കാലചക്രത്തിന്റെ പ്രയാണങ്ങള്

ഡോ. ആര്.ബി. ശ്രീകല


ബോറിസ് പാസ്റ്റർനാക്കിന്റെ ഡോക്ടർ ഷിവാഗോയുടെ പഠനം


  ഷ്യയിൽ വിപ്ലവം കൊടുമ്പിരിക്കൊണ്ട കാലത്ത് ആത്മാവിൽ പ്രണയം നിറച്ച് കവിതകൾ രചിച്ചുകൊണ്ടിരുന്ന ഒരു കവിയാണ് ഡോ. ഷിവാഗോ; ബോറിസ് പാസ്റ്റർനാക്കിന്റെ 'ഡോക്ടർ ഷിവാഗോ' എന്ന നോവലിലെ കഥാപാത്രം. സാമൂഹ്യധാരയിൽനിന്ന് ഒറ്റപ്പെട്ട് വൈയക്തികതയുടെ മൂടുപടത്തിനുള്ളിൽ കഴിയാനിഷ്ടപ്പെട്ട കഥാപാത്രമാണ് ഷിവാഗോ. 1954-ലാണ് പാസ്റ്റർനാക്ക് 'ഡോക്ടർ ഷിവാഗോ' എഴുതി പൂർത്തീകരിച്ചത്. 1957-ൽ റഷ്യയിൽ പ്രസിദ്ധീകരണം വിലക്കിയ 'ഡോക്ടർ ഷിവാഗോ' എന്ന കൃതി ഇറ്റാലിയൻ ഭാഷയിലാണ് ആദ്യം പ്രസിദ്ധപ്പെടുത്തിയത്. 1958-ലെ നൊബേൽ സമ്മാനം പാസ്റ്റർനാക്കിനായിരുന്നു. എന്നാൽ സമ്മാനം വാങ്ങാൻ റഷ്യൻഭരണകൂടം പാസ്റ്റർനാക്കിനെ അനുവദിച്ചില്ല. 1989-ൽ സ്റ്റോക്ക്ഹോമിൽ വച്ചുനടന്ന പ്രത്യേക ചടങ്ങിൽവച്ച് പാസ്റ്റർനാക്കിന്റെ പുത്രൻ പിതാവിന്റെ നൊബേൽ സമ്മാനം സ്വീകരിച്ചു. മലയാളത്തിൽ 1960-ൽത്തന്നെ ഡോക്ടർ ഷിവാഗോ മുട്ടത്തുവർക്കി വിവർത്തനം ചെയ്ത് എൻ.ബി.എസ്. പുറത്തിറക്കി. 680 പുറങ്ങളുള്ള നോവൽ ഒറ്റയിരിപ്പിനു വായിച്ചു തീർക്കാവുന്ന വിധത്തിൽ അത്യന്തം സംവേദനക്ഷമമാണ് വിവർത്തനം.

വിപ്ലവവും യാതനയും പ്രത്യാശയും ആനന്ദവും കളമെഴുതുന്ന ഈ നോവലിൽ പ്രപഞ്ചവും ജീവിതവും മരണവും കാലചക്രവും പ്രണയവും ഈശ്വരനും കൈകോർക്കുന്നു. മൂന്നുഭാഗങ്ങളിലായാണ് നോവൽ എഴുതിയിരിക്കുന്നത്. ഒന്നും രണ്ടും ഭാഗങ്ങൾ ചേർന്ന് 16 അധ്യായങ്ങൾ. മൂന്നാം ഭാഗത്ത് ഷിവാഗോയുടെ 24 കവിതകളാണുള്ളത്. ക്രമാനുഗതമായ വികാസത്തിനപ്പുറത്ത് സംഭവങ്ങളുടെ നൈരന്തര്യം നേരിട്ടനുഭവിപ്പിക്കുന്ന രചനാരീതിയല്ല നോവലിന്റേത്. ക്രിയ നടന്ന ശേഷം അതിലേക്ക് ശ്രദ്ധ ആകർഷിക്കുന്ന സംഭാഷണങ്ങളും ഉദ്വേഗമുഹൂർത്തങ്ങളുമാണ് നോവലിന്റെ ആഖ്യാനസവിശേഷത.

നോവലിന്റെ ഒടുവിൽ ചേർത്തിരിക്കുന്ന 24 കവിതകൾ പ്രണയാതുരമായ മനസ്സിന്റെ ഉള്ളറകളിലേക്ക് ഇറങ്ങുന്ന ആത്മനിഷ്ഠരചനകളാണ്. അക്കാലത്തെ സോവിയറ്റ് സാഹിത്യത്തിനു കടകവിരുദ്ധമായി സഞ്ചരിക്കുന്ന രചനകളായതുകൊണ്ടാണ് ഭരണകൂടം ഈ നോവലിനെയും ഇതിലെ കവിയെയും തമസ്കരിച്ചത്. 1987-ൽ ഗോർബച്ചേവിന്റെ ഗ്ലാസ്റ്റ്നോസിനുശേഷമാണ് നോവൽ റഷ്യയിൽ വെളിച്ചം കണ്ടത്. ഗോർബച്ചേവ് അധികാരത്തിൽ വന്നശേഷം നടത്തിയ സ്വാതന്ത്ര്യപ്രഖ്യാപനമാണ് ഗ്ലാസ്റ്റ്നോസ്. ഡോക്ടർ ഷിവാഗോ റഷ്യൻ വിപ്ലവത്തിന്റെ കഥയല്ല, ചരിത്രവുമല്ല. സമൂഹമല്ല, മനുഷ്യരാണ്, അവരുടെ മനസ്സാണ് നോവലിൽ നിറയുന്നത്. വിപ്ലവത്തിന്റെ ചുഴലിയിൽപ്പെട്ടുപോയ കുറേ മനുഷ്യരുടെ മനസ്സിലാണ് നോവലിസ്റ്റ് ഊന്നുന്നത്.

മനുഷ്യബന്ധങ്ങളിലെ വിചിത്രവിന്യാസങ്ങൾ

മനുഷ്യബന്ധങ്ങളിലെ വിചിത്രവിന്യാസങ്ങൾ ആഖ്യാനം ചെയ്യാൻ പാസ്റ്റർനാക്കിനുള്ള വൈഭവം അടയാളപ്പെടുത്തുന്ന നോവലാണിത്. യുദ്ധവും വിപ്ലവവും സൃഷ്ടിച്ച അരക്ഷിതാവസ്ഥയ്ക്കിടയിലും മനുഷ്യബന്ധങ്ങൾ തളിരിട്ടു വളരുന്നു. ടോണിയുമായി വിവാഹബന്ധത്തിലേർപ്പെടുന്ന ഷിവാഗോ ലാറിയുമായി പ്രണയത്തിലാകുന്നു. ലാറിയ്ക്കാകട്ടെ ഒരു പ്രണയമുണ്ടായിരുന്നു, പാഷ, ഒരു കമ്മ്യൂണിസ്റ്റുകാരൻ. ആഭ്യന്തരവിപ്ലവത്തിൽ അയാളെ കാണാതാകുന്നു. പിന്നീട് സ്ട്രെൽനിക്കോവ് എന്ന പട്ടാളക്കാരനായി അയാൾ കഥാന്ത്യത്തിൽ വരുന്നുണ്ട്. ഇതിനോടകം പാഷയെ മറക്കുകയാണ് ലാറ.

ഈ നോവലിൽ 28 കഥാപാത്രങ്ങളുണ്ട്. മുഖ്യകഥാപാത്രം യൂറി ഷിവാഗോ. അദ്ദേഹം ഡോക്ടർ ഷിവാഗോ എന്നറിയപ്പെടുന്നു. നായിക ലാറ നഴ്സാണ്. പാസ്റ്റർ നാക്കിന്റെ ജീവിതമാണ് ഡോ. ഷിവാഗോയിലൂടെ പറയുന്നത്. ഷിവാഗോയുടെ 10 വയസ്സിൽനിന്നാണ് കഥ ആരംഭിക്കുന്നത്. അമ്മയുടെ മരണശേഷം അനാഥനാവുകയാണ് അവൻ.

