തപാൽ


ജനങ്ങളുടെ വിധി!

ജ നവിധി 2019-രാഷ്ട്രീയ വിശകലന ലേഖനങ്ങൾ പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഏറെ ഉൾക്കാഴ്ച പകരാൻ സഹായകമായി. ഇന്ത്യൻ രാഷ്ട്രീയ പൊതുമണ്ഡലത്തിൽ എക്കാലത്തേക്കാളും വിഭാഗീയതാൽപ്പര്യങ്ങൾ മാത്രമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രമുഖ രാഷ്ട്രീയകക്ഷികൾ തന്നെ ഉയർത്തിക്കാട്ടുന്നത്. ഓരോ മണ്ഡലത്തിലെയും ജാതിസമവാക്യങ്ങളാണ് സ്ഥാനാർത്ഥി നിർണ്ണയത്തിനു പിന്നിലെ ചേതോവികാരം. പണത്തിന്റെ കുത്തൊഴുക്കാണ് മറ്റൊരു പ്രധാന കാര്യം. കൈയിരുപ്പുപണവും വ്യവസായ കള്ളപ്പണലോബികളുടെ പിൻവാതിൽ സഹായവും ഒരു മുഖ്യധാര രാഷ്ട്രീയസ്ഥാനാർത്ഥിക്ക് മത്സരിക്കാൻ അവശ്യഘടകമായിരിക്കുന്നു. രാഷ്ട്രീയ-ഭരണകെടുകാര്യസ്ഥതയും നിയന്ത്രണവും ബിസിനസ്സ് ലോബികൾക്കുമാത്രമാകുന്നതിൽ പിന്നെ പഴിച്ചിട്ടെന്ത്? സംഘടിതരാഷ്ട്രീയ ബലമോ പണാധിപത്യമോ ഏതുമില്ലാത്ത കർഷകനും ചെറുകിട സംരഭകർക്കുവേണ്ടി ഇന്ത്യൻ ഭരണകൂടം ശബ്ദമുയർത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്തതിൽ പിന്നെയെന്തു കാര്യം?

രാജ്യസുരക്ഷ തന്നെയും അധികാര രാഷ്ട്രീയപ്രചരണത്തിനുപയോഗിക്കുന്ന നടപടിക്കെതിരെ ഇലക്ഷൻ കമ്മീഷൻ ഫലപ്രദമായി ഇടപെട്ടുകണ്ടില്ല. വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നിരന്തരം പ്രഘോഷണം നടത്തുന്നതിനൊപ്പം ഏറ്റവും മുതിർന്ന പൗരന്മാർക്കും അവശരായ ശയ്യാവലംബർക്കും വേണ്ടി അവരുടെയടുത്തേക്ക് വോട്ടിംഗ്മെഷീൻ എത്തിക്കാനും കഴിയേണ്ടിയിരിക്കുന്നു. സാങ്കേതിക സൗകര്യങ്ങൾ ഇത്രയും വികസിതമായ അവസരത്തിൽ ഓരോ വോട്ടും ചെയ്യാൻ നേരിട്ട് സംവിധാനമൊരുക്കുകയാണ് വേണ്ടത്.

-രാജേന്ദ്രൻ വയല, അടൂർ.
പൊതു തിരഞ്ഞെടുപ്പിലെ മിന്നലാക്രമണങ്ങൾ

പൊതു തിരഞ്ഞെടുപ്പിലെ മിന്നലാക്രമണങ്ങൾ എന്ന പേരിൽ പ്രസിദ്ധീകരിച്ച അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ ലേഖനം വളരെ പഠനാർഹമായ കാഴ്ചപാടിലേക്കാണ് വായനക്കാരെ എത്തിക്കുന്നത്. അധികാരത്തിന്റെ ഇടനാഴികളിൽ നടക്കുന്ന രാഷ്ട്രീയ ഉപജാപങ്ങളിലേക്കും അതിലുപരി ഫാസിസത്തിന്റെ കടന്ന് വരവിലേക്കും നമ്മെ കൊണ്ടു പോകുന്ന ഉൾകാഴ്ച നൽക്കുന്ന ലേഖനമായിരുന്നു അത്.

