കേദാർ ഗൗള

കെ ആർ അജയൻ


കേദാര്നാഥിലെ അവിസ്മരണീയ അനുഭവം

പ്രളയം തകര്ത്ത ഉത്തരാഖണ്ഡിലെ കേദാര്നാഥില് നിന്നുള്ള കാഴ്ചകള്

 വിികസിത പങ്കജ് വദനുലു വിവിധ ഗഡുള നാടക....... ടി എം കൃഷ്ണയുടെ ഭ്രമിപ്പിക്കുന്ന ശബ്ദം. ത്യാഗരാജസ്വാമിയുടെ വേണുഗാന ലോലുണിയുടെ ചരണമാണ്. വേണു ഗാനത്തിൽ അലിയുന്ന നിന്നെ കാണാൻ ആയിരം കണ്ണുകൾ വേണം, വിലാസവതികൾ തരളിതകൾ ഒളികണ്ണാൽ ഉഴിഞ്ഞ്, നിനക്കു ചുറ്റും നൃത്തമാടുന്നു.... വേണുഗാന ലോലുണീ ഗാനവെയ് കാണലും ഗാവലെനെ.....

കൃഷ്ണ സ്തുതിയാണ്. താളം രൂപകം. രാഗം കേദാരഗൗള. ഹരികാംബോജി ജന്യമായ ഉപാംഗ രാഗം.

സന്ധ്യ പോലുമായിട്ടില്ല. പക്ഷേ ഇരുട്ടെത്തുന്നു. അതിനേക്കാൾ ഭയപ്പെടുത്തുന്നത് ഇനി ഒരിഞ്ചുപോലും നടക്കാനാകില്ലെന്ന ഓർമ്മപ്പെടുത്തലാണ്. നീരുവീർത്ത കാലുകൾ തൊട്ടടുത്ത പടിക്കെട്ടിലേക്ക് ഉയർത്തിവച്ച് ഇത്തിരി നേരമിരുന്നു. മൊബൈൽ ഫോണിലെ ബാറ്ററിചാർജ് അവസാന കട്ടയിലാണ്. കുന്നുകയറി വരുമ്പോൾ ആശ്വാസമായത് ഇയർഫോണിലൂടെ മൊബൈലിൽ നിന്ന് ഒഴുകിയെത്തിയ നേര്ത്ത കച്ചേരികളാണ്. യാത്രക്കിടയിൽ പ്രത്യേകിച്ചും കാൽനടയാത്രയിൽ കർണാടക-ഹിന്ദുസ്ഥാനി കച്ചേരി കേൾക്കുന്നത് ഏറെ രസകരമെന്ന് പറഞ്ഞത് ഗുരു നിത്യചൈതന്യയതി. അന്നൊരിക്കൽ അദ്ദേഹത്തെ നേരിൽ കണ്ട് ഇത്തിരിനേരം ഊട്ടിത്തണുപ്പിൽ സംസാരിച്ചിരുന്നപ്പോൾ.

സംഗതി സത്യമാണ്. കച്ചേരിക്കിടയിലെ വിസ്താരങ്ങൾ യാത്രയ്ക്ക് കൃത്യമായ താളം നൽകും. അതിനനുസരിച്ചാവും നമ്മുടെ മനസ്സ് ചരിക്കുന്നത്. അതിന്റെ താളത്തിനനുസരിച്ചാവും കാലുകൾ ചലിക്കുന്നത്. ഞാനാകെ പെട്ടിരിക്കുകയാണ്. കുറെ കറങ്ങിനടന്ന ശേഷമാണ് ഈ യാത്രക്ക് കോപ്പുകൂട്ടിയത്. ക്ഷീണമൊന്നും വകവയ്ക്കാതെ ആവേശപൂർവമുള്ള കാൽനട. പക്ഷേ മനസ്സിനൊപ്പം ശരീരം വരുന്നില്ല. സത്യത്തിൽ മനസ്സിനെയും സങ്കടത്തിലാക്കുകയാണ് ശരീരം. നടന്നുതളർന്നു ഞാനിരിക്കുന്നത് കേദാർനാഥിലാണ്. യാദൃശ്ചികമായി കേട്ട മൊബൈൽ സംഗീതം അവസാനിക്കുന്നത് കേദാരഗൗള രാഗത്തിലാണ്. കേദാരഗൗള രാഗവും കേദാർനാഥും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് നിശ്ചയംപോരാ. ഞാൻ കേട്ട കൃതി ത്യാഗരാജ സ്വാമിയുടെ കൃഷ്ണ സ്തുതിയാണ്. കേദാർനാഥ് ശ്രീകൃഷ്ണ സ്ഥാനമല്ല. അത് പരമശിവന്റേതാണ്. എങ്കിലും നടന്നെത്തിയപ്പോൾ വേദനയ്ക്ക് ആശ്വാസമായത് ടി എം കൃഷ്ണയുടെ ശബ്ദമാണ്. കേദാരഗൗള ഇരുട്ടിൽ പാടാനുള്ള രാഗമത്രേ. ഇരുട്ടുവീഴുന്ന ഈ മഞ്ഞിൻ കേദാരത്തിലിരുന്ന് വേദനമറക്കുമ്പോൾ ഈ യാത്രാക്കുറിപ്പിന് പേരും അതൊപ്പിച്ചാവട്ടെ, കേദാർഗൗള.

