ബുദ്ധാ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം

സാബു പ്രവദാസ്


ഇറാനിയന് ചലച്ചിത്ര കാഴ്ചയിലൂടെ...

അഫ്ഗാനിസ്ഥാനിലെ പെണ്ജീവിതങ്ങളുടെ സംഘര്ഷങ്ങളെ ആവിഷ്കരിക്കുന്ന ചലച്ചിത്രം

എ ന്നും വസന്തചാരുതയിലൂടെ സഞ്ചരിക്കുന്ന സിനിമാ സംസ്കാരം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഒരുവശത്ത് വാണിജ്യാടിസ്ഥാനതിലും മറുഭാഗത്ത് കലാമേന്മയിലൂന്നിയും വർഷാവർഷം ശരാശരി ഇരുന്നൂറോളം സിനിമകൾ ഇവിടെ നിർമ്മിക്കപ്പെടു ന്നുണ്ട്. ഏറ്റവും കൂടുതൽ സിനിമ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ചൈനയൊടൊപ്പമെത്തി നിൽക്കയാണ് ഇറാൻ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രധാന അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെല്ലാം ഇറാനിയൻ സിനിമകൾ പ്രേക്ഷകാഭിരുചിയുടെ മേൽ ചെറുതല്ലാത്ത ആധിപത്യം നിലനിർത്തുന്നുണ്ട്. ഇന്ത്യയിലും ഇറാനിയൻ സിനി മകൾക്ക് വളരെ നല്ല സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബാല്യ കൗമാരങ്ങളുടേയും യൗവ്വനത്തിന്റെയും പ്രശ്നങ്ങൾ വിഷയമാക്കി നിരവധി സിനിമകൾ ഇറാനിൽ ഉണ്ടായിട്ടുണ്ട്. ഇറാനിയൻ സംവിധായകരിൽ പലരും ഇത്തരം വിഷയങ്ങളുടെ വൈവിധ്യങ്ങൾ പ്രമേയമാക്കി സിനിമകൾ ഒരുക്കിയിട്ടുമുണ്ട്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമാണ് 2007 ൽ മഖ്മൽബഫ് മൂവീ ഹൗസിൽ നിന്നും പുറത്തു വന്ന ‘ബുദ്ധാ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം’. വിദ്യാഭ്യാസം നേടുന്നതിനായി ആറു വയസ്സുള്ള ഒരു പെൺകുട്ടി നടത്തുന്ന ശ്രമങ്ങളും അതെത്തുടർന്നുണ്ടാകുന്ന കുറേ സംഭവങ്ങളും കോർത്തി ണക്കി അഫ്ഘാനിസ്ഥാനിലെ സ്ത്രീകളുടെ ചില പരിതാപകരമായ അവസ്ഥകൾ അനാവ രണം ചെയ്യുകയാണ് ഈ ചിത്രം ചെയ്യുന്നത്.


പ്രശസ്ത ഇറാനിയൻ സംവിധായകൻ മൊഹ്‌സെൻ മഖ്മൽബഫിന്റെ രണ്ടാമത്തെ മകളായ ഹനാ മഖ്മൽബഫ് ആണ് ഈ ചിത്രത്തിന്റെ സംവിധായിക. വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പരാമർശവും ടൊക്കിയോ ഫിലിം ഫെസ്റ്റിവലിൽ സ്‌പെഷൽ ജൂറി പുരസ്‌കാരവും നേടിയ ‘ജോയ് ഓഫ് മാഡ്‌നെസ്സ്’ എന്ന ചിത്രത്തിനുശേഷം തന്റെ 19-ാമത്തെ വയസ്സിൽ ഹനാ സംവിധാനം ചെയ്ത ഈ ചിത്രം സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ, റോം ഫിലിം ഫെസ്റ്റിവൽ, ബെർളിൻ ഫിലിം ഫെസ്റ്റിവൽ, അങ്കാറാ വുമൺസ് ഫിലിം ഫെസ്റ്റിവൽ, ന്യുറംബെർഗ് ഹ്യുമൺ റൈറ്റ്‌സ് ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ വൻ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

