കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷഫലങ്ങൾ

എസ്. അഭിലാഷ്


കാലാവസ്ഥാ വ്യതിയാനത്തിലേ യ്ക്ക് നയിക്കുന്ന ഘടകങ്ങളും അവയുടെ അനന്തരഫലങ്ങളും

കാലാവസ്ഥാ വ്യതിയാനങ്ങള് ആഗോള സമൂഹത്തില് സൃഷ്ടിയ്ക്കുന്ന ദുരന്തങ്ങള് പ്രവചനാതീതമാകുന്നു

 ലോകത്തിന്റെ എല്ലാ കോണുകളിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷഫലങ്ങൾ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ദ്രശ്യമായിക്കൊണ്ടിരിക്കുകയാണ്. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ മഞ്ഞുപാളികളും, മഞ്ഞുമലകളും അതിവേഗം ഉരുകുകയും അവയുടെ വിസ്തൃതി കുറയുകയുമാണ്. സമുദ്രനിരപ്പ് ഉയരുകയും, കരയിലെ ചൂട് വർധിക്കുന്നതിനോടൊപ്പം സമുദ്രതാപനിലയിലുണ്ടാകുന്ന വർദ്ധനവ് മൂലം സമുദ്രത്തിലെ മത്സ്യ സമ്പത്തു കുറയുകയും, ജലജീവികൾ കൂട്ടത്തോടെ അനുയോജ്യമായ മറ്റുസ്ഥലങ്ങളിലേക്കു പലായനം ചെയ്യപ്പെടുകയോ, വംശനാശം സംഭവിക്കുകയോ ചെയ്യുന്നു. കരയിൽ കാണപ്പെട്ടിരുന്ന പലതരം സൂക്ഷ്മ ജീവികളും സസ്യജാലങ്ങളും ഇതിനോടകം തന്നെ അപ്രത്യക്ഷമായിരിക്കുന്നു. അതിതീവ്രമായ ഉഷ്ണതരംഗങ്ങളും, അത്യുഗ്രമായ കാട്ടുതീയും സാധാരണ സംഭവങ്ങളാവുകയും, അവ ധാരാളം ആളുകളുടെ ജീവന് അപഹരിക്കുകയും, ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയുന്നു. ചില സ്ഥലങ്ങളിൽ വലിയ പ്രളയങ്ങൾ നിത്യസംഭവങ്ങളാകുമ്പോൾ മറ്റു ചില സ്ഥലങ്ങളിൽ വളരെ കാലം നീണ്ടു നിൽക്കുന്ന വരൾച്ചയെയും അഭിമുഖീകരിക്കേണ്ടതായും വരുന്നു. അതിതീവ്രമായ കാലാവസ്ഥാസംഭവങ്ങൾ സർവ്വസാധാരണമാകുന്നത് കാലാവസ്ഥാമാറ്റം യാഥാർഥ്യമാണെന്നുള്ള നിഗമനങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.

കാലാവസ്ഥാ ശാസ്ത്രത്തെ സംബന്ധിച്ചു ഇതു അതിശയോക്തിയുള്ളതല്ല. ഇപ്പോൾ ദൃശ്യമാകുന്ന ദ്രുതഗതിയിലുള്ള ആഗോളതാപനത്തെ മുൻകൂട്ടി കണ്ടുകൊണ്ട് ഇതിനെ പ്രതിരോധിക്കുവാൻ വേണ്ടി ഐക്യരാഷ്ട്ര സഭയുടെ ഭാഗമായി 1988ൽ രൂപംകൊണ്ട സമിതിയാണ് ജനീവ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന Intergovernmental Panel on Climate Change (IPCC). അതാതു സമയത്തുള്ള കാലാവസ്ഥാമാറ്റത്തെ കുറിച്ചുള്ള അറിവുകളും, അതിന്റെ കാരണങ്ങളും, അതുമൂലമുണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളും, നിരവധി പ്രതികരണ-പ്രതിരോധ നടപടികളെക്കുറിച്ചും വിലയിരുത്തൽ റിപ്പോർട്ടുകൾ (assessment report : AR ) അന്താരാഷ്ട്രസമൂഹത്തിന്റെ മുന്നിൽ വെയ്ക്കുന്നത് IPCC യാണ്. കാലാവസ്ഥാ മാറ്റത്തെ മുൻകൂട്ടി കണ്ടുകൊണ്ട് IPCC 1990 ലാണ് ആദ്യത്തെ വിലയിരുത്തൽ റിപ്പോർട്ട് (AR1) ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വെച്ചത്.