റഷ്യയ്ക്ക് വിദ്യാലയങ്ങളും ആശുപത്രികളുമാണാവശ്യം. വനദേവതകളും ആമ്പൽപ്പൂക്കളുമല്ല എന്ന് കർശനനിലപാടുള്ള ഭരണാധികാരികൾക്കിടയിലൂടെ ആമ്പൽപ്പൂക്കളെയും വനദേവതയെയും സ്വപ്നം കാണുന്ന ഒരെഴുത്തുകാരന്റെ ആത്മനൊമ്പരങ്ങളുടെ കഥ കൂടിയാണ് ഈ നോവൽ. വിപ്ലവത്തിന് ആക്കം കൂട്ടുന്ന ആശയലോകമോ വീര്യം വിതയ്ക്കുന്ന വിപ്ലവകല്പനകളോ നോവലിലില്ല. പകരം വ്യക്തിസ്വാതന്ത്ര്യത്തിന് അമിതാവേശം പകരുകയും സംഘടിതമുന്നേറ്റത്തിൽനിന്ന് ഒഴിഞ്ഞു മാറുകയും ചെയ്യുന്ന കൃതിയാണിത്. ഇടയ്ക്കിടയ്ക്ക് വിമർശനങ്ങളും വേണ്ടുവോളമുണ്ട്. അതാകട്ടെ ചർച്ചകളുടെ രൂപത്തിലാണ്. നോവൽ വെളിച്ചം കാണാതിരുന്നത് ഇക്കാരണങ്ങൾകൊണ്ടാണ്. എഴുത്തുകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യം ഭരണകൂടതാല്പര്യങ്ങൾക്കു വിരുദ്ധമായി സഞ്ചരിക്കുന്ന നോവലുകൾ റഷ്യയിൽ അന്ന് വേറെയും ഉണ്ടായിരുന്നു. അവയും വെളിച്ചം കാണാൻ വർഷങ്ങളെടുത്തു. ബുൾഖാനോവിന്റെ 'മാസ്റ്ററും മാർഗരീത്തയും' അത്തരത്തിലുള്ള ഒരു നോവലാണ്. വിപ്ലവകാലത്തെ മനുഷ്യജീവിത ദൈന്യം ചിത്രീകരിക്കുന്ന ബൃഹത്തായ കൃതിയാണിത്.

ഗോര്ബച്ചേവ്

നോവലിലെ നായിക ലാറ അപ്സരതുല്യമായ ലാവണ്യത്തിനുടമയാണ്. അവളുടെ ലോലമോഹനങ്ങളായ കരങ്ങൾ ഉജ്ജ്വലമായ ഒരു ആശയപ്രസരംപോലെ അയാളെ ആകർഷിച്ചു എന്നാണ് നോവലിസ്റ്റ് പറയുന്നത്. സർഗ്ഗധനനാണ് ഷിവാഗോ. വികാരതരളിതയാണ് ലാറ. അയാളുടെ ലാവണ്യസ്വർഗ്ഗത്തിൽ അവൾ വിരിച്ചതത്രയും അയാൾക്കാവേശമായിരുന്നു. എന്നിട്ടും അവർ ഒന്നിച്ചതേയില്ല. എന്നാൽ സന്ദിഗ്ദ്ധഘട്ടങ്ങളിലെല്ലാം തുണയായുണ്ടായിരുന്നു.

ലാറയുടെ ഭർത്താവ് സൈനികവിദ്യാലയത്തിൽ പരിശീലനത്തിനു ചേരാൻ തീരുമാനിച്ചപ്പോൾ അവൾ അലമുറയിട്ടു കരയുന്നുണ്ട്. സ്ത്രീഹൃദയത്തിന്റെ ലോലഭാവങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കാനുള്ള പാസ്റ്റർനാക്കിന്റെ വൈഭവം ലാറയുടെ സൃഷ്ടിയിൽ തെളിഞ്ഞുകാണാം. നാടൻപെൺകൊടിയുടെ ഹൃദയമാണവൾക്ക്. സ്നേഹവും കരുണയുമുള്ള ഹൃദയം. റഷ്യൻ നോവലുകളിലെ സ്ത്രീകൾ പൊതുവെ ഹൃദയാലുക്കളാണ്. ലാറയും ആ ഗണത്തിൽപ്പെടുന്നു. ഡോക്ടർ ഷിവാഗോയുമായുള്ള പ്രണയത്തിന്റെ തീക്ഷ്ണതയിൽ അതു വ്യക്തമാണ്.

നോവലിൽ ഷിവാഗോയുടെ വിളിപ്പേര് യൂറി എന്നാണ്. എഴുത്തുകാരനായി മാറുന്നതോടെയാണ് ഷിവാഗോ ആയിത്തീരുന്നത്. ബോറിസ് പാസ്റ്റർനാക്ക് ഷിവാഗോയെക്കണ്ട് പറയിക്കുന്നു. ''പ്രിയപ്പെട്ടവരെ, നിങ്ങൾ മൂന്നാംകിടക്കാരാണ്. നിങ്ങൾ വമ്പന്മാരെന്ന് പുകഴ്ത്തുന്ന എഴുത്തുകാർ മൂന്നാംകിടക്കാരാണ്. അവരുടെ സൃഷ്ടികളും കിടയറ്റതാണ്. ഞാൻ ജീവിക്കുന്ന കാലത്ത് ജീവിക്കുന്നവരാണ് നിങ്ങളും. ഇതുമാത്രമാണ് ഞാൻ നിങ്ങളിൽ കാണുന്ന മഹത്വം''.


നോവലിസ്റ്റിന്റെ ദര്ശനങ്ങള്

കലയെപ്പറ്റിയും സാഹിത്യത്തെപ്പറ്റിയുമുള്ള ചർച്ചകൾ നോവലിന്റെ പല ഭാഗത്തുമുണ്ട്. തീ പാറുന്ന സംവാദങ്ങളുടെ ആഖ്യാനത്തിലൂടെയാണ് നോവലിസ്റ്റ് തന്റെ ദർശനം അവതരിപ്പിക്കുന്നത്. ഉദാത്തമായ സാഹിത്യദർശനത്തിനുടമയാണ് നോവലിലെ നായകൻ. അയാളുടെ ചിന്തകൾ അക്കാലത്തെ എഴുത്തുകാരിൽനിന്ന് വ്യത്യസ്തമാണെന്നു കാണാം.

''ഇങ്ങനെയൊരു ജീവിതത്തിൽ ശാന്തമായ ഗ്രാമീണസൗന്ദര്യം നിറഞ്ഞ കല ഉറവെടുക്കുന്നതെങ്ങനെ? അതിനുള്ള ശ്രമം കലയിലെ കള്ളനാണയങ്ങളിലും ഗ്രാമങ്ങളിലുറവെടുക്കാതെ പുസ്തകങ്ങളിൽനിന്നു മാത്രം പ്രചോദനം കൊള്ളുന്ന കലയില്ലായ്മയിലും ആണ് അവസാനിക്കുന്നത്. ഈ കാലഘട്ടത്തിന്റെ ജീവിതഭാഷ നഗരത്തിന്റേതാണ്''.

അക്കാലത്തെ ഭരണകൂടത്തിന്റെ ചാർച്ചക്കാരെ വേദനിപ്പിക്കാൻ ഈ എഴുത്തുകാരൻ ഇഷ്ടപ്പെട്ടില്ല, എന്നാൽ അപ്രിയസത്യങ്ങൾ പറയാതെയുമിരുന്നില്ല. ധ്വന്യാത്മകമായിട്ടാണെന്നു മാത്രം. മനസ്സിൽ തിങ്ങിയ രോഷത്തെ പക്വതയോടെയാണ് പാസ്റ്റർനാക്ക് കവിതകളിൽ ആവിഷ്കരിച്ചത്. സുഹൃത്തുക്കളോട് കലഹിക്കുന്നതിന് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. നോവലിലെ നായകൻ ഷിവാഗോയും അത്തരം സ്വഭാവക്കാരനായിരുന്നു. ജീവിതത്തിന്റെ ഭ്രാന്തമായ ഉൾപ്പരപ്പിൽ സഞ്ചരിക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. അതുകൊണ്ടുതന്നെ ഉൾവലിയുന്ന രചനകളായിരുന്നു ആ എഴുത്തുകാരന്റേത്. ചുഴികൾ നിറഞ്ഞ രചനകൾ. ആദ്യന്തം യുദ്ധത്തിന്റെ ഭീതിദമായ രംഗങ്ങൾ ആവിഷ്കരിച്ച് ഭരണകൂടത്തിന്റെ തലവേദനയായിത്തീരുകയായിരുന്നു പാസ്റ്റർനാക്ക് എന്ന നോവലിസ്റ്റ്.

''ഒരു മനുഷ്യൻ സട്രെച്ചറിൽ കിടക്കുന്നു. അസാധാരണമാംവിധം ബീഭത്സമായി മുറിവേറ്റ ഒരു മനുഷ്യൻ. പീരങ്കിയുടെ ഒരു ചീള് അയാളുടെ മുഖത്തെ തകർത്തിരിക്കുന്നു. നാക്കും ചിറികളും ഒരു ചോരക്കുഴമ്പായി കാണപ്പെട്ടു. കവിൾ തുളച്ചുകൊണ്ട് ഒരു ഇരുമ്പ്ചീള് അയാളുടെ താടിയെല്ലിനകത്ത് കയറിപ്പറ്റി'', യുദ്ധം സാധാരണ മനുഷ്യനു കൊടുക്കുന്ന ഭീകരമായ അവസ്ഥയുടെ യഥാതഥമായ ആഖ്യാനമാണിത്. സംഘബലമില്ലാത്തവന്റെ നിസ്സഹായതയ്ക്കുമേൽ സംഘടിതശക്തി ആധിപത്യം നേടുന്ന ഭീതിദമായ കാഴ്ച.