അഭിഷേക് കപൂർ സംവിധാനം ചെയ്ത സിനിമയുടെ പേര് കേദാർനാഥ് എന്നാണ്. സുശാന്ത് സിംഗും സാറ അലിഖാനും മുഖ്യ കഥാപാത്രങ്ങളായെത്തിയ സിനിമ. 2013ൽ ഉത്തരഖണ്ഡിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലമാണ് സിനിമയ്ക്ക്. കേദാർനാഥിലേക്ക് തീർഥാടകയായെത്തുന്ന ധനാഢ്യയായ ഹിന്ദു യുവതി തന്റെ ഗൈഡായ മുസ്ലിം യുവാവിൽ ആകൃഷ്ടനാകുന്നതും അതിനുശേഷമുള്ള പൊല്ലാപ്പുകളുമൊക്കെയാണ് കഥ. എന്നാൽ സിനിമയിൽ ട്വിസ്റ്റ് കൊടുക്കുന്നത് കേദാർ ദുരന്തമാണ്. പ്രദേശവും അതിനൊപ്പം ജാതി,മത വേലിക്കെട്ടുകളുമെല്ലാം ഒലിച്ചുപോകുന്നതൊക്കെയാണ് അവസാനം. അതിജീവനത്തിന്റെ കഥയെന്ന് വേണമെങ്കിൽ പറയാം.

ഇത് സിനിമാകഥയാണെങ്കിൽ ഇനി പറയുന്നത് സിനിമപോലുള്ള ജീവിതകഥ. അതിന്റെ പശ്ചാത്തലവും കേദാർനാഥ് തന്നെ. പ്രളയം തകർത്തെറിഞ്ഞ കേദാർ സാധാരണനിലയിലേക്ക് ഒരുവിധം തിരിച്ചു വരാൻ തുടങ്ങിയത് രണ്ടുവർഷം കഴിഞ്ഞാണ്. അങ്ങനെയുള്ള നാളുകളിലായിരുന്നു എന്റെ യാത്ര.

പലയിടത്തും കറങ്ങിയടിച്ച ശേഷമാണ് കേദാറിലെത്തുന്നത്. നടന്നു തളർന്ന് ഒരടിപോലും മുന്നോട്ടും പിന്നോട്ടും വയ്ക്കാൻ പറ്റാത്തയവസ്ഥ. എങ്കിലും പ്രയാസപ്പെട്ട് വലിഞ്ഞുകയറി കേദാർനാഥിലെത്തി. കൈകാലുകളുടെ വേദന ശരീരത്തെയാകെ ഉലച്ചിട്ടുണ്ട്. ഒപ്പമുള്ളവരെല്ലാം കേദാർനാഥിലെ ക്ഷേത്രത്തിനുചുറ്റുമുണ്ട്, ദുരന്തം തകർത്തെറിഞ്ഞതിന്റെ അവശേഷിപ്പുകൾ ചിക്കി പെറുക്കി. ക്ഷേത്രത്തിനുചുറ്റും ഇപ്പോൾ ചിത്രങ്ങളിലൊക്കെ കാണുന്ന കമ്പിവേലികളോ ഇരിപ്പിടങ്ങളോ ഒന്നും അന്നില്ല. ഒരു ഊഷരഭൂമി. കുന്നുകൾപോലെ വന്നടിഞ്ഞുകൂടിയ മൺതിട്ടകൾ. തകർന്ന കെട്ടിടങ്ങളുടെ അസ്ഥികൂടങ്ങൾ പുറത്തേക്കുന്തിനിൽക്കുന്നു. കുന്നാകെ ഒലിച്ചിറങ്ങിപ്പോയതിന്റെ ആഘാതം കൺമുന്നിൽതന്നെയുണ്ട്. മഞ്ഞിനൊന്നും തോൽപ്പിക്കാനാകത്തവിധം പ്രദേശമാകെ പൊടിപടലം ഉറഞ്ഞുകൂടിയിട്ടുണ്ട്. സഞ്ചാരികളും തീരെ കുറവ്. /p>

