സംഘപരിവാര് ദേശീയതയും ഇടതുപക്ഷത്തിന്റെ അജണ്ടയും

ബാലചന്ദ്രൻ വടക്കേടത്ത്


അസഹിഷ്ണതയുടെ വര്ത്തമാനകാലത്ത് വര്ഗ്ഗീയതയ്ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുവാനുള്ള ശേഷി കോണ്ഗ്രസ്സിനുമാത്രം

 രാ ജ്യത്ത് ഇടതുപക്ഷം അധികാരത്തിലെത്തണമെന്ന് പിണറായി വിജയൻ ആഗ്രഹിക്കുന്നു. ആ ആഗ്രഹത്തിൽ തെറ്റില്ല. തങ്ങളുടെ മുൻകാലനേതാക്കന്മാരും അങ്ങനെ സ്വപ്നം കണ്ടിട്ടുള്ളതാണ്. എന്നാൽ, ആഗ്രഹങ്ങളുടെ കമ്മ്യൂണിസ്റ്റ് ചരിത്രം അത്ര സുഖകരമല്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യന് പാർലമെന്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അറുപതോളം അംഗങ്ങളുണ്ടായിരുന്ന കാലം. അക്കാലത്ത് ഇ.എം.എസ്.പറഞ്ഞു: ചെങ്കോട്ടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ചെങ്കൊടിയുയർത്തുന്ന കാലം വിദൂരമല്ല. പക്ഷേ, കൊടിയുയർന്നില്ല. തെലുങ്കാനയിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമൊക്കെ പാർട്ടിയില്ലാതായി. പിന്നെ അംഗസംഖ്യ അറുപതിൽ എത്തിയിട്ടില്ല. 2004 -ൽ ഭരണത്തിൽ പങ്കാളിത്തമില്ലെങ്കിലും ഇടതുപക്ഷം കരുത്തുകാട്ടി. ജ്യോതിബസുവിനെ ഭരണത്തിൽ എത്താൻ അനുവദിച്ചില്ല 'ഹിസ്റ്റോറിക്കൽ സ്ലണ്ടർ' എന്ന പേരിലാണ് ചരിത്രം ആ സന്ദർഭത്തെ രേഖപ്പെടുത്തിയത്. തുടർന്ന് ഇടതുപക്ഷം മെലിഞ്ഞുതുടങ്ങി. ബംഗാളിൽനിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി തുടച്ചുനീക്കപ്പെട്ടു. പുറകെ ത്രിപുരയിലും അതില്ലാതായി. ഇനി കേരളത്തിൽ മാത്രമേ ഇടതുപക്ഷമുള്ളു. പിണറായിയുടെ സ്വപ്നം ഇവിടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലാതാക്കും എന്ന് ന്യായമായും വിചാരിക്കാൻ ചരിത്രം സാക്ഷിയായി നിൽക്കുന്നു.

പഴയ ഇടതുപക്ഷം മരിക്കുമ്പോള്

ഈയിടെ ഒരഭിമുഖത്തിൽ, യോഗേന്ദ്രയാദവ് ഇങ്ങനെ പറയുന്നു: പഴയ ഇടതുപക്ഷം മരിച്ചുകഴിഞ്ഞു. പുതിയ ഇടതുപക്ഷമാണ് നമുക്കാവശ്യം. നിലവിലുള്ള ഇടതുപക്ഷത്തിന്റെ തുടർച്ചയാകും പുതിയ ഇടതുപക്ഷമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. അത് ഇന്ത്യൻ സാഹചര്യത്തിൽ സംഭവിക്കുമോ? ദേശീയ വിരോധവും ഹിംസാനുകൂല്യത്തിനും പ്രാധാന്യം നൽകുന്ന ഇടതുപക്ഷമാണ് ഇപ്പോഴുള്ളത്. ഇന്ത്യയിൽ മതേതര ബദലിന് വേണ്ടി ശ്രമിക്കുന്ന ഈ പ്രസ്ഥാനമാണ് കൊലപാതകങ്ങൾക്ക് നേതൃത്വം നൽകുന്നത്. പറയുന്നതും പ്രവർത്തിക്കുന്നതും വിരുദ്ധമായി. ഒരു വ്യാജ ജനാധിപത്യം മുന്നോട്ട് വെയ്ക്കുന്നു. ഈ പശ്ചാത്തലത്തിലാണ് പിണറായി വിജയൻ ഇടതുപക്ഷാധികാരം സ്വപ്നം കാണുന്നത്. അതിനു വലിയ പ്രത്യയശാസ്ത്ര പിൻബലമൊന്നുമില്ല.

