ബീഡിയുണ്ടോ സഖാവേ...ഒരു തീപ്പെട്ടിയെടുക്കാൻ

ജേക്ക ബ് ഏബ്രഹാം


കേരള ദിനേശ് ബീഡിയുടെ അര നൂറ്റാണ്ട് ഓര്മ്മപ്പെടുത്തുന്നത്

'സെയ്യദ് മിയാൻ ശെയ്ഖ് തുണൈ നൈജാം ഫോട്ടോ പതിനൊന്നാം നമ്പർ ബീഡി' കരിയും മഞ്ഞളും കൊണ്ടെഴുതിയ ചുമർ പരസ്യങ്ങൾ ഇങ്ങനെ പറഞ്ഞു.
' നൈജാം പോട്ടോ പതിനൊന്നാം നമ്പർ ആരോക്കിയകരം. തിന്നതീൻപണ്ടങ്ങൾ എരിയും. പതിനൊന്നാം നമ്പറിന്റെ വയലറ്റു ലേബലുകൾ വരമ്പിലും തോട്ടുവക്കിലുമൊക്കെ പാമ്പൊട്ടി വിത്തുപോലെ ചിതറിക്കിടന്നു. മൈമുന ഒരെണ്ണം പെറുക്കിയെടുത്തു സൂക്ഷിച്ചു. അത്തരിന്റെ കോലത്തെപ്പോലെ മൂകമായ നോട്ടമോ, ഇറുകിപ്പിടിച്ച വാടകക്കോട്ടോ അല്ല. രസികത്തം നിറഞ്ഞ ചിരി. നെറ്റിയിലേക്ക് തളർന്നു വീഴുന്ന മുടിച്ചുരുളുകൾ. കുടുക്കഴിഞ്ഞ് അശ്രദ്ധമായി കിടന്ന കഴുത്തുപട്ട. ( ഒ വി വിജയൻ- ഖസാക്കിന്റെ ഇതിഹാസം)

ഖ സാക്കിന്റെ ഇതിഹാസത്തിലെ നൈസാമലി അത്തരിന്റെ ബീഡിക്കമ്പനിയിലെ ബീഡിപ്പണിക്കാരനാണ്. കൂമൻകാവിൽ നിന്നും കാണാതാവുന്ന നൈസാമലി നാട്ടിലേക്ക് തിരിച്ചെത്തുകയും പതിനൊന്നാം നമ്പർ ബീഡി കമ്പനി തുടങ്ങുകയും ചെയ്യുന്നു. ചുമർ പരസ്യം, മുദ്രണം തുടങ്ങി കൂമൻകാവിലെ ബീഡിവലിക്കാർക്കിടയിൽ സ്വാധീനമുറപ്പിക്കാനുള്ള പരസ്യതന്ത്രങ്ങളും നടത്തുന്നുണ്ട് നൈസാമലി. കടവുൾ സഹായം എം അത്തരു ഫോട്ടോ ബീഡിയോട് പടവെട്ടിയാണ് നൈസാമലി തന്റെ ബീഡിയായ സൈയ്യിദ് മിയാൻ ഷെയ്ഖ് തുണൈ നൈജാം ഫോട്ടോ പതിനഞ്ചാം നമ്പർ ബീഡി പ്രചരിപ്പിക്കുന്നത്. അത്തരും നൈസാമലിയും തമ്മിൽ പിണങ്ങി. അതിനുശേഷമാണ് കൂമൻകാവിൽ ബീഡിത്തൊഴിലാളി യൂണിയൻ വരുന്നത്. അത്തരിന്റെ ബീഡിക്കമ്പനിയിലെ പത്തു തിരപ്പുകാർ ആദ്യം യൂണിനിൽ ചേർന്നു. പാലക്കാട്ടു നിന്നും വന്ന സഖാക്കളാണ് സ്റ്റഡിക്ലാസെടുത്തത്. ജനുവരി ഇരുപത്തിയൊന്നിന് കൂമൻകാവ് ബീഡിത്തൊഴിലാളി യൂണിയൻ ലെനിൻ ദിനമാഘോഷിച്ചപ്പോൾ നൈസാമലി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു

' എല്ലാ രാജ്ജിയങ്ങളിലയം ഒഷപ്പാളികളേ സങ്കടിക്കുവിൻ'

ഒ.വി. വിജയന്റെ ഖസാക്കിലെ ഇതിഹാസത്തിലാണ് ബീഡിത്തൊഴിൽ ബീഡിക്കമ്പനികൾ തമ്മിലുള്ള യുദ്ധവും തെളിഞ്ഞുവരുന്നത്. നൈസാമലി ഒരേ സമയം പ്രതിയോഗിയും നായകനുമാകുന്നതിവിടെയാണ്. അത്തര് മുതലാളി യൂണിയനെതിരെ തിരിയുകയാണ്. കോൺഗ്രസ്സ് പറയുന്നതുപോലും അയാൾ കൂട്ടാക്കുന്നില്ല. പിന്നെ സംഭവിച്ചതിങ്ങനെ

'നൈസാമലി എവിടെപ്പോയെന്ന് ആരുമറിഞ്ഞില്ല. അയാൾ കൂമൻകാവിലെത്തിയില്ല. പണിക്കാർ ഒരാഴ്ച കാത്തു. പിന്നെ പീടികയടച്ചിട്ടു. കെട്ടിയിരിപ്പുണ്ടായിരുന്ന ബീഡി പുകയിലപ്പീടികക്കാർ കണ്ടുകെട്ടി. പണിക്കാരിലൊരുവൻ അത്തരിന്റെ കമ്പനിയിലേക്കും മറ്റവൻ കള്ളക്കാച്ചുവ്യവസായത്തിലേക്കും നീങ്ങി.

