, പുലി, കടുവ, കണ്ടാമൃഗം, കാട്ടുപോത്ത്, സീബ്ര തുടങ്ങിയ വന്യമൃഗങ്ങൾ പുറത്ത് സ്വതന്ത്രരായി വിഹരിക്കുമ്പോൾ കാണികൾ കവചിതവാഹനത്തിൽ അവയോടൊപ്പം സഞ്ചരിച്ച് അവരുടെ പ്രവർത്തികൾ കണ്ടാസ്വദിക്കുന്നു. ഇതിനും പുറമെ ഒറാൻങ്കുട്ടാൻ ഷോ, സിലയൺ ഷോ, കൗബോയ് സ്റ്റൻഡ്, എലിഫന്റ് ഷോ, ഡോൾഫിൻ ഷോ, സ്പൈ വാർ, ബേർഡ് ഷോ തുടങ്ങി അനേകം ‘എക്ട്രാ ഷോ’ പാക്കേജുകളുമുണ്ട്. നമ്മുടെ പോക്കറ്റിൽ അവശേഷിക്കുന്ന തായ്ബാത്തിന്റെ എണ്ണവും സമയലഭ്യതയും അനുസരിച്ച് ഇഷ്ടപ്പെട്ട പാക്കേജ് തിരഞ്ഞെടുക്കാം. ടിക്കറ്റ് എട്ടു മണിക്കൂർ നേരത്തേക്കാണ്. നിരക്ക്, സഫാരി വേൾഡ് - 1418 ബാത്ത് (ഏകദേശം മൂവ്വായിരം ഇന്ത്യ രൂപ). മറൈൻ പാർക്ക് - 1630 ബാത്ത്. രണ്ടും ചേർന്ന കോബോ പാക്കിന് - 1854 ബാത്ത്. ഭക്ഷണം അടക്കമുള്ള പാക്കേജ് ആണെങ്കിൽ 2181 ബാത്ത് നൽകണം.

രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് പാർക്കിന്റെ പ്രവർത്തനസമയം. ശനി, ഞായർ ദിവസങ്ങളിൽ 6 വരെ തുറന്നിരിക്കും. അന്ന് പ്രത്യേകം ഷോകളുണ്ട്. ബാങ്കോക്കിൽനിന്നും സ്കൈ ട്രൈയിനിൽ ‘വിക്ടറി മോണിമെന്റ്’ സ്റ്റേഷനിൽ ഇറങ്ങി 100 മീറ്റർ നടന്നാൽ സഫാരി വേൾഡിൽ എത്താം. ബാങ്കോക്കിൽനിന്ന് ടാക്സിയിൽ 45 മിനിറ്റ് യാത്രാദൂരമുണ്ട്. മുൻകൂർ ബുക്ക് ചെയ്ത സന്ദർശകരെ അവർ താമസിക്കുന്ന ഹോട്ടലിൽ നിന്ന് പിക്ക് ചെയ്യുന്ന സംവിധാനവും സഫാരി വേൾഡിലുണ്ട്.

ഡോള്ഫിന് ഷോ


സഫാരിവേൾഡ്

സഫാരി വേൾഡ് എന്ന പേരിൽ അറിയപ്പെടുന്ന അനിമൽ പാർക്കിന് എട്ടു കി.മീ. നീളമുണ്ട്. വാഹനത്തിൽ വെറുതെ ഒന്ന് ചുറ്റിവരാൻതന്നെ 45 മിനിറ്റിലധികം സമയമെടുക്കും. അതിനടയ്ക്ക് സിംഹം, കടുവ, സീമ്പ്ര എന്നിവ അടക്കമുള്ള മൂറിലധികം വന്യമൃഗങ്ങളെ അടുത്തുകാണാം. വാഹനത്തിലിരുന്ന് ഫോട്ടോയെടുക്കാം. അവയ്ക്ക് ഭക്ഷണം നൽകുന്നത് കാണാം. സന്ദർശകർക്ക് വേണമെങ്കിൽ ജിറാഫിന് തീറ്റയും, കടുവക്കുഞ്ഞിനെ മടിയിൽ കിടത്തി കുപ്പിപ്പാൽ കൊടുക്കാനും സൗകര്യമുണ്ട്. പക്ഷേ അതിന് പ്രത്യേകം പണം നൽകണം.