''അപ്പോഴാണ് കാപട്യം റഷ്യയിലേക്ക് നുഴഞ്ഞു കയറിയത്. എല്ലാ വിനാശങ്ങൾക്കും കാരണമായിത്തീർന്ന ഏറ്റവും വലിയ ആഘാതമായിരുന്നു വ്യക്തിമൂല്യത്തെപ്പറ്റിയുണ്ടായ വിശ്വാസരാഹിത്യം. സ്വന്തം മനസ്സാക്ഷിക്ക് കീഴ്പ്പെടുന്നത് ഭോഷത്തമാണെന്നും ഏകസ്വരമായ ഒരേ ഗാനം എല്ലാവരും പാടണമെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കനുസരണമായി ജീവിക്കണമെന്നും ജനങ്ങൾ വിശ്വസിക്കാൻ തുടങ്ങി. ഈ ആദർശങ്ങൾ എല്ലാവരിലും കുത്തിനിറയ്ക്കുകയായിരുന്നു''. മുദ്രാവാക്യ സമാനമായ ജീവിതത്തിന്റെ ഏകതാനസ്വഭാവം വ്യക്തമാക്കുന്ന സാഹചര്യമായിരുന്നു റഷ്യയിൽ നാടകമായിരുന്നത്. അതിൽനിന്ന് ഒളിച്ചോടുകയായിരുന്നു ഡോക്ടർ ഷിവാഗോ എന്ന കവിയായ കഥാപാത്രം.

റഷ്യൻ ആഭ്യന്തരയുദ്ധവും വിപ്ലവാനന്തര കമ്മ്യൂണിസ്റ്റു ഭരണകൂടം വ്യക്തികൾക്കുനേരെ നടത്തുന്ന പീഡനങ്ങളും ആവിഷ്കരിക്കുന്ന ഈ നോവൽ പത്താം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട ഷിവാഗോയുടെ അനാഥത്വത്തിൽ തുടങ്ങുന്നു. അമ്മയുടെ ശവമടക്കിൽനിന്ന് ആരംഭിക്കുന്ന നോവൽ ഷിവാഗോയുടെ അനശ്വരയശസ്സിലേക്ക് വളരുകയാണ് ചെയ്യുന്നത്.

പാസ്റ്റർനാക്കിന്റെ ജീവിത പശ്ചാത്തലം

നോവലിലെ ഷിവാഗോ എന്ന കവി പാസ്റ്റർനാക്കിന്റെ അപരവ്യക്തിത്വമാണ്. യഥാർത്ഥത്തിൽ പാസ്റ്റർനാക്ക് കവിതകളിലൂടെയാണ് പ്രശസ്തനായത്. നോവലെഴുതുന്നതിനു മുമ്പ് കവിയെന്ന നിലയിൽ ഖ്യാതി നേടിയ പാസ്റ്റർനാക്ക് കവിതയിലാണ് ആദ്യം വ്യാപരിച്ചത്. 1914-ലാണ് പാസ്റ്റർനാക്കിന്റെ ആദ്യകവിതാസമാഹാരം പുറത്തുവന്നത്. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാൽ കവിതയെഴുത്ത് തടസ്സപ്പെടുകയായിരുന്നു. ചെറുപ്പത്തിൽ കുതിരപ്പുറത്തുനിന്നു വീണു കാലൊടിഞ്ഞതിനാൽ നിർബന്ധിത സൈനികസേവനത്തിൽനിന്നു രക്ഷപ്പെട്ടു. ഒരു ഫാക്ടറിത്തൊഴിലാളിയായി യുദ്ധകാലം മുഴുവൻ കഴിഞ്ഞുകൂടി. 1917-ലെ വിപ്ലവകാലത്ത് പാസ്റ്റർനാക്ക് മോസ്കോയിൽ തിരിച്ചെത്തി ലൈബ്രേറിയനായി ജോലി നോക്കി. പാസ്റ്റർനാക്കിന്റെ ഏറ്റവും പ്രശസ്തമായ കാവ്യമാണ് 1922-ൽ പ്രസിദ്ധീകരിച്ച 'ജീവിതം എന്റെ സഹോദരി' എന്ന കൃതി.


1890ലാണ് ബോറിസ് ലിയോനി ഡോവിച്ച് പാസ്റ്റർനാക്ക് ജനിച്ചത്. അച്ഛൻ പ്രസിദ്ധനായ ചിത്രകാരനായിരുന്നു. അമ്മ സംഗീതവിദുഷി. സംഗീതപഠനത്തിലാണ് പാസ്റ്റർനാക്ക് ആദ്യം പ്രവേശിച്ചതെങ്കിലും അതുപേക്ഷിച്ച് സാഹിത്യരചനയിലേക്കു കടന്നു. ജർമ്മനിയിലെ മാർബൂർഗ് സർവ്വകലാശാലയിൽനിന്ന് തത്ത്വചിന്ത പഠിച്ചു. പിന്നീട് ഇറ്റലിയിൽ സഞ്ചരിച്ചു. ഇറ്റലിയിൽനിന്ന് 1913-14 കാലഘട്ടത്തിലാണ് റഷ്യയിലേക്കു മടങ്ങിയത്. ഇറ്റലിയിൽ കണ്ടുമുട്ടി പ്രണയത്തിലായ യുവതിയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധത്തിന് അധികം ആയുസ്സുണ്ടായില്ല.

സ്നേഹാന്വേഷിയായ എഴുത്തുകാരനായിരുന്നു പാസ്റ്റർനാക്ക്. സ്വന്തം കാവ്യജീവിതത്തിലും പ്രണയത്തെ നന്നായി ഉപയോഗിച്ചു. ബാഹ്യലോകത്തിലെ ബഹളത്തിനും വിപ്ലവത്തിനും നടുവിൽ പ്രണയം കൊണ്ടൊരു ആന്തരലോകം നിർമ്മിച്ച പാസ്റ്റർനാക്കിന്റെ ഡോ. ഷിവാഗോയിലും അന്തരീക്ഷം അതുതന്നെയാണ്. ഒരു ക്രിസ്മസ് പാർട്ടിക്കിടയിൽ നായികയായ ലാറ കാമാന്ധനായ കൊമരോസ്കി എന്ന കഥാപാത്രത്തെ വെടിവയ്ക്കുന്ന രംഗമുണ്ട്. തന്റെ അച്ഛന്റെ മരണത്തിനിടയാക്കിയവനും ആഭാസനുമായ കൊമരോസ്കി എന്ന വക്കീൽ ആദ്യം മുതൽ തന്നെ ലാറയെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. ഈയൊരു സന്ദർഭത്തിലാണ് ലാറയും ഷിവാഗോയും കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതും. യൂറി ആന്ദ്രേവിച്ച് ഷിവാഗോ എന്ന യൂറി ഷിവാഗോ വിവാഹിതനും പിതാവുമാണ്. ലാറയ്ക്കു മുമ്പിൽ സർവ്വതും അടിയറവയ്ക്കാൻ തയ്യാറാവുന്ന ഷിവാഗോ ഭാര്യയായ ടോണിയയെയും പ്രിയപ്പെട്ട കുഞ്ഞുങ്ങളെയും മറന്നു ജീവിക്കുകയാണ്. ഷിവാഗോയുടെ കവിഹൃദയവും കാമുകഹൃദയവും ലാറയോടൊത്ത് സ്വപ്നലോകത്ത് സഞ്ചരിക്കുകയാണ്.

ലാറയും വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ സന്ദർഭങ്ങളിലെല്ലാം ഷിവാഗോ അഭയത്തിനായി ഓടിയെത്തുന്നത് ലാറയ്ക്കരികിലാണ്. നഴ്സായി ജോലി ചെയ്യുന്ന ലാറ, സ്വന്തം കുടുംബത്തിൽനിന്ന് സ്വയം ഒറ്റപ്പെട്ട് അശ്രദ്ധനായി ജീവിതം നയിക്കുന്ന ഷിവാഗോ, അവർ ഒരുമിച്ച് ലാറയുടെ താമസസ്ഥലത്ത് താമസം തുടങ്ങുന്നു. ബഹിഷ്കൃതരുടെ ഇടമായിരുന്നു ലാറയുടെ താമസസ്ഥലം. പീഡനങ്ങൾ ഭയന്ന് ഒളിച്ചോടിയവരും വീടുപേക്ഷിച്ച ഗ്രാമവാസികളും തിങ്ങിയ വൃത്തിഹീനമായ ഒരെലിമടയായിരുന്നു അത്. അവിടെ ലാറയ്ക്കൊപ്പം താമസമാക്കിയ ഷിവാഗോ, എല്ലാറ്റിൽനിന്നും പിൻവാങ്ങി കവിതയെഴുത്തുമായി കൂടുകയാണ്.


