ബാഗ് മതീ തീരത്തെ ചിതകളും ദൈവിക പ്രജകളും

പക. വി. ലമാഹൻകുമാർ


നേപ്പാ ളിലെ പുണ്യനദി ബാഗ്‌മതിയുടെ തീരത്തെ കാഴ്ചകളിലൂടെ

നേപ്പാളിലെ പുണ്യനദി ബാഗ്മതിയുടെ തീരത്തെ കാഴ്ചകളിലൂടെ കെ. വി. മോഹൻകുമാർ - ഒരന്വേഷണം

  ബാഗ്  മതിയുടെ തീരത്ത് ചിതകളെരിയുന്നുണ്ടായിരുന്നു. പശുപതിനാഥ ക്ഷേത്ര വളപ്പിൽ നിന്ന് താഴേക്കുള്ള ആകാശക്കാഴ്ചയിൽ വിറകു മുട്ടികൾ അടുക്കിയ ചിതകളിൽ വേറേയും ശവങ്ങൾ ഊഴം കാത്തു കിടക്കുന്നു.നേപ്പാളിലെ പുണ്യ നദിയാണു ബാഗ് മതി. നമ്മുടെ ഗംഗയ്ക്കു സമം. ഹിമാലയത്തിലൂടെ ഒഴുകി വന്ന് ലയിക്കുന്നതും ഗംഗയിലാണ്. കാശിയിലെ ചിതകളിലെ പാതി വെന്ത ജഢങ്ങളെ ഏറ്റു വാങ്ങും മുൻപേ പുണ്യ നദിയുടെ നിയോഗം ഇവിടെ തുടങ്ങുന്നു.

താഴെ ശ്രീചക്ര രൂപത്തിലൊരു മേല്ക്കൂര കണ്ടു. അതിന്റെ തൊട്ടു മുന്നിൽ കാവിപുതപ്പിച്ച ജഢം.അല്പം മാറിയാണു ചിതാപീഠങ്ങൾ. രാജ ഭരണകാലത്ത് രാജാവിനും മന്ത്രിമാർക്കും പ്രത്യേകമായി രണ്ട് ചിതാ പീഠങ്ങളുണ്ടായിരുന്നു. മാവോയിസ്റ്റ് സർക്കാർ അധികാരമേറ്റെടുത്ത ശേഷവും അതൊഴിച്ചിട്ടിരിക്കുകയാണ്. ക്ഷേത്ര സമുച്ചയത്തിന്റെ പിന്നിലെ ചുമരിനോട് ചേർന്നു നിന്ന് ക്യാമറയുടെ ഷട്ടർ തുറന്ന്, മലിനമാക്കപ്പെട്ട ബാഗ് മതിയുടേയും ചിതകളുടേയും ചിത്രമെടുക്കാൻ തുനിഞ്ഞതും ചുമലിൽ ഒരു കനത്ത കൈപ്പത്തി അമർന്നു.ചുവപ്പിന്റെ ആധിക്യമുള്ള കാവി ചുറ്റിയ ചെറുപ്പക്കാരൻ നേപ്പാളി ഭാഷയിൽ ആക്രോശിച്ചു. ‘വോ ക്യാമറ.... മലായ് ദേഖാ ഉനൂസ്’. അയാൾ രോഷാകുലനായി ക്യാമറയിൽ കയറി പിടിച്ചു.ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ അയാളെ കാണിക്കണം. വല്ലാത്ത കലിപ്പിലാണയാൾ. എന്റെ നേപ്പാളി സുഹൃത്ത് നീൽ താമ്രാക്കർ പെട്ടെന്ന് രക്ഷയ്ക്കെത്തി. അവർ തമ്മിൽ നേപ്പാളിയിലായി വാഗ്വാദം. നീൽ ടോക്ക്യോ ആസ്ഥാനമായുള്ള ഓയിസ്കയുടെ നേപ്പാൾ ദേശീയ ചാപ്റ്ററിന്റെ മുൻ അധ്യക്ഷനും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെട്ട ഒരു ഗ്രൂപ്പിന്റെ സാരഥിയുമാണ്. ബാഗ് മതിയിലെ ചിതയുടെ ചിത്രങ്ങളെടുത്തതാണയാളെ ചൊടിപ്പിച്ചതെന്ന് നീൽ പറഞ്ഞു. എരിയുന്ന ചിതകളുടെ ചിത്രം പകർത്തി പുണ്യ നദി മലിനമാണെന്നു പ്രചരിപ്പിക്കുകയാണു ഇന്ത്യയിൽ നിന്നു വന്ന സഞ്ചാരികളുടെ ഉദ്ദേശമെന്ന് അയാൾ കണ്ടു പിടിച്ചിരിക്കുന്നു. നീലിന്റെ വാദങ്ങളൊന്നും അയാളുടെ മുന്നിൽ വിലപ്പോയില്ല. ക്യാമറ ബാഗിനുള്ളിൽ തിരികെ വയ്പിച്ച ശേഷവും ദൂരെ മാറി നിന്ന് അയാൾ ഞങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