സെയ്യിദ്ദ്മിയാൻ ശെയ്ഖ് തുണൈ ബീഡിയുടെ വയലറ്റു ലേബലിൽ മുടിച്ചുരുകളുടെ പത്രകിരീടവുമണിഞ്ഞ് ഇരുന്ന പ്രതിയോഗി. ധാർഷ്ട്യം നിറഞ്ഞ ചുമർ പരസ്യം. അവൻ നിരാശ്രയനായി തനിക്കു കാണണം.

അത്തരിന്റെ നൈസാമലിയോടുള്ള ഈ വാശിയിൽ നിന്നും കേരളത്തിലെയും മംഗലാപുരത്തെയും ബീഡിക്കമ്പനികൾ തമ്മിൽ നിലനിന്നിരുന്ന മത്സരബുദ്ധിയും തൊഴിൽപീഢനങ്ങളും നമുക്ക് വായിച്ചെടുക്കാം. സാഹിത്യം ജീവിതത്തെ പ്രതിഫലിപ്പിക്കുന്നുവെങ്കിൽ ഒരു കാലത്ത് കേരളത്തിലെ പ്രത്യേകിച്ചും വടക്കൻ മലബാറിലെ പ്രധാനപ്പെട്ട കുടിൽ വ്യവസായമായ ബീഡിപണിക്കാരും സാഹിത്യത്തിലേക്ക് കടന്നെത്തുകായിരുന്നു. കേരള നോവൽ സാഹിത്യത്തിലെ കൾട്ട് കൃതിയായ ഖസാക്കിന്റെ ഇതിഹാസത്തിലും ചെറുകാടിന്റെ രാഷ്ട്രീയ നോവലായ പ്രമാണിയിലും ബീഡിപ്പണിക്കാരുടെ ജീവിതം കുറച്ചൊക്കെ കടന്നുവന്നു.

ബീഡിയുടെ പിറവി

പാവങ്ങളുടെ സിഗരറ്റെന്ന് വിളിക്കപ്പെടുന്ന ബീഡിയുടെ പിറവി പതിനേഴാം നൂറ്റാണ്ടിലാണ്. ദക്ഷിണേഷ്യയിലും മധ്യേഷ്യയിലും പുകയിലകൃഷി ആരംഭിച്ചതോടെ ബീഡിയുടെ ഉപയോഗം വ്യാപകമായി. കുടിൽ വ്യവസായമായി ഇന്ത്യയിലും ബീഡി അതിവേഗം പ്രചരിക്കാൻ തുടങ്ങി. 1930 കളോടെ ബീഡിവ്യവസായം ഇന്ത്യയിൽ ഒരു തൊഴിൽ മേഖലയായി ശക്തിപ്പെട്ടുവെന്നു വേണം കരുതാൻ. വിദേശ വസ്തുക്കളെ ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട ഗാന്ധിജിയുടെ സന്ദേശത്തിന്റെ ഫലമായി ഇന്ത്യയിലെ സമ്പന്നർ ഇടക്കാലത്ത് സിഗരറ്റ് നിർത്തി ബീഡി വലിക്കാൻ തുടങ്ങിയിരുന്നെന്നതും രസകരമായ ചരിത്രവസ്തുതയാണ്.

ദിനേശ് ബീഡി വലിയന്നൂര് ബ്രാഞ്ചിലെ തൊഴിലാളികള്


1950 കളോടെ കണ്ണൂരിൽ സജീവമായ ബീഡിവ്യവസായം പുത്തൻ പ്രതീക്ഷകളാണ് പാവപ്പെട്ട തൊഴിലാളികളുടെ ജീവിതത്തിൽ കൊണ്ടു വന്നത്. കർണാടകത്തിലെ മംഗലാപുരം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ബീഡി കമ്പനികളുടെ തൊഴിൽശാലകളാണ് വടക്കൻ മലബാറിലെ കുടിലുകൾ. കടുത്ത ദാരിദ്രത്തെ പുകച്ചുതള്ളി കുട്ടികളും വീട്ടമ്മമാരും പുരുഷന്മാരും മടിയിൽ മുറം വെച്ച് ബീഡിതെറുത്തു തുടങ്ങി. മംഗലാപുരം കടന്നു വന്ന പുകയിലകൃഷി കാസർകോടിന്റെ വടക്കൻമണ്ണിൽ പൂത്തുലഞ്ഞു.