G.P.R.S അടക്കമുള്ള എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള കവചിത വാഹനത്തിലാണ് അവർ നമ്മെ കാട്ടിലേക്കു കൊണ്ടു പോകുന്നത്. ഗ്രൂപ്പിലെ അംഗസംഖ്യക്കനുസൃതമാകും വാഹനത്തിലെ സീറ്റിങ്ങ് കപ്പാസിറ്റി. ഒരു കാരണവശാലും സന്ദർശകർ വാഹനത്തിൽനിന്ന് പുറത്തിറങ്ങരുത്. കാട്ടിൽ വാഹനം നിറുത്തിയിടാനും പാടില്ല. ഫോട്ടോയെടുക്കാൻ വേണമെങ്കിൽ വാഹനത്തിന്റെ വേഗം അല്പമൊന്ന് കുറച്ചുതരും. അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന ഡ്രൈവർ തന്നെയാണ് ഗൈഡായും പ്രവർത്തിക്കുന്നത്.

ഇനി എന്തെങ്കിലും സാഹചര്യത്തിൽ വാഹനം ബ്രെയ്ക്ക് ഡൗൺ ആകുകയാണങ്കിൽ കൺട്രോൾ റൂമിൽ വിവരം അറിയിക്കാൻ സംവിധാനമുണ്ട്. മിനിറ്റുകൾക്കകം മറ്റൊരു വാഹനമെത്തും. പിന്നെ അതിലാണ് തുടർയാത്ര. യാത്രക്കിടയിൽ കാണാൻ കഴിഞ്ഞ കൗതുകക്കാഴ്ചയിലൊന്ന് കടുവയ്ക്ക് തീറ്റി നൽകുന്നതാണ്. ഭക്ഷണം പ്രത്യേകം വാഹനത്തിൽ കടുവകളുടെ സങ്കേതത്തിൽ എത്തിച്ചു വിതരണം ചെയ്യുന്ന രീതിയാണ്. എല്ലാറ്റിനും സമയ ക്ലിപ്തതയുണ്ട്. രോഗംവന്നതും പരുക്കുപറ്റിയതുമായ മൃഗങ്ങളെ ചികിത്സിക്കാനുള്ള സൗകര്യവും പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

മറൈൻ പാർക്ക്

സഫാരിവേൾഡിന്റെ മറ്റൊരു ഭാഗമായ മറൈൻ പാർക്കിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജലജീവികളെ പ്രത്യേകം സാഹചര്യമൊരുക്കി പാർപ്പിച്ചിരിക്കുന്നു. ഹിമക്കരടിയടക്കം ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. ഡോൾഫിനുകൾക്കായി ഒരു ‘ഡോൾഫിനേറിയം’ തന്നെയുണ്ട്. അവിടെയാണ് ‘ഡോൾഫിൻ ഷോ’ അരങ്ങേറുന്നത്. കുട്ടികളും പ്രായമായവരും ഒരുപോലെ ആസ്വദിക്കുന്ന ഷോകൾ കാണാൻ അവിടെ നല്ല തിരക്കാണ്. രാവിലെ 10 മണിക്കും വൈകിട്ട് 3.40നും 20 മിനിറ്റ് ദൈർഘ്യം വരുന്ന രണ്ട് ഷോകളുണ്ട്. 390 ബാത്ത് അധികം നൽകിയാൽ ‘റിവർ സഫാരി റൈഡിന്’ പോയി മുതലകളെ കാണാം.