ബോറിസ് പാസ്റ്റർനാക്ക് സ്വപ്നം കണ്ട ലോകമായിരുന്നു അത്. വൃത്തിഹീനമായ ചുറ്റുപാടിൽ ജീവിക്കുമ്പോഴും ഷിവാഗോ സംതൃപ്തനായിരുന്നു. കാരണം അനുരാഗിണിയായ ലാറ സമീപത്തുണ്ടായിരുന്നു. കവിതയും കാമിനിയും ചേർന്ന് ഷിവാഗോയുടെ ജീവിതത്തെ സ്വപ്നതുല്യമാക്കിത്തീർത്തു. ഭരണകൂടഭീകരതയെ മറന്ന് അവർ പരസ്പരം പ്രണയിക്കുകയാണ്. ബാഹ്യലോകം വിപ്ലവത്തിന്റെ ചൂടിൽ ചുട്ടുപഴുത്തപ്പോഴും അനവദ്യപ്രണയത്തിന്റെ കുളിരിൽ അവർ ലോകം മറന്നു. പുറംലോകത്തുനിന്ന് ഹൃദയത്തിലേക്കാണ് അവർ സഞ്ചരിച്ചത്.

വാരിക്കിനോവ് എന്ന ആ ഗ്രാമത്തിന്റെ വിജനതയിൽ ഷിവാഗോ ഒരു കാര്യം തിരിച്ചറിയുന്നു.ഇവിടുത്തെ ജനങ്ങൾ മോസ്കോയിലോ പീറ്റേഴ്സ്ബർഗിലോ ഉള്ളവരെക്കാൾ കൂടുതൽ ഐക്യത്തിൽ വർത്തിക്കുന്നു എന്ന്.

വാരിക്കിനോവിലെ ജീവിതം ഭീതിദമായിരുന്നു. ഏതുസമയത്തും വന്നെത്താവുന്ന പട്ടാളക്കാരും ഒറ്റുകാരും അവർക്ക് ഭയം പ്രദാനം ചെയ്യുന്നു. ലാറയാകട്ടെ ഷിവാഗോയെ കുടുംബത്തിലേക്ക് പറഞ്ഞയക്കാൻ പ്രേരണയേകിക്കൊണ്ടുമിരുന്നു. ഭാര്യയും കുട്ടികളുമടങ്ങുന്ന ജീവിതത്തിലേക്ക് ആ കവിയായ ഡോക്ടറെ തിരിച്ചയയ്ക്കാൻ പക്ഷേ, ലാറയ്ക്കു കഴിയുന്നില്ല. ലാറയുടെയും ഷിവാഗോയുടെയും ചരടുപൊട്ടിയ പട്ടംപോലെയുള്ള ജീവിതം വിചിത്രമാണ്. ഒന്നും അവർക്ക് സ്വന്തമല്ല എന്ന അറിവു നൽകുന്ന സന്നിഗ്ദ്ധതയിലും പ്രണയാനുഭൂതി നുകരാൻ ഇരുവർക്കും കഴിയുന്നുണ്ട്. അവരുടെ ജീവിതത്തിനിടയിൽ ആരുമില്ല. ഭൂത-ഭാവികാലങ്ങളില്ല, വർത്തമാനകാലത്തിലെ ആകുലതകൾ അവരെ ബാധിക്കുന്നുമില്ല.

കഥാപാത്രസൃഷ്ടിയിൽ അസാധാരണമായ വൈഗദ്ധ്യമാണ് പാസ്റ്റർനാക്ക് പുലർത്തുന്നത്. ലാറ, യൂറിഷിവാഗോ, ടോണിയ, പാഷ എന്നിവർ ഈ കൃതിയിലെ അനശ്വര കഥാപാത്രങ്ങളാണ്. പരസ്പരബന്ധിതർ, എന്നാൽ ഓരോ തുരുത്തിൽ കഴിയുന്നവർ. സ്നേഹിച്ചു വിവാഹിതരായവർ മറ്റൊരു പ്രണയത്തിൽ നിലതെറ്റി വീഴുകയാണ് ഈ നോവലിൽ.

ഏകാന്തസാന്ദ്രമായ സഞ്ചാരങ്ങള്

റഷ്യൻ ജീവിതത്തിൽ ഫ്യൂച്ചറിസ്റ്റ് പ്രസ്ഥാനവുമായാണ് പാസ്റ്റർനാക്ക് സഹകരിച്ചത്. മയ്ക്കോവ്സ്കിയുടെ ആരാധകനായി. 1930-ൽ മയ്ക്കോവ്സ്കി ആത്മഹത്യ ചെയ്യുന്നതുവരെ പാസ്റ്റർനാക്ക് അദ്ദേഹത്തിന്റെ ആത്മസുഹൃത്തായിരുന്നു. മയ്ക്കോവ്സ്കിയുടെ കവിതകളിൽ കാണുന്ന ഏകാന്തതയും ബാഹ്യലോകത്തോടുള്ള മടുപ്പും പാസ്റ്റർനാക്കിന്റെ കവിതകളിലും ഏറെക്കുറെ പ്രകടമാണ്.

1926 ആയപ്പോഴേക്കും ഏറ്റവും പ്രസിദ്ധനായ യുവകവിയായി പാസ്റ്റർനാക്ക് ഉയർന്നുകഴിഞ്ഞിരുന്നു. 1931-ൽ ആത്മകഥാരൂപമായ 'സേഫ് കോൺടാക്ഡ് പുറത്തുവന്നു. എന്നാൽ യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റ് താത്ത്വികാചാര്യൻമാർക്ക് അദ്ദേഹം അഭിമതനായിരുന്നില്ല. കമ്മ്യൂണിസത്തിനെതിരായി സേഫ് കോൺടാക്ട് വ്യാഖ്യാനിക്കപ്പെട്ടു. 1934-ൽ പ്രസിദ്ധപ്പെടുത്തിയ 'ഒരു കഥ' എന്ന പുസ്തകം ഏതാനും നാളുകൾക്കുള്ളിൽ പുസ്തകശാലകളിൽനിന്ന് പിൻവലിക്കുകയുണ്ടായി. പാസ്റ്റർനാക്കിന് നാല്പത്തിയാറു വയസ്സുള്ളപ്പോൾ റഷ്യൻ പിയാനോയിസ്റ്റ് ന്യൂഹാസ്സിന്റെ ഭാര്യയുമായി പ്രണയത്തിലായി. അവരെ വിവാഹം ചെയ്യുകയും രണ്ട് പുത്രന്മാരുണ്ടാവുകയും ചെയ്തു. 1960 മെയ് 30-ാം തീയതി ശ്വാസകോശാർബുധം ബാധിച്ച് 70-ാം വയസ്സിൽ ആ എഴുത്തുകാരൻ അന്തരിക്കുകയായിരുന്നു.


ആഖ്യാനശൈലി

ആഖ്യാനത്തിൽ ദൃശ്യമായ കലാപാരമ്പര്യവും കാവ്യപാരമ്പര്യവും ഡോക്ടർ ഷിവാഗോ എന്ന നോവലിന് ഉദാത്തമാനങ്ങൾ നൽകുന്നു. ചിത്രകലയും ശില്പകലയും കവിതയും അലിഞ്ഞുചേരുന്ന സവിശേഷമായ ആഖ്യാനരീതി എടുത്തുപറയേണ്ടതാണ്. കാവ്യജീവിതത്തിൽ ഏറെ ശ്രദ്ധവച്ച പാസ്റ്റർനാക്ക് അതുകൊണ്ടാവാം നോവലിലെ നായകനായ കവി ഷിവാഗോയിൽ സ്വന്തം പ്രതിച്ഛായ നിറച്ചത്. ഏകാന്തസാന്ദ്രമായ കാവ്യസഞ്ചാരത്തിനിടയിൽ രചിച്ച കവിതകൾ ഒറ്റപ്പെടലിന്റെയും പ്രകൃതിസാത്മ്യത്തിന്റെയും പ്രാപഞ്ചിക സ്നേഹാന്വേഷണത്വരയുടെയും സ്പന്ദനങ്ങളായിത്തീർന്നു. റഷ്യയിലെ മറ്റു കവികൾക്കില്ലാത്ത ചൈതന്യവത്തായ ആത്മാംശം പാസ്റ്റർനാക്കിന്റെ കവിതകൾക്കുണ്ടായിരുന്നു. എന്നാൽ വ്യക്ത്യാരാധനയും വ്യക്ത്യധിഷ്ഠിതകല്പനകളും നിറഞ്ഞ കവിത വിപ്ലവവിരുദ്ധമെന്ന് ഭരണകൂടം വിധിയെഴുതി. ഷിവാഗോയുടെ രചനകളിലും അത്തരം കല്പനകളുണ്ട്.