പുതിയ ഇടതുപക്ഷം ഗാന്ധിയൻ ആദർശങ്ങളുടെ തുടർച്ചയായിരിക്കും. സംഘപരിവാർ വർഗ്ഗീയതയെ പ്രതിരോധിക്കുകയും സത്യത്തിലും നന്മയിലും ഊന്നിയ മതേതര സ്വഭാവം പുലർത്തുകയും ചെയ്യുന്ന ഒരു ദേശീയ പ്രസ്ഥാനത്തിനേ ഈ ഇടതുപക്ഷമനസ് ഉണ്ടാവൂ. ഇന്ത്യൻ ഇടതുപക്ഷമെന്നാൽ അത് മാർക്സിസ്റ്റ് ഇടതുപക്ഷമല്ല. ദേശീയ പ്രസ്ഥാനത്തിന്റെ തുടർച്ചയാവും. ഗാന്ധിയിലോ ദേശീയതയിലോ എത്താൻ നിലവിലുള്ള കമ്മ്യൂണിസ്റ്റുകൾക്കാവില്ല.

കേരളത്തിൽ ഇടതുപക്ഷം വ്യക്തിഹത്യയിലേയ്ക്കും വർഗ്ഗീയതയിലേയ്ക്കും നീങ്ങുന്നു. സംഘപരിവാറിനെ വളർത്തി ജനാധിപത്യചേരിയെ ശിഥിലീകരിച്ച് സ്വയം ഭദ്രമാകാമെന്നാണ് ഇടതുപക്ഷ താൽപ്പര്യം. ശബരിമല പ്രശ്നത്തിൽ ആയൊരു നിലപാട് ഇടതുപക്ഷം സ്വീകരിച്ചു. സംഘപരിവാറിനെ വർഗ്ഗീയതയുടെ പേരിൽ എതിർക്കാൻ മറ്റൊരു വർഗ്ഗീയത രൂപപ്പെടുത്തി. സാമുദായിക സംഘടനകളെയും വർഗ്ഗീയകക്ഷികളേയും കൂട്ടിച്ചേർത്ത് 'നവോത്ഥാന' ചിന്ത പുലർത്തി. സാമുദായികത വർഗ്ഗീയതയിലേയ്ക്ക് നീങ്ങുമെന്നല്ലാതെ, അത് നവോത്ഥാനമൂല്യ സംരക്ഷണമാവില്ലല്ലോ.