പക്ഷി സങ്കേതം


പക്ഷി പാർക്ക്

വർണ്ണാഭമാണ് സഫാരി വേൾഡിലെ പക്ഷിപ്പാർക്ക്. മുട്ട വിരിഞ്ഞിറങ്ങുന്നതു മുതൽ പക്ഷികളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ നമ്മെ ഇവർ പരിചയപ്പെടുത്തും. തത്തകൾക്കായി ഒരു പ്രത്യേകം വിഭാഗം തന്നെയുണ്ട്. ഇൻകുബേറ്റർ ഉപയോഗിച്ചാണ് ഇവിടെ തത്തമുട്ടകൾ വിരിയിക്കുന്നത്. സന്ദർശകർക്ക് നടന്നുപോകാൻ പാകത്തിലാണ് വലിയ തത്തകൂട്. അതിലൂടെ നടന്ന് നമുക്ക് തത്തകൾക്ക് തീറ്റനൽകാം. അവയ്ക്കുള്ള തീറ്റ പുറത്ത് വാങ്ങാൻ കിട്ടും.

സീബ്രാ പാര്ക്ക്


1988 ഫെബ്രുവരി 17ന് ആണ് സഫാരി വേൾഡ് എന്ന സ്വകാര്യസ്ഥാപനം പ്രവർത്തനമാരംഭിച്ചത്. സഫാരി വേൾഡ് പബ്ലിക്ക് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ഇപ്പോൾ നടത്തിപ്പ് ചുമതല. 1989ൽ ഇവിടെ വലിയതോതിൽ പുനർനിർമ്മാണം നടത്തി. 1994 ഫെബ്രുവരി വരെ സഫാരി വേൾഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന സഫാരിപാർക്ക് ‘സഫാരി വേൾഡ് പബ്ലിക്ക് ലിമിറ്റഡ്’ എന്ന കമ്പനിയായി. അതെ തുടർന്ന് 1995ൽ ഈ സ്ഥാപനം ‘തായ്‌ലൻഡ് സ്റ്റോക്ക് എക്‌ഞ്ചേിൽ’ (SET) ലിസ്റ്റ് ചെയ്തു. ഇന്ന് തായ്‌ലൻഡിൽ SET അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരേയൊരു അമ്യൂസ്‌മെന്റ് പാർക്കാണ് ‘സഫാരിവേൾഡ്’.

വെള്ളാനകൾ

സഫാരി പാർക്കിൽ ആനയടക്കം ഏതാണ്ട് എല്ലാ ഇനം വന്യമൃഗങ്ങളെയും കണ്ടെങ്കിലും തായ്‌ലൻഡിന്റെ ‘സ്വത്വം’ എന്ന വിശേഷണം പേറുന്ന വെള്ളാനകളെ മാത്രം സഫാരി വേൾഡിൽ കണ്ടില്ല. അതേക്കുറിച്ച് ഞങ്ങളുടെ വാഹനത്തിന്റെ ഡ്രൈവറും ഗൈഡും കൂടിയായ ജീനിയൊട് ചോദിച്ചപ്പോൽ ലഭിച്ച മറുപടി ഇങ്ങനെ.

രാമൻ ഒമ്പതാമൻ : ഭൂമിമ്പോൾ അതുല്യഡിജ് രാജാവ്


‘വെള്ളാന’ (White Elephant) എന്ന പേരിൽ അറിയപ്പെടുന്ന ആൽബിനോ (Albeno) ആനകൾ തായ്‌ലൻഡിൽ തന്നെ അത്യപൂർവ്വമായി കാണുന്ന ഒരിനം ആനകളാണ്. അവ ഒരു പ്രത്യേക ജനുസ് അല്ല. വെള്ളാന എന്നാണ് പേര് എങ്കിലും അവയുടെ നിറം ഒരിക്കലും തൂവെള്ളയല്ല. പിങ്ക് കലർന്ന ബ്രൗൺ നിറമാണവയ്ക്ക്. വെള്ളം നനയുമ്പോൾ കൂടുതൽ പിങ്ക് നിറമാകും. ഇളംമഞ്ഞ കണ്ണുകളുള്ള അവയുടെ കൺപീലികളും നഖങ്ങളും വെളുത്തിരിക്കും. തായ്‌ലൻഡിൽ ഇത്തരം ആനകൾ അറിയപ്പെടുന്നത് ‘ചാങ് സാംഖാൻ’ (Chang Samkhan) എന്നാണ്. അർത്ഥം - ശ്രേഷ്ഠ ആന. ‘വെള്ള’ എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നത് അതിന്റെ പരിശുദ്ധിയാണ്.