കണ്ണൂരിൽ നിന്നും ദിനേശ് ബീഡിയ്ക്കു മുമ്പേ പിറന്ന സാധുബീഡിയുടെ പരസ്യ ജിംഗിൾ പെട്ടെന്ന് തന്നെ തരംഗമായി മാറി. യുട്യൂബിൽ നോക്കിയാൽ ആ സാധുബീഡിയുടെ 1950 കളിലറങ്ങിയ ആ പരസ്യം ഒരു കാലഘട്ടത്തിന്റെ ഓർമ്മപോലെ അങ്ങനെ കിടപ്പുണ്ട്. ആ പരസ്യപ്പാട്ട് ഇങ്ങനെയാണ് 'സാധു ബീഡി നല്ല സ്വാദുള്ള ബീഡി

നാട്ടിലെങ്ങും പുതുമതിങ്ങുമീ ബീഡി വലിച്ചിടുവിൻ ഈ ബീഡി വലിച്ചിടുവിൻ സാധു ബീഡി നല്ല സ്വാദുള്ള ബീഡി മയക്കും ആനന്ദമേ.. മാലോകർക്കും ഗുണമേ.. മനസ്സിനുന്മേഷത്തിൻ മധു നിറയ്ക്കും നീ കവിത ചേർക്കും കരളിൻ മേലെ സകല നാട്ടിലും നിറഞ്ഞു നിൽക്കും സാധു ബീഡി നല്ല സ്വാദുള്ള ബീഡി കറുത്ത ചുണ്ടിലും വെളുപ്പു നൽകും നീ കനത്ത മഞ്ഞിലും സുഖത്തെ നൽകും നീ കടുത്ത വേനലിൽ കുളിരൊഴുക്കും നീ സകല നാട്ടിലും സുലഭം സുലഭം സാധു ബീഡി നല്ല സ്വാദുള്ള ബീഡി നാട്ടിലെങ്ങും പുതുമ നൽകുമീ ബീഡി വലിച്ചിടുവിൻ ഈ ബീഡി വലിച്ചിടുവിൻ'

സാധു ബീഡിയ്ക്കൊപ്പം ഗണേഷ് ബീഡി, ടെലിഫോൺ ബീഡി, തുടങ്ങി നിരവധി ബ്രാൻഡുകൾ പ്രചാരത്തിലുണ്ടായിരുന്നു. തൊഴിലാളികളുടെ ഒരു കേന്ദ്രീകൃത സ്വഭാവം ഇത്തരം തൊഴിൽശാലകൾക്കു വന്നതുകൊണ്ടാവാം കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് സ്വാഭാവികമായും പാവപ്പെട്ട ബീഡിത്തൊഴിലാളികൾ ആകർഷിക്കപ്പെട്ടു.

വലിയന്നൂര് ബ്രാഞ്ചിലെ പഴയകാലത്തൊഴിലാളികള്


മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'പാറപ്രം പത്രവായനക്കാർ ചരിത്രം വായിക്കുന്നു' എന്ന ലേഖനത്തിൽ താഹ മാടായി ഇങ്ങനെ എഴുതി 'ഒരു ഇടത് രാഷ്ട്രീയ മനസ്സ് (Left Mind)രൂപപ്പെടുത്തുന്നതിൽ കേരള ദിനേശ് ബീഡി പ്രസ്ഥാനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇടതിനാവശ്യമായ രാഷ്ട്രീയ/സാമൂഹിക മനോഭാവം രൂപപ്പെടുത്തുന്നതിൽ വലിയ പ്രചോദനം നൽകിയത് ബീഡിത്തൊഴിലാളികളാണ്. സ്ഥിതിസമത്വം എന്ന പ്രത്യാശ വായനകളിലൂടെ വ്യക്തികളിലേക്ക് കൈമാറി വന്നതവരാണ്. അടിയന്തരാവസ്ഥക്കാലത്ത് ഭയത്തിന്റെ നിഴലിൽ കഴിഞ്ഞപ്പോഴും പത്രവായന മുടക്കാത്തവരാണ് ബീഡിക്കമ്പനിയിലെ വായനക്കാർ'

താഹ മാടായിയുടെ ഈ നിരീക്ഷണം വളരെ ശരിയാണെന്ന് തോന്നിയിട്ടുണ്ട്. കണ്ണൂരിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു തൊഴിൽശാല എന്ന നിലയിൽ ബിഡീക്കമ്പനികൾ ഒരു സംസ്കാരത്തെ കൂടിയാണ് ഉൽപാദിപ്പിച്ചത്. വായനശാലയിലെന്ന പോലെ ഈ തൊഴിൽശാല പത്ര മാസികകളും സാഹിത്യവും വിഞ്ജാനവും സമൂഹത്തിന് പകർന്നു നൽകി. അതുകൊണ്ട് തന്നെ പാർട്ടിയുടെ ആശയങ്ങൾ വളർന്ന വളക്കൂറുള്ള മണ്ണുകൂടിയായിരുന്നു ഇവിടം. പത്രവായനയിലൂടെ അറിവ് സമ്പാദിക്കുക മാത്രമല്ല അത് പൊതുസമൂഹത്തിലേക്ക് പകർത്തുക കൂടി ചെയ്യുകയായിരുന്നു അവർ. സമൂഹത്തിന്റെ ഭാഗമായി പൊതുകാര്യങ്ങളിൽ ഇടപെട്ടു. ബീഡിത്തൊഴിലാളി എന്നു പറഞ്ഞാൽ കണ്ണൂരിൽ മാന്യതയുള്ള ഒരു ജോലിയായിരുന്നു. വിവാഹമാർക്കറ്റിലും ബീഡികമ്പനി തൊഴിലെന്നത് അംഗീകരിക്കപ്പെട്ടിരുന്നു.