ഇടതുപക്ഷത്തിന്റെ കോയലിസവാദം

ലോകസഭാ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തെ ചിന്തിപ്പിച്ച രീതി ശ്രദ്ധേയമാണ്. 'കോയലിസ'വാദം എന്നുപറഞ്ഞ് സംഘപരിവാറിനെയും ദേശീയകക്ഷികളെയും ഒരേചരടിൽ കോർക്കാൻ ശ്രമിച്ചു. അധികം വൈകിയില്ല, അതിൽ വൻതോതിൽ തിരിച്ചടിയുണ്ടായി. രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ഇടതുപക്ഷത്തിന്റെ 'കോയലിസം' മുദ്രാവാക്യത്തെ ശിഥിലമാക്കി. ഉടനെ മുസ്ലിംലീഗ് വർഗ്ഗീയകക്ഷിയാണ് എന്ന പ്രസ്താവനയുമായി ഇടതുപക്ഷം രംഗത്തുവരുന്നതാണ് നാം കണ്ടത്. നിലവിലുള്ള ഇടതുപക്ഷത്തിന്റെ സാമുദായിക -വർഗ്ഗീയ നിലപാടിൽനിന്നു പുതിയ ഒരിടതുപക്ഷം പ്രതീക്ഷിക്കുക പ്രയാസമായിരിക്കുന്നു. ജനാധിപത്യവും മാനവികതയും പ്രകടിപ്പിക്കേണ്ട ഇടതുപക്ഷം അതിൽനിന്നും അകന്ന് പോവുന്നു. എത്ര ഭംഗിയായി യോഗേന്ദ്ര യാദവ് പറഞ്ഞിരിക്കുന്നു: ''പുതിയ ഇടതുപക്ഷം ജനാധിപത്യത്തെ തുറന്ന് സ്വീകരിക്കുന്നു. നിലവിലുള്ള ഇടതുപക്ഷം ജനാധിപത്യത്തെ അംഗീകരിക്കുന്നുണ്ട്. എന്നാൽ, അത് പിൻവാതിലിലൂടെയാണ് അംഗീകരിക്കുന്നത്.''


എസ്. രാമചന്ദ്രന്‍ പിള


വി.എസ്. അച്യുതാനന


പിണറായി വിജയന


ജ്യോതിബസ


ഇ.എം.എസ്സ്.

സംഘപരിവാറിന്റെ ഭാഷ ഇടതുപക്ഷത്തിന് കൈവന്നതാണ് തെരഞ്ഞെടുപ്പ് കാലത്തെ അനുഭവം. ഒരു ഭാഗത്ത് സംഘപരിവാറിനെ എതിർക്കുന്നു. എന്നാൽ, കേരളത്തിലെ എതിരാളികളെ പ്രതിരോധിക്കാൻ സംഘപരിവാറിന്റെ ഭാഷ കടമെടുക്കുന്നു. എന്താണ് നമ്മുടെ ഇടതുപക്ഷത്തിന് പറ്റിയത്? കോണ്ഗ്രസ്സിനുമേല് സംഘപരിവാർ ബന്ധം ആരോപിച്ചുകൊണ്ട് മുസ്ലിം ന്യൂനപക്ഷങ്ങളെ കൂടെനിർത്താമെന്ന വ്യാമോഹത്തിന് രാഹുൽഗാന്ധി തടസ്സമായതാണ് ഇടതുപക്ഷത്തെ വിറളി പിടിപ്പിച്ചത്. അതിലെങ്ങനെ പ്രതികരിക്കണമെന്നറിയാതെ പരുങ്ങുകയാണ് നിലവിലുള്ള ഇടതുപക്ഷം. ഇപ്പോൾ സംഘപരിവാറുമായി ചേർന്നു നിൽക്കുകയാണോ എന്ന് തോന്നിപ്പിക്കുന്ന ഇടതുപക്ഷ വർത്തമാനങ്ങൾ!

മോദിയുടെ പട്ടാള അജണ്ട

വർഗ്ഗീയതയാണ് സംഘപരിവാർ അജണ്ട എന്ന് എല്ലാവർക്കുമറിയാം. എന്നാൽ 2019-ലെ തെരഞ്ഞെടുപ്പിലെങ്കിലും സത്യസന്ധമായി ഇടപെടുമെന്നാണ് നാം പ്രതീക്ഷിച്ചത്. എന്നാൽ, അപകടകരമായ സ്ഥിതിവിശേഷമാണ് പ്രചരണരംഗത്ത് സംഘപരിവാർ സൃഷ്ടിച്ചത്. ഭാരതത്തിന്റെ ഭാവിയെ സംബന്ധിച്ച ചില ദുഷിച്ച സൂചനകൾകൂടി അത് സമ്മാനിക്കുന്നു. തെരഞ്ഞെടുപ്പ് ചട്ടംപോലും ലംഘിച്ചുകൊണ്ടാണ് ബി.ജെ.പിയും സംഘപരിവാർ നേതൃത്വവും പെരുമാറുന്നത് തന്നെ. അടുത്തുണ്ടായ ബാലക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പട്ടാളത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമവും നടക്കുന്നു. മോദിതന്നെ പട്ടാളത്തെ ദേശീയതയുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നു. യോഗി ആദിത്യനാഥ് മോദിയുടെ പട്ടാളം എന്ന അഭിസംബോധന ചെയ്തു. ഒരു കാലഘട്ടത്തിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പട്ടാളത്തേയും പ്രചരണായുധമായി ഒരു പ്രധാനമന്ത്രിയും ഉപയോഗിച്ചതായി അറിവില്ല. ദേശീയത എന്ന വികാരത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ രാഷ്ട്രീയം.