കാലാവസ്ഥാ മാറ്റത്തിന്റെ രൂക്ഷത ഇത്രത്തോളം ദൃശ്യമല്ലാതിരുന്ന കാലത്തു് പുറത്തിറക്കിയ റിപ്പോർട്ടിലെ പല നിർദേശങ്ങളും മിക്ക വികസിത രാജ്യങ്ങൾക്കും അന്ന് സ്വീകാര്യമല്ലായിരുന്നു.ഏറ്റവും പുതിയ അഞ്ചാം വിലയിരുത്തൽ റിപ്പോർട്ട് (AR 5) പ്രസിദ്ധീകരിച്ചത് 2013 ലായിരുന്നു. ആറാം അവലോകന റിപ്പോർട്ട് 2021 ലും പ്രതീക്ഷിക്കുന്നു. എന്നാൽ 2013 ന് ശേഷം ലോക കാലാവസ്ഥയിൽ പ്രകടമായ ധാരാളം അതി തീവ്ര കാലാവസ്ഥ സംഭവങ്ങൾ ലോകത്തിന്റെ പല ഭാഗത്തും അരങ്ങേറിയതിന്റെ പശ്ചാത്തലത്തിൽ നിരവധി ഇടക്കാല (interim) റിപ്പോർട്ടുകളും പ്രസിദ്ധീകരിക്കാറുണ്ട്. വ്യാവസായിക കാലഘട്ടത്തിനു (1880 ന്) മുൻപുള്ള താപനിലയുമായി താരതമ്യം ചെയ്താൽ ഭൂമി എപ്പോൾ എത്തി നില്ക്കുന്നത് ഏകദേശം 1 .2 ഡിഗ്രി ചൂട് കൂടിയ അവസ്ഥയിലാണ്. ഇതിന്റെ പ്രധാന കാരണമായി പറയുന്നത് വൻതോതിലുള്ള ഫോസിൽ ഫ്യുവൽ ഇന്ധനങ്ങളുടെ ഉപയോഗത്തിലൂടെയും അശാസ്ത്രീയമായ ഭൂവിനിയോഗത്തിലൂടെയും ഭൂമിയുടെ അന്തരീക്ഷത്തിൽ കുമിഞ്ഞു കൂടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് കൂടുന്നതുകൊണ്ടാണ്.

അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ (CO2) അളവ് കഴിഞ്ഞ ഒരു കോടി വര്ങ്ങള്ക്കുള്ളിലുള്ള ഏറ്റവും ഉയർന്ന നിലയായ 412 ppm (parts per million volume ) എന്ന അവസ്ഥയിലാണ് എത്തി നിലക്കുന്നത്. ഹരിതഗൃഹ വാതകങ്ങൾ ഇപ്പോഴത്തെ നിലയിൽ പുറം തള്ളിയാൽ, ഈ നൂറ്റാണ്ടിന്റെ അവസാനം ആകുമ്പോഴേക്കും ഭൂമിയുടെ താപനില വ്യാവസായിക കാലഘട്ടത്തിനു മുമ്പുള്ളതിനേക്കാൾ 2 ഡിഗ്രിയിൽ കൂടുതൽ ആകുവാനുള്ള സാഹചര്യമാണുള്ളത്. ഇങ്ങനെയാകുമ്പോൾ ഉണ്ടായേക്കാവുന്ന പ്രത്യാഘതങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനം കുറക്കുന്നതിന് 2015 ൽ പാരിസിൽ നടന്ന conference of parties (COP21) എന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ധാരണയായി. ഇന്ത്യ ഉൾപ്പെടെ 196 ഓളം രാജ്യങ്ങൾ ഈ ഉടമ്പടിയിൽ ഒപ്പു വെയ്ക്കുകയും ചെയ്തു. ഭൂമിയുടെ അന്തരീക്ഷത്തിൽ ഇപ്പോൾ നിലനിൽക്കുന്ന CO2ന്റെ 50 ശതമാനത്തിൽ അധികവും പുറംതള്ളിയത് വികസിത രാജ്യങ്ങളാണെന്നു കാണുവാൻ സാധിക്കും. ഈ അവസരത്തിൽ ഡോണാള്ഡ് ട്രംപ് പാരീസ് ഉടമ്പടിയിൽ നിന്ന് പിന്നോക്കം പോയത് അന്താരാഷ്ട്ര സമൂഹത്തോട് ചെയുന്ന നീതികേടാണ്. പിന്നീട് 2018 ൽ IPCC ഇറക്കിയ ഇടക്കാല റിപ്പോർട്ട് ആയ special report on 1.5 degree warming ൽ ആഗോളതാപനത്തിന്റെ തോത് 1.5 ഡിഗ്രിയിൽ കുറച്ചു് നിർത്തേണ്ടതിന്റെ അനിവാര്യത ബോധ്യമാവുകയും അതിനു വേണ്ട ധാരാളം പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.