വൈവിധ്യമാർന്ന നമ്മുടെ രാജ്യം എങ്ങനെ അധികാര ദല്ലാളന്മാരുടെ പിടിയിൽ അമരുന്നു എന്നതിന്റെ നേർ ചിത്രം കൂടിയാണ് ഈ ലേഖനം. അധികാരത്തിന്റെ പാർശ്വവര്ത്തികൾ എങ്ങനെ ജനകീയ അധികാരത്തെ തങ്ങൾക്ക് അനുകൂലമാക്കി തീർക്കുന്നു എന്നതിന്റെ കഥ കൂടിയാണിത്. ഇത്തരം അന്തർനാടകങ്ങൾ തിരിച്ചറിയാതെ രാഷ്ട്രീയ പാർട്ടികൾ നയിക്കുന്ന വഴിയേ ഒന്നുമറിയാതെ പായുന്ന വിഢികൾ ആയി മാറുകയാണ് നാം ഓരോരുത്തരും എന്നതാണ് ഇന്നത്തെ ദുരവസ്ഥ:

-ആർ. സുകുമാരൻനായർ തിരുവനന്തപുരം
ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ

ഇന്ത്യൻ ജനാധിപത്യം ഇന്ന് കടുത്ത വെല്ലുവിളികൾ നേരിട്ടു കൊണ്ടാണ് മുന്നോട്ട് പോകുന്നത്. പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ യോഗേന്ദ്ര യാദവ് ചൂണ്ടി കാട്ടിയ പോലെ നാട്ടിൽ ഇന്ന് നിലനിൽക്കുന്നത് ബോൺസായ് ജനാധിപത്യമാണ്. കാഴ്ചയിൽ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾ എല്ലാം ഉണ്ടെന്ന് തോന്നുമെങ്കിലും അവയെല്ലാം പ്രവർത്തിക്കുന്നത് ഒരു ഏകാധിപതിക്കു വേണ്ടി മാത്രമായിരിക്കും.

നമ്മുടെ ജുഡീഷ്യറിയും, മാധ്യമങ്ങളും രാഷ്ട്രീയ അധികാരത്തിന്റെ പിൻപറ്റുകാരായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഇന്ന് നാളുകൾ ഏറെയായി. ഫാസിസത്തിന്റെ അടയാളങ്ങളെ തൂത്തെറിയാൻ ശേഷിയുള്ള ഇന്ത്യൻ ജനത ഇക്കുറി അത് ലോക ജനതയ്ക്ക് മുന്നിൽ അവതരിപ്പിക്കും എന്ന പ്രതീക്ഷ ഏറെയാണ്. യുദ്ധഭീതിയുടെയും, വർഗ്ഗീയവൽക്കരണത്തിന്റെയും ഇടയിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപേകേണ്ട ഒരു സാധാരണ ഇന്ത്യക്കാരൻ ഈ തിരഞ്ഞെടുപ്പിനെ നോക്കുന്നത് ഒരു രക്ഷാകവചമായിട്ടാണ്. ഫാസിസം മുന്നോട്ട് വെയ്ക്കുന്ന ഭീഷണിയെ രാഷ്ട്രീയമായി നേരിടാൻ ശക്തിയുള്ള ഒരു രാഷ്ട്രീയ നിര ഇന്ന് ഇന്ത്യയിൽ നിലവില്ലായെന്നതാണ് ഫാസിസ്റ്റ് ശക്തികൾക്ക് സന്തോഷം പകരുന്നത്. ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചില്ലെങ്കിൽ ഇന്ത്യൻ ജനാധിപത്യം തന്നെ മറ്റൊരു ദിശയിലേക്ക് മാറി പോയേക്കാം.