പട്ടാളത്തെ മോദി ഭരണകൂടം രാഷ്ട്രീയത്തോട് അടുപ്പിച്ചുനിർത്തിക്കഴിഞ്ഞു. ഇപ്പോൾ ഭരണകൂടവുമായി പട്ടാളത്തിന്റെ ദൂരം കുറഞ്ഞു. ജനാധിപത്യ ഇന്ത്യ പട്ടാളാധിപത്യത്തിൽ എത്താത്തത് രാഷ്ട്രീയവും പട്ടാളവുമായ അകലം തീരെ കുറവായതുകൊണ്ടുമാത്രമാണ്. ഏതായാലും ആ ദൂരം കുറച്ചതിൽ മോദിക്ക് അഭിമാനിക്കാം. അയൽരാജ്യത്ത് പട്ടാളം ഭരണകൂടത്തിൽ ഇടപെടുന്നതിന്റെ അനുഭവം നാം എത്രയോ കണ്ടുകഴിഞ്ഞു. ബി.ജെ.പി. ആ അവസ്ഥ ആഗ്രഹിക്കുന്നുണ്ടോ? ഫാസിസത്തിന് നിലനിൽക്കാൻ പട്ടാളം ആവശ്യമാണ് എന്ന് അടയാളപ്പെടുത്തുകയാണ് സംഘപരിവാർ സർക്കാർ ചെയ്യുന്നത്.


സംഘപരിവാര് ദേശീയത

ദേശീയത പട്ടാളവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യേണ്ട വിഷയമാണോ? പട്ടാള ദേശീയതയല്ല ഇന്ത്യൻ ദേശീയത. അത് മതേതര ദേശീയതയാണ്. എന്നാൽ മതേതര ദേശീയത വ്യാജമാണ് എന്നും തങ്ങളുടെ ദേശീയത മറ്റൊന്നാണ് എന്നും സംഘപരിവാർ തെളിയിച്ചുകൊണ്ടിരിക്കുന്നു. ബാൽക്കോട്ട് ആക്രമണത്തെ കേന്ദ്രീകരിച്ച് ദേശീയത പറയുന്ന മോദി അംഗീകരിക്കുന്ന ദേശീയത വർഗ്ഗീയതയുടെ രൂപമാർജ്ജിച്ചതുകൂടിയാണ്. സാമ്രാജ്യത്വഭരണകാലത്താണ് ഇന്ത്യൻ ദേശീയത ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങുന്നത്. ഇന്ത്യ സമാർജിച്ച ബഹുസ്വരതയുമായി ആ ദേശീയത ചേർന്ന് കിടക്കുന്നു. നാനാത്വത്തിലെ ഏകത്വം എന്ന് ജവഹർലാൽ നെഹ്റു ചൂണ്ടിക്കാണിച്ചത് ആ ദേശീയതയെയാണ്. ആ ദേശീയതയെ മറികടന്നാണ് സംഘപരിവാർ ഒരു പട്ടാള ദേശീയതയ്ക്ക് ഈ തെരഞ്ഞെടുപ്പ് കാലത്ത് വിത്തിട്ടത്. എത്ര അപകടകരവും പരിഹാസ്യവുമാണ് ഈ നിലപാട്.