കർഷകവിപ്ലവങ്ങളെപ്പറ്റി നോവലിസ്റ്റിന്റെ കാഴ്ചപ്പാട് ഷിവാഗോയിലൂടെ വ്യക്തമാക്കപ്പെടുന്നുണ്ട്. ഒരുപക്ഷേ, പിൻതിരിപ്പനെന്നു മുദ്രകുത്തുന്ന അഭിപ്രായം.

''കർഷകർ വിപ്ലവത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇടതടവില്ലാതെ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അവർ ചെമപ്പൻമാരെയും വെളുപ്പൻമാരെയും പക്ഷഭേദം കൂടാതെ എതിർക്കുന്നുണ്ട് എന്ന് നിങ്ങൾ പറയുമായിരിക്കും. അധികാരത്തിലിരിക്കുന്ന ആരെയും അവർ എതിർക്കുമെന്ന്. കർഷകർക്കുതന്നെ അറിഞ്ഞുകൂടാ അവരുടെ ആവശ്യം എന്തെന്ന്''. നോവലിലെ ഒരു കഥാപാത്രത്തിന്റെ ഈ അഭിപ്രായത്തോട് ഷിവാഗോ പ്രതികരിക്കുന്നതിങ്ങനെ,

''കർഷകർക്ക് നന്നായറിയാം അവന്റെ ആവശ്യമെന്തെന്ന്. എനിക്കോ നിങ്ങൾക്കോ അറിയാവുന്നതിലും കൂടുതലായി അവന് അറിയാം. പക്ഷേ അവന്റെ ആവശ്യം നമ്മുടേതിൽനിന്ന് വളരെ വ്യത്യസ്തമാണ്''.

ഈ വാദഗതിയും അഭിപ്രായവും അക്കാലത്തെ സോവിയറ്റ് ഭരണകൂടത്തിന്റെ അഭിപ്രായങ്ങളോട് ഒത്തുപോകുന്നതായിരുന്നില്ല. കർഷകരുടെ ആത്മാവിലേക്കു ഇറങ്ങിച്ചെല്ലുന്ന കാഴ്ചപ്പാടാണ്, ഒറ്റയൊറ്റ ജീവിതത്തിൽ ചാരിനിന്നുള്ള നേരെഴുത്താണ്, ഷിവാഗോയുടേത്. അതിലെ വ്യക്ത്യധിഷ്ഠിത കാഴ്ചപ്പാടിനെ തള്ളിക്കളയുന്നതായിരുന്നു ഭരണകൂടത്തിന്റെ നിലപാടുകൾ. എന്നാൽ കർഷകർ അനുഭവിച്ച യാതനയ്ക്കു കിട്ടിയ ഫലം നിരാശാജനകമാണെന്ന് ഉറക്കെ കഥാപാത്രത്തിലൂടെ വിളിച്ചു പറയാൻ ഈ നോവലിസ്റ്റ് പലയിടത്തും തയ്യാറാകുന്നു.

നിരാശയും അസന്തുഷ്ടിയും ഉള്ളിലൊതുക്കി, സന്തോഷം പുറത്തുകാട്ടി വിപ്ലവത്തിന്റെ മേൽ ആഹ്ലാദിക്കാൻ കല്പിക്കുന്ന ഭരണകൂട ഭീകരതയ്ക്കു നേരെയാണ് എഴുത്തുകാരൻ വിരൽചൂണ്ടുന്നത്. റഷ്യയിൽ ഇത്തരം രചനകൾ വെളിച്ചം കാണാത്തവരായിരുന്നു. ഡോ. ഷിവാഗോയുടെ തമസ്കരണത്തിനു പിന്നിലും ഇത്തരം കാരണങ്ങളുണ്ട്.


ചലനചിത്രങ്ങൾ കണ്ണിനുമുന്നിലൂടെ കടന്നുപോകുന്നമാതിരി ദൃശ്യസാധ്യമായി ചിത്രീകരിക്കുന്ന ആഖ്യാനരീതി സൂക്ഷ്മയാഥാർത്ഥ്യങ്ങളെ മാത്രമല്ല രാഷ്ട്രീയസാഹചര്യങ്ങളെയും അധികാരഘടനയെയും കഥാപാത്രങ്ങളെക്കൊണ്ട് ചോദ്യം ചെയ്യിക്കുന്നു. സോവിയറ്റ് റഷ്യയിലെ ഭൂനിയമങ്ങളുടെ വരവ് അവിടെയുള്ളവർ ആശങ്കയോടെയാണ് കാത്തിരുന്നത്. ഭൂനിയമത്തെപ്പറ്റിയുള്ള നോവലിലെ പരാമർശം ഇപ്രകാരമാണ്, ''അടുത്ത രണ്ടുകൊല്ലം നമ്മൾ എങ്ങനെയെങ്കിലും ഇവിടെത്തന്നെ കഴിച്ചുകൂട്ടണം. അപ്പോഴേക്കും പുതിയ ഭൂനിയമം ഉണ്ടാകും. അപ്പോൾ മോസ്കോയ്ക്ക് വെളിയിൽ എവിടെയെങ്കിലും നമുക്ക് ഭൂമി കിട്ടും''. ടോണിയയുടെ ഈ വാക്കുകൾ സുരക്ഷിതമായ ഒരു ജീവിതത്തെക്കുറിച്ചുള്ള സ്വപ്നമാണ്. പ്രായോഗികജീവിതത്തിലാണ് അവളുടെ ശ്രദ്ധ. ഷിവാഗോയുടെ കവിതകളിൽ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് വളരുന്നത്. എല്ലാവരും റഷ്യയിൽ വിപ്ലവത്തിനു മുമ്പും ശേഷവും പ്രതീക്ഷകൾ വച്ചുപുലർത്തുന്നു. അതിനെ ആളിക്കത്തിക്കുകയാണ് നോവലിസ്റ്റ്.

''ലോകാരംഭം മുതൽക്കുതന്നെ റഷ്യ ആദ്യത്തെ സോഷ്യലിസ്റ്റ് രാജ്യമാകാൻ വിധിക്കപ്പെട്ടവരായിരുന്നു എന്നാണ് എന്റെ വിചാരം. അതു സംഭവിച്ചുകഴിഞ്ഞാൽ ദീർഘകാലം നാം സ്തബ്ധരായിരിക്കും. നാം ഉണർന്നു കഴിഞ്ഞാൽത്തന്നെയും അർദ്ധബോധത്തിലായിരിക്കും''. പല കഥാപാത്രങ്ങളുടെയും സംഭാഷണങ്ങളിലൂടെ 1917-ലെ വിപ്ലവത്തിനുശേഷമുള്ള റഷ്യയിലെ അവസ്ഥ നോവലിസ്റ്റ് ആഖ്യാനം ചെയ്യുന്നുണ്ട്. എന്നാൽ അശാന്തമായ ബാഹ്യലോകം മറ്റ് റഷ്യൻ നോവലുകളിൽ കാണാത്തവിധം പാസ്റ്റർനാക്ക് ആവിഷ്കരിച്ചിരിക്കുന്നു. വിപ്ലവാനന്തര റഷ്യയുടെ വിങ്ങുന്ന ഹൃദയം ആഖ്യാനം ചെയ്യാൻ ഡോക്ടർ ഷിവാഗോ എഴുതുമ്പോൾ അതിൽ പ്രണയതരളിതമായ കാല്പനിക ഹൃദയം കൂടി പാസ്റ്റർനാക്ക് കാത്തുവച്ചു.

ക്രൂഷ്ചേവിന്റെ ഭരണത്തിലെ സ്വതന്ത്രചിന്തയിൽ കണ്ണുനട്ടായിരുന്നു പാസ്റ്റർനാക്കിന്റെ രചന. നിൽക്കാനുള്ള ഇടം സർഗ്ഗലോകത്തു കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എഴുത്തുകാരുടെ കൃതികളിൽ സെൻസറിംഗ് നടക്കുന്ന കാലമായിരുന്നു അത്. സ്വപ്നം കാണാൻപോലും സ്വാതന്ത്ര്യമില്ലാതിരുന്ന കാലം.