-അശോക് കുമാർ, കോഴിക്കോട്

ഇടതുപക്ഷത്തിന്റെ പ്രസക്തി

ജനപിന്തുണ നഷ്ടപ്പെടുന്ന ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ തങ്ങളുടെ തിരിച്ചുവരവിനായി തയ്യാറെടുക്കേണ്ട കാലമാണ് ഈ തിരഞ്ഞെടുപ്പ് വേളയിൽ വെളിവാകുന്നത്. ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികളുടെ നിലനിൽപ്പ് തന്നെ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇന്ന് കേവലം ഒരു സംസ്ഥാനത്ത് മാത്രമാണ് സ്വാധീനം ചെലുത്താൻ കഴിയുന്നത്. ഫാസിസം അതിന്റെ പൂർണ്ണരൂപത്തിൽ രാജ്യത്ത് വികസിച്ച് കൊണ്ടിരിക്കുമ്പോൾ ആ രാജ്യത്തെ ഇടതുപക്ഷ കക്ഷികൾ അപ്രസക്തമാകുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ജനങ്ങളിൽ നിന്ന് അകന്ന് അധികാര കേന്ദ്രീകൃതമായി മാത്രം പ്രവർത്തിച്ച് മുന്നോട്ട് പോവുകയാണ്.രാജ്യത്തെ ഫാസിസ്റ്റ് ശക്തികളെ ചെറുക്കാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കോ, ഇടതുപക്ഷ കക്ഷികൾക്കോ സാധിക്കുന്നില്ല എന്നത് കേവലം ഇടതുപാർട്ടികളുടെ പതനത്തെയാണ് കാണിക്കുന്നത്. ഒരു കാലത്ത് ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ നിന്ന് ഇന്ന് ദേശീയ പാർട്ടിയെന്ന അംഗീകാര നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ നിലയിലേക്ക് കാര്യങ്ങൾ മാറി പോയിരിക്കുന്നു. രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപെടുന്ന ഈ വേളയിൽ ഇടതുപക്ഷ കക്ഷികൾക്ക് പ്രസക്തി നഷ്ടപെടുന്നുയെന്നത് എന്ത് കൊണ്ടെന്ന് പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്.

-ജോൺ ഫർണാണ്ടസ്, കോട്ടയം
ഭരണകൂട ഭീകരത

മാവോയിസ്റ്റ് എന്ന പേരിൽ കേരളത്തിൽ കൊല്ലപെടുന്ന മൂന്നാമത്തെ വ്യക്തിയാണ് സി.പി.ജലീൽ. എന്നാൽ കേരളത്തിൽ മാവോയിസ്റ്റുകൾ ആക്രമിച്ച് ആരെയെങ്കിലും കൊലപ്പെടുത്തിയതായി നാളിതുവരെ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല അതു കൊണ്ട് തന്നെ ഈ മാവോയിസ്റ്റ് വേട്ടക്ക് പിന്നിലെ യാഥാർത്ഥ്യം എന്താണ്? ഒരു റിസോർട്ടിൽ ചെന്ന് അമ്പതിനായിരം രൂപ സംഭാവനയും, കുറച്ച് ഭക്ഷണവും ആവശ്യപെട്ടാൽ അവരെ വെടിവെച്ച് കൊല്ലുമോ? അങ്ങനെയാണെങ്കിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടി നേതാക്കളെ എന്ത് ചെയ്യേണ്ടി വരും.

കേരളത്തിൽ കമ്മ്യൂണിസ്റ്റുകൾ എന്ന് അവകാശപെടുന്നവർ ഭരണനേതൃത്വത്തിൽ ഇരിക്കുമ്പോഴാണ് ഈ ഭരണകൂട കൊലപാതങ്ങൾ അരങ്ങ് തകർക്കുന്നത്. എല്ലാ മനുഷ്യാവകാശ ങ്ങളും ലംഘിക്കപെടുമ്പോഴും അതൊന്നും ചോദ്യം ചെയ്യപ്പെടാതെ പോകുന്ന ഈ ഭരണകൂട ഭീകരതയ്ക്ക് എതിരെ പ്രതികരിക്കേണ്ട സമയമാണിത്. കടന്ന് വരുന്ന ഫാസിസവും, ഇവിടെ നിലനിൽക്കുന്ന ഭീകരതയും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ മാത്രമാണ്. ആരെയും ആർക്കും ഭീകരവാദിയെന്ന് പറഞ്ഞ് ജയിലടയ്ക്കാവുന്ന സ്ഥിതി, ഇടതു പക്ഷത്തിന് സ്ഥാധീനമുള്ള ഒരു പ്രദേശത്ത് ഇങ്ങനെ നിലനിൽക്കുന്നത് അഭികാമ്യമല്ല.