അന്തരിച്ച ഭൂമിമ്പോൾ അതുല്യഡിജ് രാജാവിന് (രാമൻ ഒമ്പതാമൻ) 21 വെള്ളാനകൾ ഉണ്ടായിരുന്നു. അതിൽ 11 എണ്ണം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. മ്യാൻമറിലെ താൻ ഷിവിക്ക് രാജാവിന് രണ്ടു വെള്ളാനകളുണ്ട്. ഒന്ന് പിങ്കും മറ്റൊന്ന് ഗ്രേയും. പക്ഷേ അവ രണ്ടും അറിയപ്പെടുന്നത് വെള്ളാനകൾ എന്നാണ്. മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് സ്‌പൈറോ അഗ്ന്യ ഒരു വെള്ളാനയെ കമ്പോഡിയൻ രാജാവായ നോർഡോം ഷിയാനൗക്കിനു സമ്മാനിച്ചിരുന്നു.

ചരിത്രത്തിലെ വെള്ളാനകൾ

സസാനിയൻ രാജാവ് ഖുസ്രായു രണ്ടാമന്റെ (Khusrau II) കാലത്ത് പേർഷ്യൻ പട്ടാളത്തിൽ വെള്ളാനകൾ ഉണ്ടായിരുന്നത്രെ. അതിലെ ഒരു വെള്ളാന ‘ബാറ്റിൽ ഓഫ് ബ്രിഡ്ജ്’എന്ന യുദ്ധത്തിൽ അറബ് കമാൻഡറായ അബു ഉബൈദിനെ കുത്തികൊന്ന ചരിത്രമുണ്ട്.

ഐരാവതം

ഹിന്ദു മിഥോളജിയിൽ ദൈവപരിവേഷമുള്ള വെള്ളാനയാണ് ദേവേന്ദ്രന്റെ വാഹനമായ ഐരാവതം. അഞ്ചുതലയുള്ള ഐരാവതത്തിന് പറക്കാൻ പാകത്തിൽ രണ്ടു ചിറകും ഉണ്ട്. ഐരാവതത്തിന്റെ പുറത്ത് യാത്ര ചെയ്യുന്ന ദേവേന്ദ്രന്റെ മനോഹരമായ ഒരു പെയിന്റിങ്ങ് രാജസ്ഥാനിലെ അബർപാലസ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

ഒറാങ്ങുട്ടന് ഷോ


ബിംബിസാരന്റെ ആന

മഗധ രാജാവായിരുന്ന ബിംബി സാരന് പേരുകേട്ട ഒരു വെള്ളാനയുണ്ടായിരുന്നു. മഗധരാജ്യത്തേക്കാൾ വില മതിക്കുന്ന ഒരു വെള്ളാന. മദംപൊട്ടി കാട്ടിൽ അലയുകയായിരുന്ന ആ വെള്ളാനയെ ബിംബിസാരൻ പിടിച്ചുകെട്ടി നാട്ടിലെത്തിക്കുകയായിരുന്നു. ബിംബിസാരൻ ആ വെള്ളാനയെ ‘സേചനക’ എന്ന് പേർ വിളിച്ചു. കാരണം ആരും പഠിപ്പിക്കാതെതന്നെ ആ വെള്ളാന ബിംബിസാരന്റെ തോട്ടം മുഴുവൻ നനയ്ക്കുമായിരുന്നു. ആ വെള്ളാനയെ ബിംബിസാരൻ മകൻ വിഹിലകുമാരനു നൽകി. ആ സംഭവം വിഹിലകുമാരന്റെ സഹോദരൻ അജാതശത്രുവെ അസൂയാലുവാക്കി. അജാതശത്രു സേചനകയെ മോഷ്ടിക്കാൻ പലവട്ടം ശ്രമിച്ചു. അതിന്റെ ഫലമായി രണ്ടു മഹായുദ്ധങ്ങൾ തന്നെ ഉണ്ടായതായി ചരിത്രം പറയുന്നു.

