മൈക്രോ രചനകള്

സുനിൽ സി.ഇ.


സാഹിത്യത്തിലെ മൈക്രോ രചനകളുടെ പ്രതിനിധാനം ‍

വ്യത്യസ്ത കാലങ്ങളിലെ മൈക്രോ രചനകള് സൃഷ്ടിക്കുന്ന സര്ഗ്ഗ സംവാദങ്ങള്

 ജീ വിതത്തിന് നന്നേ ചെറിയ അർത്ഥങ്ങളേയുള്ളൂവെന്ന് ആകൃതി കൊണ്ട് സ്ഥാപിക്കുന്ന ചില മൈക്രോരചനകളുണ്ട്. ഇത് ലോകസാഹിത്യത്തിലാകമാനമുള്ള ഒരു പ്രവണതയാണ്. ജീവിതത്തിന്റെ ഇരുണ്ട വശങ്ങളെ ചിത്രീകരിക്കാൻ ബൃഹദാഖ്യാനങ്ങൾക്ക് മാത്രമേ കഴിയൂ എന്ന ധാരണയെയാണ് ഈ പ്രവണത തോൽപ്പിക്കുന്നത്. ആ വാക്കുകളിൽ കുടികൊള്ളുന്ന ഊറ്റം ഒറ്റപാരായണം കൊണ്ട് അടങ്ങിത്തെളിയുന്നു. ജീവിതത്തിലെ നിർദ്ദയമായ വിപരീതാനുഭവങ്ങൾ തന്നെയാണ് മൈക്രോ രചനകളിലും പ്രത്യക്ഷമാകുന്നത്. ബൃഹദാഖ്യാനങ്ങൾ ഇപ്പോൾ ഒരു ഇടവേള ആവശ്യപ്പെടുന്നുണ്ട്. കാരണം മനുഷ്യജീവിതത്തിന്റെ വേഗത തന്നെയാണ്. പുതിയ മനുഷ്യനുള്ളത് പുതിയ സന്ദേഹമാണ്. ആ സന്ദേഹങ്ങളെ നാടുകടത്താൻ പണിപ്പെടുന്നതിനിടയിൽ നഷ്ടപ്പെടുന്നത് ദീർഘനേരപാരായണം എന്ന കലയാണ്. അപ്പോൾ ജീവിതത്തിന്റെ സാമ്യം വഹിക്കുന്ന മൈക്രോരചനകളിലേക്ക് വായനക്കാരന്റെ കോർണിയൽ തിരിഞ്ഞുപോകും. മൈക്രോ രചനകൾ ചില നേരങ്ങളിൽ നമുക്കുമുമ്പിലെ അഭാവങ്ങളെപോലും ഭാവങ്ങളാക്കി മാറ്റും. ലോകത്തിന്റെ നടുവിൽ പതിയിരിക്കുന്ന പേടിപ്പെടുത്തുന്ന സംഗതികളെ നാം കാണാതെ പോകുന്നതുപോലെതന്നെയാണ് ബൃഹദാഖ്യാനങ്ങളിലെ ജീവിതാഖ്യാനങ്ങളും നാം പലപ്പോഴും കാണാതെ പോകുന്നത്. അപ്പോഴാണ് ഒരു സാധാരണ വായനക്കാരൻ ചെറുതുകളിലെ പടഹധ്വനിക്കായി കാതോർക്കുന്നത്. മൈക്രോരചനകൾക്ക് നമ്മെ പൊള്ളിക്കുന്ന ഒരു വിഷമൂർച്ചയുണ്ട്. നേർത്തു നേർത്തു വരുന്ന അതിലെ നിശബ്ദത പോലും ചെന്നു മുട്ടുന്നത് വീർത്തുകെട്ടി ഇരിക്കുന്ന സന്ദേഹങ്ങളിലാണ്. അപ്പോൾ എഴുത്തുകാരൻ നടത്തുന്ന ദുരൂഹമായ ചുണ്ടുകോട്ടി കരച്ചിലിനെപ്പോലും നമുക്ക് മനസ്സിലാകും. ഇതൊക്കെയും രചനാകലയിലെ ഭാഷയുടെ പുതിയ ചിറകുകളാർജ്ജിക്കലാണ്. ബൃഹദാഖ്യാനങ്ങൾ വായിക്കുമ്പോഴുണ്ടാകുന്ന മടുപ്പു പകരൽ ഇവിടെ സംഭവിക്കില്ല. ഒരു രചനയുടെ ഭൂരിഭാഗം സ്പേസിലും (space) മൗനം ഉൽക്കടമായൊരു സാന്നിദ്ധ്യം ആവശ്യപ്പെടുന്നുണ്ടെന്ന് ദർശനപ്പെടുത്തുന്നത് മൈക്രോ രചനകളാണ്. അങ്ങനെ നോക്കുമ്പോൾ ലഘു ആഖ്യാനം മൗനത്തെ നവീകരിക്കലും പുന:സൃഷ്ടിക്കലുമാണ്.