നേപ്പാളിന്റെ തലസ്ഥാന നഗരമായ കാഠ്മണ്ഡുവിനേയും പൈതൃക ഭൂമിയായ പഠാനേയും പകുത്തു കൊണ്ട് ഒഴുകുന്ന പുഴയാണു ബാഗ് മതി. നേപ്പാളിലെ ഹിന്ദുക്കളുടേയും ബുദ്ധിസ്റ്റുകളുടേയും പുണ്യ നദി.മിക്കവാറും ക്ഷേത്രങ്ങളും വിഹാരങ്ങളും ബാഗ് മതിയുടെ കരകളിലാണ്. ഹിന്ദു വിശ്വാസമനുസരിച്ച് ജഢം ചുടലയിൽ വയ്ക്കുന്നതിനു മുൻപ് മൂന്നു തവണ ബാഗ് മതി തീർത്ഥത്തിൽ മുക്കിയാൽ ജനിമൃതി ചക്രങ്ങളിൽ നിന്ന് മോചനം നേടാം. ബാഗ് മതിയിലെ തീർത്ഥ ജലം സകല കളങ്കങ്ങളും ഇല്ലാതാക്കുമെന്ന വിശ്വാസം. നമ്മുടെ ഗംഗയെപ്പോലെ ബാഗ് മതിയെ മലിനമാക്കിയ കളങ്കങ്ങൾ ഏത് തീർത്ഥം തളിച്ചാലാണു ഇല്ലാതാവുക?

കാഠ്മണ്ഡു താഴ്വരയിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി. സമുദ്ര നിരപ്പിൽ നിന്ന് 2650 മീറ്റർ ഉയരത്തിൽ ശിവപുരി കുന്നുകളിൽ നിന്നാണു ഉത്ഭവം.നഗരത്തിന്റെ മാലിന്യ വാഹിനിയാണിന്ന് ബാഗ് മതി. ശവങ്ങൾ ദഹിപ്പിക്കുന്നത് മാത്രമല്ല, വീടുകളിൽ നിന്നും ആശുപത്രികളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമുള്ള മനുഷ്യ വിസർജ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങളും ഒഴുക്കിവിടുന്നത് ബാഗ് മതിയിലേക്കാണ്. ഔദ്യോഗിക കണക്കനുസരിച്ച് ദിവസേന ശരാശരി 600 ദശലക്ഷം ടൺ മാലിന്യം.നഗരം കുടിവെള്ളത്തിനു ആശ്രയിക്കുന്നത് മുഖ്യമായും ഭൂഗർഭ ജലത്തെ ആയതിനാൽ ബാഗ് മതിയിലേക്ക് നിത്യേന ഒഴുക്കി വിടുന്ന മലിന ജലത്തിന്റെ തോത് കണക്കാക്കാൻ കഴിയുന്നില്ല. പുണ്യതീർത്ഥമെന്നു കരുതി ഭക്തന്മാർ മുങ്ങിക്കുളിച്ച് സായൂജ്യമടയുന്ന ബാഗ് മതി മാരകമായ ഇ കോളി അണുക്കളുടെ കലവറയാണിന്ന്.നമ്മുടെ ഗംഗാ ആക്ഷൻ പ്ലാൻ തുടങ്ങുന്നതിനും വർഷങ്ങൾക്കു മുൻപേ, 2008 ൽ പുണ്യ നദിയെ ശുദ്ധീകരിക്കാൻ നേപ്പാൾ സർക്കാർ ബാഗ് മതി കർമ്മ പദ്ധതിക്ക് രൂപം നല്കി. 1400 ദശ ലക്ഷം രൂപയുടെ ബൃഹദ് പദ്ധതി.പക്ഷേ, നേപ്പാളിൽ വന്ന രാഷ്ട്രീയ മാറ്റങ്ങളെത്തുടർന്ന് പത്തു വർഷത്തിലധികമായി പ്രാദേശിക തല തെരഞ്ഞെടുപ്പുകൾ നടക്കാത്തതിനാൽ ഈ പദ്ധതിയുടെ നിർവഹണം ജനകീയമാക്കാൻ കഴിഞ്ഞില്ല.‘ഫ്രണ്ട്സ് ഓഫ് ബാഗ് മതി’(ബാഗ് മതിയുടെ ചങ്ങാതിമാർ) എന്ന പേരിലൊരു അന്താരാഷ്ട്ര പാരിസ്ഥിതിക സൗഹൃദ സംഘം ഇപ്പോൾ ബാഗ് മതിയുടെ വീണ്ടെടുപ്പിനായി ക്രിയാത്മകമായി ഇടപെട്ട് വന്നിരുന്നതായി എന്റെ സുഹൃത്ത് നീൽ പറഞ്ഞു.ബാഗ് മതിയെ രക്ഷിക്കുന്നതിനു എഡിൻ ബറോയിലെ ഡ്യൂക്കിന്റെ നേതൃത്വത്തിൽ പതിനെട്ടു വർഷം മുൻപ് രൂപം കൊണ്ട സംഘടനയാണിത്.