ലോകത്തിന്റെ മറ്റു പല കോണുകളിലും വളരെക്കാലം മുമ്പ് മുതൽ ദൃശ്യമായിരുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും അരങ്ങേറുന്നത് അതീവ ഗുരുതരമായ സാഹചര്യമായാണ് വിലയിരുത്തുന്നത്. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ കേരളത്തിൽ അനുഭവപ്പെട്ട അതി തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ പരിശോധിച്ചാൽ നമുക്കതു വ്യക്തമാകും. 2015 - 2016 കാലഘട്ടത്തിൽ കേരളം അഭിമുഖീകരിച്ച അതി തീവ്രമായ ഉഷ്ണ തരംഗങ്ങളും അതിനെ തുടർന്ന് 2016 ൽ ഉണ്ടായ നൂറ്റാണ്ടിലെ ഏറ്റവും വലിയ വരൾച്ചയും, 2017 ൽ കേരളതീരത്തോടുകൂടി കടന്നു പോയ ഓഖി ചുഴലിക്കാറ്റും, 2018 ൽ കേരളം മുഴുവൻ മുക്കി കളഞ്ഞ വലിയ പ്രളയവും അതിനു ശേഷം നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഉയർന്ന താപനിലയും, സൂര്യാഘാതവും കേരളത്തിന്റെയും കാലാവസ്ഥ മാറുകയാണെന്ന് സൂചനയാണ് നൽകുന്നത്.

ഉഷ്ണതരംഗം, സൂര്യാതാപം എന്നിവ വേനൽ കാലത്തു പിടിമുറുക്കി കൊണ്ടിരിക്കുന്നത് ആഗോളതാപനത്തിന്റെയും വികലമായ ഭൂവിനിയോഗത്തിന്റെയും പരിണിത ഫലങ്ങളായി പൊതുവെ വിലയിരുത്തപ്പെടുന്നു. കേരളത്തെപ്പോലുള്ള തീരദേശ സംസ്ഥാനത്തെ സംബന്ധിച്ചു ഉയർന്ന താപനിലയോടൊപ്പം ഉയർന്ന ആർദ്രതയും കൂടിയാകുമ്പോൾ താപസൂചിക (heat index) ഉയർന്നു നിൽക്കുകയും സൂര്യാഘാത താപാഘാത സാധ്യത വർധിക്കുകയും ചെയുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) ഉഷ്ണതരംഗങ്ങൾ നിർവചിച്ചിരിക്കുന്നതു ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്ര പരമായ ഘടനയും ഭൂപ്രകൃതിയും അനുസരിച്ചാണ്. ഉയർന്ന അന്തരീക്ഷ താപനില (max temperature) സമതലങ്ങളിൽ 40 ഡിഗ്രിയോ അതിലധികമോ, തീരപ്രദേശങ്ങളിൽ 37 ഡിഗ്രിയോ അതിലധികമോ, പർവ്വത പ്രദേശങ്ങളിൽ 30 ഡിഗ്രിയോ അതിലധികമോ ആവുകയും, താപനില ദീർഘകാല ശരാശരിയേക്കാൾ 4.5 ഡിഗ്രി മുതൽ 6.5 ഡിഗ്രി വരെ രണ്ടു ദിവസങ്ങളിൽ കൂടുതൽ നിലനിന്നാൽ ഉഷ്ണ തരംഗമായും,6.5 ഡിഗ്രിയിൽ കൂടുകയാണെങ്കിൽ അതിതീവ്ര ഉഷ്ണതരംഗമായും പ്രഖ്യാപിക്കുന്നു. താപനിലയെ മാത്രം അടിസ്ഥാനമാക്കി പറയുകയാണെങ്കിൽ കേരളത്തിൽ ഉഷ്ണ തരംഗ സാഹചര്യമല്ല നിലനിൽക്കുന്നത് എന്ന് മനസിലാക്കാം.

കേരളത്തിലെ വർധിച്ച സൂര്യാഘാതത്തിന്റെ മുഖ്യ പ്രതി ഉയർന്ന താപനിലയോടൊപ്പം ഉയർന്നു നിൽക്കുന്ന ആർദ്രതയാണ് (humidity ). അന്തരീക്ഷ ഊഷ് മാവ് കൂടുന്നതനുസരിച്ചു മനുഷ്യശരീരത്തിലെ ഊഷ്മാവ് 37 ഡിഗ്രിയിൽ തന്നെ ക്രമീകരിക്കുന്നത് മനുഷ്യശരീരം വിയർക്കുന്നതിലൂടെയാണ്. എന്നാൽ അന്തരീക്ഷത്തിൽ ആർദ്രത കൂടിനിൽക്കുമ്പോൾ മനുഷ്യ ശരീരം വിയർത്തു തണുക്കുന്നതിന്റെ തോത് കുറയുകയും ശരീര ഊഷ്മാവ് വർധിക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇത്തരത്തിൽ ഊഷ്മാവിനെയും ആർദ്രതയേയും ബന്ധപ്പെടുത്തി രൂപീകരിച്ച അളവുകോലാണ് താപസൂചിക (heat index) എന്ന് അറിയപ്പെടുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഈർപ്പമുള്ള സാഹചര്യങ്ങളിൽ മനുഷ്യ ശരീരത്തിന് കൂടുതൽ ഊഷ്മാവ് അനുഭവപ്പെടുന്നു. ഇങ്ങനെ അനുഭവേദ്യമാകുന്ന ഊഷ്മാവിനെയാണ് താപസൂചിക കൊണ്ട് പ്രതിനിധാനം ചെയ്യുന്നത്. ഉദാഹരണമായി പറഞ്ഞാൽ 37 ഡിഗ്രി അന്തരീക്ഷ ഊഷ് മാവും 70% ആർദ്രതയും ഉണ്ടെങ്കിൽ മനുഷ്യശരീരത്തിന് അനുഭവേദ്യമാകുന്ന ഊഷ്മാവ് 54 ഡിഗ്രിയായിരിക്കും. കേരളത്തിലെ തീരദേശ ജില്ലകളിൽ ഈ രണ്ട് അവസ്ഥകളും ഇപ്പോൾ സാധാരണമായതാണ് വർധിച്ച താപാഘാതത്തിന്റെ പ്രധാന കാരണം.