ആസ്വാദന ഞരമ്പിന്റെ ഇടനാഴി

വായനക്കാരെ ഒരുപോലെ അലട്ടുന്ന വിവരണാതീതമായ ചില ഗർത്തങ്ങൾ മൈക്രോരചനകളിൽ ഇടം പിടിക്കാറുണ്ട്. അത് ആസ്വാദന ഞരമ്പിന്റെ ഇടനാഴിയിൽ ഘനീഭവിച്ചുനിൽക്കുന്ന മൗനത്തിന്റെ മാത്രകളെ ഉൽപാദിപ്പിക്കുന്നു. മനുഷ്യൻ എന്ന സത്തയ്ക്കുമേൽ വീണ വിള്ളലുകളെ ചൂണ്ടിക്കാണിക്കാൻ ലഘു ആഖ്യാനങ്ങൾക്ക് എളുപ്പത്തിൽ സാധിക്കുമെന്നതിന്റെ ഒരുപാട് തെളിവുകൾ നമുക്ക് ചുറ്റുമുണ്ട്. എഴുത്തിന്റെ ഉന്മാദലഹരിയിൽ നിന്നല്ല ലഘുരചനകൾ പിറവി കൊള്ളുന്നത്. അവയ്ക്ക് ഭാഷയുടെ വർണ്ണമേളനവും കുറവായിരിക്കും. പക്ഷെ അവ ദാർശനിക മൗനങ്ങളായിരിക്കും. ലഘു ആഖ്യാനത്തിന്റെ ഉറവകൾ തിരഞ്ഞുപോയാൽ നാം എത്തപ്പെടുക മനുഷ്യൻ എന്ന പ്രശ്നത്തിന്റെ പുതിയ രൂപത്തിലേക്കാണ്. പുതിയ മനുഷ്യൻ ആന്തരികമായി രൂപരഹിതനാണ്. അവന്റെ ഉള്ളിൽ ബൃഹത് സംഹിതകൾ കൂടുകൂട്ടുന്നില്ല. ചെറിയ മോളിക്യൂളുകളുടെ സമാഹാരമാണ് പുതിയ മനുഷ്യൻ. അതുകൊണ്ടുതന്നെ ചെറിയ ആശയങ്ങളിലാണ് അവർ തന്റെ അസ്ഥിത്വത്തിന്റെ അർത്ഥം തിരയുന്നത്. പുതിയ മനുഷ്യൻ ബൃഹത് സംഹിതകൾക്കെതിരെ പരാതി മുഴക്കുന്നവനാണ്. അവൻ ചെറിയ ആശയങ്ങളിലെ വലിയ അർത്ഥസാന്ദ്രതയെ ഒരൊറ്റ തലത്തിൽ ഒതുക്കി നിർത്താൻ ആഗ്രഹിക്കുന്നില്ല. ബൃഹദാഖ്യാനങ്ങൾക്ക് മേദസ്സ് പകരുന്ന അതേ പദങ്ങൾ കൊണ്ടാണ് ചില എഴുത്തുകാർ ലഘു ആഖ്യാനങ്ങൾക്ക് തീ പടർത്തുന്നത്. ബൃഹദാഖ്യാനങ്ങളെ വായനക്കാരൻ ഗൗനിക്കാതെ വരുമ്പോൾ, ജെയ്ൻ ഹിർഷ് ഫീൽഡിനെ പോലെയുള്ള നിരൂപക ഹൈക്കു രചനകളെ പ്രചരിപ്പിക്കാൻ വേണ്ടിയാണ് നിരൂപണ ക്രിയയിൽ ഇടപെടുന്നതുപോലും. മൈക്രോരചനകൾ ഭാഷ അപൂർണ്ണമാണെന്ന് പരിദേവനം മുഴക്കുന്ന നിരൂപകരുമുണ്ട്. അപ്പോഴും മൂകവും ഗംഭീരവുമായ അർത്ഥങ്ങൾ അതിൽ കലർന്നിട്ടുണ്ടെന്ന് ചില വായനക്കാർ ചൂണ്ടിക്കാണിക്കും. സാഹിത്യത്തിലെ ഈ ലഘു ഇടപെടലിനെ ആത്മനിവേദനം എന്നാണ് നിക്കോള യൂൺ വിശേഷിപ്പിച്ചത്. ലഘു ആഖ്യാനം ഒരിക്കലും ഒരു ആശയവിനിമയത്തകർച്ചയിലേക്ക് നയിക്കില്ലെന്നതിന്റെ ഒരുപാട് സാക്ഷ്യങ്ങളുണ്ട്. സംവേദനത്തിന്റെ പ്രയാസങ്ങളെക്കുറിച്ചുള്ള പ്രതിസന്ധിയുടെ സ്വഭാവം കൈക്കൊള്ളാൻ ലഘു നിർമ്മിതികൾ ഒരുക്കമല്ല. ജീവിതത്തിന്റെ പ്രതിസന്ധികളെ നിർവ്വചിക്കാൻ ബൃഹദാഖ്യാനങ്ങളേക്കാൾ എളുപ്പത്തിൽ ലഘു ആഖ്യാനങ്ങൾക്കു കഴിയും. അർത്ഥശൂന്യതയുടെ സങ്കൽപങ്ങളെ എതിർക്കാൻ ലഘുരചനകൾക്ക് ഒരു പ്രത്യേകതരം സാമർത്ഥ്യമാണുള്ളത്.

അക്ബര് കക്കട്ടില്

ബെന്യാമിന്

ചെറുതുകളുടെ സമുദ്രം

ചിലരുടെ മൈക്രോ രചനകൾ പോലും കൊടുങ്കാറ്റ് വിതയ്ക്കുന്നവയാണ്. ഒരാളുടെ സ്വൈരത്തെ ഇളക്കി മറിക്കാൻ ചില നേരങ്ങളിൽ അവയ്ക്കാവുന്നു. ഏതുതരം അർത്ഥവിശേഷണങ്ങളാണ് നിരൂപകന്മാർ അവയ്ക്ക് ചാർത്തിക്കൊടുക്കുന്നത്? ഏറ്റവും നല്ല സമ്പർക്കോപാധിയെന്നാണ് മൈക്രോരചനകളെ കോളിൻ വിൽസൻ വിശേഷിപ്പിക്കുന്നത്. ഇതു മുഴുസത്യമാണ്. വാക്കുകൾക്കിടയിലെ നിശ്ശബ്ദതയെ ഉപാസിക്കുന്ന ഈ രചനാകലയെ ചെറുതുകളുടെ സമുദ്രം എന്നല്ലാതെ മറ്റെന്തു വിളിക്കും. ലഘു ആഖ്യാനങ്ങളുടെ അർത്ഥനിവേദനം ഒരിക്കലും വിഷമകരമായ ദൗത്യമല്ല. മൈക്രോരചനകൾ വായിക്കപ്പെടാൻ വേണ്ടി കൈ നീട്ടുന്നത് ആരിലേക്കായിരിക്കും? ദാർശനികമായ മൗനം കൊണ്ടുനടക്കുന്നവരിലേക്കാണ് അതു കൈകൾ നീട്ടുക. കാരണം വാക്കുകൾക്കിടയിലാണ് ലഘുനിർമ്മിതിയുടെ അർത്ഥപീഠത്തെ സ്ഥാനപ്പെടുത്തിവെച്ചിരിക്കുന്നത്. ലഘു ആഖ്യാനത്തിനുള്ളിലും ഒരു അഭ്രാവിഷ്കരണം സംഭവിക്കുന്നുണ്ട്. അതിന്റെ കാഴ്ച സാധ്യമാകണമെങ്കിൽ ദാർശനികമായ മൗനം ആവശ്യമാണ്. ഈ ധാരണയെ വിതുമ്പി നിൽക്കാൻ അനുവദിക്കാതിരിക്കുകയെന്നത് വായനക്കാരന്റെയും ലഘു ആഖ്യാതാവിന്റെയും സംയുക്തദൗത്യമാണ്. മൈക്രോരചനയുടെ ഗുണപരമായ വ്യത്യാസങ്ങളിലൂടെ കടന്നുപോകണമെങ്കിൽ ലോക-മലയാള ലഘു കഥകളിലൂടെ കടന്നുപോകേണ്ടത് അനിവാര്യമാണ്. മൈക്രോരചനകൾക്ക് കരുണാർദ്രമായ ഒരു നാദമുണ്ട്. അതു വായനക്കാരനെ വായനയ്ക്കിടയിലെ നിശ്ശബ്ദതയുടെ ഉപയോഗം എന്നതിനേക്കാൾ വായനാനന്തരനിമിഷങ്ങളിലെ മൗനത്തിലേക്കാണ് നയിക്കുന്നത്. ഭാഷയുടെ വിദഗ്ദ്ധമായ ഉപയോഗമാണ് മൈക്രോരചനകളിൽ നാം കാണുന്നത്. ഒരു ലഘു ആഖ്യാനകലയും ഫിലോസഫിക്കൽ ഫാന്റസിയല്ല (philosophical fantasy). കഥയിലെ സംഭാഷണങ്ങളുടെ കുറവും വിടവും നികത്താൻ കുറേയധികം ദൃശ്യക്രമങ്ങളെ ചില ചിഹ്നങ്ങൾ കൊണ്ടൊക്കെ ചിലർ രേഖപ്പെടുത്താറുണ്ട്. എഴുത്തുകാരന്റെ മൗനത്തിന്റെ ആഴങ്ങളിൽ ചെന്നുപെടുന്ന കലാഭാവന ലഘു ആഖ്യാനങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നറിയണമെങ്കിൽ ലോക-മലയാള ലഘു ആഖ്യാനങ്ങളിലൂടെ സഞ്ചരിച്ചേ മതിയാകൂ.

