ഹിന്ദു: അർത്ഥവും അർത്ഥശാസ്ത്രവും - അഞ്ച്

രാമചന്ദ്രൻ


മാര്ക്സ് കാണാതെ പോയ ഇന്ത്യന് പൈതൃകത്തിന്റെ അന്തസത്തയെക്കുറിച്ച്

ബ്രാഹ്മണനെ ഒരു ഗ്രാമപുരോഹിതനായി മാത്രം പരിഗണിച്ച മാര്ക്സ്, മതത്തിന്റെ സ്വാധീനത്തെ ആഴത്തില് വിശകലന വിധേയമാക്കാന് തയ്യാറായില്ല

 പ്രാഗ് ഗ്രാമസമൂഹങ്ങളിൽ നിലനിന്ന ഒന്നാണ്, മാർക്സിനെ സംബന്ധിച്ചിടത്തോളം, ഹിന്ദുമതം. അതിനാൽ, അദ്ദേഹത്തിന് അതൊരു നാടൻ മതം മാത്രമാണ്. ഈ സമൂഹത്തിലെ ഒരു ചുമതലക്കാരൻ മാത്രമാണ്, ബ്രാഹ്മണൻ.

'ട്രിബ്യൂണി'ൽ 1853 ജൂൺ 25-ന് എഴുതിയ, 'ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം' എന്ന ലേഖനത്തിൽ, മാർക്സ് ഇന്ത്യൻ ഗ്രാമസമൂഹത്തിലെ ചുമതലക്കാരെപ്പറ്റി പറയുന്നു:

അതിർത്തി കാവലാൾ ഗ്രാമത്തിന് അതിരുകൾ നിശ്ചയിക്കുകയും, തർക്കങ്ങളിൽ ആവശ്യമായ തെളിവു നൽകുകയും ചെയ്യുന്നു. കുളങ്ങളുടെയും ജലാശയങ്ങളുടെയും മേൽനോട്ടക്കാരൻ കൃഷിക്ക് ജലം വിതരണം ചെയ്യുന്നു. ബ്രാഹ്മണൻ ഗ്രാമത്തിൽ ആരാധന നടത്തുന്നു. അധ്യാപകൻ കുട്ടികളെ വായിക്കാനും മണ്ണിൽ എഴുതാനും പഠിപ്പിക്കുന്നു. കലണ്ടർ ബ്രാഹ്മണൻ അഥവാ ജ്യോതിഷി തുടങ്ങിയവരും സേവകരും ഗ്രാമത്തിലെ പൊതുസംവിധാനം നിർണയിക്കുന്നു... അനാദികാലം മുതൽ, രാജ്യത്തെ ജനം ജീവിച്ചത്, ഈ ലളിതമായ മുനിസിപ്പൽ ഭരണകൂടരൂപത്തിനുള്ളിലാണ്.