ദേശീയതയെ പുതുതായി നിർവ്വചിക്കുക തന്നെ വേണം. സംഘപരിവാറിന്റെ ദേശീയതയിൽ വർഗ്ഗീയത ഉൾച്ചേർന്നിരിക്കുന്നു. ഇവർക്ക് വർഗ്ഗീയതയെക്കുറിച്ചു പറയാൻ ഒരു മടിയുമില്ല. വയനാട് പോലുള്ള ഒരു പ്രദേശത്തെ ന്യൂനപക്ഷം ഭൂരിപക്ഷമായ പ്രദേശം എന്ന് നമ്മുടെ പ്രധാനമന്ത്രി അടച്ചാക്ഷേപിക്കുമ്പോൾ, ഹിന്ദു ഭൂരിപക്ഷത്തെ മാത്രമേ അദ്ദേഹം അംശീകരിക്കുന്നുള്ളൂ എന്നു വ്യക്തം. വടക്കേ ഇന്ത്യയെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായും തെക്കെ ഇന്ത്യയെ ന്യൂനപക്ഷങ്ങളുടെ പ്രദേശമായും വിഭജിക്കുന്നതുതന്നെ വർഗ്ഗീയതയല്ലേ? തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ മുസ്ലിം സമുദായത്തിൽപ്പെട്ടവർക്ക് ജോലിയുണ്ടാവില്ല എന്ന് മേനകാഗാന്ധിയെപ്പോലെ ഒരു മന്ത്രി പ്രസംഗിക്കുന്നു. ഉള്ളിലിരിപ്പ് വ്യക്തമാണ്. കേരളത്തിൽ ശ്രീധരൻ പിള്ള വസ്ത്രം മാറ്റിനോക്കണം മുസ്ലിം എന്നറിയാൻ എന്നു പ്രസ്താവിക്കുന്നത് എത്ര മ്ലേച്ഛമായിട്ടാണ്. എന്തിലും ഏതിലും വർഗ്ഗീയത കാണാനുള്ള സംഘപരിവാർ യുക്തി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.


യോഗേന്ദ്ര യാദവ്


യോഗി ആദിത്യനാഥ

ഇടതുപക്ഷത്തിന്റെ നിലപാടുകള്

ലീഗ് വർഗ്ഗീയകക്ഷിയാണ് എന്ന് ബി.ജെ.പി. നേതാക്കൾ പറയുന്നു. എസ്. രാമചന്ദ്രൻ പിള്ളയും പറഞ്ഞത് ലീഗ് വർഗ്ഗീയതയാണ് എന്നാണ്. എന്തുകൊണ്ട് സി.പി.എം., ബി.ജെ.പി.കക്ഷികൾ ഇങ്ങനെ അഭിപ്രായപ്പെടുന്നു. രാഹുൽഗാന്ധിയെ പ്രതിരോധിക്കാൻ ഹിന്ദുവോട്ട് ബാങ്ക് തങ്ങൾക്കനുകൂലമാകാനുമുള്ള ഒരേ തന്ത്രത്തിൽ ഇടതുപക്ഷവും സംഘപരിവാറും എത്തപ്പെട്ടിരിക്കുന്നു. ഇത് തന്നെയാണ് ഭാവിയിൽ ദേശീയമായും സംഭവിക്കാൻ പോകുന്നത്. മറിച്ചൊന്നും വരാനിടയില്ല. ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കാണ് വോട്ട് ചെയ്തത് എങ്കിൽ, സാർവ്വദേശീയത പറയുന്നവർ ഈ പട്ടാളദേശീയതയെ അംശീകരിക്കാൻ മടിക്കില്ല എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.