ലോകകഥയിലെ ലഘു ആഖ്യാനങ്ങൾ

ലോകകഥയുടെ സൗന്ദര്യലക്ഷ്യങ്ങൾ എപ്പോഴും വ്യത്യസ്തങ്ങളാണ്. അതെപ്പോഴും ദാർശനിക നിശ്ശബ്ദതയുടെ നീരവഭംഗിയെ വഹിച്ചുകൊണ്ട് വായനക്കാരിലൂടെ സഞ്ചരിക്കുന്നു. അതു കൃത്രിമത്വമില്ലാത്ത പരീക്ഷണമാണ്. ഇതു കുറുകിയ ഭാഷയിലൂടെ തെന്നി നീങ്ങുന്ന ചില ഇഫക്റ്റുകളെ സൃഷ്ടിക്കും. ഏകാഗ്രതയോടെ നിശ്ശബ്ദതയെ ഉൾക്കൊള്ളാൻ മൈക്രോ രചനകൾ കാണിക്കുന്ന ഒരു മിടുക്കുണ്ട്. ആ മിടുക്കിനെ നാം എന്തു പറഞ്ഞു വിശേഷിപ്പിക്കും. മനുഷ്യനിൽ അമ്പരപ്പ് നിറയ്ക്കാനും, അതു പകർത്തുവാനായി വിനിയോഗിക്കുന്ന സവിശേഷമായ മൈക്രോ ക്യാമറ സങ്കേതമായാണ് ലഘു നിർമ്മിതിയെ ആൻഡ്രയ ഗിബ്സൺ നിരീക്ഷിക്കുന്നത്. ലോകമൈക്രോരചനകൾ ഒരിക്കലും ആവിഷ്കാര പ്രതിസന്ധിയെ നേരിടുന്നില്ല. എഴുത്തുകാരന്റെ സർഗ്ഗവേദന പുതിയ പ്രകാശന ശൈലികൾ തേടിപ്പോകുന്നതും വിദേശസാഹിത്യത്തിലാണ്. അപ്പോഴും സമ്പൂർണ്ണമായ വിഷദാത്മകത്വത്തെ അതിജീവിക്കാൻ അവയ്ക്കാവുന്നു. അതു ചെറിയ ചെറിയ ദർശനങ്ങൾകൊണ്ട് ഭാവനയുടെ ആകാശമൊരുക്കുന്നു. ഇ.എം. ഷിയൊറാൻ ഒരു കഥാകാരനാണോ ഫിലോസഫറാണോ എന്ന തർക്കം ഇപ്പോഴും തുടരുകയാണ്. ഫിക്ഷൻ എന്ന സർഗ്ഗാത്മക കലയിൽ നിന്നും എത്രയോ ദൂരത്താണ് ഷിയൊറാന്റെ വാക്യങ്ങളും വാക്കുകളും. സർഗ്ഗജീവിതത്തിന്റെ എല്ലാ മുഹൂർത്തങ്ങളെയും ദർശനസമുദ്രമാക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. ഷിയൊറാനെ ഭരിക്കുന്നത് ആഴത്തിൽ മഥിച്ച ദർശനാനുഭൂതികളാണ്. ഷിയൊറാന്റെ മൈക്രോകഥകളെ നമുക്ക് തത്ത്വോപദേശങ്ങൾ എന്ന് വിളിക്കാം. ഷിയൊറാന്റെ കൃതിയുടെ ശീർഷകങ്ങൾ പോലും നീത്ഷേയുടെ തത്ത്വചിന്തയുടെ എക്സ്റ്റൻഷനുകൾ (extensions) പോലെ നമുക്കനുഭവപ്പെടും. റുമേനിയൻ സാഹിത്യത്തിന് തത്വചിന്തയുടെ ആവരണം സമ്മാനിച്ച എഴുത്തുകാരനാണ് ഷിയോറാൻ എന്നാണ് ഇന്നും കരുതപ്പെടുന്നത്. ചരിത്രത്തിന്റെ പിൻബലമുള്ള തത്വചിന്തയെന്നും വിശേഷിപ്പിക്കപ്പെടുന്നു.

ഫിക്ഷൻ തത്വചിന്ത എന്ന തനിമയുടെ അടയാളമായി ഷിയൊറാനിൽ പ്രവർത്തിക്കുന്നു. ഫിക്ഷൻ എന്ന കലയ്ക്ക് കൽപിച്ചുവച്ചിരിക്കുന്ന ക്രമത്തിന്റെ സംതൃപ്തിയെ നിഷേധത്തിന്റെ നീണ്ടുനിൽക്കുന്ന സമ്പൂർണ്ണ അകൽച്ചയായി പരിണമിപ്പിക്കുന്നത് ഷിയൊറാന്റെ വിനോദമാണ്. ഈ വിനോദം സാഹിത്യത്തിന്റെയും തത്വചിന്തയുടെയും ലഘു ആഖ്യാന കലയുടെയും തിണ്ണബലമായി മാറുന്നതിനെയും ചരിത്രാഖ്യായികയുടെ ഉയർന്ന പ്രകാശനരീതിയായി മാറുന്നതിനെയും നമുക്ക് വിസ്മരിക്കാനാവില്ല. മലയാളത്തിൽ ഒരു പക്ഷേ ചരിത്രബലത്തോടെ ശീർഷകങ്ങൾ ഒരുക്കുന്നത് ആനന്ദ് മാത്രമായിരിക്കും. ഷിയൊറാന്റെ ലഘു ആഖ്യാനങ്ങളുടെ കാലധീരത മനസ്സിലാക്കണമെങ്കിൽ അദ്ദേഹത്തിന്റെ പുസ്തകശീർഷകങ്ങളെക്കൂടി ഓർക്കുക പ്രധാനമാണ് "A short htsiory of Decay", "The trouble with being born", "The temptation to exit", "History and Utopia", "Tears and saints" തുടങ്ങി എത്രയോ ശീർഷകങ്ങളാണ് ചരിത്രത്തെയും ദർശനത്തെയും ഫിക്ഷനെയും ഒരുപോലെ സൽക്കരിക്കുന്നത്. നന്നേ ചെറിയ വാക്കുകളുടെ മീറ്ററുകളിൽ ഷിയൊറാൻ ഒതുക്കിപ്പറഞ്ഞുവയ്ക്കുന്ന ചില ഒറ്റവരിക്കഥകൾ അക്ഷരാർത്ഥത്തിൽ മുഴുത്ത തത്വചിന്തകളാണ്. ചിലതെങ്കിലും ഉദ്ധരിച്ചാൽ അതിനുള്ളിലെ മിസ്റ്റിസിസത്തിന്റെ രാസപ്രക്രിയകളെ നമുക്ക് ബോദ്ധ്യമാകും.-

ബി. മുരളി

വി.എച്ച്. നിഷാദ്

1. ഒന്നും പൂർണ്ണമായി പഠിക്കാതിരുന്നാൽ മാത്രമേ നമുക്ക് ആരെയും കുറ്റപ്പെടുത്താൻ സാധിക്കൂ.

2. നവീകരണം എന്നത് ഓരോ ജനറേഷനും അവരുടെ പൂർവ്വികരോട് കാട്ടുന്ന അനീതിയാണ്.

3. പടിഞ്ഞാറൻദേശം അഥവാ പാശ്ചാത്യദേശം ഒരു മധുരഗന്ധമുള്ള ദൂഷിതാവസ്ഥയും സുഗന്ധം പൂശിയ ശവശരീരവുമാണ്.

4. വഞ്ചിക്കപ്പെടുമോയെന്ന ഭയം നേരന്വേഷണത്തിന്റെ ഏറ്റവും പ്രാകൃതവും അപരിഷ്‌കൃതവുമായ വഴിയാണ്.

5. വിപ്ലവങ്ങൾ മോശം സാഹിത്യത്തിന്റെ ഉദാത്തസന്തതികളാണ്.