കലണ്ടർ ബ്രാഹ്മണൻ എന്ന പ്രയോഗത്തിൽനിന്നു തന്നെ, ഏതോ വിവരംകെട്ട ഉറവിടത്തെയാണ് മാർക്സ് ആശ്രയിച്ചതെന്നു വ്യക്തം. ബ്രാഹ്മണനാകട്ടെ, ഗ്രാമപുരോഹിതൻമാത്രം. 'മനുസ്മൃതി' വായിച്ചിരുന്ന മാർക്സിന് ബ്രാഹ്മണനായ മനുവിനെ പ്രാചീന നിയമസംഹിതാകാരനായി അറിയാമായിരുന്നിട്ടും, രണ്ടിനെയും ബന്ധിപ്പിച്ചില്ല. സർ ചാൾസ് വുഡിനെ 'ആധുനികമനു' എന്നു വിശേഷിപ്പിച്ച മാർക്സ്, 'മനുസ്മൃതി'യെപ്പറ്റി ഏംഗൽസിനുള്ള ഒരു കത്തിൽ പറയുന്നുമുണ്ട്. വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും സ്രഷ്ടാവായ ബ്രാഹ്മണൻ, വെറും പുരോഹിതൻ മാത്രമല്ല, ഒരു മഹാപൈതൃകത്തിന്റെ പ്രതിനിധികൂടിയാണ്. സംസ്കൃതഭാഷയിൽ കാലങ്ങളായി വേദങ്ങൾ ഉരുവിട്ടുണ്ടായ പൈതൃകമാണ്, അത്. റോബർട്ട് റെഡ്ഫീൽഡ്, ഈ പൈതൃകത്തെ അംഗീകരിച്ചാണ്, ഇന്ത്യയിലെ ജാതിയെ തരംതിരിച്ചത്. അതനുസരിച്ച് മഹാബ്രാഹ്മണ പൈതൃകത്തിനു കീഴിലാണ്, മറ്റു ചെറു പൈതൃകങ്ങൾ വരുന്നത്. ഓരോ ഗ്രാമത്തിലും, വേറിട്ട നാടോടിപാരമ്പര്യം കാണും. മെക്സിക്കൻ മാതൃകയിൽ ഒരു മഹാപൈതൃകത്തെ വച്ചുള്ള ഈ ഇന്ത്യൻ മാതൃകയോട് വിയോജിപ്പുള്ളവരുണ്ടാകാം. ഇസ്ലാമിക, ക്രിസ്ത്യൻ പാരമ്പര്യങ്ങളും ഇന്ത്യയിലുണ്ടല്ലോ. ഇന്ത്യൻ സമൂഹത്തെ, മാർക്സിനെപ്പോലെ ലളിതവൽക്കരിച്ചുകാണാനും റെഡ് ഫീൽഡ് മാതൃക ഉപയോഗിക്കാം. എന്നാൽ, ഇന്ത്യൻ സമൂഹത്തിലെ ബ്രാഹ്മണൻ, ഒരു ഗ്രാമാതീത, സമൂഹാതീത പ്രത്യയശാസ്ത്രത്തിന്റെ പ്രതിനിധിയാണ്.


മഹർഷിമാർ കാതിൽനിന്നു കാതിലേക്കു പകർന്ന ശ്രുതിയായ വേദം, ദൈവകൽപ്പിതമാണെന്നാണു വിശ്വാസം. അതിനെ ചോദ്യം ചെയ്യാനാവില്ല. അബ്രാഹ്മണന് അതിൽ അവകാശമില്ല. മനുഷ്യജീവിതത്തിന്റെയും സമൂഹത്തിന്റെയും നിലനിൽപ്പിനാവശ്യമായ ആചാരങ്ങൾ വേദങ്ങൾ അനുസരിച്ച് ബ്രാഹ്മണൻ ആവിഷ്കരിച്ചു. അതുവഴി, ബ്രാഹ്മണന് സമൂഹത്തിലെ സവിശേഷ അവകാശങ്ങൾ കിട്ടി. കർമത്തെ ആധാരമാക്കി, ജീവിതപ്രത്യാഘാതങ്ങൾ വിശദീകരിക്കപ്പെട്ടു. പുനർജന്മത്തിൽ കർമ്മങ്ങൾ കൃത്യമായി ചെയ്തവനേ ബ്രാഹ്മണ ജാതിയിൽ ജനിക്കൂ. അങ്ങനെ ചാതുർവർണ്യം ഉണ്ടായി. ബ്രാഹ്മണർ ബ്രഹ്മചാരികൾ അല്ലാതിരുന്നതിനാൽ, ജ്ഞാനികളുടെ കാലമായതിനാൽ, അവരുടെ കഴിവുകൾ ഉപയോഗിക്കാവുന്ന മേഖലകൾ വിസ്മൃതമായി.