-അരവിന്ദ് മണി, കണ്ണൂർ

അന്ധനായ മാർക്സ്

രാമചന്ദ്രൻ തുടരുന്ന അന്ധനായ മാർക്സ് പരമ്പര അർത്ഥശൂന്യമായ ഒരു സംഘപരിവാർ വിലയിരുത്തൽ മാത്രമാണ്. കാൾ മാർക്സിന്റെ നിലപാടുകൾ,വിലയിരുത്തലുകൾ, കണ്ടെത്തലുകൾ അത് കാലഘട്ടത്തിനെയും നിലവിലെ സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുമാണ്. മാർക്സിന്റെ കണ്ടെത്തലുകൾ തെറ്റായിരുന്നു എന്ന് സമര്ത്ഥിക്കാൻ സംഘപരിവാർ ബുദ്ധികേന്ദ്രങ്ങൾ ആശ്രയിക്കുന്ന മാർഗങ്ങളാണ് രാമചന്ദ്രനും പിൻതുടരുന്നത്. ഇന്ത്യൻ സമൂഹത്തെപറ്റി മാർക്സിനുണ്ടായിരുന്ന നിലപാടുകൾ ഹിന്ദു വിരുദ്ധമാണെന്ന കാഴ്ചപാടിൽ നിന്നാണ് ഇത്തരത്തിലുള്ള വിശകലനങ്ങൾ ഉണ്ടാകുന്നത് അതാകട്ടെ അബദ്ധജടിലവും.

-അനുരൂപ് കേശവൻ, തൃശൂർ.
കാറ്റുവിതച്ചവർ

ലോക ക്ലാസിക്കുകളെ പരിചയപ്പെടുത്തുന്ന അതിലെ തന്നെ ജീവിതത്തെയും പ്രണയത്തെയും അടയാളപ്പെടുത്തുന്ന ഡോ. ആർ.ബി ശ്രീകലയുടെ കാറ്റുവിതച്ച വർ നവ്യമായ വായനാനുഭവം നൽകുന്നു. ജീവിതത്തെ നമുക്ക് മുന്നിൽ വരച്ച് കാട്ടുന്ന ഈ കൃതികളിലൂടെ സഞ്ചരിക്കുമ്പോൾ മനുഷ്യമനസ്സിന്റെ ആഴവും പരപ്പും നമുക്ക് കൂടുതൽ കൂടുതൽ കാട്ടി തരുന്നു. മനുഷ്യൻ ഈ ഭൂഗോളത്തിൽ എവിടെയും അനുഭവിക്കുന്ന വ്യഥ ഒരുപോലെയെന്ന് നാം തിരിച്ചറിയുന്നു. ജീവിതമെന്ന ചെറുവള്ളിയിൽ മനുഷ്യൻ കാട്ടുന്ന ഇന്ദ്രജാല മാണ് ലോക ക്ലാസിക്കുകളിലൂടെയുള്ള യാത്രയിൽ നമുക്ക് ലഭ്യമാവുക.

-കെ. കാർത്തിക, ഇടുക്കി.
മായികൗഷധം

അടിയറ്റം തെളിഞ്ഞ് കാണാവുന്ന ജലാശയം പോലെ മനോഹ രവും കരുത്തുറ്റതുമായ ദര്‍ശന സുഖം പകര്‍ന്നുതരുന്ന ഒരു ചെറിയ നല്ല കവിതയാണ് 'മായികൗഷധം'. (ഏപ്രില്‍ ലക്കം 2019).

മരണമെന്ന സുന്ദര പദത്തില്‍ നിന്ന് മോചനം നേടാ നുള്ള മായികൗ ഷധം ആരും പകര്‍ന്ന് തരേണ്ടതില്ലെന്നും മനുഷ്യമനസ്സില്‍ ചിര ജീവിതം ജീവിക്കലാണ് മൃതസജ്ജീവനിയേക്കാള്‍ ഉത്തമമെന്നും ത്രികാല ജ്ഞാനിയായ കവി സമ്മതിക്കുന്നു. മിസ്റ്റിക്കല്‍ ചിന്തയുടെ ഒരു പ്രപഞ്ച സാരം ഈ കവിതയെ അദ്ധ്യാത്മികതയുടെ ദര്‍ശനമാക്കി മാറ്റുന്നു. മൃതസജ്ജീവനത്തെ കുറിച്ച് ആദ്യം സംസാരിച്ചത് മഹാനായ ശ്രീബുദ്ധനായിരുന്നു.

'എന്താണോ നന്മ, അതാണ് സൗന്ദര്യം'. ഈ കവിതയില്‍ മാറ്റുരയ്ക്കുന്നതും ഇതല്ലാതെ മറ്റൊന്നല്ല. പ്രപഞ്ചത്തിന്റെ മധ്യത്തില്‍ ചലന രഹിതമായി കിടക്കുന്ന ഭൂമിയടക്കമുള്ള മനുഷ്യജീവജാലകങ്ങളുടെ അടിസ്ഥാന സ്വഭാവം നശ്വരമാണെന്ന സത്യവും ഈ കവിത വെളിപ്പെടുത്തുന്നു.

-വി.കെ.എം. കുട്ടി, കോഴിക്കോട്


കൂടുതൽ