വരികൾക്കിടയിൽ നിശ്ശബ്ദതയെ കൊണ്ടാടുന്ന ഇത്തരം മൈക്രോഫിക്ഷനുകളെ (micro fictions) ദർശനമൂല്യങ്ങളായും ചരിത്രനിർമ്മിതികളായുമൊക്കെയാണ് നിരൂപകർ ചൂണ്ടിക്കാട്ടുന്നത്. നിശ്ശബ്ദതയുടെ ഭീഷണമായ ഈ ഭാവതലങ്ങളെ സർഗാത്മക ക്രിയയുടെ പക്വതയായി മനസ്സിലാക്കുക എന്നതാണ് പ്രധാനം. ഭാഷയ്ക്കുള്ളിലെ ദുരന്തപരിഹാര നന്മയായി മൈക്രോ ആഖ്യാനത്തെ സ്ഥാനപ്പെടുത്തുന്ന ഷിയൊറാന്റെ ഈ മാജിക്കും പരമാധികാര സ്വഭാവമുള്ള ഫിക്ഷാനന്തര തത്വചിന്തയാണ് (Post fictional philosophy).

ഇതുപോലെ ലോകകഥയിൽ മൈക്രോ ഇടപെടലുകൾകൊണ്ട് വിസ്മയങ്ങൾ തീർത്ത ഒരുപാട് കഥാകാരന്മാരുണ്ട്. ഭാഷ ബൃഹദാഖ്യാനങ്ങളിലേക്ക് ചായുമ്പോൾ അത് ഭാഷയുടെ മിടുക്ക് എന്നതിനേക്കാൾ കാടത്തമായി പരിണമിക്കുമെന്നുള്ള ഒരു ആശങ്ക സിസേക്ക് പങ്കുവയ്ക്കുന്നുണ്ട്. ഭാവനയുടെ നഗ്നമായ രൂപങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സദാ ജാഗ്രത കാട്ടുന്ന ബൃഹദാഖ്യാനങ്ങളേക്കാൾ ലഘു ആഖ്യാനങ്ങൾക്ക് പ്രാധാന്യം കൊടുത്തിട്ടുള്ള എഴുത്തുകാരനാണ് ബെൻ ഓക്രി. A time for new dreams" ലെ ഓരോ രചനകളും ഓന്നോ രണ്ടോ വാക്യങ്ങളിലാണ് ആഖ്യാനപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ കൈവശമുള്ള ആവിഷ്ക്കരണരീതികളൊക്കെയും തങ്ങളുടെ പ്രതിരോധത്തിന്റെ മന:ശാസ്ത്ര ആകൃതിയാണെന്ന് അങ്ങനെ സ്ഥാപിക്കുകയായിരുന്നു.

ദാനിൽ ഖാംസിന്റെ "Kuzhako the Carpentar" എന്ന കഥ ഒരു മൈക്രോ രചനയാണ്. ഒരു മരപ്പണിക്കാരന്റെ താടിയ്ക്കേൽക്കുന്ന മുറിവിന്റെ തീവ്രതയെയും ആ മുറിവ് മൊത്തത്തിൽ അയാളുടെ ജോലിയെ ഭീതിപ്പെടുത്തുന്നതുമായ മന:ശാസ്ത്രരീതിയാണ് ദാനിൽ തന്റെ മൈക്രോ കഥയിൽ പ്രവർത്തിപ്പിച്ചിരിക്കുന്നത്. "Today I wrote nothing" എന്ന കഥാപുസ്തകം ചർച്ചചെയ്യപ്പെട്ടത് "KuzhaKo the carpenter" ഒറ്റക്കഥയുടെ പിൻബലം കൊണ്ടാണ്.

കസൻദ് സാക്കിസിന്റെ "The father and the son" എന്ന മൈക്രോകഥ കച്ചവടക്കാരനായ അപ്പനെയും അയാളുടെ പത്തു വയസ്സുകാരനായ മകനെയും കുറിച്ചുള്ള ഒരു ഭാവനാസൃഷ്ടിയാണ്. സാക്കിസ് ഈ കഥയിലൂടെ ഒരേ ഒരു കാര്യം മാത്രമാണ് പറഞ്ഞുവയ്ക്കാൻ ശ്രമിക്കുന്നത്. - ''എല്ലാ കച്ചവടക്കാരും ലാഭക്കൊതിയന്മാരാണ്'' എന്നതാണ് ആ ദർശനം. ഈ കഥയിലെ പത്തുവയസ്സുകാരനായ മകൻ പിതാവിന്റെ അമിതമായ ലാഭക്കൊതിയെ എതിർക്കുന്നതാണ് നാം കഥയിൽ വായിക്കുന്നത്.

ബോസ്നിയൻ കവിയും നോവലിസ്റ്റുമായ ഗൊറാൻ സിമികിന്റെ ''മെഡലുകൾ'' എന്ന മൈക്രോകഥയിലെ സൈനികൻ യുദ്ധരംഗത്തുനിന്നും മടങ്ങിവന്നതിനുശേഷം മാളികപ്പുരയിൽ തനിച്ച് കതകടച്ചിരിക്കുകയാണ്. പതിനഞ്ചു ദിവസത്തേക്ക് അദ്ദേഹം പുറത്തേക്ക് വരില്ല. യുദ്ധഭൂമിയിൽ നിന്നും മടങ്ങിയെത്തുന്ന ഒരാൾ ഏറ്റവും അധികം ആഗ്രഹിക്കുന്നത് ഏറ്റവും ശാന്തമായ, വെടിയൊച്ചകളും മനുഷ്യക്കരച്ചിലുകളുമില്ലാത്ത ഒരിടമായിരിക്കണമെന്നൊക്കെ പറയാതെ പറയുന്ന ഈ കഥ ബോസ്നിയൻ സാഹിത്യ ചരിത്രത്തിലെ അസാമാന്യമായ രചനകളിലൊന്നാണെന്ന് ഒരുപാട് നിരൂപകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

നോവലും നാടകവും തിരക്കഥയും കവിതയും ഒക്കെ ഒരുപോലെ കൈകാര്യം ചെയ്യുന്ന ക്യൂബൻ എഴത്തുകാരനാണ് അബിലിയോ എസ്താവസ്. അബിലിയോയുടെ ''നദിക്കഭിമുഖമായി'' എന്ന കഥ അവസാനിക്കുന്നത് ''നദി'' എന്ന യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഒരു അഫോറിസത്തോടു (Aphorism)കൂടിയാണ്- ''ഓരോ നിമിഷവും അത് അതല്ലാതായിത്തീരുകയും ചെയ്യുന്നു.'' സദാ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദി മറ്റെന്തൊക്കെയോ ആയി മാറിക്കൊണ്ടിരിക്കുമെന്ന് അബിലിയോ വാദിക്കുന്നു. ഇതുപോലെ മൈക്രോ രചനകൾകൊണ്ട് അത്ഭുതപ്പെടുത്തുന്ന സങ്കേതങ്ങൾ ഒരുക്കാനാണ് വിദേശസാഹിത്യത്തിലെ എഴുത്തുകാർ ശ്രമിക്കുന്നത്. ഇതിന്റെ ചില തുടർച്ചകൾ മലയാളത്തിലുമുണ്ട്.