സയാമിന്റെ ദേശീയമൃഗം

നമുക്ക് തായ്‌ലൻഡിലേക്കു മടങ്ങാം. തായ്‌ലൻഡ് സയാം എന്ന പേരിൽ അറിയപ്പെട്ടിരുന്ന 1855 - 1916 കാലത്ത് ദേശീയപതാകയിൽ ഒരു വെള്ളാനയുടെ ചിത്രം ഉണ്ടായിരുന്നു.

തായ്‌ലൻഡിൽ വെള്ളാനകൾ ശുഭലക്ഷണമാണ്. രാജാവിന് ഒന്നിലധികം വെള്ളാനകൾ ഉണ്ടാകുന്നത് ശ്രേഷ്ടതയുടെ അടയാളമാണ്. കാട്ടിൽ നിന്നും ആർക്കെങ്കിലും വെള്ളാനയെ ലഭിച്ചാൽ അത് രാജാവിന് അവകാശപ്പെട്ടതാണ്. വാരിക്കുഴിയിൽനിന്ന് കയറ്റിയാലുടൻ അവയെ ഗജലക്ഷണം നോക്കി ഇനം തിരിക്കും. അപ്രകാരം തായ്‌ലൻഡിൽ നാലിനം വെള്ളാനകളുണ്ട്. ഗുണം കുറഞ്ഞനാലാം ഗ്രേഡ് വെള്ളാനകളെ രാജാവ് ഏറ്റെടുക്കില്ല. അത്തരം വെള്ളാനകളാണ് മൃഗശാലകളിലും മറ്റും എത്തുന്നത്. ചില വെള്ളാനകളെ രാജാവ് തനിക്ക് ഇഷ്ടമില്ലാത്ത സുഹൃത്തുക്കൾക്ക് സമ്മാനിക്കാറുണ്ട്. ദിവ്യത്വം കല്പിക്കുന്നതിനാൽ അവയെക്കൊണ്ട് ജോലി ചെയ്യിക്കാറില്ല. പരിപാലന ചെലവ് താങ്ങാൻ കഴിയാതെ അതിന്റെ ഉടമ അധികം വൈകാതെ കുത്തുപാളയെടുക്കാറാണ് പതിവ്.

സഫാരി വേള്ഡ്


ആചാരാനുഷ്ഠാനത്തോടെയാണ് തായ്‌ലൻഡിൽ രാജാവിന് ആനയെ കൈമാറുന്നത്. രാജകീയപ്രൗഡിയുടെ അളവുകോൽ തായ് രാജാവിന് എത്ര വെള്ളാനകൾ സ്വന്തമായിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്. അന്തരിച്ച ഭൂമിബോൾ അതുല്യഡിജ് രാജാവിന് 21 വെള്ളാനകൾ ഉണ്ടായിരുന്നെന്ന് പറഞ്ഞല്ലോ. തായ്‌ലൻഡിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു രാജാവ് ഇത്രയേറെ വെള്ളാനകളുടെ അധിപനാകുന്നത്. 1950 - ൽ ഭൂമിബോൾ രാജാവായശേഷം ആദ്യം ലഭിച്ച വെള്ളാനക്കുട്ടി നല്ല രാശിയയുള്ളതായിരുന്നു. തന്റെ എല്ലാ ഐശ്വര്യത്തിന്റെയും നിദാനം ആ വെള്ളാനയാണെന്ന് വിശ്വസിച്ച രാജാവ് അതിന്ന് സ്വന്തം പേരുതന്നെ നൽകി. ‘പഹ്‌ര സാവെറ്റ് അതുല്യഡിജ് പഹോൾ ഭൂമിബോൾ നവനാത് പരാമി’ എന്നായിരുന്നു ആ വെള്ളാനയുടെ മുഴുവൻ പേർ. 2016 ഒക്‌ടോബർ 13ന് 88 - ാം വയസ്സിൽ അന്തരിച്ച ഭൂമിബോൾ രാജാവിന്റെ മരണാനന്തര വിലാപയാത്രയിൽ കറുത്ത ഉടയാടകളണിഞ്ഞ രാജാവിന്റെ വെള്ളാനകളുടെ ദു:ഖപ്രകടനത്തിന്റെ വീഡിയോ യൂ ടൂബിൽ വൈറലായിരുന്നു.കൂടുതൽ