കേ ദാർ നാഥിലേക്കു ള്ള വഴി. നടുവിൽ മെ ലിഞ്ഞുണങ്ങിയ മന്ദാകിനിപ്പുഴ


താൽക്കാലികമായി നിർമ്മിച്ച ഒരു ചാരുബെഞ്ചിൽ ഞാൻ കാൽ നീട്ടി വച്ച് ഇരിപ്പായി. തൊട്ടടുത്ത കസേരയിൽ ഞങ്ങളുടെ സഞ്ചിയും മറ്റുസാധനങ്ങളും കയറ്റിവച്ചു. ഇത്തിരി കഴിഞ്ഞപ്പോൾ രണ്ട് യുവ സന്യാസിനിമാർ അവിടെയെത്തി. ഞങ്ങളുടെ സാധനങ്ങളെല്ലാം താഴേക്ക് ഇറക്കിവച്ച് ആ കസേരയിൽ അവർ ഇരിപ്പുറപ്പിച്ചു. വിലപിടിപ്പുള്ള പലതുമുള്ള സഞ്ചികളാണ്. ഞാൻ മെല്ലെ എണീറ്റ് സഞ്ചികൾക്കരികിൽ കസേരയിൽ ചെന്നിരുന്നു. എന്റെ നടത്തയും വേദന മുറ്റിയ മുഖവുമൊക്കെ കണ്ടാവണം, അവർ വിവരം തിരക്കി. കുളിർമഴപോലെ ആംഗല ഭാഷയിൽ കിളിമൊഴികൾ. അവരിൽ ഒരാൾ തോൾബാഗിൽ നിന്ന് ഒരു ഗുളിക പുറത്തെടുത്ത് എനിക്കു നീട്ടി. തൊട്ടുമുമ്പ് ഞാൻ കഴിച്ചതാണെന്നും വേദനസംഹാരി കൊണ്ട് കാര്യമില്ലെന്ന് പറഞ്ഞിട്ടും അവൾ സമ്മതിക്കുന്നില്ല. അവസാനം ഞാൻ അത് കഴിച്ചു. ഇത്തിരി കഴിഞ്ഞപ്പോൾ അവർ നമോവാകം മൊഴിഞ്ഞ് താഴേക്ക് നടന്നു. ശരീരവേദനക്കൊപ്പം കുളിരുമുണ്ട്. ഒരു പനി ലക്ഷണം. അനുനിമിഷം വേദന വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. കോദാറിനു മുകളിൽ വാസുകി താളിലേക്കുള്ള വഴി ഇത്തിരിദൂരമെങ്കിലും അവിടെ കയറണമെന്നൊക്കെ ഉറപ്പിച്ചാണ് കുന്നുകയറിയത്. എന്നാൽ അതിനൊന്നും പറ്റാതെ മടക്കയാത്രയെക്കുറിച്ച് മാത്രം ചിന്തിച്ച് ഞാനിരുന്നു. നടക്കാനാകില്ല. ഹെലികോപ്റ്റർ സർവ്വീസുണ്ട്. പിന്നെ കച്ചർ (കഴുത)വാലകളും. സുഹൃത്തുക്കൾ വിലപേശി ഒരു കഴുതയെ സംഘടിപ്പിച്ച് എന്നെ അതിനു മീതെ കയറ്റി താഴേക്ക് യാത്രയാക്കി. ഹെലികോപ്റ്റര് സർവ്വീസിന്റെ റിസർവേഷൻ കഴിഞ്ഞുപോയത്രേ.