നാനോ ഫിക്ഷനും മലയാള ഭാഷയും

മലയാളകഥ ചില ചുരുങ്ങിയ അനുകരണങ്ങൾ നടത്താറുണ്ടെങ്കിലും കൃത്രിമ ശൈലികളെ കൂട്ടുപിടിക്കാൻ വിസമ്മതിക്കുന്ന ഏക മേഖലയാണ് മൈക്രോ ആഖ്യാനസങ്കേതം. ബൃഹദാഖ്യാനങ്ങളുടെ ഭാഷ തോറ്റു പിൻമടങ്ങുന്നതാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. മൈക്രോരചനകൾക്കിടയിലുള്ള ശൂന്യസ്ഥലങ്ങളിൽ നമ്മുടെ ചില മാനസികഭാവങ്ങളുടെ അർത്ഥങ്ങൾ കുലച്ചുനിൽക്കുന്നുണ്ടാവും. വായനക്കാരെ മുഴുവൻ കീഴ്‌പ്പെടുത്തുന്ന മലയാളത്തിലെ കൂട്ടായ മൈക്രോ ഭ്രാന്തിന്റെ പൊരുൾ നാം അനുഭവിച്ചറിയണമെങ്കിൽ സുഭാഷ് ചന്ദ്രന്റെ ഒരു അവതാരിക സൂചിപ്പിക്കേണ്ടിയിരിക്കുന്നു. വി.എച്ച്. നിഷാദിന്റെ ''മിസ്ഡ് കോൾ''എന്ന മൈക്രോ കഥാപുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് സുഭാഷ് ചന്ദ്രനാണ്. ആ അവതാരികയുടെ ശീർഷകം ''മിന്നൽക്കഥകൾ'' എന്നാണ്. അത് തുടങ്ങുന്നത് ഒരു മൈക്രോക്കഥയോടുകൂടിയാണ്.

'എന്താണ് ജീവിതം?'

'ഓ, അത് മരണത്തിനുമുമ്പുള്ള ഒരു വെപ്രാളമല്ലേ?'

പി.കെ. പാറക്കടവ്

പുനത്തില് കുഞ്ഞബ്ദുള്ള

ചോദ്യോത്തരരൂപത്തിലുള്ള ഈ രണ്ടു വരികൾ ഭൂമിയിലെ ക്ഷണികമായ ജീവിതത്തിന്റെ വിശദീകരണമാണ്. ഏണസ്റ്റ് ഹെമിങ്‌വേയുടെ ആറുവാക്കുകളിലുള്ള ഒരു ഒറ്റവരിക്കഥയും ഉദ്ധരിച്ചിട്ടുണ്ട്- "for sale: ba shoes, nev-er worn!" അതിനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ അത് നാല് വാക്കുകളായി ലോപിച്ചുവരുന്നു. ''വിൽപനയ്ക്ക് :ഒരിക്കലും ധരിച്ചിട്ടില്ലാത്ത കുട്ടിപ്പാദുകങ്ങൾ.'' നാം ജീവിക്കുന്ന കാലത്തെയും അതിന്റെ അർത്ഥത്തെയും ബൃഹദാഖ്യാനങ്ങൾ തിരിച്ചൊടിക്കുമ്പോൾ ചെറിയ വാക്കുകളുടെ തിരതള്ളൽ കൊണ്ട് വലിയ അർത്ഥക്യാൻവാസുകൾ തീർക്കാൻ മൈക്രോരചനകൾക്കാവുന്നു. ചുരുങ്ങിയ വാക്കുകളിൽ അർത്ഥങ്ങളുടെ അദൃശ്യതരംഗങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നും അവ ജീവിതത്തെ തിരുത്തുന്ന വാർത്താവിസ്‌ഫോടനങ്ങളായി നമ്മുടെ കാതുകളിൽ വന്നലയ്ക്കുമെന്നും സുഭാഷ് ചന്ദ്രന്റെ അവതാരിക വായിക്കുമ്പോൾ നമുക്ക് ബോദ്ധ്യമാകും. ഭാഷയുടെ സർഗാത്മകസാദ്ധ്യതകളെ ഇനിയും വിനിയോഗിച്ചുതീർന്നിട്ടില്ലെന്നു സാക്ഷ്യപ്പെടുത്തുന്ന ചില മൈക്രോ രചനകളിലൂടെ സഞ്ചരിച്ചാൽ മലയാളഭാഷയിലെ നാനോ ഫിക്ഷൻ സാധ്യതകളെ നമുക്ക് ബോദ്ധ്യമാകും. ഭാഷയ്ക്കുള്ളിലെ ഈ നിശ്ശബ്ദതയുടെ സാമൂഹ്യശാസ്ത്രത്തെ മനസ്സിലാക്കണമെങ്കിൽ ഇലക്‌ട്രോണിക് വിപ്ലവത്തിന് 'മുമ്പും' 'പിമ്പും' എന്ന് രണ്ടായി മൈക്രോക്കഥാകാലത്തെ തരം തിരിക്കേണ്ടതുണ്ട്.

നാനോചരിത്ര കഥകള്

ഒ.വി വിജയൻ കുറച്ചധികം നാനോ ചരിത്ര കഥകൾ എഴുതിയിട്ടുണ്ട്. മർദ്ദിതവർഗ്ഗം അവരുടെ ശക്തികൾ സമാഹരിക്കേണ്ടതിന്റെ ആവശ്യകതയെ ഉന്നയിക്കാൻ അമിതമായി വിളഞ്ഞുകിടക്കുന്ന ഭാഷയുടെ ബൃഹത് സങ്കേതത്തെയല്ല ഒ.വി. വിജയൻ വിനിയോഗിക്കുന്നത്. സാഹിത്യത്തിലെ ധനികനാണ് ഒ.വി വിജയൻ. ഭാഷയുടെ മുറുക്കവും തുറന്നുപറയാനുള്ള ധൈര്യവും രാഷ്ട്രീയ ബോധവും ഒക്കെ ഒ.വി വിജയൻ എന്ന എഴുത്തുകാരന്റെ നാവിനെയും പേനയെയും ചില നേരങ്ങളിൽ ചെറിയ തോതിലേ അനങ്ങാൻ അനുവദിച്ചിട്ടുള്ളു. അത്തരം ഒരു സാഹചര്യത്തിൽ പിറവികൊണ്ട ഒരു ചരിത്രകഥയുണ്ട്:-

''ബുഖാറിന്റെ വിധവ ഗോർബച്ചേവിനെ സമീപിച്ചിരിക്കുന്നു''

''എന്തിന്?''

'വധശിക്ഷയ്ക്ക് ഇരയായ തന്റെ ഭർത്താവ് കുറ്റക്കാരനല്ലെന്ന് വിധിയെഴുതിച്ചുകിട്ടാൻ കുറ്റത്തിന്റെ കറ നീക്കി അയാളെ വീണ്ടും കുടിയിരുത്താൻ.'

'മാർക്‌സിസത്തിൽ മരണാനന്തരജീവിതമില്ലെന്നു പറയുന്നത് അപ്പോൾ നുണയല്ലേ?'

'അതിനെന്തുസംശയം?'

'നല്ല നാളെ എന്ന മുദ്രാവാക്യം എത്ര പ്രസക്തം!'

-ഒരു ചരിത്രകഥ/ ഒ.വി വിജയൻ

ഒ.വി വിജയനിൽ ഒരു രാഷ്ട്രീയ പ്രതിരോധകനുണ്ട്. അതുകൊണ്ടാണ് കുടഞ്ഞുകളയാനാകാത്ത ഒരു പൊളിറ്റിക്കൽ സറ്റയർ (Political Satire)കൊണ്ട് അയാൾ എല്ലാ തത്വസംഹിതകളെയും എതിർക്കുന്നത്. ഈ എതിർപ്പ് മുകളിൽ ഉദ്ധരിച്ച മൈക്രോക്കഥയിലുമുണ്ട്. ''മരണാനന്തരജീവിതം'', നല്ല ''നാളെ'' എന്നീ വാക്കുകൾകൊണ്ട് വിജയൻ ഒരുക്കുന്ന പരുക്കൻരോഷങ്ങൾ മൈക്രോക്കഥ എന്ന ജനുസ്സിനുള്ള പിൻബലമാണ്.