സൂര്യാഘാതവും താപഘാതവും ഏകദേശം ഒരേ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.

സൂര്യപ്രകാശം ശരീരത്തിൽ നേരിട്ടുപതിക്കുമ്പോൾ പൊള്ളുന്ന അവസ്ഥയാണ് പൊതുവെ sunburn അല്ലെങ്കിൽ സൂര്യാതാപം എന്ന് അറിയപ്പെടുന്നത്. ഒരു പ്രദേശത്തിന്റെ കാലാവസ്ഥ നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതാണ് ഭൂമി സ്വയം കറങ്ങുന്ന അച്ചുതണ്ടിന്റെ ചെരിവാണ്. ഭൂമി സൂര്യനെ പ്രദക്ഷിണം ചെയുമ്പോൾ അച്ചുതണ്ടിന്റെ ചെരിവ് കാരണമാണ് ഋതുക്കൾ (season) സാധ്യമാകുന്നത്. വസന്ത വിഷുവവമായ (spring equinox) മാർച്ച് 23 ന് സൂര്യന്റെ ലംബമായ കിരണങ്ങൾ ഭൂമധ്യരേഖയിൽ പതിക്കുന്നു. പിന്നീട് സൂര്യൻ ഉത്തരാര്ധ ഗോളത്തിലേക്കു സഞ്ചരിക്കുകയും ചെയ്യുന്നതിനനുസരിച്ചു ഏപ്രിൽ പകുതി വരെ സൂര്യന്റെ ലംബമായ കിരണങ്ങൾ കേരളത്തിൽ പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാവുന്നു. ഈ അവസരത്തിൽ സൂര്യപ്രകാശത്തിനു ഭൂമിയുടെ അന്തരീക്ഷത്തിൽ കൂടി കുറച്ചു ദൂരം മാത്രം സഞ്ചരിച്ചാൽ മതിയാകും. കേവലം 5 ശതമാനത്തിൽ താഴെ മാത്രമുള്ള ഊര്ജ്ജം കൂടിയ ultra violet (UV) രശ്മികൾ കൂടുതലും അന്തരീക്ഷത്തിൽ വെച്ച് ഓസോൺ പാളി ആഗീരണം ചെയ്യുന്നതിനാൽ ഭൗമോപരിതലത്തിൽ എത്തി ചേരുന്നതിന്റെ അളവ് കുറവായിരിക്കും.എന്നാൽ വിഷുവസമയത് സൂര്യന്റെ കിരണങ്ങൾക്ക് കുറച്ചു ദൂരം മാത്രം സഞ്ചരിച്ചാൽ മതിയാകും.മാർച്ച് ഏപ്രിൽ മാസത്തിൽ കേരളത്തിനു മുകളിൽ മേഘങ്ങളുടെ സാന്നിധ്യം ഇല്ലാതിരുന്നതു കൊണ്ടും uvരശ്മികൾ ഭൗമോപരിതലത്തിൽ എത്തി ചേരുന്നതിന്റെ അളവ് കൂടുതൽ ആയിരുന്നു .ഇത്തരം ഊർജം കൂടിയ uvകിരണങ്ങൾ ശരീരത്തിൽ നേരിട്ട് പതിക്കുമ്പോൾ ആണ് sunburn കൂടുതലും ഉണ്ടാവുന്നത്. ഏപ്രിൽ പകുതി കഴിയുമ്പോൾ സൂര്യൻ വടക്കോട്ടു നീങ്ങുകയും കേരളത്തിൽ മേഘരൂപീകരണം സാധ്യമാവുകയും ചെയ്യുന്നതോടു കൂടി sunburn മൂലമുള്ള ഭീഷണി കുറച്ചു കുറയും. എന്നാൽ ഉത്തരേന്ത്യയെ സംബന്ധിച്ച് ഏപ്രിൽ പകുതി മുതൽ ജൂൺ പകുതി വരെയാണ് പ്രധാനപ്പെട്ട ഉഷ്ണതരംഗ കാലം.