ബി.ജെ.പിയുടെ പട്ടാള ദേശീയതയും വർഗ്ഗീയതയും ഒന്നുചേരുന്നതായി നാം കണ്ടു. ഇടതുപക്ഷം ഈ ദേശീയതയുമായി ചേരാൻ പാടുപെടുകയാണോ? അങ്ങനെ സംശയിക്കാനുതകുന്ന ആശയ ചർച്ചകളാണ് ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ നടന്നത്. വയനാടിനെ പാകിസ്ഥാനോടുപമിച്ച സംഘപരിവാറിനു പിണറായി വിജയൻ മറുപടി പറയുന്നതായി കണ്ടു. ഈ നിയോജകമണ്ഡലത്തിലെ ഹിന്ദുഭൂരിപക്ഷത്തെയാണ് സംഘപരിവാർ അന്വേഷിച്ചു പോയത്. മുസ്ലിം-ക്രൈസ്തവ ന്യൂനപക്ഷം എത്രയുണ്ട് എന്ന് അന്വേഷിച്ചുകൊണ്ടല്ലല്ലോ ജനാധിപത്യ സമ്പ്രദായത്തിലുള്ള തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്. അതെന്തായാലും ആയൊരു വിഭാഗീയതയിലേയ്ക്ക് സംഘപരിവാർ വന്നതുപോലെ, ഇടതുപക്ഷം വന്നുപോയോ? ലീഗിന്റെ കൊടിക്കീഴിൽ രാഹുൽഗാന്ധിയെ കോൺഗ്രസ്സുകാർ കെട്ടിയിട്ടു എന്ന മട്ടിലുള്ള ഒരു വ്യവഹാര ശൈലിയാണ് ഇടതുപക്ഷത്ത് നിന്ന് നാം കേട്ടത്. വ്യവസ്ഥാപിത ഇടതുപക്ഷത്തിന് മാത്രമേ ഇപ്രകാരം വർത്തമാനം പറയാൻ കഴിയൂ. ഈ ഇടതുപക്ഷം കാലഹരണപ്പെടേണ്ട ഇടതുപക്ഷമാണ്. സ്വാതന്ത്ര്യത്തിനുശേഷം വിശിഷ്ടമായ ഒരു മതേതര പ്രസ്ഥാനമായി നിലനിന്നുപോരുന്ന കക്ഷിയാണ് മുസ്ലിംലീഗ്. ബാബ്റി മസ്ജിദ് തകർക്കപ്പെട്ട ഘട്ടത്തിൽ യാതൊരു വർഗ്ഗീയ സംഘർഷവുമില്ലാതെ കേരളത്തെ പിടിച്ചുനിർത്തിയതിൽ ലീഗിനുള്ള പങ്ക് ചെറുതല്ല. ഈ മതേതര രാഷ്ട്രീയ പ്രസ്ഥാനത്തെ വർഗ്ഗീയ പ്രസ്ഥാനമാക്കി സംഘപരിവാർ വിശേഷിപ്പിക്കുമ്പോൾ, നമ്മുടെ ഇടതുപക്ഷവും ആ നിലപാട് തുടരുന്നു.