വി.കെ. എന്നിന്റെ മൈക്രോരചനകള്

ഏറ്റവും നല്ല ഫലിതങ്ങൾകൊണ്ട് മലയാളകഥയെ സമൃദ്ധമാക്കുകയും വായനക്കാരെ നാണിപ്പിക്കുകയും ചെയ്ത കഥാകാരമാണ് വി.കെ.എൻ. വി.കെ.എന്നിന്റെ ''മംഗലാപുരം പൂതം'' എന്ന കഥാപുസ്തകത്തിലെ ഏറ്റവും ചെറിയ കഥയാണ് ''കോണാനുടുക്കാത്തവർ''. ഇത് മലബാർ ഭാഷയിലെ ഭാഷാപ്രയോഗങ്ങളെ കളിയാക്കിക്കൊണ്ടുള്ള ഒരു കഥയാണ്. നിഗൂഢഭംഗി കലർന്ന ചില പദപ്രയോഗങ്ങൾ ചിലർ സംസാരഭാഷയിൽ വിനിയോഗിക്കുന്നതിനെ പരിഹാസപൂർവ്വം വി.കെ.എൻ അവതരിപ്പിക്കുകയാണിവിടെ. ഭാഷയെക്കുറിച്ചുള്ള ഉരുകിത്തീരാത്ത ദു:ഖങ്ങൾ ഊഷ്മാവ് പകരുമ്പോൾ വി.കെ.എന്നിലെ സരസകഥാകാരൻ ഈവിധം പ്രതിരോധിക്കുകയാണ്.

''മലപ്പുറത്തെ മൂന്നും കൂടിയ വഴിയിൽ മഞ്ചേരിക്ക് ബസ്സ് കാത്തു നിൽക്കുമ്പോൾ നാണ്വാര് മമ്മതിനോട് ചോദിച്ചു:

ച്ചാൽ, മമ്മതേ....

എന്ത്യേ നായരൂട്ട്യേ?

മമ്മത് കൗപീനം ധരിക്കാറില്ലേ?

ചൊവ്വെ മലയാളത്തീ പറയീന്ന്.

അടിവസ്ത്രം, ഡ്രോയൻ, ജഡ്ഡൻ തുടങ്ങി.....

അതൊക്കെ കുത്തിക്കേറ്റിയാ ഒറ്റമുണ്ടുടുക്കണ പവറ് കിട്ട്വോന്ന്? വെറും തുണീം ബിൽറ്റും കെട്ട്യാ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ട്യേ സുകാ. അറിയോ ങ്ങക്ക്?

ച്ചാൽ....

മമ്മത് പറഞ്ഞു:

എന്നാ ഇങ്ങടെ ബാഷേല് കേട്ടോളീ......

കൗപീനവസന്ത: ഖലു ഭാഗ്യവസന്ത: (കോണാനുടുക്കാത്തവർ ഭാഗ്യവാന്മാർ)

-മംഗലാപുരം പൂതം/വി.കെ.എൻ.

വി.ആര്. സുധീഷ്

പി. സുരേന്ദ്രന്

ഈ കഥയുടെ അവ്യക്തസുന്ദരമായ വർണ്ണരേഖകൾ നീണ്ടു ചെല്ലുന്നത് സംസാരഭാഷയിൽ സംസ്‌കൃത്തിന്റെ അകമ്പടി സേവകൾ ഇപ്പോഴും ചുമക്കുന്ന ആ പ്രവണതയുടെ പ്രചാരകരിലേക്കാണ്. ഇത് ഭാഷയുടെ ബലമല്ലെന്നും, മറിച്ച് ബലഹീനതയാണെന്നും 'കോണനുടുക്കാത്തവർ' എന്ന കഥ സ്ഥാപിക്കുന്നു. ഈ കഥ ഭാഷാ ഉപയോഗത്തെക്കുറിച്ചുള്ള വിളംബര ശബ്ദമായി മാറുന്നതങ്ങനെയാണ്.

ആവിഷ്ക്കാരത്തിന്റെ രചനകള്

കഥയിൽ ഭാഷയുടെ കൈയൊതുക്കം വിടാത്ത സംവിധാനക്രമം നടപ്പിൽ വരുത്താൻ പുനത്തിൽ കുഞ്ഞബ്ദുള്ളയും ശ്രമിച്ചിട്ടുണ്ട്. മൈക്രോകഥയുടെ വ്യത്യസ്തമായ സാഹിത്യ കാലാവസ്ഥയുടെ ചൂടിൽ വച്ച് വിരിയിച്ച ഒരു കഥയാണ് പുനത്തിലിന്റെ ''എന്റെ കരച്ചിൽ''. അറിവും അറിവില്ലായ്മയും ഒരാളെ കരച്ചിലിൽ നിന്നും തിരികെ വിളിക്കുമെന്ന് പുനത്തിൽ വാദിക്കുകയാണീ കഥയിൽ. മനുഷ്യനായതുകൊണ്ടുതന്നെ ഏന്നെങ്കിലും ഒരാൾ ജീവിതത്തിൽ സഫലീകരിക്കാനിരിക്കുന്ന മരണമെന്ന സാന്ദ്രതയുടെ വിതാനത്തെ കുറിക്കാൻ ഇത്രയും ചെറിയ രചനകൊണ്ട് ജീവിതത്തിന്റെ അർത്ഥ-ഫലസാദ്ധ്യതകളെ വിപുലപ്പെടുത്തുകയാണ് പുനത്തിൽ.

സോക്രട്ടീസ് കെ.വാലത്ത്

വി.കെ.എന്.

'എനിക്ക് അച്ഛനും അമ്മയുമില്ല.

എന്റെ അമ്മ മരിച്ച അന്ന് ഞാൻ കരഞ്ഞില്ല. കാരണം, മരണം എന്താണെന്നെനിക്കറിയില്ലായിരുന്നു.

വർഷങ്ങൾ ഏറെ കഴിഞ്ഞു.

എന്റെ അച്ഛനും മരിച്ചു. എന്നിട്ടും ഞാൻ കരഞ്ഞില്ല. കാരണം, മരണം എന്താണെന്ന് അപ്പോഴേക്കും എനിക്കറിയാമായിരുന്നു.

-എന്റെ കരച്ചിൽ / പുനത്തിൽ കുഞ്ഞബ്ദുള്ള (പുനത്തിലിന്റെ മിനിക്കഥകൾ)

ഈ മട്ടിലുള്ള ആത്മാവിഷ്‌ക്കരണങ്ങൾ കാമ്പുറ്റ ഉപാധിയായി ഭാഷയെ ഡ്രിമ്മ് ചെയ്യുന്നതാണ് നാം കാണുന്നത്. ചെറിയ ശിൽപസാമഗ്രികൾ കൊണ്ട് വലിയ അർത്ഥങ്ങളെ സൃഷ്ടിക്കാൻ അപ്പോൾ മൈക്രോരചനകൾ തയ്യാറാവുന്നു.