വേനൽ കാലത്തു ഉഷ്ണതരംഗങ്ങളുമായി ബന്ധപ്പെട്ടു ഉത്തരേന്ത്യയിൽ നൂറു കണക്കിന് ആളുകളുടെ മരണവും റിപ്പോർട്ട് ചെയ്യാറുണ്ട്. ചില അവസരങ്ങളിൽ താപതരംഗങ്ങളുടെ സ്വാധീനം തെക്കേ ഇന്ത്യയിൽ വരെ വ്യാപിക്കാറുണ്ട്. ആയതിനാൽ താപതരംഗ സൂര്യാഘാത സാദ്ധ്യതകൾ കേരളത്തിൽ തുടരുകയും മെയ് മാസത്തോടെ മഴയും മേഘ രൂപീകരണവും സാധ്യമാവുന്നതോടു കൂടി ഈ അവസ്ഥയ്ക്ക് ചെറിയ ശമനം ഉണ്ടാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ ഏപ്രിൽ മെയ് മാസങ്ങളിൽ കേരളത്തിൽ ഉണ്ടാകുന്ന കൂമ്പാരമേഘങ്ങളിൽ (Cumulonimbus Cloud) ഇടിയും മിന്നലും ഉണ്ടാവുന്നത് സർവസാധാരണമാണ്. ആഗോളതാപനത്തിന്റെ ഫലമായിയി ഊഷ്മാവ് ഉയർന്നു നിൽക്കുകയും ചൂട് കൂടിയ വായുവിന് കൂടുതൽ ആർദ്രത (Humidity) ആവാഹിക്കുവാനുള്ള കഴിവ് ഉള്ളതിനാലും ഇത്തരം മേഘങ്ങൾ പതിനഞ്ചു കിലോമീറ്റർ വരെ ഉയരത്തിൽ എത്തുകയും മേഘങ്ങളിൽ മഞ്ഞു കട്ടകൾ രൂപം കൊള്ളുകയും ഇടിമിന്നൽ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ചില സ്ഥലങ്ങളിൽ ഇതു ആലിപ്പഴം (Hail ) പതിക്കുന്നതിനു വരെ കാരണമാകാം. 2018 ൽ മാത്രം ഇന്ത്യയിൽ ഉടനീളം ആയിരത്തിലധികം ഇടിമിന്നൽ മരണളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആയതിനാൽ ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ വസന്തകാലത്തു (Spring Season) വർധിച്ച ഉഷ്മാവിനോടൊപ്പം ഇടിയും മിന്നലും നേരിടുന്നതിനും നാം സജ്ജരാകേണ്ടതുണ്ട് . താപസൂചികയുടെയും (Heat Index) ഉയർന്ന താപനിലയുടെയും (Maximum Temperature) അടിസ്ഥാനത്തിൽ കേന്ദ്ര കാലാവസ്ഥ നീരിക്ഷണ വകുപ്പ് നൽകുന്ന പ്രവചനങ്ങൾ ഉൾക്കൊണ്ട് പ്രാദേശിക അടിസ്ഥാനത്തിൽ വേണ്ടവിധ മുൻകരുതലുകൾ എടുക്കേണ്ടതാണ്. ഇടിമിന്നൽ സാധ്യതാ പ്രദേശങ്ങൾ തത്സമയം ജനങ്ങളിൽ എത്തിക്കുവാൻ വേണ്ടി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം വികസിപ്പിച്ച ഡാമിനി (Damini) എന്ന മൊബൈൽ ആപ്പും പ്രയോജനപ്പെടുത്താവുന്നതാണ്. ഇതോടൊപ്പം തന്നെ ഉപഗ്രഹാധിഷ്ഠിതമായ ഇടിമിന്നൽ വിവരങ്ങൾ കേന്ദ്ര കാലാവസ്ഥ നീരിക്ഷണ വകുപ്പിന്റെ വെബ്സൈറ്റിൽ തത്സമയം ലഭ്യമാണ്.ഇത്തരം വിവരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ദുരന്ത പ്രതിരോധ മാര്ഗ്ഗങ്ങള് പ്രാദേശിക അടിസ്ഥാനത്തിൽ പ്രാവർത്തികമാക്കാവുന്നതാണ്.