രുദ്രാക്ഷ മാലകളും പൂജാദ്രവ്യങ്ങളും വിൽക്കുന്ന കടകൾക്കു മുന്നിൽ ലേ ഖകൻ


കാഠ് മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പശുപതീ നാഥ ക്ഷേത്രത്തിലേക്ക് രണ്ട് കി.മീ. ദൂരമേയുള്ളു. പണ്ട് ഇവിടം വനമായിരുന്നു.ശ്രീ പരമേശ്വരനും ശ്രീ പാർവതിയും താഴ്വരയിലൂടെ സഞ്ചരിക്കുന്നതിനിടയിൽ ബാഗ് മതിയുടേയും വിഷ്ണുമതിയുടേയും സംഗമസ്ഥാനത്തെ വനസ്ഥലികളുടെ മനോഹാരിതയിൽ മയങ്ങി രണ്ട് കൃഷ്ണമൃഗങ്ങളായി രൂപമെടുത്ത കഥ, പശുപതീനാഥ ക്ഷേത്രത്തിന്റെ ഉല്പ്പത്തിയിലേക്ക് ചേക്കേറിയത് അങ്ങനെയായിരിക്കാം.ക്രിസ്തുവർഷം എട്ടാം നൂറ്റാണ്ടിലാണു കാഠ് മണ്ഡു നഗരം നിർമ്മിച്ചത്.കാന്തിപുരം എന്നായിരുന്നു ആദ്യ പേര്. പതിനാറാം നൂറ്റാണ്ടിൽ ലക്ഷ്മീ നരസിംഹ മല്ല രാജാവ് ഒറ്റത്തടി കൊണ്ടൊരു മന്ദിരം നിർമ്മിച്ചു.കാഷ്ഠ മണ്ഡപം. അത് ലോപിച്ചാണത്രെ കാഠ്മണ്ഡു ആയത്. എസ്.കെ.പൊറ്റക്കാടിന്റെ ഭാഷയിൽ പറഞ്ഞാൽ ‘പലരും കരുതും പോലെ മഞ്ഞുമൂടിക്കിടക്കുന്ന ഹിമാലയൻ പട്ടണമല്ല കാഠ്മണ്ഡു.സമുദ്രനിരപ്പിൽ നിന്ന് 4200 അടി മാത്രം ഉയരമുള്ള, നമ്മുടെ വയനാട്ടിലെ മാനന്തവാടിയുടെ സമശീർഷൻ. നാലു വശങ്ങളിലും ഉയർന്ന ഗിരിനിരകൾ ഹിമക്കാറ്റിനെ തടഞ്ഞു നിർത്തുന്നതിനാൽ ഹേമന്ത കാലത്തു പോലും അപൂർവമായേ മഞ്ഞു വീഴാറുള്ളു. ശീതനിലയും പൂജ്യം ഡിഗ്രിയിൽ എത്താറില്ല.’