ഹിന്ദുമതത്തിൽ പ്രേക്ഷിതപ്രവർത്തനമില്ലെന്നാണ്, പാശ്ചാത്യർ കരുതിയത്. മിഷനറി സൊസൈറ്റികളൊന്നും ഹിന്ദുമതത്തിൽ കണ്ടില്ല. എന്നാൽ, ഇന്ത്യൻ സാമൂഹികശാസ്ത്രജ്ഞൻ എം.എൻ.ശ്രീനിവാസ് നിരീക്ഷിച്ചപോലെ, സഭയുടെ സഹായമില്ലാതെ, ബ്രാഹ്മണർവഴിയായിരുന്നു, നൂറ്റാണ്ടുകളായി തെക്കനേഷ്യയിലും തെക്കുകിഴക്കനേഷ്യയിലും ഹിന്ദുമതം പ്രചരിച്ചത്. ബുദ്ധമത പ്രചാരണത്തിന് അശോകൻ സന്യാസിമാരെ അയച്ച പാരമ്പര്യവുമുണ്ട്. മറ്റു സമൂഹങ്ങളിൽനിന്ന് ഹിന്ദു പൈതൃകത്തിലേക്ക് ബ്രാഹ്മണർ ആളുകളെ സ്വീകരിച്ചിട്ടുണ്ട്. ശ്രീനിവാസ് ഇതിനെ Sanskritisation എന്നാണ് വിളിച്ചത്. ബ്രാഹ്മണൻ ഏറ്റവും മുകളിലിരിക്കുകയും, കീഴ്ജാതികൾ സമൂഹത്തിലെ സ്ഥാനമുയർത്താൻ, തമ്മിൽ മത്സരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. 'മനുസ്മൃതി' അനുസരിച്ച്, ഉന്നതമൂല്യത്തിൽപ്പെട്ടവർ, കീഴ്ജാതിക്കാരുടെ ജോലികൾ ചെയ്ത് സ്വയം താഴരുത്; കീഴ്ജാതിക്കാരൻ ഉന്നത ജാതിക്കാരന്റെ ജോലിയിൽ അതിക്രമിച്ചു കയറുകയും അരുത്. അത്യാവശ്യം വന്നാൽ, ഉന്നതജാതിക്ക് കീഴ്ജാതിവേല ചെയ്യാം. കൈത്തൊഴിൽ കീഴ്ജാതിക്കാരൻ തന്നെയാണു ചെയ്യുക എന്നത്, ഇന്ത്യയിൽ സാംസ്കാരികസത്തയുടെ ഭാഗമാണ്.

എന്നാൽ, ഹിന്ദുമതം ഇസ്ലാമിന്റെ വരവിനു മുൻപാണ് അതിന്റെ സവിശേഷ പ്രാമാണ്യത്തിൽ വാണത്. ഇസ്ലാമും പിന്നീട് ക്രിസ്ത്യൻ അധിനിവേശവും അതിനെ പരിഷ്കരിച്ചു. ക്രിസ്ത്വബ്ദം നാലാം നൂറ്റാണ്ടിലെ ഗുപ്ത ഭരണകാലത്ത് ബ്രാഹ്മണ ബ്രാഹ്മണ്യം ഉച്ചഘട്ടത്തിലെത്തി. ഇക്കാലം, ഹിന്ദു സംസ്കാരത്തിന്റെ സുവർണകാലമായി അറിയപ്പെടുന്നു. ആധുനിക ഇന്ത്യൻ ചരിത്രകാരന്മാരുടെ ഗവേഷണം, ബി.സി. മൂന്നാം നൂറ്റാണ്ടിലെ മൗര്യ സാമ്രാജ്യംതന്നെ രാഷ്ട്രീയമായി സുഘടിതമായ ഹിന്ദുസംസ്കാരമായിരുന്നുവെന്നു തെളിയിച്ചു. ഉത്തര മധ്യഭാരതത്തിൽ പരന്നുകിടന്ന മൗര്യസാമ്രാജ്യത്തിൽ, ബ്രാഹ്മണർക്ക് വിപുലമായ അധികാരങ്ങൾ ഉണ്ടായിരുന്നു. ആ കാലത്താണ് 'ശുദ്ധ' ബ്രാഹ്മണനെ കാണുന്നത്. മൗര്യസാമ്രാജ്യത്തിന്റെ ഈടുവയ്പാണ്, ഭരണസമ്പ്രദായ ശാസ്ത്രമായ, കൗടില്യന്റെ 'അർത്ഥ ശാസ്ത്രം' . കൗടില്യൻ അഥവാ ചാണക്യൻ, മന്ത്രിയായ ബ്രാഹ്മണ പുരോഹിതനായിരുന്നു. രാജാവിന്റെ ജീവിതം, ഭരണക്രമം, അയൽരാജ്യബന്ധം എന്നിവയെല്ലാം പുസ്തകത്തിലുണ്ട്. അങ്ങനെയൊന്ന് ഇന്ത്യയ്ക്കുണ്ട് എന്നതുകൊണ്ടുകൂടിയാണ്, മാർക്സിന് ചരിത്രകാരൻ കൊസാംബി, മാർക്സ് കണ്ട ഇന്ത്യയല്ല യഥാർത്ഥ ഇന്ത്യ എന്ന നിഗമനത്തിലെത്തിയത്.