ഒന്നാംലോകമഹായുദ്ധം, കമ്മ്യൂണിസ്റ്റ് റഷ്യയുടെ അകത്തളങ്ങളിലെ സ്വാതന്ത്ര്യമില്ലായ്മ, അശാന്തമായ ജീവിതാന്തരീക്ഷം, തെരുവിൽ എവിടെയും യുദ്ധം എന്നിങ്ങനെ ജീവിതം ദുസ്സഹമായിരുന്ന കാലമായിരുന്നു അത്. താത്ക്കാലിക ഗവൺമെന്റിനുവേണ്ടി കേഡറ്റുകൾ പട്ടാളത്തിലെ ഭടന്മാർക്കായി പടപൊരുതുന്നു. ബോൾഷേവിക്കുകളുടെ പക്ഷത്താണ് ഭടന്മാർ. നോവലിൽ ഒരിടത്തു പറയുന്നുണ്ട്, ''വരൂ യൂറാ, കോട്ടെടുത്തിട്ടു പുറത്തേക്കു വരൂ. നീ അതൊന്ന് കാണേണ്ടതാണ്. ഇത് ചരിത്രമാണ്. ജീവിതകാലത്ത് ഒരിക്കലേ ഇങ്ങനെയുള്ള സംഭവങ്ങൾ കാണാൻ പറ്റൂ''. ഡോ. ഷിവാഗോയ്ക്ക് അതിലൊന്നും താല്പര്യമില്ലെങ്കിലും പുറംലോകം കലങ്ങിമറിഞ്ഞ് ചരിത്രം കുറിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് നോവലിസ്റ്റ് ലേഖപ്പെടുത്തുന്നുണ്ട്.

ആ ചരിത്രമുഹൂർത്തത്തിലും പ്രകൃതിയുടെ സ്പന്ദനം ഒപ്പിയെടുക്കാൻ കവിയായ നോവലിസ്റ്റിന് കഴിയുന്നു.

''ആ മുഹൂർത്തത്തിൽ നിഴൽവീശിക്കൊണ്ട് ശബ്ദമുണ്ടാക്കുന്ന മരച്ചില്ലകൾ പറയുന്നതെന്താണെന്ന് യൂറി ഭാവന ചെയ്യും. അവ ശിരസ്സുകൾ ഒന്നിച്ചു ചേർത്ത് പരസ്പരം മന്ത്രിക്കുന്നതെന്താണെന്ന് അദ്ദേഹത്തിനു മനസ്സിലായി''. ഡോ. ഷിവാഗോയുടെ ഈ തോന്നലുകൾ അസ്വാസ്ഥ്യത്തിന്റേതാണ്. ഇലകൾ തമ്മിൽ മന്ത്രിക്കുന്നത് റഷ്യയിൽ വലുതായിവരുന്ന അസ്വസ്ഥതയുടെയും ഉത്കണ്ഠയുടെയും വൃത്തങ്ങളെക്കുറിച്ചാണ്. വിപ്ലവത്തിന്റെ സദ്ഫലങ്ങളെപ്പറ്റിയുള്ള വാർത്തകൾ വരുമ്പോൾ അതിനെതിരാണ് ഡോ. ഷിവാഗോയുടെ ചിന്ത. പുറത്തുപറയാതെ മനസ്സിൽ അത്തരം ചിന്തകൾ സൂക്ഷിക്കുന്നു. സ്വന്തം ദർശനമാണ് പാസ്റ്റർനാക്ക് ഷിവാഗോയുടെ മനസ്സിൽ കയറ്റിവിടുന്നത്. പാസ്റ്റർനാക്കും ഷിവാഗോയും ഇത്തരം മുഹൂർത്തങ്ങളിൽ ഒന്നായിത്തിരുന്നു. നോവലിസ്റ്റായ കവിയിൽനിന്ന് കഥാപാത്രമായ കവിയിലേക്കുള്ള പകർന്നാട്ടമാണിത്.

പുതിയ റഷ്യയിൽ പാസ്റ്റർനാക്കിന് ഉയർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ മുഖമാണ്. യാതനകളുടെ അധ്യായത്തിൽനിന്ന് സത്യദർശനം നടത്തിയ കവിയായതാണ് അതിനു കാരണം. നോവൽ രചനയിലൂടെ യാഥാർത്ഥ്യത്തെ പുറംലോകത്ത് അറിയിക്കുകയായിരുന്നു. നിർബന്ധമായ യുദ്ധസേവനത്തിനു പോകാൻ തയ്യാറാവാത്ത ഷിവാഗോയുടെ വാക്കുകൾ നോക്കുക, ''എന്തൊരു ശല്യമാണിതെന്നു നോക്കണം. അവർ പിന്നെയും വന്നു. നിങ്ങളെ സംബന്ധിച്ച അന്വേഷണം നടത്തുകയാണ്. ഇനിയും അവരെ തടയാൻ എന്നെക്കൊണ്ട് പറ്റുകയില്ല. യുദ്ധസേവനത്തിന് ഡോക്ടർമാർ തീരെ കുറവാണത്രെ. ഏറെത്താമസിയാതെതന്നെ വെടിമരുന്നിന്റെ മണം നിങ്ങൾക്കും ഏൽക്കേണ്ടി വരുമെന്ന് തോന്നുന്നു''.

ഷിവാഗോയുടെ ആദ്യകാലത്തെ വിപ്ലവവിരുദ്ധജീവിതത്തിനു വലിയ വിലകൊടുക്കേണ്ടിവന്നു. ഒളിച്ചോടി ലാറയ്ക്കൊപ്പമെത്തുന്നതിനു മുമ്പുള്ള ജീവിതമായിരുന്നു അത്. രണ്ട് വർഷമാണ് യൂറിഷിവാഗോയെ ഭരണകൂടം തടവിലാക്കിയത്. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പരിധി വേണ്ടവണ്ണം നിർവ്വചിക്കപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ ബന്ധനസ്ഥലത്തിനു ഭിത്തികളില്ലായിരുന്നു. പട്ടാളക്കാരുമില്ലായിരുന്നു. അദ്ദേഹത്തിന്റെ നീക്കങ്ങളെ ആരും ശ്രദ്ധിച്ചിരുന്നില്ല.

കാലത്തിന്റെ നേര്ക്കാഴ്ചകള്

അദൃശ്യവും അസ്പൃശ്യവുമായ പാരതന്ത്ര്യം അധ്യായം 11 മുതൽക്കാണ് ആരംഭിക്കുന്നത്. നോവലിന്റെ ഉത്തരാർദ്ധം മുതൽ ഭീതിജനകമായ അവസ്ഥയാണ്. യുദ്ധകലുഷിതമായ രാത്രികളിൽ തുടർച്ചയായ അട്ടഹാസങ്ങളും വെടിയൊച്ചകളും ഓടുന്ന കാലടിയൊച്ചകളും കേട്ടുകൊണ്ടിരുന്നു. ഗ്രാമത്തിന്റെ മുകളിൽ ബീഭത്സമായ ഒരു തിളക്കം ദൃശ്യമായി. ജാലകത്തിലൂടെ നിഴലുകൾ ഓടിപ്പോയി. ജർമ്മൻകാർ പ്രതിരോധം ഭേദിച്ച് അകത്തു കടന്നിരിക്കുന്നു. അദ്ദേഹം ഉടനെ ആശുപത്രിയിലേക്കോടി. ഡോ. ഷിവാഗോയുടെ കർമ്മനിരതമായ പ്രവർത്തനങ്ങളുടെ വിവരണമാണിത്. അയാളുടെ സ്വാതന്ത്ര്യമില്ലായ്മ ഡോക്ടറുടെ കടമകളിൽനിന്ന് മാറ്റിനിർത്തുന്നില്ല.