മൈക്രോ നിർമ്മാണത്തിൽ തികച്ചും വ്യത്യസ്തമായ അനക്കങ്ങളും ഉരുൾപൊട്ടലുകളും സാധ്യമാക്കാനാണ് അക്ബർ കക്കട്ടിൽ ശ്രമിച്ചത്. വിഷയങ്ങളുടെ സ്വഭാവവൈവിദ്ധ്യത്തിനനുസൃതമായി ചലിക്കാൻ പോന്ന പ്രതികരണക്ഷമത കക്കട്ടിലിന്റെ മൈക്രോ കഥകൾക്കുണ്ട്. പുതിയ കാലത്തിലെ 'ഉപദേശങ്ങൾ' പലതരം ഉൾപ്പിരിവുകളുടെ എണ്ണിക്കാണിക്കലും ശിക്ഷപ്പെടലുകളുടെ വിന്ന്യാസക്രമവും മാത്രമാണെന്ന് സ്ഥാപിക്കുന്ന ഒരു ലഘു ആഖ്യാനം കക്കട്ടിൽ നടത്തുന്നുണ്ട്.

''വീഡിയോ ലൈബ്രറിയിൽ നിന്ന് എപ്പോഴും 'അടിപൊളി'പടങ്ങളുടെ കാസറ്റുകൾ മാത്രമെടുത്തു കണ്ടിരുന്ന മകളെ ഞാൻ ഉപദേശിച്ചു. ''മോളെ, ആല ചാര്യാല് ചാണകമേ മണക്കൂ, ചന്ദനം മണക്കണമെങ്കില് ചന്ദനം തന്നെ ചാരണം.'' അപ്പോൾ അവൾ എന്നോട് ചോദിച്ചു: 'ആലയുടെ തൂണ് ചന്ദനം കൊണ്ടാണെങ്കിലോ ഉപ്പാവാ?'

അതിനു ശേഷം ഞാനവളെ ഉപദേശിക്കാറില്ല.

-ഉപദേശം/ അക്ബർ കക്കട്ടിൽ (ചെറിയ കഥകൾ)

ഈ കഥയിലെ വാക്യഘടനയുടെ സൂക്ഷ്മാംശങ്ങൾ പോലും നാം ജീവിക്കുന്ന കാലത്തിന്റെ പുതിയ തലമുറയുടെ ജീവിതക്രമ (രാഹിത്യ)ത്തിന്റെ ശാസ്ത്രീയമായ നിഗമനമാണ്. ഇലക്‌ട്രോണിക് വിപ്ലവകാലത്തിനുമുമ്പുള്ള മൈക്രോകഥകൾ ഈ രീതിയിലാണ് കാലത്തെ അഡ്രസ് ചെയ്യുന്നത്. ഇല്ക്‌ട്രോണിക് വിപ്ലവകാലത്തിലെ മൈക്രോകഥയുടെ വായനയും കാലത്തിന്റെ രൂപസങ്കൽപങ്ങൾ നമുക്ക് പ്രദാനം ചെയ്യുമെന്നതിനാൽ ആ പാർശ്വവീക്ഷണങ്ങളെകൂടി പരിചയപ്പെടുത്താം.

ഇലക്ട്രോണിക് കാലത്തെ മൈക്രോ കഥകള്

ഇലക്‌ട്രോണിക് വിപ്ലവകാലത്തിലെ മൈക്രോക്കഥ ശാസ്ത്രീയമായ കൃത്യതയാണ്. കാരണം അവ കാലപഠനത്തിലേക്ക് തുറന്നിട്ട ഏറ്റവും പുതിയ അന്വേഷണ ചക്രവാളങ്ങളാണ്. അതിനെ സാങ്കേതിക ജടിലത എന്ന് ആക്ഷേപിക്കാൻ വരട്ടെ. ഈ കാലത്തെ സന്ദർഭ പശ്ചാത്തലങ്ങളിൽ നിന്നും വിടർത്തിയെടുത്തു കൊണ്ടുവരുന്ന വാക്കുകളുടെ കലയാണ് ഇലക്‌ട്രോണിക് വിപ്ലവകാലത്തിലെ മൈക്രോക്കഥകൾ. അതുകൊണ്ടാണ് പി. സുരേന്ദ്രൻ നൂറ്റിപ്പതിനൊന്ന് ചെറിയകഥകൾ പുസ്തകരൂപത്തിലാക്കിയപ്പോൾ അതിൽ പുതിയകാലത്തിന്റെ യാന്ത്രികതയെ മുഴപ്പിച്ചു കാണിക്കാൻ ''എ.ടി.എം, ''സ്മാർട്ട് സിറ്റി'' എന്നീ കഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വി.ആർ. സുധീഷിന്റെ ''ചെറിയ ചെറിയ കഥകൾ'' എന്ന പുസ്തകത്തിലെ മിക്കകഥകളും യന്ത്രവൽകൃതകാലത്തിലെ പ്രണയത്തിന്റെ എരിവില്ലായ്മയെക്കുറിച്ചുള്ള സന്ദേഹങ്ങളാണ്. അതിലെ ''കാഴ്ച'' എന്ന കഥ പ്രണയിനിയെ കാണാൻ രണ്ട് കണ്ണുകൾ മാത്രം മതിയാകാതെ വരുന്ന പുതിയകാലത്തിന്റെ സന്ദേഹത്തെയാണ് അവതരിപ്പിക്കുന്നത്.

കാലത്തിന്റെ രൂപസങ്കൽപത്തിലെ പാളിച്ചകളിലേക്ക് വിരൽ ചൂണ്ടാനാണ് ഈ തലമുറയിലെ മൈക്രോകഥാകാരൻ ശ്രമിക്കുന്നത്. ഒറ്റയ്‌ക്കെടുത്തു വിശകലനം ചെയ്യേണ്ട ഒരുപാട് കഥകൾ അത്തരത്തിൽ ഉണ്ടാകുന്നുണ്ട്. ചരിത്രപരമായ പ്രേരണകളോട് ഗാഢമായി ബന്ധപ്പെടുത്തിക്കൊണ്ട് മൈക്രോ ആഖ്യാനരീതിയെ ഗൗരവമായി സമീപിക്കാനാണ് ബെന്യാമിന്റെ ''മനുഷ്യൻ എന്ന സഹജീവിയിലെ'' ഓരോ കഥകളും ശ്രമിക്കുന്നത്.

'ഹിറ്റ്‌ലർ എപ്പോഴും നിന്നു കൊണ്ടേ ആഹാരം കഴിക്കാറുള്ളായിരുന്നുവത്രേ!'

അത് മൂലക്കുരുവിന്റെ അസുഖമുണ്ടായിരുന്നതുകൊണ്ടാണെന്ന് എനിക്ക് പറഞ്ഞുതന്നത് അവളാണ്.

മൂലക്കുരു പാരമ്പര്യമായി ഉണ്ടാകുന്ന അസുഖമാണെന്ന് എനിക്ക് പറഞ്ഞുതന്നത് ഡോക്ടറാണ്.!

ഹിറ്റ്‌ലറിൽ നിന്നായിരിക്കുമോ എനിക്ക് കിട്ടിയത്.?

ഹിറ്റ്‌ലറിനോ....? ആദമിനും മൂലക്കുരുവിന്റെ അസുഖം ഉണ്ടായിരുന്നിരിക്കണം.....!!

-മൂലക്കുരു / ബെന്യാമിൻ (മനുഷ്യൻ എന്ന സഹജീവി)

'മൂലക്കുരു' എന്നതൊരു പ്രതീകമാണിവിടെ. അമിതാദരവുകൊണ്ട് അധികാര കസേരയ്ക്കു മുമ്പിൽ സദാ ഓച്ചാനിച്ചു നിൽക്കുന്ന ഏതൊരാളും മൂലക്കുരു ബാധിച്ചവരാണെന്ന ധ്വനി ഇതിലെ ഓരോ വാക്കുകൾക്ക് പിന്നിലും ഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.