ജീവനിൽ കൊതിയുള്ളവരാരും കഴുതപ്പുറത്ത് കേറില്ലെന്ന് പയുന്നത് കുറേയൊക്കെ സത്യമാണ്. കയറ്റത്തിലേക്കുള്ള കഴുതക്കയറ്റം അത്രപ്രശ്നമല്ലെന്നു വേണമെങ്കിൽ പറയാം. കുന്നിറക്കമാണ് ദുരിതം. സാധാരണ വഴിയൊക്കെ വിട്ട് ഊടുവഴികളിലൂടെയൊക്കെ അവൻ നടന്നുകളയും. താഴേക്ക് നോക്കാൻപോലും ഭയപ്പെട്ട് നമ്മൾ കണ്ണടച്ചിരുന്നുപോവും. തകർന്ന വഴിയിലെ ഇളകിക്കിടക്കുന്ന കല്ലുകളിൽ കുളമ്പുരച്ച് തെന്നിത്തെന്നിയാണ് നടക്കുന്നത്. ചിലേടത്ത് വേഗത കൂട്ടും. അതിനനുസരിച്ച് നമ്മുടെ നെഞ്ചിടിപ്പും വർധിക്കും. കച്ചർ വാലകൾ (കഴുതക്കാർ) അശ്രദ്ധമായാണ് പലപ്പോഴും കഴുതകളെ വിടുന്നത്. കുത്തിറക്കത്തിനരികിൽ തളിർത്ത പുല്ലുകണ്ടാൽ കഴുത അതിന്റെ പാട്ടിന് പോവും. അതിനുമീതെ ബലമായി പിടിച്ചിരുന്നില്ലെങ്കിൽ വൻ അപകടമാകും ഫലം. കഴുതപ്പുറത്തെ കുലുങ്ങിക്കുലുങ്ങിയുള്ള യാത്ര എന്റെ ശരീര വേദന ഇരട്ടിപ്പിച്ചു. പോണി സ്റ്റാൻഡിൽ (കഴുതകളുടെ താവളം) ഇറങ്ങിയിട്ടും നടക്കാനാകുന്നില്ല. ഏതാണ്ട് രണ്ടു കിലോമീറ്റർകൂടി പിന്നിട്ടാലേ ഗൗരികുണ്ഡിലെത്തൂ. അവിടെനിന്ന് സോൻപ്രയാഗിലേക്ക് ഷെയർ ജീപ്പ് കിട്ടും.

എന്തായാലും ഏന്തിവലിഞ്ഞ് നടന്നുതുടങ്ങി. ഓരോ കാൽവയ്പിലും സൂചികുത്തിക്കേറുന്ന വേദന. തണുപ്പ് വർധിച്ചതിനാൽ അതിന്റെ ഒരു സുഖമുണ്ട്. ഇത്തിരി നടന്നെത്തുമ്പോൾ മുന്നിൽ വഴിയിൽ ആ യുവ സന്യാസിനിമാർ. എന്നെ കണ്ടതും അവർ നിന്നു. പിന്നെ അവർക്കൊപ്പം താഴേക്ക് സാവധാനം നടന്നു. ഇതിനിടെ കേദാർ ദുരന്തവും അതിന്റെ വ്യാപ്തിയെക്കുറിച്ചുമൊക്കെ സംസാരിച്ചു നടന്നതിനാൽ വേദന കാര്യമായി അറിഞ്ഞില്ല.

പ്രളയത്തിൽ തകർന്ന ഗൗരികുണ്ഡിനരികിലെ ചുടുനീരുറവ


കേ ദാർ പർവ്വതനിര (കേ ദാർഘട്ട്‌)