ദിനേശ് ബീഡിയുടെ ചരിത്രം

1969 ൽ ഇഎംഎസ് മന്ത്രിസഭയുടെ കാലത്താണ് ദിനേശ് ബീഡി എന്ന സഹകരണപ്രസ്ഥാനം രൂപം കൊള്ളുന്നത്. മംഗലാപുരം ആസ്ഥാനമാക്കി ഗണേശ് ബീഡിയുടെ മലബാർ ശാഖകളിലുണ്ടായ കൂലിക്കുവേണ്ടിയുള്ള സമരവും കമ്പനി മുതലാളിമാരുടെ കടുത്ത നിലപാടുകളും മൂലം പതിനായിരക്കണക്കിന് ബീഡിത്തൊഴിലാളികൾക്ക് പട്ടിണിയിലാകുന്ന സമയത്താണ് ആശ്വാസമായി ദിനേശ് ബീഡി രൂപീകരിക്കപ്പെടുന്നത്. ഇഎംഎസ് മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയായ ടി വി തോമസിന്റെ നേതൃത്വത്തിലാണ് കണ്ണൂരിൽ ദിനേശ് ബീഡി സഹകരണസംഘം തുടങ്ങുന്നത്. പിന്നീട് കണ്ണൂർ, കാസർകോട് ജില്ലകളിലും വടകര പോലുള്ള സ്ഥലങ്ങളിലുമായി ദിനേശ് ബീഡി പ്രസ്ഥാനം 18 പ്രൈമറി സംഘങ്ങൾക്ക് കീഴിൽ 600 ഓളം ബ്രാഞ്ചുകളുമായി ദിനേശ് അത്ഭുതകരമായ വളർച്ച കൈവരിച്ചു. ഈ കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള ദിനേശ് ബീഡി അമ്പതുവർഷങ്ങൾ കണ്ണൂരിൽ ആഘോഷിച്ചു. എന്നാൽ ദിനേശ് ബീഡി വ്യവസായം ഇന്ന് കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നാനൂറോളം ബ്രാഞ്ചുകളാണ് കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ അടച്ചൂപൂട്ടിയത്, അര ലക്ഷത്തിലധികം തൊഴിലാളികൾ ജോലി ചെയ്തിരുന്ന ദിനേശ് ബീഡിയിലിന്നുള്ളത് ആറായിരത്തിലധികം തൊഴിലാളികളാണ്. ആ തൊഴിലാളികളിന്ന് സമരത്തിലാണ്.

കേരള ദിനേശ് ബീഡിയിൽ ഒരു തൊഴിലാളിയായി പ്രവർത്തിക്കുകയും ട്രേഡ് യൂണിയൻ രംഗത്തൂടെ കേരളത്തിലെ ഇടതുപക്ഷത്തിന്റെ സമുന്നത നേതാവായി മാറുകയും ചെയ്ത സഖാവ് കെ പി സഹദേവനെ ഇലക്ഷൻ തിരക്കിനടയിലാണ് കണ്ടത്. കണ്ണൂർ പിള്ളയാർ കോവിലിനടത്തുള്ള സിഐടിയു ഓഫീസിലേക്കെത്തുമ്പോൾ അദ്ദേഹം പി കെ ശ്രീമതി ടീച്ചറിന്റെ ഇലക്ഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന തിരക്കിലായിരുന്നു. കണ്ണൂർ ജില്ലയിലെ എൽഡിഎഫ് കൺവീനറിന്റെ തിരക്കുകൾക്കിടയിൽ കുറച്ചു സമയം സഖാവ് ഈ അഭിമുഖത്തിനായി അനുവദിച്ചു തന്നു.

കെ പി സഹദേവൻ (സിപിഎം സംസ്ഥാന കമ്മറ്റി അംഗം, എൽഡിഎഫ് ജില്ലാ കൺവീനർ, ബീഡിതൊഴിലാളി യൂണിയൻ അഖിലേന്ത്യാ പ്രസിഡണ്ട്, കേരള ദിനേശ് ബീഡി സ്ഥാപക നേതാവ്)

കേരളത്തിലെ ബീഡിവ്യവസായത്തിന്റെ തുടക്കകാലം..?