2011 - ൽ അഫ്ഘാനിസ്താനിലെ താലിബാൻ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ഹസാ ജാത് മേഖലയിലെ ബാമിയാനിനിൽ സ്ഥിതിചെയ്തിരുന്ന ലോകത്തിലെ ഏറ്റവും വലിയ ബുദ്ധപ്രതിമ തകർക്കപ്പെടുന്നതിന്റെ ന്യൂസ് റീൽ ഷോട്ടിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. ചിത്രം അവസാനിക്കുന്നതും ഇതേ ദൃശ്യത്തിൽ തന്നെയാണ്. ഇതിനിടയിൽ ബാമിയാനിലെ ഗുഹാഗൃഹങ്ങളിൽ ജീവിക്കുന്ന സാധുകുടുംബങ്ങളിലൊന്നിലെ ചെറിയ ഒരു പെൺകുട്ടിയുടെ ഒരു ദിവസത്തെ ജീവിതവും അവൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളും ആണ് ഈ ചിത്ര ത്തിന്റെ പ്രമേയം.

തൊട്ടടുത്ത വീട്ടിലെ അബ്ബാസ് എന്ന ആൺകുട്ടി പുസ്തകങ്ങൾ വായിക്കുന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭക്തെ എന്ന പെൺകുട്ടി സ്‌കൂളിൽ ചേർന്ന് പഠിക്കുവാൻ തീരുമാനിക്കുന്നു. വീട്ടിൽ നിന്ന് ആകെ കിട്ടിയ കോഴിമുട്ടകൾ വിറ്റ് പുസ്തകങ്ങളും പെൻസിലും മറ്റും വാങ്ങുവാൻ അവൾ ശ്രമിക്കുന്നുവെങ്കിലും എഴുത്തുപകരണങ്ങൾ വാങ്ങുവാൻ അവൾക്ക് പണം തികഞ്ഞില്ല. പകരം, എഴുതുന്നതിനായി അമ്മയുടെ ലിപ്സ്റ്റിക്കും എടുത്ത് ഒരു നീളൻ ഉടുപ്പും തലയിൽ ഒരു മഞ്ഞ സ്‌കാർഫും അണിഞ്ഞ് അവൾ സ്‌കൂളിലേക്കു പുറപ്പെടുന്നു.


സ്‌കൂളിലേക്കുള്ള വഴിയിൽ അമേരിക്കയെ ആക്രമിക്കുന്നു ഏന്ന തരത്തിൽ യുദ്ധവും താലിബാനിസവും അഭിനയിക്കുന്ന ഒരു കൂട്ടം ആൺകുട്ടികൾ അവളെ തടയുകയും, ഒഴിഞ്ഞു മാറാൻ ശ്രമിച്ചുവെങ്കിലും ആ കളിയിലേക്ക് അവർ നിർബന്ധപൂർവ്വം ഭക്തെയെ ചേർക്കുകയും ചെയ്യുന്നു. പെൺകുട്ടികൾ സ്‌കൂളിൽ പോകുവാൻ പാടില്ല എന്ന ശാസനയോടെ അവളുടെ പുസ്തകത്തിലെ താളുകൾ കീറിയെടുത്ത് പേപ്പർ മിസ്സൈലുകൾ ഉണ്ടാക്കി പറത്തിക്കളയുന്നു. നിഷിദ്ധവും ആശ്ലീലവും എന്ന വിശേഷണത്തോടെ അവളുടെ എഴുത്തായുധമായ ലിപ്സ്റ്റിക്കും അവർ പിടിച്ചെടുക്കുന്നു. തലയിൽ ഒരു കടലാസ് കവചം അണിയിച്ച് അവളെ കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കുകയും അതിനായുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്യുന്നു. അഭിനയത്തിലൂടെ ആണെങ്കിലും ആ ആക്രമണം അവളിൽ ഉണ്ടാക്കുന്ന ഭീതി സ്വന്തം നാട്ടിലെ ഭയപ്പെടുത്തുന്ന ഒരു അശാന്തിയുടെ പ്രതീകം തന്നെയാണ്.