രാഹുല്‍ ഗാന്ധി


മേ നക ഗാന്ധി

തങ്ങൾക്ക് എതിരെ പറയുന്നവരെ സംഘികളാക്കുന്ന ഒരു ശൈലിയും വ്യവസ്ഥാപിത ഇടതുപക്ഷം തുടർന്ന് പോകുന്നു. ഇത് മറ്റൊരു ഫാസിസ്റ്റ് നിലപാടാണ്. അഭിപ്രായം പറച്ചിലും വിയോജിപ്പുമെല്ലാം ജനാധിപത്യത്തിന്റെ സർഗ്ഗാത്മകതയാണ്. അതിനെതിരെയുള്ള രാഷ്ട്രീയത്തെയാണ് നാം വെറുപ്പിന്റെ രാഷ്ട്രീയം എന്ന് വിളിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം രാജ്യത്ത് വ്യാപിപ്പിച്ചതിൽ പ്രധാന പങ്ക് സംഘപരിവാറിനും അനുബന്ധ സംഘടനകൾക്കുമുള്ളതാണ്. സി.പി.എം. അഥവാ ഇടതുപക്ഷം എന്തിന് ആ വഴിക്ക് പോകണം. സംഘപരിവാർ സംഘടനകളിൽ മാത്രമല്ല, ഇടതുപക്ഷ സംഘടനകളിലും ഫാസിസം തിടംവച്ച് കഴിഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയ ശ്രദ്ധിക്കുന്നവർക്കറിയാം, എത്ര ഇടതുപക്ഷസ്വതന്ത്ര ചിന്തകന്മാരാണ് ഈ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘികളായത്? കല്പ്പറ്റ നാരായണൻ അങ്ങനെ ഇടതുപക്ഷം സംഘിയാക്കിയ സ്വതന്ത്രചിന്തകനാണ്. ഈയിടെ ടി.പി.രാജീവനു നേരെ ഒരു ഇടതുപക്ഷ എഴുത്തുകാരൻ കുതിരകയറുന്നത് കണ്ടു. അദ്ദേഹത്തേയും സംഘിയാക്കാൻ അധികം ദിവസം കാത്തിരിക്കേണ്ടി വരില്ല ഇടതുപക്ഷബുദ്ധിജീവികൾക്ക്. അതാണല്ലോ ഇപ്പോഴത്തെ ഇടതുപക്ഷ നീതി.


നരേന്ദ്രമോദി


ശ്രീധരന്‍പി ള്ള

മോശമായ ഭാഷാപ്രയോഗങ്ങൾ ഈ തെരഞ്ഞെടുപ്പുകാലത്ത് നാം കേട്ടു. ഒരുപക്ഷേ, പോയകാലത്തെ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കൂടുതൽ ഇത്രമാത്രം വ്യവഹാരമലിനമായ ഒരു സാഹചര്യം ഉരുവിട്ടിട്ടില്ല. ബി.ജെ.പി.വർഗ്ഗീയഭാഷയാണ് പ്രയോജനപ്പെടുത്തിയത്. ഇടതുപക്ഷവും പുറകിൽ പോയില്ല. ആരാണ് മീതെ എന്ന മട്ടിൽ ഇരുകൂട്ടരും പെരുമാറുകയായിരുന്നു. രാഹുൽഗാന്ധിയെ 'പപ്പു' എന്ന് അഭിസംബോധന ചെയ്യാൻ പാർട്ടി പത്രംപോലും തയ്യാറായി. വി.എസ്.അച്യുതാനന്ദൻപോലും ആ രാഷ്ട്രീയ നേതാവിനെ 'അമൂൽബോയ്' എന്ന് വിളിച്ച് പരിഹസിച്ചു. അശ്ലീലച്ചുവകലർന്ന ഭാഷയാണ് മറ്റുചില നേതാക്കന്മാർക്ക് ഉണ്ടായിരുന്നത്. 'പരനാറി' എന്ന പഴയ പ്രയോഗത്തിൽ ഉറച്ചുനിൽക്കുന്ന എന്നുപറഞ്ഞ നമ്മുടെ മുഖ്യമന്ത്രിയും പുതിയ രാഷ്ട്രീയഭാഷ കണ്ടെത്തുകയായിരുന്നു.

അതിരിക്കട്ടെ. തെരഞ്ഞെടുപ്പുകാലത്തെ ചില വിശേഷങ്ങൾ പങ്കുവെച്ചുവെന്നേയുള്ളു. ഈ കുറിപ്പ് അച്ചടിച്ചുവരുമ്പോഴേയ്ക്കും തെരഞ്ഞെടുപ്പ് ഉത്സവം ഇവിടെ തീർന്നിരിക്കും. ഇതൊക്കെ നാളെ ഓർക്കാതിരിക്കാനാവില്ല. അതുകൊണ്ട് ഇത്രയും കുറിച്ചു എന്ന് മാത്രം.

നമ്മൾ എന്തായിരുന്നു എന്നറിയാൻ ഈ ഓർമ്മകൾ നല്ലതുതന്നെ.കൂടുതൽ