പഴയ വടക്കൻ മലബാർ എന്നു പറയുന്നത് കണ്ണൂരും കാസർഗോഡ് ജില്ലയും യോജിച്ചു കിടന്നതാണ്. പുകയില കർഷകരുടെ നാടാണ് ഇന്നും കാസർഗോഡ്. പുകയില വ്യവസായം പണ്ടുതൊട്ടേ ഈ മേഖലയിലുണ്ട്. ബീഡി നിർമ്മാണം കുടിൽ വ്യവസായം പോലെയായിരുന്നു. പിന്നീട് മംഗലാപുരത്തുള്ള വലിയ ബീഡി കമ്പനികളൊക്കെ പ്രവർത്തനം ആരംഭിച്ചതോടെ ഈ ബീഡിത്തൊഴിലിലേക്ക് ആളുകൾ ആകൃഷ്ടരാവുകയും പതിനായിരത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന വലിയൊരു തൊഴിൽമേഖലയായി ബീഡിവ്യവസായം മാറുകയുമായിരുന്നു. മംഗലാപുരത്തെ ഗണേശ് ബീഡി, ഭാരത് ബീഡി, ഇവരൊക്കെയായിരുന്നു കേരള ദിനേശ് ബീഡി തുടങ്ങുന്നതിനു മുമ്പുണ്ടായിരുന്നു പ്രധാന കമ്പനികൾ. കുടിൽ വ്യവസായങ്ങൾക്ക് പണ്ട് തൊട്ടേ പേരുകേട്ടതാണ് മലബാർ,

കേരള ദിനേശ് ബീഡിയുടെ രൂപീകരണത്തിലേക്ക് നയിച്ച സംഭവങ്ങൾ..?

മാംഗളൂർ ഗണേശ് ബീഡി, ഭാരത് ബീഡി തുടങ്ങി മംഗലാപുരം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന അന്യസംസ്ഥാന ബീഡികമ്പനികളായിരുന്നു വടക്കൻ മലബാറിൽ ആ കാലഘട്ടങ്ങളിൽ സജീവമായിരുന്നത്. ചെറിയ വരുമാനമായിരുന്നു അന്ന് തൊഴിലാളികൾക്ക് ലഭിച്ചിരുന്നത്. ആയിരം ബീഡിയ്ക്ക് 3 രൂപ 12 പൈസ എന്ന നിരക്കിലായിരുന്നു കൂലി. 1948-49 കാലത്താണ് ഫാകടറീസ് ആക്ട് ഇന്ത്യയിൽ നിലവിൽ വരുന്നത്. ബീഡികമ്പനികളും സ്വാഭാവികമായി ഈ ആക്ടിനു കീഴിൽ വരേണ്ടതായിരുന്നു. അങ്ങനെ വന്നാൽ ഫാക്ടറി തൊഴിലാളികൾക്കു ലഭിക്കേണ്ട ന്യായമായ വേതനവും മറ്റു ആനുകൂല്യങ്ങളും ബീഡിതൊഴിലാളികൾക്കും നൽകേണ്ടി വരും. ഇത് തിരിച്ചറിഞ്ഞ മുതലാളിമാർ ബീഡികമ്പനികളെ എല്ലാം പെട്ടെന്ന് ബ്രാഞ്ചാക്കി മാറ്റാൻ തുടങ്ങി. അപ്പോൾ ആനുകൂല്യം നൽകേണ്ടി വരില്ലല്ലോ. ഇതോടെ പ്രക്ഷോഭങ്ങൾ ശക്തമായി. സമരം മൂലം സാധുബീഡിയൊക്കെ 3രൂപ 30പൈസയാക്കി കൂലി. സമരം ശക്തമായതോടെ ഗണേശ് ബീഡി പൂട്ടി മംഗലാപുരത്തേക്ക് തിരിച്ചുപോകാനൊരുങ്ങി. പതിനായിരക്കണക്കിന് തൊഴിലാളികൾ പട്ടിണിയായി. ട്രേഡ് യൂണിയൻ നേതാക്കളൊക്കെ ജയിലിലായി. പിന്നീട് 1952 ലാണ് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ സജീവമാകുന്നത്. അതിനുശേഷം എകെജി പാർലമെന്റിൽ ഒരു കരടുബില്ല് അവതരിപ്പിച്ചു. 1966 ൽ ഇന്ത്യൻ പർലമെന്റ് ബീഡി-സിഗാർ നിയമം പ്രാബല്യത്തിൽ കൊണ്ടു വന്നു. 1967 ൽ ഇഎംഎസ് സർക്കാർ ഈ നിയമം സംസ്ഥാനത്തും നടപ്പാക്കി.

വീണ്ടും ഒരു പ്രതിസന്ധിയുണ്ടായല്ലോ..?