ബി. മുരളി ''നാഗമ്പടം എഴുത്തുകൾ'' എന്ന ശീർഷകത്തിൽ കുറേയധികം മൈക്രോക്കഥകൾ എഴുതിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥ ഭാഷയുമായി ബന്ധപ്പെട്ട ഗുണവിശേഷങ്ങളെക്കുറിച്ചുള്ളതാണ്. ഭാഷ നിർമ്മിക്കാനെടുക്കുന്ന ആഖ്യാനമാർഗവും ഉച്ചരിക്കാനെടുക്കുന്ന ആഖ്യാനമാർഗവും തെറ്റിപ്പിരിയുന്നതിന്റെ ചരിത്രസാക്ഷ്യമാണ് ''ഇന്നു ഭാഷയിതപൂർണ്ണമിങ്ങഹോ'' എന്ന കഥ.

''നാഗമ്പടം എന്നതിനു പകരം നഗമ്പടം എന്നാണ് എന്റെ ഒരു സുഹൃത്ത് പറയുന്നത്. എഴുതിയിരിക്കുന്നത് ഒരുപോലെയാണെങ്കിലും പറഞ്ഞിരിക്കുന്നത് രണ്ടായിട്ടാണ്. ആദ്യത്തെ നാഗമ്പടത്തിന് നായയുടെ നാ, രണ്ടാമത്തേതിനു പനയുടെ ന. എഴുത്തുഭാഷയിലെ ചിഹ്നങ്ങൾ വികസിപ്പിക്കേണ്ടതിന്റെ പ്രസക്തിയെപ്പറ്റി നാഗമ്പടത്തുതന്നെ ഒരു ചർച്ച സംഘടിപ്പിക്കുന്നുണ്ട്. വരുന്ന ഞായറാഴ്ച വൈകിട്ട് അഞ്ചു മണി കൃത്യം.'

-നാഗമ്പടം എഴുത്തുകൾ- ഇതു ഭാഷയിത പൂർണ്ണമിങ്ങഹോ! ബി. മുരളി (ഗുണ്ടുകാട്)

ഭാഷ പല തട്ടുകളിൽ ഭിന്നിച്ചുകിടക്കുയാണെന്ന് ഇതിൽ ഭംഗിയായി ഒരു കഥാകാരൻ എങ്ങനെ പറഞ്ഞുവെയ്ക്കും.

ആര്ജ്ജവമുള്ള രചനകള്

വിധിവിശ്വാസത്തിന്റെ കനം തൂങ്ങുന്ന പശ്ചാത്തലത്തിനെതിരെ കലഹം സൃഷ്ടിക്കുന്ന മൈക്രോകഥാകാരനാണ് സോക്രട്ടീസ്. കെ. വാലത്ത്. കഥയെ സാമൂഹ്യാഖ്യായികയിൽ ഭദ്രമായി ചേർത്തിണക്കാനും അനീതിയുടെ ആഴങ്ങളെ ചൂണ്ടിക്കാണിക്കാനുമാണ് മിക്ക മൈക്രോരചനകളിലും സോക്രട്ടീസ് ശ്രമിക്കുന്നത്. സോക്രട്ടീസിന്റെ ''എ.ഡി.2025'' എന്ന കഥാപുസ്തകത്തിലെ ''താതവിലാപം'' എന്ന കഥ നീറിപ്പിടിച്ചുനിൽക്കുന്ന പുതിയകാല ദാരിദ്ര്യത്തിലേക്ക് കുതിയിട്ടുരുന്നു. ദാരിദ്ര്യത്തിന്റെ ഉൾത്തുടിപ്പുകൾ പിടിച്ചെടുക്കാൻ ഈ കഥ ധാരാളം മതിയാകും.

'ഒരു വൃക്ക കൊണ്ട് ഒരു മകളെ പടിയിറക്കി.

അടുത്തതുകൊണ്ട് രണ്ടാമത്തവളേയും ഇറക്കാം.

അപ്പോഴും ഇളയവൾ ബാക്കി.

ദൈവമേ, വൃക്കയുടെ വില ശവത്തിനും കിട്ടിയിരുന്നെങ്കിൽ.'

-താതവിലാപം / സോക്രട്ടീസ് കെ.വാലത്ത് (ഏ.ഡി.2025)

ഇവിടെ കഥയുടെ ശബ്ദം വേദനകൊണ്ട് പതറുകയാണ്. ഈ ശബ്ദത്തിന് ലഹള പിടിച്ച നിസ്സഹായതയുണ്ട്. ഒരു മനുഷ്യന്റെ നിസ്സഹായ അവസ്ഥയെ ആഖ്യാനപ്പെടുത്താൻ ഇത്രയും വാക്കുകൾ മതി.

''എച്ചിൽത്തൊട്ടിയിൽനിന്ന് ഭക്ഷണം കഴിച്ച് വിശപ്പടക്കിയതിനുശേഷം അയാൾ മൊബൈൽ ഫോണെടുത്ത് ആരെയോ വിളിച്ചു.

എന്നിട്ട് ഹൃദയത്തോടടുത്തു നിൽക്കുന്ന ഷർട്ടിന്റെ പോക്കറ്റിൽ തിരുകുന്നതിനുപകരം അയാൾ മൊബൈൽ ഫോൺ വാരിയെല്ലുകൾക്കിടയിൽ തിരുകിവെച്ചു.

-പുരോഗതി / പി.കെ. പാറക്കടവ് (പൂക്കുന്നതിന്റെ രഹസ്യങ്ങൾ)

ചെറിയ ചെറിയ വാക്യങ്ങളെ സ്‌നേഹിക്കുന്ന എഴുത്തുകാരനാണ് പി.കെ പാറക്കടവ്. താർക്കികമായ അനിവാര്യതയോടെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്ന പി.കെ യുടെ മൈക്രോക്കഥകൾ ഉൾക്കയങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങളാണ്. ഇതുപോലെ ഒറ്റപ്പെട്ട മൈക്രോകഥകൾ കൊണ്ട് മലയാളകഥയുടെ ശരീരത്തെ ഉടച്ചുവാർക്കുന്ന ഒരുപാട് കഥാകാരന്മാർ നമുക്കുണ്ട്.

കാലികസംഭവങ്ങളുണർത്തുന്ന പ്രത്യക്ഷ ക്ഷോഭങ്ങളെ ഏറ്റവും ഗൗരവമായിട്ടാണ് മൈക്രോ രചനകളിലൂടെ ലോക-മലയാള എഴുത്തുകാർ ആഖ്യാനപ്പെടുത്തുന്നത്. ഇത്തരം കഥകൾ മെനയുന്ന പേനകൾ അരിവാൾ പുളപ്പുകൾ പോലെ അനുഭവപ്പെടും. ഇതിനെ നമുക്ക് അർത്ഥം മുറ്റിയ സാഹസികതയെന്ന് വിശേഷിപ്പിക്കാം. വരാനിരിക്കുന്ന കാലം ബൃഹദാഖ്യാനങ്ങളുടേതല്ല, മറിച്ച് മൈക്രോ/നാനോ രചനകളുടേതാണ്. കാരണം പാരായണം സമയത്തിന്റെ അപഹരിക്കൽ ആവശ്യപ്പെടുന്നു. എല്ലാ അപഹരണങ്ങളേയുംകാൾ സമയത്തെ വേഗപ്പെടുത്തുന്ന മനുഷ്യൻ മൈക്രോ രചനകളെ ചേർത്തു പിടിക്കും, തീർച്ച!കൂടുതൽ