ഡി. ഡി. കൊസാംബി


എം.എന്‍. ശ്രീനിവാസ

'അർത്ഥശാസ്ത്ര'ത്തിലുള്ളത്: മന്ത്രിമാർ എങ്ങനെ, ഏതൊക്കെ വകുപ്പുകളിൽ രാജാവിന്റെ ചുമതലകൾ. മന്ത്രിസഭായോഗ ചട്ടങ്ങൾ, രാജ്യത്തിന്റെ സാമ്പത്തികഘടന, ഗ്രാമങ്ങളുടെ നടത്തിപ്പ്, ഭൂമിവിഭജനം, കോട്ടനിർമ്മിതി, നികുതിപിരിക്കൽ, രാജ്യത്തുണ്ടാകേണ്ട ഭരണവകുപ്പുകൾ, അതിന്റെ ചുമതലക്കാർ, വാണിജ്യം, കൃഷി, നെയ്ത്ത്, ലോഹം, വനം, വാറ്റ് തുടങ്ങി വകുപ്പുകൾ. നിയമകാര്യങ്ങൾ ഉടമ്പടി, വിവാഹം, കടം, വാങ്ങൽ-വിൽക്കൽ. വിചാരണയും ശിക്ഷയും, വിദേശകാര്യം, സൈനിക നടപടി വഴി കൂടുതൽ ദേശങ്ങൾ കൂട്ടിച്ചേർക്കൽ, യുദ്ധ, സമാവായ നയങ്ങൾ, ശത്രുക്കളോടുള്ള പെരുമാറ്റം, സൈന്യം കെട്ടിപ്പടുക്കൽ - ആളുകളെ എടുക്കൽ, ആയുധ സംഭരണം, തമ്പടിക്കൽ, നിറയൊഴിക്കൽ, സുരക്ഷ, യുദ്ധനിയമങ്ങൾ, സിദ്ധാന്തങ്ങൾ, സൈനിക വിന്യാസം, കാലാൾപ്പട, കവചിതസേന, ചുമതലകൾ; രഥം, ആന എന്നിവയുടെ നീക്കം, ശത്രുസേനയിൽനിന്ന് കാലുമാറ്റം, ചാരപ്രവൃത്തി, ചാരപരിശീലനം. 'മനുസ്മൃതി'യിൽ, ''ബ്രാഹ്മണനാണ് മനുഷ്യകുലമേധാവി; ശുക്രന്റെ സ്വത്ത് യാഗത്തിനായി, ഭയമില്ലാതെ, വിഷമില്ലാതെ, ഏറ്റെടുക്കാം.'' രാജാവ്, ബ്രാഹ്മണനെ കുറ്റമേതായാലും വധശിക്ഷയ്ക്കു വിധിക്കില്ല.

ഈ നിയമഗ്രന്ഥങ്ങൾ വെറുതെ എഴുതി പൂട്ടിവയ്ക്കുകയായിരുന്നുവെന്നു കരുതുക വയ്യ. ബ്രാഹ്മണമേധാവിത്വം, നിലനിന്നത് സത്യമാണ്. കൗടില്യൻ രാജാവിനെ സൃഷ്ടിക്കുക മാത്രമല്ല, മൗര്യവംശത്തിന്റെ സ്രഷ്ടാവുമായിരുന്നു. 'അർത്ഥശാസ്ത്രം' അനുസരിച്ചാണ് ഭരണകൂടം പ്രവർത്തിച്ചതെന്ന് അന്നത്തെ ഗ്രീക്ക് നയതന്ത്രജ്ഞൻ മെഗസ്തന്നീസിന്റെ സ്ഥിരീകരണമുണ്ട്. ചന്ദ്രഗുപ്തന്റെ സദസിലേക്ക് ഗ്രീസിലെ സെല്യൂക്കസ് ഒന്നാമൻ അയച്ച പ്രതിനിധിയാണ്, അദ്ദേഹം. മൗര്യ, ഗുപ്ത കാലത്ത് ഹിന്ദു സംസ്കാരം പടുത്തുയർത്തിയത് ബ്രാഹ്മണനാണ്. അതോടൊപ്പം അവർ തങ്ങളുടെ സവിശേഷസ്ഥാനം, സങ്കീർണമായ തത്വങ്ങൾ വഴി, സംരക്ഷിക്കുകയും ചെയ്തു. എ.ഡി.ഒന്നാം നൂറ്റാണ്ടിൽ, ഈ ഭരണ സമ്പ്രദായം, ഇന്ത്യയുടെ കിഴക്കുഭാഗത്തേക്ക്, ഏഷ്യയിലേക്ക്, പടർന്നു. കംബോസിയയിലെ അംഗോർവാട്ട് (Angkor Wat) ജാവയിലെ ബോറോബുദൂർ (Borobudur) എന്നീ മഹാക്ഷേത്രാവശിഷ്ടങ്ങൾ, വിഷ്ണു, ശിവ വിഗ്രഹാവശിഷ്ടങ്ങൾ, സംസ്കൃത സ്ഥലനാമങ്ങൾ, മനുഷ്യനാമങ്ങൾ, ഭാഷ, ഹിന്ദു തത്വശാസ്ത്രമനുസരിച്ച കൊട്ടാരങ്ങൾ, തലസ്ഥാനങ്ങൾ എന്നിവയെല്ലാം ഉദാഹരണങ്ങളാണ്.