ഡോക്ടർ ഷിവാഗോ എഴുത്തുകാരന്റെ ദർശനങ്ങളുടെ തുറന്നെഴുത്താണ്. ഭാര്യ ടോണിയയ്ക്ക് ഒരു കത്തിൽ ഷിവാഗോ എഴുതുന്നു, ''നിനക്കു വേണ്ടിയല്ലായിരുന്നുവെങ്കിൽ, നിന്നെയും നമ്മുടെ വീടിനെയും പറ്റിയുള്ള നിരന്തരമായ ചിന്തകൾ ഇല്ലായിരുന്നുവെങ്കിൽ, ഭീകരങ്ങളായ രണ്ടു കൊല്ലങ്ങളെ ഞാൻ അതിജീവിക്കുമായിരുന്നോ''. മനുഷ്യജീവിതത്തിന്റെ സൂക്ഷ്മബോധത്തിലേക്ക് പതിഞ്ഞിറങ്ങാൻ പാസ്റ്റർനാക്ക് എന്ന എഴുത്തുകാരന് കഴിയുന്നുണ്ട്. ബന്ധങ്ങളുടെ വിലോലതയും മനുഷ്യസ്പർശത്തിന്റെ മഹനീയതയും നോവലിൽ തൊട്ടുനോക്കാൻ പ്രായത്തിൽ തുടിച്ചു നിൽക്കുന്നതിനാലാണ് ഡോക്ടർ ഷിവാഗോ എന്ന നോവൽ ലോകപ്രശസ്തമായത്. നോവലിലെ ജീവിതമുഹൂർത്തങ്ങളിൽ തങ്ങിനിൽക്കുന്ന കാവ്യകല്പനകൾക്ക് മിസ്റ്റിക് ഛായയും കാല്പനിക സൗന്ദര്യവും മിഴിവേകുന്നു. ആന്തരിക-ബാഹ്യശില്പങ്ങളിൽ ഈ നോവൽ വ്യവസ്ഥാപിത നോവൽ സങ്കല്പങ്ങൾക്കകത്തു നിന്നുകൊണ്ടാണ് കലാപം കൂട്ടുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിൽ കാരമസോവ് സഹോദരന്മാർ പ്രസിദ്ധപ്പെടുത്തിയശേഷം റഷ്യയിൽനിന്ന് പുറത്തുവരുന്ന മഹത്തായ സാഹിത്യകൃതി ഡോക്ടർ ഷിവാഗോ ആണെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു. ടോൾസ്റ്റോയ്, ഡോസ്റ്റോവ്സ്കി, ചെക്കോവ്, പുഷ്കിൻ എന്നിവരുടെ ശ്രേണിയിലേക്ക് പാസ്റ്റർനാക്കും അവരോധിതനാകുന്നത് മരണാനന്തരമാണ്. കൃതിയുടെ മഹത്വം തിരിച്ചറിയാൻ അത്രകാലം വേണ്ടിവന്നു.

നോവലിന്റെ 16-ാം അധ്യായം പരിശേഷമാണ്. 19-ാം നൂറ്റാണ്ടിലെ റഷ്യൻ നോവലുകളിൽ കഥ അവസാനിച്ചശേഷവും കഥാപാത്രങ്ങൾക്ക് എന്തു സംഭവിച്ചുവെന്ന് ആഖ്യാനം ചെയ്യുക പതിവുണ്ട്. ഡോ. ഷിവാഗോയിൽ 1943-ലെ ഗ്രീഷ്മകാലമാണ് ആഖ്യാനം ചെയ്യുന്നത്. യുദ്ധാനന്തരം മേജർ ദ്യുദോറോയും ലെഫ്റ്റനന്റായി ഉദ്യോഗക്കയറ്റം കിട്ടിയ ഗോർഡനും പിരിഞ്ഞുപോകുന്നു. 10 വർഷം കഴിഞ്ഞ് വീണ്ടും അവർ കണ്ടുമുട്ടുന്നു. മോസ്കോ നഗരത്തിലെ ഒരു മാളിക മുകളിൽ അവർ ഒന്നിച്ചു കൂട്ടുന്നു. അവർ ഡോ. ഷിവാഗോയുടെ കൃതിയാണ് വായിക്കുന്നത്. യുദ്ധാനന്തരം സ്വാതന്ത്ര്യവും സമാധാനവും ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ പ്രതീക്ഷ ഫലവത്തായില്ല. എന്നിരിക്കിലും സ്വാതന്ത്ര്യത്തിന്റെ ലക്ഷണങ്ങൾ അന്തരീക്ഷത്തിലെങ്ങും നിറഞ്ഞിരിക്കുന്നു. ആ ശുഭസൂചനകൾക്കു മാത്രമേ യുദ്ധവിജയത്തിന്റെ ചരിത്രപ്രാധാന്യത്തെ നിർവ്വചിക്കാനാവൂ.

വാർദ്ധക്യത്തിൽ കാലുകുത്തിയ ആ ചങ്ങാതിമാർ അപ്രകാരമാണ് ചിന്തിക്കുന്നത്. ആത്മീയസ്വാതന്ത്ര്യം വന്നു കഴിഞ്ഞു എന്നവർ വിശ്വസിക്കുന്നു. നോവലിന്റെ ഒടുവിൽ പാസ്റ്റർനാക്ക് പ്രഖ്യാപിച്ചതും അധികാരികളെ ചൊടിപ്പിച്ചതും അതാണ്. ഡോക്ടർ ഷിമാഗോയുടെ കൃതി നിവർത്തി വായിക്കുന്ന സൈനികരുടെ വാർദ്ധക്യം. ശാന്തിയും സ്വഛതയും കൊണ്ട് അവരുടെ ഹൃദയങ്ങൾ സാന്ദ്രമായി. മുമ്പെങ്ങും കേട്ടിട്ടില്ലാത്ത ഒരു സംഗീതത്തിന്റെ പരമാനന്ദാനുഭൂതി അവരെ വലയം ചെയ്യുന്നതായി അവർക്കനുഭവപ്പെട്ടു. ഷിവാഗോയുടെ എഴുത്തിന്റെ ശക്തിയാണ് ഈ അനുഭവം അവർക്ക് പ്രദാനം ചെയ്യുന്നത്.

നോവലിന്റെ അവസാനം യൂറി ഷിവാഗോയുടെ മരണമാണ് അതിന്റെ കാരണമാകുന്നത് ഷിവാഗോ ട്രാമിൽ യാത്ര ചെയ്യുമ്പോൾ അവിചാരിതമായി ഒരു വൃദ്ധയെ കാണുന്നതാണ്. ഡെയ്സി പുഷ്പങ്ങളുടെയും പിച്ചകപ്പൂക്കളുടെയും ചിത്രമുള്ള ഒരു പായ്ത്തൊപ്പിയും ഇളം ചെമപ്പു നിറത്തിൽ പഴയ രീതിയിലുള്ള വസ്ത്രങ്ങളും ധരിച്ച ഒരു വൃദ്ധ നടപ്പാതയിൽക്കൂടി നടക്കുന്നു. നടക്കുമ്പോൾ അവർക്ക് ശ്വാസംമുട്ടുന്നുണ്ട്. അയാൾക്ക് മനസ്സിലായി അത് ലാറയാണെന്ന്.

ഷിവാഗോ ട്രാമിൽനിന്ന് ഇറങ്ങിയോടുന്നു. ആളുകളെ ഉന്തിത്തള്ളി റോഡിലിറങ്ങി രണ്ട് മൂന്നടി നടന്നതേയുള്ളൂ, ഒരു ചരൽക്കൂമ്പാരത്തിൽ വീണു. പിന്നീട് എഴുന്നേറ്റില്ല. ഷിവാഗോയുടെ മൃതദേഹത്തിനരികിൽ നിൽക്കുന്ന ലാറയെ നോവലിസ്റ്റ് ആഖ്യാനം ചെയ്യുന്നതിലെ ചാരുത അവരുടെ അടുപ്പത്തെ ഹൃദയഹാരിയായി വരച്ചിടുന്നു. അവൾ ഒന്നും ചിന്തിച്ചിരുന്നില്ല. ഒട്ടും കരഞ്ഞുമില്ല. ആ ശവപ്പെട്ടിയുടെയും പൂക്കളുടെയും മൃതദേഹത്തിന്റെയും മുന്നിൽ അവയെ താൻ മുഴുവനായി തന്റെ ശിരസ്സുകൊണ്ടും തന്റെ മാറിടങ്ങൾകൊണ്ടും തന്റെ ഹൃദയം കൊണ്ടും ഹൃദയംപോലെ ശക്തമായ കൈകൾകൊണ്ടും സംരക്ഷിക്കുവാനെന്നോണം അവൾ കുമ്പിട്ടു.

ലാറയുടെ മാനസികാവസ്ഥ വ്യഞ്ജിപ്പിക്കാൻ ദീർഘമായ കല്പനകളാണ് നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നത്. കാവ്യാത്മകത തുളുമ്പുന്ന ബിംബങ്ങൾകൊണ്ട് ഈ സന്ദർഭം സമൃദ്ധമാണ്. ''എന്റെ ചുറുചുറുക്കുള്ള കൊച്ചരുവീ....ഈ മനോജ്ഞമായ ഒഴുക്കിനെ ഞാനെത്ര മാത്രം സ്നേഹിച്ചിരുന്നുവെന്നോ. ഞാനെന്തുമാത്രം ആശിച്ചിരുന്നു ആ തണുപ്പുള്ള ഓളങ്ങളിൽ നീന്തിത്തുടിക്കുവാൻ. അങ്ങേയ്ക്ക് ഞാൻ യാത്രാമംഗളം നേരട്ടെ''. മരണശേഷമുള്ള ഈ യാത്രാമംഗളം ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ ഷിവാഗോ ലാറയ്ക്കു നൽകിയതാണ്, കൊമരോവ്സ്കിയോടൊപ്പം രക്ഷപ്പെടാൻ ലാറയ്ക്കു വഴിയൊരുക്കി പിന്നാലെ വന്നുകൊള്ളാമെന്നു വാക്കു നൽകിയ വേളയിൽ. വിടവാങ്ങുന്ന മുഹൂർത്തത്തിൽ ഷിവാഗോ പറയുന്നു, ''എന്റെ ജീവന്റെ പ്രകാശമേ, എന്നെന്നേയ്ക്കുമായി അണഞ്ഞുപോകുന്ന ദീപമേ, നിനക്ക് യാത്രാവന്ദനം''.