വല്ലവിധേനെയും സോൻപ്രയാഗിലെത്തി. നേരത്തെ ഗുളികതന്ന സന്യാസിനിസുന്ദരി എന്റെ താമസസ്ഥലം ചോദിച്ചു. ഞാൻ ലോഡ്ജിന്റെ പേരു പറഞ്ഞു. അതിനുമുന്നിൽ ഒരു ഡിസ്പെൻസറിയുണ്ടെന്നും അവിടെ കൊണ്ടുപോകാമെന്നുമായി ഇരുവരും.എന്നാൽ അങ്ങനെയാകട്ടെയെന്ന് ഞാനും. ഡിസ്പെൻസറിയിൽ എല്ലാവരും സന്യാസിനിമാരുടെ പരിചയക്കാർ. ഒരു സിസ്റ്ററുടെ പേരെടുത്തുവിളിച്ച് സന്ന്യാസിനി എന്തോ സംസാരിച്ചു. ഡോക്ടറുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോകാതെ സിസ്റ്റർ കൊണ്ടുപോയത് കുത്തിവയ്പ് മുറിയിലേക്ക്. എന്നോട് ഒന്നും ചോദിക്കാതെ കമഴ്ത്തിക്കിടത്തി രണ്ടു കുത്ത്. ചന്തിയിൽ തിരുമ്മാൻ തുടങ്ങിയ എന്റെ കൈ പിടിച്ചുമാറ്റി നഴ്സ് പറഞ്ഞു, തിരുമ്മണ്ട, കല്ലിപ്പുണ്ടാകും. അവിടെ കിടന്നാൽ തൊട്ടടുത്ത് ഡോക്ടറുടെ മുറി കാണാം. ഞാൻ സൂക്ഷിച്ചുനോക്കി. ഡോക്ടറുടെ കസേരയിൽ ഇരിക്കുന്നത് ആ സന്യാസിനിയാണ്. വീണ്ടും നോക്കി സംഗതി സത്യമാണ്. ഞാൻ ആശ്ചര്യത്തിലായി. കുത്തിവയ്പിന്റെ സുഖത്തിൽ ആ കിടക്കയിൽ തന്നെ ചെറുതായി മയങ്ങിപ്പോയി. ശരീരമാകെ ഇല്ലാതാകുന്നതും അഗാധമായ ഏതോ താഴ്വരയിലേക്ക് ഞാൻ പറന്നിറങ്ങുന്നതുമൊക്കെ കിനാവായി ഒഴുകിപ്പോയി. ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞ് ഉണരുമ്പോൾ വേദനവിട്ടുമാറിയിരുന്നു. എണീക്കാനും വേച്ചുവേച്ചല്ലാതെ നടക്കാനും ശരീരം സജ്ജമായി. ഡോക്ടറോട് നന്ദി പറയാൻ ഞാൻ മുറിയിലേക്ക് കടന്നു. കസേരയിൽ ആ സന്യാസിനിയില്ല.

നഴ്സാണ് കാര്യം വ്യക്തമാക്കിയത്. എന്നോടൊപ്പം ആശുപത്രിയിലെത്തിയ രണ്ട് സന്യാസിനിമാരും കേദാർ യാത്രാകേന്ദ്രങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഡോക്ടർമാരാണ്. ആദ്യഘട്ട സേവനം പൂർത്തിയാക്കി രുദ്രപ്രയാഗിലേക്ക് മടങ്ങുംവഴിയാണ് എന്നെ കണ്ടതും ആശുപത്രിയിലെത്തിച്ചതും.

മണിക്കൂറുകൾക്കുശേഷം എത്തിയ സുഹൃത്തുക്കളോട് ഞാനീ സംഭവം വിവരിച്ചെങ്കിലും ആദ്യം ആരും വിശ്വസിച്ചില്ല. പൊതുവേ കഥപറയാൻ മിടുക്കുള്ള എന്റെ ഭാവനാവിലാസം എന്നുപറഞ്ഞ് തള്ളിക്കളഞ്ഞു. പക്ഷേ എന്റെ കഥകൾക്ക് അതിഭാവുകത്വം ഉണ്ടാകില്ലെന്ന് അവർക്കെല്ലാമറിയാം. ഇല്ലെങ്കിൽ ആ സന്യാസിനിമാർ ഇതിനുമുമ്പേ ദിവ്യസ്ത്രീകളായേനെ. പ്രത്യേകിച്ചും സംഭവം നടന്നത് ഹിമാലയത്തിലാണല്ലോ.