ബുദ്ധമതത്തെ ഇന്ത്യയിൽനിന്നു നാടുകടത്തിയതും ബ്രാഹ്മണൻ തന്നെ. വേദം അംഗീകരിക്കാത്തവനെ നാടുകടത്തണമെന്ന് 'മനുസ്മൃതി' യിൽ പറയുന്നുണ്ട്.

രാജാവ് രാവിലെ നേരത്തെ എഴുന്നേറ്റ്, ജ്ഞാനികളായ ബ്രാഹ്മണരെ വണങ്ങി, ഉപദേശം കേൾക്കണം. വേദമറിയുന്ന വൃദ്ധബ്രാഹ്മണരെ ആരാധിക്കണം. ചൂതാട്ടക്കാർ, നർത്തകർ, ഗായകർ, ക്രൂരന്മാർ, അവിശ്വാസമതത്തിൽപ്പെട്ടവർ, വിലക്കപ്പെട്ട ജോലികളിലും മദ്യവിൽപ്പനയിലും പെട്ടവർ എന്നിവരെ ഉടൻ നഗരത്തിൽനിന്നു പുറത്താക്കണം.

പ്ലാറ്റോയുടെ 'റിപ്പബ്ലിക്കി'ലും, കവികൾക്കും കലാകാരന്മാർക്കും സ്ഥാനമില്ലെന്ന് ഇവിടെ ഓർക്കാം.

ബ്രാഹ്മണൻ ബുദ്ധസംഘങ്ങളെ ഉന്മൂലനം ചെയ്ത് സഘാംഗങ്ങളെ ഹിന്ദു ജാതികളിലേക്കു കൊണ്ടുവന്നു. ബുദ്ധമതം നേടിയ ജനകീയതയിൽ ബ്രാഹ്മണർക്ക് അസൂയ തോന്നിയിട്ടുണ്ടാകാം. രാജ്യം ശക്തമായി നിലനിന്നാലേ, ബ്രാഹ്മണസ്വാധീനവും നിലനിൽക്കൂ. പന്ത്രണ്ടാം നൂറ്റാണ്ടിൽ ബ്രാഹ്മണൻ നേടിയെടുത്ത വിജയം അധികകാലം നീണ്ടില്ല. ജൂതകാലത്ത്, ബ്രാഹ്മണർക്ക് ഇതേ അവസ്ഥ കേരളത്തിലും ബംഗാളിലും ഉണ്ടായി. അതിവേഗമാണ്, അധിനിവേശം നടത്തിയ മുസ്ലിംകൾ സ്വാധീനം വ്യാപിപ്പിച്ചത്. ഹിന്ദുരാജാക്കന്മാർ ആനപ്പുറത്തു സവാരി ചെയ്തതിലും വേഗത്തിൽ അവർ കുതിരപ്പുറത്തു പാഞ്ഞു; വെടിമരുന്നു പ്രയോഗത്തിൽ അവർ മിടുക്കുകാട്ടി. ഉത്തരേന്ത്യയിലെ ഹിന്ദുരാജ്യങ്ങൾ ഐക്യപ്പെട്ട് അധിനിവേശക്കാരെ നേരിട്ടില്ല. ഉത്തരേന്ത്യ മാത്രമല്ല, മധ്യ ഇന്ത്യയും ഉപദ്വീപും മുസ്ലിം സ്വാധീനത്തിലായി. ദക്ഷിണേന്ത്യയിൽ വിജയനഗരം ശേഷിച്ചു. 12-ാം നൂറ്റാണ്ടിന്റെ അന്ത്യം മുതൽ 18-ാം നൂറ്റാണ്ടിന്റെ മധ്യംവരെ, മുസ്ലിം ഭരണം തുടരുകയും ഹിന്ദു സംസ്കാരം ഗ്രഹണത്തിലാവുകയും ചെയ്തു. ബ്രാഹ്മണർ പുറത്തായി. യാഥാസ്ഥിതികരല്ലാത്ത ഗുരുക്കന്മാർക്കുമേൽ ബ്രാഹ്മണസ്വാധീനം നഷ്ടപ്പെട്ടു; ഈ ഗുരുക്കന്മാരെയാണ് വെബർ നിർഭാഗ്യവശാൽ, ഗ്രാമാന്ത്യത്തിൽ കണ്ടത്. ബംഗാളിൽ വൻതോതിൽ ഇസ്ലാമിലേയ്ക്ക് മതം മാറ്റമുണ്ടായി.