റെക്കോർഡുകൾ ഭേദിച്ച് കാർബൺ-ഡൈ ഓക്സൈഡിന്റെ (Co2) അളവ് അന്തരീക്ഷത്തിൽ കൂടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, 150 വര്ഷങ്ങള്ക്കിടയിൽ ഉണ്ടായ ഏറ്റവും ചൂടുകൂടിയ വർഷങ്ങൾ കഴിഞ്ഞ നാലു വർഷങ്ങൾ (2015, 2016, 2017, 2018 )ആണെന്ന് കാണുമ്പോൾ ആഗോളതാപനം എത്രത്തോളം രൂക്ഷമാണെന്നു നമുക്ക് മനസിലാവും. ഇതിൽ തന്നെ ഏറ്റവും ചൂട് കൂടിയ വർഷമായ 2016 എൽനിനോ വർഷമായിരുന്നു. ഒരു സ്ഥലത്തെ താപനിലയിലും മഴയിലും പ്രകടമാകുന്ന കയറ്റിറക്കങ്ങൾക്ക് വിദൂര സ്ഥലങ്ങളിൽ നടക്കുന്ന കാലാവസ്ഥ സംഭവങ്ങളുമായും വളരെയധികം ബന്ധമുണ്ട്.ഉദാഹരണത്തിന് ഇന്ത്യയിലെ മഴയും താപനിലയും ശാന്തസമുദ്രത്തിൽ നടക്കുന്ന എൽനിനോ പ്രതിഭാസവുമായി വളരെയധികം ബന്ധപെട്ടു കിടക്കുന്നു. കേരളം നേരിട്ട ഏറ്റവും വലിയ വരൾച്ചയും, ഉഷ്ണതരംഗങ്ങളും ഉണ്ടായ 2016 ഒരു എൽനിനോ വര്ഷമായിരുന്നു എന്ന് കാണുമ്പോൾ ,എൽനിനോ വരുന്ന വർഷങ്ങളിൽ ഇന്ത്യയിൽ കടുത്ത വേനലും വരൾച്ചയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് കാണുവാൻ സാധിക്കും.അന്താരാഷ്ട്ര കാലാവസ്ഥ ഏജൻസികൾ 2019 മെയ് മാസത്തിലും മൺസൂണിന്റെ തുടക്കത്തിലും ഒരു ചെറിയ എൽനിനോ സാഹചര്യം പ്രവചിക്കുന്നത് കാലാവസ്ഥാമേഖല സസൂക്ഷ്മം നീരിക്ഷിക്കുകയാണ്.

2016ൽ ഉണ്ടായ ഏറ്റവും വലിയ എല്നിനോയുടെ തോതിലേക്ക് ഈ വരുന്ന എൽനിനോ ഉയരുകയില്ലെങ്കിൽ പോലും, വേനൽ മഴ കുറഞ്ഞു നിൽക്കുകയും , കഴിഞ്ഞ മൺസൂൺ സമയത്തു ലഭിച്ച പ്രളയ ജലം ഭൂരിഭാഗവും ഭൂഗർഭൂജലമായി സംഭരിക്കാതെ അറബിക്കടലിലേക്കു ഒലി ച്ചു പോയതിന്റെ കൂടി പശ്ചാത്തലത്തിൽ ഉയർന്ന താപനിലയോടൊപ്പം വലിയ ജലക്ഷാമവും കേരളത്തെ കാത്തിരിക്കുന്നുണ്ട്. ഇതോടൊപ്പം പ്രളയം മണ്ണിലും, നദികളിലും, ഭൗമോപരിതലത്തിലും ഏൽപ്പിച്ച ആഘാതം കൂടി കണക്കിലെടുത്താൽ മഴ കുറഞ്ഞു നിലക്കുകയൂം താപനില ഉയർന്നു നിൽക്കുകയും ചെയുന്ന അവസ്ഥ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കും. ഈ അവസരത്തിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പും മറ്റ് സ്വകാര്യ ഏജൻസികളും പുറപ്പെടുവിച്ച മൺസൂൺ പ്രവചനങ്ങളെ കുറിച്ച് പ്രതിപാദിക്കാം.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ (IMD) യുടെ നിഗമനങ്ങൾ അനുസരിച്ചു ഇന്ത്യ മുഴുവൻ കണക്കിലെടുത്താൽ ശരാശരി മൺസൂൺ മഴയാണ് പ്രവചിക്കുന്നത്. 1950 മുതൽ 2010 വരെയുള്ള മഴയുടെ കണക്കനുസരിച്ചു, ദീർഘകാല ശരാശരി എന്ന് പറയുന്നത് 89 cm മഴയാണ്. ഈ ദീർഘകാല ശരാശരിയുടെ 96 ശതമാനമാണ് IMD ഈ വരുന്ന ജൂൺ മുതൽ സെപ്തംബര് വരെ നീണ്ടു നില്ക്കുന്ന മൺസൂൺ കാലത്തു പ്രവചിക്കുന്നത്. ഇതു 90 ശതമാനത്തിൽ താഴെ ആകുമ്പോൾ അനാവർഷമായും (deficit year), 110 ശതമാനത്തിൽ കൂടുതൽ ആവുമ്പോൾ അതിവര്ഷമായും (excess year) കണക്കാക്കുന്നു. 90 നു 110 നും ഇടയിൽ വന്നാൽ അതിനെ സാധാരണ വര്ഷമായിട്ടുമാണ് പരിഗണിക്കുന്നത്. അതുകൊണ്ടു 96 ശതമാനം മഴയെ സാധാരണ (normal) മഴ വര്ഷമായിട്ടാണ് കണക്കാക്കുന്നത്. IMD ഉപയോഗിക്കുന്ന പ്രവചന മാതൃകകൾക്ക് + 5 ശതമാനം അന്തർലീനമായ പിഴവ് കൂടി കണക്കിലെടുത്താലും ഇന്ത്യ മുഴുവൻ സാധാരണ മൺസൂൺ മഴയാണ് പ്രവചിക്കുന്നത്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓരോ സംസ്ഥാനങ്ങളിലും എത്രത്തോളം മഴ ലഭിക്കും എന്നതിനെ കുറിച്ച് ഒരു സൂചനയും നലകിയിട്ടില്ല എന്നുള്ളതാണ്. കഴിഞ്ഞ വർഷത്തെ (2018) മൺസൂൺ മഴയുടെ കണക്കു പരിശോധിച്ചപ്പോൾ, ഇന്ത്യ മുഴുവൻ കണക്കിലെടുത്താൽ 91 ശതമാനം മഴ ലഭിച്ചപ്പോൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ലഭിച്ചത് കേവലം 76 ശതമാനം മഴ മാത്രമായിരുന്നു. മൺസൂൺ മഴയുടെ സ്ഥല-കാല വിതരണം അത്രക്ക് സങ്കീർണമാണ്. ആയതിനാൽ ഇന്ത്യ മുഴുവൻ 96 ശതമാനം മഴ പ്രവചിക്കുമ്പോൾ ചില സംസ്ഥാനങ്ങളിൽ കൂടുതലും മറ്റു ചില സംസ്ഥാനങ്ങളിൽ കുറച്ചും മഴ ലഭിക്കുക സ്വാഭാവികമാണ്.