അതെ..ഈ സമയത്ത് നമ്മുടെ സംസ്ഥാനത്ത് അരക്ഷിതാവസ്ഥയാണെന്നുള്ള ഒരു വ്യാജപ്രചരണം ബീഡിമുതലാളികൾ ഉൾപ്പടെയുള്ളവരുടെ ഭാഗത്തുനിന്നും ഉയർന്നു വന്നു. 1968 ൽ ഗേണേശ് ബീഡി പൂട്ടി മംഗലാപുരത്തേക്ക് പോയി. അവിടെയും ട്രേഡ് യൂണിയൻ സമരം ശക്തമാക്കി. ഗണേഷ് ബീഡി പൂട്ടിയത് പതിനായിരക്കണക്കിന് പാവപ്പെട്ട തൊഴിലാളികളെ അക്ഷരാർത്ഥത്തിൽ പട്ടിണിക്കാരാക്കി. കൂലിവർധനതർക്കത്തിൽ നിന്നാണ് സമരം തുടങ്ങിയത്. ഗണേഷ് ബീഡി പ്രവർത്തിപ്പിച്ചിരുന്ന ചില ആർ എസ് എസുകാർ വീണ്ടും ആ കമ്പനി വീണ്ടും തുടങ്ങാൻ ചില കരിങ്കാലിപ്പണികൾ തുടങ്ങിയിരുന്നു. 1957 ൽ അധികാരത്തിൽ വന്ന ഇ എം എസ് മന്ത്രിസഭയാണ് ബീഡിതൊഴിലാളികൾക്ക് മിനിമം കൂലി നടപ്പാക്കിയിരുന്നതെന്ന് അറിയാമല്ലോ. 1968ൽ ബീഡിതൊഴിൽനിയമം നടപ്പിൽ വന്നു. ബോണസും ഗ്രാറ്റുവിറ്റിയുമൊക്കെ തൊഴിലാളികൾക്ക് കിട്ടണമെന്നുള്ള നിയമം. എന്നാൽ ഈ പരിഷ്ക്കാരം നടപ്പിലാക്കാൻ പല കമ്പനിമുതലാളികളും തയ്യാറായില്ല. തൊഴിലാളികൾ സമരം ശക്തമാക്കി അങ്ങനെ ഗണേഷ് ബീഡി പൂട്ടി. മഹാലക്ഷ്മി, ഗുരുകൃപ തുടങ്ങിയ ചില പേരുകളിൽ അവർ പിന്നീടും പ്രവർത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നെ ഇടതുപക്ഷ സർക്കാർ ഈ പ്രശ്നത്തിൽ അടിയന്തിരമായി ഇടപ്പെട്ടു അങ്ങനെ 1969 ൽ കേരള ദിനേശ് ബീഡി പിറന്നു.

ദിനേശ ് ബീഡി താവക്കര ബ്രാഞ്ച്കെ . പി. സഹദേ വൻ

ജനമനസ്സുകളിൽ ഇന്നും തിരിച്ചറിയപ്പെടുന്ന കേരളത്തിലെ ആദ്യകാല ബ്രാൻഡുകളിലൊന്നാണ് കേരള ദിനേശ് ബീഡി. തെങ്ങോലകൾക്കിടയിലൂടയിലൂടെ ഉദിച്ചുവരുന്ന സൂര്യനാണ് ദിനേശ് ബീഡിയുടെ പ്രസിദ്ധമായ ലോഗോ..തൊഴിലാളികൾക്ക് പുതിയ പ്രതീക്ഷയായി മാറുകയായിരുന്നോ ദിനേശ് ബീഡി..?

തീർച്ചയായും. കേരളത്തിന്റെ വ്യവസായ മണ്ഡലത്തിൽ പുതുതായി ഉദിച്ചുയരുകയായിരുന്നു ദിനേശ് ബീഡി. ടി വി തോമസ് വ്യവസായ വകുപ്പ് മന്ത്രിയായതോടെ ഞങ്ങൾ 20 പ്രൈമറി സംഘങ്ങൾ രൂപീകരിച്ചായി പ്രവർത്തനം. ഇതിനിടയിൽ ആർഎസ് എസുകാരുടെ ആക്രമണങ്ങളൊക്കെ ഉണ്ടാകുന്നുണ്ട്. പിന്നെയും ട്രേഡ് യൂണിയൻ സംഘർഷങ്ങളൊക്കെ ഉണ്ടായി. അതോടു കൂടിയാണ് പാസ്സ്ബുക്ക് എന്നൊരു സംവിധാനം നടപ്പിൽ വരുത്തിയത്. ഒരിക്കൽ ഞാൻ കണ്ണൂരിലെ തയ്യിൽ എന്ന സ്ഥലത്തെ ബീഡികമ്പനിയിൽ നിൽക്കുമ്പോൾ ആർ എസ് എസുകാരുടെ ആക്രമണത്തെ നേരിടേണ്ടി വന്നു. ചവിട്ടിക്കയറി ഇലയും പുകയിലയുമെല്ലാവർ എടുത്തുകൊണ്ടുപോയി. ട്രേഡ് യൂണിയൻ സജീവമായതോടെ, ദിനേശ് ബീഡിയുടെ വരവോടെ തൊഴിലാളികളുടെ മുഖങ്ങളിൽ പുതിയ വെളിച്ചം വന്നു. പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. ബീഡി-സിഗാർ നിയമത്തിലൂടെ ബോണസും ഗ്രാറ്റുവിറ്റിയും ആനുകൂല്യങ്ങളും എല്ലാം ലഭിക്കാൻ തുടങ്ങി.

ബീഡിയുണ്ടോ സഖാവേ ഒരു തീപ്പട്ടിയെ ടുക്കാന്‍...


ഒരു ബീഡി തൊഴിലാളി എന്ന നിലയിലുള്ള അനുഭവം..?