മുസ്ലിം ഭരണാധികാരികളും ബ്രാഹ്മണരും തമ്മിലായിരുന്നു, സംഘർഷം. 16-ാം നൂറ്റാണ്ടിൽ ബംഗാളിലെ ഹുസൈൻ ഷായ്ക്കും ഇതു നേരിടേണ്ടി വന്നു. 15-ാം നൂറ്റാണ്ടിൽ ഇടക്കാലത്തേക്ക് ഗണേശരാജാവു വന്നപോലെ, ഒരുനാൾ ബ്രാഹ്മണർ അധികാരം തിരിച്ചുപിടിക്കുമെന്ന് ബംഗാളിലെ ഹിന്ദുക്കൾ കരുതി. മുസ്ലിം ഭരണാധികാരികൾ ബ്രാഹ്മണരെ ഭരണത്തിൽ പങ്കെടുപ്പിക്കുകയും അവർ അതു സ്വീകരിക്കുകയും ചെയ്തുവെന്നതു വേറെ കാര്യമാണ്. ബ്രാഹ്മണർക്കു ഭരണപരിചയമുണ്ട്; ജീവിക്കാൻ വേറെ വഴിയില്ല. എന്നാൽ, സാധ്യമായിടത്തെല്ലാം, ബ്രാഹ്മണരെ ഒഴിവാക്കി, കായസ്ഥരെയാണ് മുസ്ലിം ഭരണാധികാരികൾ എടുത്തത്. കായസ്ഥർ വിദ്യാസമ്പന്നരും ഭൂവുടമകളുമായിരുന്നു. ഇക്കാലത്താണ്, ബംഗാളിൽ കായസ്ഥർ എഴുത്തുകാരായത്. ദക്ഷിണേന്ത്യയിൽ ടിപ്പുസുൽത്താൻ ബ്രാഹ്മണ മന്ത്രിയെ വച്ചതും ശൃംഗേരി മഠത്തിനു സഹായം ചെയ്തതും അപവാദമായിത്തന്നെ കാണണം; കേരളത്തിലെത്തിയ ടിപ്പു, ഇവിടെ ബ്രാഹ്മണർക്കെതിരായി തന്നെയാണ് കടന്നുകയറിയത്. നായന്മാർക്കെതിരെ ടിപ്പുവിന്റെ വിളംബരം തന്നെയുണ്ട്.