അമേരിക്ക ആസ്ഥാനമായ ഏറ്റവും വലിയ സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ IBM weather company 93 ശതമാനം മഴയാണ് പ്രവചിക്കുന്നത്. അതോടൊപ്പം മൺസൂൺ ഒരാഴ്ച താമസിച്ചു ജൂൺ 6 ന് മാത്രമേ കേരളത്തിൽ എത്തുകയുള്ളൂ എന്ന് കൂടി പ്രവചിക്കുന്നു. അവരുടെ പ്രവചങ്ങൾ അനുസരിച്ചു കേരളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും 93 മുതൽ 95 ശതമാനം വരെ മഴയാണ് പ്രവചിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യകാലാവസ്ഥാ ഏജൻസി ആയ സ്കൈമേറ്റ് (Skymet ) 93 % മഴയാണ് ഇന്ത്യ മുഴുവൻ പ്രവചിക്കുന്നത്. IMD യെ പോലെ ഇവരുടെ പ്രവചന മാതൃകകൾക്കും +5 ശതമാനം പിശക് വരാനുള്ള സാധ്യതയാണ് ഉള്ളത്. IMDൽ നിന്നും വ്യത്യസ്തമായി ഓരോ സംസ്ഥാനങ്ങളിലും ലഭിക്കുവാൻ സാധ്യതയുള്ള മഴയും skymetപ്രവചിക്കുന്നുണ്ട്. ഇതനുസരിച്ചു, മഹാരാഷ്ട്രയിലും, കർണാടകയിലും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മൺസൂൺ മഴ 10-15 ശതമാനം വരെ കുറയുവാനുള്ള സാധ്യതയും, ഒഡിഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ 5 -10 ശതമാനം വരെ മഴ കൂടുതലും, കേരളത്തിൽ സാധാരണ മഴയുമാണ് പ്രവചിക്കുന്നത്.മറ്റൊരു അന്താരാഷ്ട്ര സ്വകാര്യ ഏജൻസി ആയ accuweatherകേരളത്തിലും പടിഞ്ഞാറൻ തീരപ്രദേശത്തും 105 -110 ശതമാനം മഴയും, തമിഴ് നാട്, ആന്ധ്രാ, തെലുങ്കാന, ഒഡീഷ, ബീഹാർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവടങ്ങളിൽ 95 -100 ശതമാനം വരെ മഴയും, വടക്കു പടിഞ്ഞാറൻ ഇന്ത്യയിലും, മധ്യ ഇന്ത്യയിലും 90 -95 ശതമാനം വരെ മഴയുമാണ് പ്രവചിക്കുന്നത്.