തന്നെ സ്‌കൂളിൽ പോകുവാൻ അനുവദിക്കണമെന്ന് ദൈവനാമത്തിൽ യാചിക്കുന്ന ഭക്തെ ഒരുവിധത്തിൽ രക്ഷപ്പെട്ട് സ്‌കൂളിൽ ചെല്ലുന്നു. ആൺകുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ അവൾക്കു പ്രവേശനം അനുവദിക്കുന്നില്ല. ഒടുവിൽ അവൾ പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു സ്കൂ ളിൽ എത്തിപ്പെടുന്നു. പ്രതീക്ഷയോടെ അവൾ ക്ലാസ്സിൽ ചേരുന്നു. സ്‌കൂളിൽ നിന്നു തിരികെ വീട്ടിലേക്ക് വരും വഴി വീണ്ടും അവൾ അഭിനയക്കൂട്ടത്തിന്റെ പിടിയിൽ അകപ്പെടുന്നു. അവരിൽ നിന്നും അവളെ രക്ഷപ്പെടുത്താൻ കൂട്ടുകാരനായ അബ്ബാസിനും കഴിയുന്നില്ല. നാട്യമാണെങ്കിൽ കൂടി, ഒടുവിൽ പീഠനമേറ്റു പിന്മാറുന്ന അബ്ബാസിന് ഭക്തെയോടു വിളിച്ചു പറയേണ്ടി വരുന്ന വാക്കുകൾ 'ഭക്തെ നീ മരിക്കൂ, എന്നാലെ നിനക്കു രക്ഷയുള്ളു’ എന്നാണ്. അതുതന്നെ യാണ് അഫ്ഘാനിസ്ഥാനിലെ വനിതകളുടെ വർത്തമാന കാലത്തിലെ അനുഭവം എന്നു വ്യംഗ്യത്തിൽ സൂചിപ്പിക്കുകയാണ് ഹനാ എന്ന യുവസംവിധായിക.

2007 സെപ്തംബറിൽ ടൊറോന്റോ ഇന്റർ നാഷനൽ ഫിലിം ഫെസ്റ്റിവലിൽ ആയിരുന്നു ഈ ചിത്രത്തിന്റെ പ്രഥമ പ്രദർശനം. മർസിയ മഖ്മൽബഫ് രചനയും ഒസ്താദ് അലി ഛായാ ഗ്രഹണവും മസ്താനെ മൊഹാജെർ ചിത്രസംയോജനവും തോലിബോൺ ഷഖീദി സംഗീതവും നിർവഹിച്ചിരിക്കുന്നു. അബ്ബാസ് അൽജോമെ, അബ്‌ദൊലാലി ഹൊസൈനലി, നിക് ബക്ത് നൊറുസ് തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിചിട്ടുള്ളത്. താജിക്കിസ്ഥാനിൽ ചിത്രീകരിച്ച പേർഷ്യൻ ഭാഷയിലുള്ള ഈ ചിത്രം ഇംഗ്ലീഷ് സബ് ടൈറ്റിലോടുകൂടി കേരളത്തിലെ അന്താരാഷ്ട്ര മേളയിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

ഒരു നാടോടിക്കഥ പറയുന്ന ലാഘവത്തോടെ കുട്ടിക്കളിയുടെ അതിരുകൾക്കുള്ളിൽ നിന്നുകൊണ്ട് സമകാലികവും അത്യന്തം സ്‌ഫോടനാത്മകവുമായ ഒരു വിഷയം ചെറിയൊരു സിനിമയിലൂടെ ലോകത്തിനുമുന്നിലേക്ക് ഒരു ചോദ്യച്ചിഹ്നം പോലെ നീട്ടി വയ്ക്കുകയാണ് ഹനാ. ഒരു ചലച്ചിത്രകാരിയുടെ സൃഷ്ടിപരമായ ദൗത്യത്തിനപ്പുറം പ്രതികരണശേഷി പ്രകടിപ്പിക്കാൻ ഏതു കലാരൂപവും ആയുധമാക്കാം എന്ന ഒരു സന്ദേശം കൂടി പുതിയ തലമുറയ്ക്ക് നൽകുന്നുണ്ട് ബുദ്ധാ കൊളാപ്‌സ്ഡ് ഔട്ട് ഓഫ് ഷെയിം എന്ന ഈ ചിത്രം. കൈത്തഴക്കം വന്ന ഒരു സംവിധായികയുടെ പ്രതിഭാസ്പർശം പ്രേക്ഷകന് അനുഭവിക്കാനാവുന്നുമുണ്ട് ചിത്രത്തിൽ ഉടനീളം. പറയേണ്ടതെന്തെല്ലാം എന്ന് വ്യക്തമായി അറിയാവുന്ന, പറയേണ്ടത് മാത്രം സിനിമയിലൂടെ പറയുകയും അത് കൃത്യമായി പ്രേക്ഷകരിൽ എത്തിക്കുകയും ചെയ്യുന്ന ഒരു സംവിധായികയുടെ ചിത്രമാണ് ‘ബുദ്ധാ കൊളാപ്‌സ്ഡ് ഔട്ട് ഓഫ് ഷെയിം.കൂടുതൽ