ആ യാത്ര പറയലിനുശേഷം ഷിവാഗോ ലാറയെ കണ്ടിട്ടില്ല. വർഷങ്ങൾക്കുശേഷമാണ് ട്രാമിൽ സഞ്ചരിക്കുമ്പോൾ കാണുന്നതും മരണത്തിൽ വിലയിക്കുന്നതും. ''അങ്ങനെ ഒടുവിൽ നാം വീണ്ടും ഒന്നിച്ചല്ലോ യൂറോച്കോ. ദൈവം എത്ര ഭയങ്കരമായ രീതിയിലാണ് നമ്മളെ ഒന്നിപ്പിച്ചത്'', എന്ന ലാറയുടെ വാക്കുകൾ മരണത്തെ കീഴടക്കുന്ന പ്രണയശക്തിയിൽനിന്ന് പുറത്തുവരുന്നതാണ്. ജീവിതാന്ത്യത്തിലാണെങ്കിലും ദീർഘകാലശേഷം മുഖാമുഖം കണ്ട പ്രണയികളുടെ മനസ്സിന്റെ വ്യാകുലതകളാണ് സമൂഹമനസ്സിനുമേൽ നോവലിസ്റ്റ് ഉയർത്തിക്കാട്ടുന്നത്.

ഷിവാഗോയുടെ മരണശേഷം കാമേർഗർ തെരുവിൽ ലാറ കുറേനാൾ താമസിച്ചു. ഷിവാഗോയുടെ കടലാസുകൾ അവളുടെ സഹായത്തോടെയാണ് സഹോദരൻ യെവ്ഗ്രാഫ് സമാഹരിച്ചതെങ്കിലും അതു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഒരു ദിവസം ലാറ പുറത്തുപോയിട്ട് വന്നില്ല. അക്കാലങ്ങളിൽ സംഭവിക്കാറുള്ളതുപോലെ തെരുവിൽവച്ച് അവൾ അറസ്റ്റു ചെയ്യപ്പെടുകയോ പിന്നീട് സ്ത്രീകളുടെയോ സ്ത്രീകളും പുരുഷന്മാരുമടങ്ങിയതോ ആയ ഏതോ തടങ്കൽ ക്യാമ്പുകളിലൊന്നിൽ എറിയപ്പെടുകയോ ചെയ്തിരിക്കാം. അവിടെക്കിടന്ന് അവൾ മരണമടയുകയോ അപ്രത്യക്ഷയാവുകയോ ചെയ്തിരിക്കാമെന്ന് നോവലിന്റെ ഒടുവിൽ പാസ്റ്റർനാക്ക് കുറിക്കുന്നു.

അസാധാരണമായ ഒരു പ്രണയബന്ധമായിരുന്നു അവരുടേത്. ലാറയുടെ ഭർത്താവ് പാഷ സൈനികനായ സ്റ്റെൽനിക്കോവായി മടങ്ങിയെത്തി. പിന്നീട് ആത്മഹത്യ ചെയ്യുകയാണ്.

രാഷ്ട്രീയ നിലപാടുകള് പ്രതിഫലിക്കുമ്പോള്

മരണത്തെപ്പോലും കാവ്യാത്മകമാക്കുന്ന ആഖ്യാനരീതിയാണ് നോവലിസ്റ്റിന്റേത്. ഡോക്ടർ ഷിവാഗോയിലെ ഓരോ ഖണ്ഡവും വികാരവായ്പിൽ തുടിക്കുന്നതല്ല. കാരുണ്യത്തിന്റെ വാക്കുകളും സാന്ത്വനത്തിന്റെ ഭാഷ്യങ്ങളുമില്ല. സൂക്ഷ്മബോധത്തിലേക്ക് പതിഞ്ഞിറങ്ങുന്ന ദൃശ്യാനുഭവ ചിത്രണമാണ്. കഥാപാത്രങ്ങളാകട്ടെ, ആശയങ്ങളെ ഇരുമ്പുലക്കയാക്കി ജീവിക്കുന്നവരല്ല. സാഹചര്യങ്ങൾക്കൊത്ത് മാറുന്നവരാണ്. ഏറ്റവും നല്ല ഉദാഹരണം സ്റ്റെൽ നിക്കോവിന്റെ ഭൂതകാലം തന്നെ. വിപ്ലവകാരിയായിരുന്നിട്ട് പിന്നീട്ട് അധികാരത്തിന്റെ പിണിയാളാവുന്ന കഥാപാത്രം. ഓരോരുത്തർക്കും ഓരോ കർമ്മമാർഗ്ഗമുണ്ട്. ഷിവാഗോ സ്വീകരിക്കുന്നത് എഴുത്തിന്റെ വഴിയാണ്. ജോലിയിൽ മടുപ്പുതോന്നി അതുവിട്ട് മുഴുവൻ സമയ എഴുത്തുകാരനായി അയാൾ മാറുന്നു. വ്യവസ്ഥയ്ക്കെതിരെയോ അനുകൂലമായോ അല്ല അയാൾ എഴുതുന്നത്. മനസ്സിന്റെ ശാന്തിയും പ്രണയവുമാണ് വിഷയം. അത്തരം പ്രമേയങ്ങളിലൂടെ വ്യക്തിക്ക് സ്വപ്നം കാണാൻ ഒരിടം അന്ന് റഷ്യയിലുണ്ടായിരുന്നില്ല. എന്നിട്ടും യാതനയുടെ, നിരോധനങ്ങളുടെ നാൾവഴികളിലൂടെ എഴുതിക്കയറുകയായിരുന്നു പാസ്റ്റർനാക്ക്. വിട്ടുവീഴ്ചകൾക്കും സമരസപ്പെടുത്തലുകൾക്കും വഴിപ്പെടാതെ സ്വന്തം സർഗ്ഗവീര്യം എഴുത്തിലേക്ക് പ്രസരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഭരണകൂടഭീകരതയെ തൃണ വൽഗണിച്ചുകൊണ്ട് സൂക്ഷ്മബോധത്തിലൂടെ യാഥാർത്ഥ്യങ്ങളെ ആവിഷ്ക്കരിക്കുന്ന എഴുത്തുകാർ ചരിത്രത്തിലേക്ക് ഒരു നാൾ ആനയിക്കപ്പെടും എന്ന സത്യമാണ് പാസ്റ്റർനാക്കും അദ്ദേഹത്തിന്റെ ഡോക്ടർ ഷിവാഗോയും പിൽക്കാലത്തു നേടിയ അംഗീകാരം സൂചിപ്പിക്കുന്നത്. ജീവിതകാലം മുഴുവൻ സ്വാതന്ത്ര്യത്തിനും ആത്മസാക്ഷാത്കാരത്തിനുംവേണ്ടി കവിതകൾ എഴുതുകയും പുറംലോകമറിയാതെ സൂക്ഷിക്കുകയും ചെയ്ത പാസ്റ്റർനാക്കും അദ്ദേഹത്തിന്റെ സർഗ്ഗജീവിതവും ഒരുപോലെ യാതനകൾ അനുഭവിച്ചു. പുതിയ കാലം യാഥാർത്ഥ്യങ്ങളെ അനുഭവതീവ്രതയോടെ ഉൾക്കൊള്ളുമ്പോൾ തമസ്കരിച്ച കൃതികളിലെ മനുഷ്യസ്പർശമാണ് ഉണരുന്നത്. രാഷ്ട്രീയ കാലാവസ്ഥയിലും മനുഷ്യസ്പന്ദനങ്ങൾ ഉൾക്കൊള്ളുന്ന ആസ്വാദകലോകമാണ് വർത്തമാനകാലത്തുള്ളത്. അതുകൊണ്ടാണ് സാർവ്വലൗകികമായ സ്വാതന്ത്ര്യസങ്കല്പത്തെ ലോകം സ്വാഗതം ചെയ്യുന്നതും ഡോക്ടർ ഷിവാഗോ അനശ്വരമാകുന്നതും. (ചിത്രങ്ങള് : ഡോക്ടർ ഷിവാഗോ എന്ന നോവലിനെ ആസ്പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രങ്ങളില് നിന്ന്)കൂടുതൽ