ചുറ്റുവട്ടത്തുള്ള ഭൂരിപക്ഷം വീടുകളിലെയും പോലെ എന്റെ വീട്ടിലും പട്ടിണിയായിരുന്നു. കൊടും പട്ടിണി. ഈ സമയത്ത് ഒരു തൊഴിലിനുപോവുക എന്നത് അത്യാവശ്യമായി. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബീഡി തെറുപ്പ് പരിശീലിക്കാനായി പോയി തുടങ്ങിയത്. ബീഡിക്കാരെ അന്ന് ബീഡിപ്പിള്ളേരെന്നാണ് വിളിക്കുക. പയ്യാമ്പലത്തെ ഒരു ബീഡി കമ്പനിയിലാണ് ഞാനാദ്യം നൂല് കെട്ടാൻ പഠിക്കാൻ പോയത്, നൂല് കെട്ട് പഠിപ്പുതന്നെ 4 വർഷം വേണ്ടി വരും. അതിനുശേഷം മാത്രമേ നമ്മളൊരു നല്ല ബീഡിപ്പണിക്കാരനായി മാറുകയുള്ളു.

കേരളത്തിലെ പ്രത്യേകിച്ചും മലബാറിലെ ജനങ്ങളുടെ ഇടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് അതായത് സിപിഎമ്മിന് ഒരു രാഷ്ട്രീയ അടിത്തറ ഒരുക്കുന്നതിൽ കേരള ദിനേശ് ബീഡി സഹായകരമായിട്ടില്ലേ..?

തീർച്ചയായും ഞങ്ങളുടേത് ഒരു തൊഴിലാളിവർഗ പ്രസ്ഥാനമാണല്ലോ. അന്ന് ബീഡി തൊഴിലാളി എന്നു പറഞ്ഞാൽ ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ്. സമൂഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും അവർ പങ്കാളികളാകും. തന്റേത് മാത്രം എന്ന ചിന്തയില്ല. സ്ഥിതിസമത്വം എന്ന ആശയം ആദ്യം പ്രാവർത്തികമാക്കിയത് ബീഡിതൊഴിലാളികളായ സഖാക്കളാണ്.

ബീഡി തൊഴിൽശാലകൾ അറിവ് ഉലപാദിപ്പിച്ചിരുന്ന ഒരു വായനശാലകൾ കൂടിയായിരുന്നല്ലോ..?

അതെ..ബീഡിത്തൊഴിൽ പോലെ ഒരു സംസ്കാരത്തെക്കൂടി ഉൽപാദിപ്പിച്ച മറ്റൊരു തൊഴിൽമേഖല ഇല്ലായെന്നു കൂടി പറയാം. ബീഡിപ്പണിക്കാരായിരുന്നു ഒരു കാലത്ത് നാട്ടിൽ നല്ല വിവരമുണ്ടായിരുന്ന കൂട്ടര്. രാഷ്ട്രീയം സാഹിത്യം സാമൂഹികബോധം സ്ഥിതി സമത്വദർശനം അങ്ങനെ ആദർശാത്മകമായ ഒരു ഇടതുപക്ഷമനസ്സുള്ളവരായിരുന്നു ബീഡിത്തൊഴിലാളികള്. പത്രവായനയിലൂടെയാണ് പ്രധാനമായും ലോകവിവരങ്ങളും നാട്ടുകാര്യങ്ങളുമൊക്കെ തൊഴിലാളികള് അറിഞ്ഞിരുന്നത്.

ഒരു തൊഴിലാളി ഉറക്കെ പത്രം വായിക്കും മറ്റുള്ളവർ കേട്ടിരിക്കും. വായിക്കുന്നയാളുടെ ബീഡി കൂടി മറ്റുള്ളവർ തെറുത്ത് പങ്കായി നൽകും. കാരണം എണ്ണം തികച്ചാൽ മാത്രമാണ് കൂലി. സമൂഹത്തിൽ ബീഡിത്തൊഴിലാളികൾക്ക് നല്ല മാന്യതയും കിട്ടിയിരുന്നു. നല്ല ഒരുദ്യോഗമായി കണ്ട് ബീഡിപ്പണിക്കാരനെ മകൾക്ക് മംഗലം നടത്തിക്കൊടുക്കുകയും ചെയ്തിരുന്നു. അന്ന് പല കാര്യങ്ങളിലും അറിവിന്റെ കാര്യത്തിൽ ബീഡിത്തൊഴിലാളികൾ മുന്നിൽ നിന്നിരുന്നു. പത്രം പോലെ തന്നെ നല്ല നല്ല സാഹിത്യകൃതികളും വായിക്കപ്പെട്ടിരുന്നു. ഇന്നും ആ വായന തുടരുന്നുണ്ട്..

എങ്ങനെയാണ് ഈ വൈവിധ്യവത്കരണത്തിലേക്ക് വന്നത്..?