ഏറ്റവും ശ്രദ്ധേയമായ കാര്യം IMDയും മറ്റു സ്വകാര്യ ഏജൻസികളും ഏതെല്ലാം സ്ഥലങ്ങളിൽ കഴിഞ്ഞ വര്ഷം കേരളത്തിൽ ലഭിച്ചത് പോലെ അതി തീവ്രമായ മഴ ലഭിക്കും എന്ന് പറഞ്ഞിട്ടില്ല. നിലവിലെ പ്രവചന മാതൃകകളുടെയും സാങ്കേതിക സംവിധാനങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു സീസണ് വേണ്ടി നൽകുന്ന പ്രവചനങ്ങളിൽ ഏതൊക്കെ സ്ഥലത്തു അതി തീവ്രമായ മഴ ലഭിക്കും എന്ന് പറയുവാനുള്ള ശേഷി ഒരു കാലാവസ്ഥാ ഏജൻസിയും സ്വായത്തമാക്കിയിട്ടില്ല. ഇതു ഇവിടെ സൂചിപ്പിക്കുവാനുള്ള കാരണം, കഴിഞ്ഞ വർഷവും IMD ഇന്ത്യ മുഴുവൻ സാധരണ മൺസൂൺ മഴ പ്രവചിക്കുകയും ഏകദേശം 91 ശതമാനം മഴ ലഭിക്കുകയും ചെയ്തപ്പോള് കേരളത്തിൽ ലഭിച്ച അതിതീവ്ര മഴയെ പറ്റി രണ്ടു മാസം മുൻപ് പുറപ്പെടുവിക്കുന്ന സീസണൽ ഫോർകാസ്റ്റിൽ പറഞ്ഞിരുന്നില്ല എന്ന തരത്തിൽ ചർച്ചകൾ കണ്ടത് കൊണ്ടാണ്. നിലവിലെ സാങ്കേതിക സംവിധാനങ്ങൾ വെച്ച് ലോകത്തെ ഒരു കാലാവസ്ഥാ ഏജൻസിക്കും രണ്ടു മാസത്തിനു മുൻപേ അതി തീവ്രമഴ പ്രവചിക്കുവാൻ സാധിക്കുകയില്ല എന്ന് മാത്രം സൂചിപ്പിച്ചു കൊള്ളട്ടെ.

ഇനിയും എൽനിനോ സാഹചര്യത്തിലേക്ക് തിരികെ വരാം. 2016 ഏറ്റവും വലിയ എൽനിനോ ഉണ്ടായപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ വരൾച്ച നേരിട്ട വർഷമായിരുന്നു. കഴിഞ്ഞ 150 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, എൽനിനോ ഉണ്ടാകുന്ന വർഷങ്ങളിൽ 70 ശതമാനം പ്രാവശ്യവും ഇന്ത്യയിൽ മൺസൂൺ മഴ കുറഞ്ഞിരുന്നതായി കാണുവാൻ സാധിക്കും. എന്നാൽ രണ്ടാമത്തെ ഏറ്റവും വലിയ എൽനിനോ ഉണ്ടായ 1998 ൽ ഇന്ത്യയിൽ ശരാശരി മഴ ലഭിക്കുകയും ചെയ്തു. ആ സമയത്തു ഇന്ത്യൻ മഹാസമുദ്രത്തിൽ പോസിറ്റീവ് Indian ocean dipole : IOD എന്ന പ്രതിഭാസം ഉണ്ടായിരുന്നു എന്ന് മനസിലാക്കാം. ഉഷ്ണമേഖലാ ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള സമുദ്ര ജലം ശരാശരിയേക്കാൾ കൂടുതൽ ചൂടാകുന്ന അവസ്ഥയാണ് positive IOD എന്ന് വിളിക്കുന്നതാണ്. ഇത്തരം സാഹചര്യത്തിൽ എൽനിനോ ഉണ്ടെങ്കിൽ പോലും ശരാശരി മൺസൂൺ മഴ ലഭിക്കാറുണ്ട്. മിക്ക അന്താരാഷ്ട്ര ഏജൻസികളും മെയ് മാസത്തിലും ജൂൺ മാസത്തിലും ഒരു ചെറിയ എൽനിനോ സാഹചര്യം പ്രവചിക്കുന്നതിനാൽ കേരളത്തിലെ മഴയെ മൺസൂണിന്റെ തുടക്കത്തിൽ പ്രതികൂലമായി ബാധിക്കുവാനുള്ള സാഹചര്യമാണുള്ളത്. എന്നാൽ പൊസിറ്റീവ് IOD കൂടി പ്രവചിക്കുന്ന സാഹചര്യത്തിൽ തുടക്കത്തിൽ മഴ കുറഞ്ഞാലും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ശരാശരി മഴ ലഭിക്കുവാനുള്ള സാഹചര്യവും നിലനില്ക്കുന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്. എന്നിരുന്നാലും മെയ്-ജൂൺ മാസങ്ങളിൽ വെള്ളം കരുതി ഉപയോഗിക്കുകയും, മികച്ച ജല സംരക്ഷണ-പരിപാലന മാര്ഗ്ഗങ്ങളിലൂടെയും ഈ സാഹചര്യത്തെ നമുക്ക് നേരിടുവാൻ സാധിക്കും.കൂടുതൽ