പ്രാചീന ഇന്ത്യയിൽ ബ്രാഹ്മണകേന്ദ്രിതമായ ഹിന്ദുസാംസ്കാരിക കേന്ദ്രങ്ങൾ ഉണ്ടാവുകയും അവിടെ നിന്ന് ആ സംസ്കാരം പുറത്തേക്കു പടരുകയും ചെയ്തപോലെ, ഇസ്ലാം ഭരണകാലത്തുണ്ടായില്ല. ബ്രിട്ടീഷ് ഭരണത്തിന്റെ തുടക്കത്തിൽ, ഹിന്ദുസംസ്കാരം തീരെയില്ലാത്ത, സ്ഥലങ്ങൾ തന്നെയുണ്ടായിരുന്നു. ജോൺ വുഡ്റോഫിന്റെ 'ശക്തി ആന്റ് ശക്ത' (1918) എന്ന ശാക്തിക ഗ്രന്ഥത്തിൽ, പലമാവുവിൽനിന്നുള്ള കാഴ്ച അദ്ദേഹം വിവരിക്കുന്നുണ്ട്: ''ദൂരെ, പ്രാചീന കൊലേറിയൻ ഗോത്രക്കാരുടെ കാവുകാണാം; ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് പൂർവ്വഗാമികൾ ആരാധിച്ചിരുന്ന ഒരു തുണ്ടുഭൂമി. ബ്രാഹ്മണ മതത്തിന്റെയോ ആര്യൻ വിശ്വാസത്തിന്റെയോ ഒരു സൂചനയും ഇല്ല.''ബംഗാളിൽ ഛോട്ടാ നാഗ്പൂരാണ്, ബംഗാൾ ചീഫ് ജസ്റ്റിസായിരുന്ന വുഡ്റോഫ് വിവരിച്ചത്. കിഴക്കൻ ബംഗാളിലും, പഞ്ചാബിലും, മുസ്ലിംകളായിരുന്നു ഭൂരിപക്ഷം. ബ്രിട്ടീഷ്, ഫ്രഞ്ച് ഇൻധോളജിസ്റ്റുകളായ സർ വില്യം ജോൺസ് ഹെൻറി, കോൾബ്രൂക്, അബ്ബെ ദുബോയ്സ് എന്നിവർ ഹിന്ദുമതത്തെ അന്വേഷിച്ചത്, ഗ്രന്ഥങ്ങളിലാണ്. ബുക്കാനന്റെ യാത്രാവിവരണത്തിലും ബ്രാഹ്മണസ്പർശമില്ലാത്ത സ്ഥലങ്ങളുണ്ട്. എന്നാൽ, ഇവ അപവാദങ്ങളാണെന്നായിരുന്നു, പൊതുവിലയിരുത്തൽ. ജോൺ ഹോൾ വെൽ, അലക്സാണ്ടർ ഡോ എന്നിവരും, സംസ്കൃതഗ്രന്ഥ പാരമ്പര്യത്തെ അധീകരിച്ചു.

ഈ പൈതൃകം മാർക്സ് കണ്ടില്ല. ഗ്രാമറിപ്പബ്ലിക്കുകൾ, ഉൽപ്പാദനത്തിന്റെ ഏഷ്യൻ മാതൃക എന്നീ അസംബന്ധങ്ങളിൽ അദ്ദേഹം അഭിരമിച്ചു. ബ്രാഹ്മണനെ ഒരു ഗ്രാമപുരോഹിതനായി മാത്രം കണ്ടപ്പോൾ, ഒരു വലിയ പൈതൃക കാഴ്ച നഷ്ടപ്പെട്ടു. മതം ഇന്ത്യയിൽ സ്വാധീനം ചെലുത്തുകയും പ്രവർത്തിക്കുകയും ചെയ്ത ആഴങ്ങൾ കാണാതായി. അതു കണ്ടിരുന്നെങ്കിൽ ഗ്രാമത്തിലെ ബ്രാഹ്മണനും ഭരണകൂട മതവും തമ്മിലുള്ള ബന്ധം കണ്ടേനെ; ആ രാഷ്ട്രീയവും സാമ്പത്തിക താൽപ്പര്യങ്ങളും കണ്ടേനെ. ഗ്രാമത്തിലുണ്ടായിരുന്നത്, ഒരു പ്രാകൃത ആചാരമായിരുന്നില്ല; ഒരു സാംസ്കാരിക പ്രത്യയശാസ്ത്രം തന്നെയായിരുന്നു. മാർക്സ് ജീവിച്ച ബ്രിട്ടീഷ് നൂറ്റാണ്ടിൽ ഇവിടെ ഒരു ഹിന്ദു ഭരണകൂടം ഉണ്ടായിരുന്നില്ല എന്നതു നേരാണ്. എന്നാൽ, ഇന്നും ആ പ്രത്യയശാസ്ത്രം ആഴത്തിൽ വേരൂന്നിനിൽക്കുന്നു.


കൂടുതൽ