കേ ദാർനാഥ് സിനിമയിൽ നിന്നുള്ള ഒരു രംഗം


യാത്രക്കിടയിൽ സംഭവിക്കുന്നത് പലതും യാദൃശ്ചികമാണ്. യാത്ര കരുതിക്കൂട്ടിയാണെങ്കിലും ബാക്കിയുള്ളവയൊന്നും അങ്ങനെയല്ല. കേദാർ ദുരന്തത്തിനുശേഷമാണ് ഞാനും സുഹൃത്തുക്കളും ആ പ്രദേശമാകെ ചുറ്റിയടിച്ചത്. ഞങ്ങളെല്ലാവരും കേദാറിലേക്ക് ആദ്യമാണ് പോകുന്നത്.മുമ്പുപോയ സുഹൃത്തുക്കളുടെ അഭിപ്രായം സ്വരൂപിച്ചിരുന്നു. അവരൊക്കെ പോയകാലത്തേക്കാൾ രണ്ടരമണിക്കൂർ കയറ്റം ഇപ്പോൾ കൂടുതലാണ്. ദുരന്തത്തിനൊപ്പം മന്ദാകിനിപ്പുഴയുടെ ഒരുവശം ഒഴുകിപ്പോയി. പെട്ടെന്ന് താൽക്കാലികമായി നിർമ്മിച്ച പാലത്തിലൂടെ പുഴയ്ക്ക് മറുവശം കടന്നാണ് ഇപ്പോഴത്തെ യാത്ര. കുത്തുകയറ്റം ലഘൂകരിക്കാൻ കോൺക്രീറ്റ് പടികളും നടപ്പാതകളുമൊക്കെ നിർമ്മിച്ചിട്ടുണ്ട്. യാത്ര സുഗമമാക്കാനുള്ള നിർമിതിയാണ് ഇവയൊക്കെ. പക്ഷേ കാൽനടയാത്രയുടെ ഗൗരവമറിയുന്നവർക്ക് ഇത് ദുരിതമാണ്. ദൂരക്കൂടുതൽ മാത്രമല്ല നടത്തയുടെ താളം തെറ്റിക്കുന്ന പലതുമുണ്ട്. നന്ദാദേവി ബേസ്ക്യാമ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കാൽനടയാത്ര നടത്തിയിട്ടുള്ള ഞാൻ ആദ്യമായി വീണുപോയത് ഇവിടെയാണ്. യൗവനം വിട്ടൊഴിയുന്നതിന്റെ സൂചനയൊന്നുമല്ലയത്. മറിച്ച് തിരക്കിട്ട് വിശ്രമമില്ലാതെ യാത്രാപദ്ധതി തയ്യാറാക്കിയതിൽ എന്തോ പന്തികേട്.

ഞങ്ങൾ യാത്ര തുടങ്ങിയതുതന്നെ ദില്ലിയിലെ മനം മടുപ്പിച്ച ഒരു രാത്രിയിലാണ്. സ്വകാര്യ ബസുകളും ടാക്സിക്കാരും തമ്മിൽ തർക്കം. പല വിട്ടുവീഴ്ചക്കും ഞങ്ങൾ തയ്യാറായെങ്കിലും വാഹനമോടിക്കാൻ ആരുമില്ല. അവർ തമ്മിലുള്ള തർക്കം അവസാനിക്കുമ്പോൾ രാത്രിക്ക് ഏറെ പ്രായമായിരുന്നു. ഹരിദ്വാറിലേക്ക് മടങ്ങിപ്പോകുന്ന ഒരു ടാക്സിക്കാരനുമായി തുക പറഞ്ഞുറപ്പിച്ച് ബാഗുകളുംമറ്റും കയറ്റിക്കഴിയുമ്പോൾ ദില്ലിയിലെ ടാക്സിക്കാർ സമ്മതിക്കുന്നില്ല. ഏതോ ഊടുവഴിയിലൂടെ ടാക്സി ഓടിക്കാൻ അയാൾ ശ്രമിച്ചെങ്കിലും ദില്ലിക്കാർ പിന്നാലെകൂടി ചെറുത്തു. പിന്നെ പൊലീസ് ഇടപെടൽ. എല്ലാം ഇട്ടെറിഞ്ഞ് ബസിൽ കയറാൻ ശ്രമിക്കുമ്പോൾ അവിടെയും തട്ടിപ്പിന് പുതിയ രീതി. മുകളിലത്തെ ബർത്തിൽ കിടക്കണമെങ്കിൽ താഴെയുള്ള സീറ്റിനും കൂടി തുക നൽകണം. എന്നാൽ ആ സീറ്റിൽ ബസ്സുകാർ വേറെ യാത്രക്കാരെ കയറ്റിയിരുത്തുകയും ചെയ്യും. എത്രയോവട്ടം ഇതുവഴി യാത്ര ചെയ്തിട്ടുണ്ടെങ്കിലും സത്യത്തിൽ ഏറെ മടുപ്പ് തോന്നിയ യാത്രാത്തുടക്കം.കൂടുതൽ