കാലക്രമേണ പുകവലിശീലം ജനങ്ങളിൽ നിന്നും അകലാൻ തുടങ്ങി ഒപ്പം പുകവലിനിരോധനവും ശക്തമായി. ബീഡിയുടെ ചിലവും കുറഞ്ഞു. അപ്പോഴാണ് എല്ലാവരും കൂടെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. ഇന്ന് വിപണിയിൽ കേരള ദിനേശ് പല ഉല്പന്നങ്ങളും പുറത്തിറക്കുന്നുണ്ട്. ഈ പറഞ്ഞ പോലെ കോക്കനട്ട് മിൽക്ക്, കറിപൗഡറുകൾ, വെർജിൻ കോക്കനട്ട് ഓയിൽ, ഫാഷൻ ഡ്രസ്സുകൾ, പിന്നെ ഐടി വ്യവസായത്തെ മുന്നിൽ കണ്ട് ദിനേശ് ഐടി പാർക്ക് എന്നിങ്ങനെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്നുണ്ട് ദിനേശ് .

ബീഡി വലിച്ചിരുന്നോ..?

(ചിരിക്കുന്നു) ഒരു കാലത്ത് ഞാനും ഉപയോഗിച്ചിരുന്നു. പിന്നീട് ആ ശീലം നിർത്തി

കേരള ദിനേശ് ബീഡിയുടെ ഭാവി..?

കേരള ദിനേശ് ബീഡിയുടെ എന്നു മാത്രമല്ല ഒരു ബീഡിയുടെയും ഭാവി അത്ര ശോഭനമല്ലയെന്നാണ് തോന്നുന്നത്. കാരണം പുകവലി സമൂഹത്തിൽ നിന്നും പൊയ്ക്കൊണ്ടിരിക്കുയാണ്. ഇപ്പോൾ ഒരു ആറായിരം ഏഴായിരം തൊഴിലാളികളാണ് ദിനേശ് ബീഡി സംഘങ്ങളിൽ ജോലി ചെയ്യുന്നത്, പുതിയ തലമുറയ്ക്ക് ഈ തൊഴിലിനോട് താല്പര്യമില്ല. ദേശീയ തലത്തിൽ 65 ലക്ഷത്തോളം തൊഴിലാളികൾ ഈ മേഖലയിൽ തൊഴിലെടുക്കുന്നുണ്ട്. പക്ഷെ ഇപ്പോഴും കേന്ദ്ര സര്ക്കാർ ഈ മേഖലയെ അവഗണിക്കുകയാണ്. ദൽഹിയിലടക്കം ഞങ്ങൾ ശക്തമായ പല സമരങ്ങളും നടത്തി. ആ അവഗണനയുടെ ഫലം ഈ തൊഴിൽമേഖലയെ തകർച്ചയിലേക്ക് തള്ളിവിടുകയാണ്. കൂടാതെ ജിഎസ് ടി വന്നു. ഇനി സെസ് പിരിക്കാൻ കഴിയില്ലല്ലോ. ആകെ പ്രതിസന്ധിയാണ്.

ഇപ്പോൾ ഒരു ബീഡി തൊഴിലാളിയ്ക്ക് ഏത്ര രൂപ വരുമാനം ലഭിക്കും ..?

മാസക്കൂലിയല്ല. ആഴ്ചക്കൂലിയാണ് ബീഡികമ്പനികളിൽ. ആഴ്ചയിൽ 2000 രൂപ വരെ ലഭിക്കും. ബീഡിയുടെ എണ്ണത്തിനനുസരിച്ചാണ് കൂലി.

കേരള ദിനേശ് ബീഡി അരനൂറ്റാണ്ട് പൂർത്തിയാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത സമ്മേളനവും അതിനോടനുബന്ധിച്ചുള്ള പടുകൂറ്റൻ ജാഥയും കാണുകയുണ്ടായി... തിരിഞ്ഞുനോക്കുമ്പോൾ എന്തു തോന്നുന്നു..?

അഭിമാനം തോന്നുന്നുണ്ട്. സാധാ രണ ഒരു ബീഡിത്തൊഴിലാളിയായി പണിയെടുത്ത് ഇത്രയും വലിയ ഒരു ട്രേഡ് യൂണിയൻ പ്രസ്ഥാനത്തോടൊപ്പം പ്രവൃത്തിക്കാൻ കഴിഞ്ഞതിൽ. പ്രതിസന്ധിഘട്ടങ്ങളിലൊക്കെ തൊഴിലാളികൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ ഒക്കെ നിറയെ ചാരിതാർത്ഥ്യവും അഭിമാനവും തോന്നുന്നു.

കണ്ണൂർ നഗരത്തിലൂടെ കടന്നു പോയ അമ്പതാം വാർഷികത്തിന്റെ പടുകൂറ്റൻ ജാഥയിൽ സ്ത്രീകളുടെ ശ്ക്തമായ സാന്നിധ്യം കണ്ടു. സ്ത്രീശാക്തീകരണത്തിൽ കേരള ദിനേശ് പങ്കുവഹിച്ചിട്ടുണ്ടോ..?

ഉണ്ട്. ആ ജാഥ താങ്കളും കണ്ടതാണല്ലോ..സ്ത്രീതൊഴിലാളികളുടെ ആഹ്ലാദവും നൃത്തവുമൊക്കെ കേരള ദിനേശ് ബീഡിയിൽ അവർക്കുള്ള വിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും പ്രതിഫലനമാണ്. (തുടരും)കൂടുതൽ