നേപ്പാൾ ഇന്ത്യയെപ്പോലെ തന്നെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്റെ ഈറ്റില്ലമാണ്. യുനസ്കൊ ആഗോള പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ പത്ത് പ്രമുഖ ഇടങ്ങൾ നേപ്പാളിലാണ്. മനുഷ്യ നിർമ്മിതമായ വാസ്തു ശില്പ വൈദഗ്ധ്യത്തിന്റെ വിസ്മയങ്ങളാണിവ. പശുപതിനാഥ ക്ഷേത്രം, സ്വയംഭൂ നാഥ സ്തൂപം, ബൗദ്ധനാഥ സ്തൂപം,കാഠ് മണ്ഡുവിലേയും പഠാനിലെയും ഭക്തപൂരിലേയും ഡർബാർ സ്ക്വയറുകൾ,എ.ഡി. മൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ചങ്കു നാരായൻ ക്ഷേത്രം,ശ്രീബുദ്ധന്റെ ജന്മ സ്ഥലമായ ലുംബിനി-ഇവയിൽ പലതും 2500 വർഷത്തോളം പഴക്കമുള്ളവയാണ്. ബി.സി. നാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ആദ്യ പശുപതിനാഥക്ഷേത്രം ചിതൽ തിന്നു നശിച്ചതിനെത്തുടർന്ന് എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ലിച്ചിവി വംശത്തിലെ രാജാവ് പ്രചണ്ഡ ദേവ് നിർമ്മിച്ചതാണ് ഇപ്പോഴത്തെ മൂല ക്ഷേത്രമെന്ന് കരുതുന്നു. ആദ്യകാലത്ത് ഹരിണ വിഗ്രഹമായിരുന്നു പ്രതിഷ്ഠ.മൂർദ്ധാവിൽ നിന്ന് ആകാശത്തേക്കുയർന്നു നില്ക്കുന്ന ഒറ്റ കൊമ്പോടു കൂടിയ കൃഷ്ണ മൃഗം. പരിശുദ്ധിയുടേയും സത്യത്തിന്റേയും പ്രതീകം. എ.ഡി. രണ്ടാം നൂറ്റാണ്ടിൽ ഭാരതത്തിൽ നിന്ന് ഒരു സംഘം ശൈവന്മാർ ക്ഷേത്രം കയ്യടക്കി ഒറ്റക്കൊമ്പൻ മാനിനെ പുറത്താക്കി ശിവ ലിംഗം സ്താപിച്ചു. എ.ഡി. മൂന്നാം നൂറ്റാണ്ടോടെ ബുദ്ധിസ്റ്റ് ചിന്താധാരയിൽ വിപ്ലവകരമായ മാറ്റം വരുത്തിക്കൊണ്ട് വജ്രയാന പ്രസ്ഥാനം രൂപം കൊണ്ടു.നിർവാണം പ്രണയത്തിലൂടെയും ധ്യാനനിരതമായ രതിയിലൂടെയും കൈവരിക്കാമെന്ന താന്ത്രിക ബുദ്ധിസദർശനം സനാതന ധർമ മൂല്യങ്ങളെ പുറന്തള്ളി.അനിയന്ത്രിതമായ രതിക്രീഡകളിലേക്കും ലൈംഗിക അരാജകത്വത്തിലേക്കും താന്ത്രിക അനുഷ്ഠാനങ്ങളിലേക്കും വഴി തിരിഞ്ഞ ജനങ്ങൾ വീണ്ടുമൊരു ഉണർവിലേക്ക് നയിക്കപ്പെട്ടത് ആദി ശങ്കരന്റെ വരവോടെയാണ്. മുപ്പത്തി മൂന്നാം വയസ്സിൽ (എ.ഡി 820ൽ) കേദാർനാഥിൽ വച്ച് നിര്യാണമടയുന്നതിനു മുൻപ് ആദി ശങ്കരൻ പശുപതീ നാഥ ക്ഷേത്രത്തിൽ വന്നിരുന്നു.ആദി ശങ്കരൻ നിർദ്ദേശിച്ച താന്ത്രിക വിധികളാണ് ഇന്നുമിവിടെ പാലിച്ചു വരുന്നത്. കേദാർനാഥിലെ ദർശനം പൂർണമാകാൻ പശുപതീ നാഥ ക്ഷേത്രം സന്ദർശിക്കണമെന്ന വിശ്വാസം അങ്ങനെ രൂപപ്പെട്ടതാവാം.പില്ക്കാലത്ത് നിരവധി ക്ഷേത്രങ്ങളും ആശ്രമ മന്ദിരങ്ങളും കൂട്ടിച്ചേർക്കപ്പെട്ടു. പതിനൊന്നാം നൂറ്റാണ്ടിൽ ഗുഹ്യേശ്വരി ക്ഷേത്രവും പതിനാലാം നൂറ്റാണ്ടിൽ രാമ ക്ഷേത്രം ഉൾപ്പെടെയുള്ള വൈഷ്ണവ ക്ഷേത്രവും നിർമ്മിച്ചതോടെ ഇതൊരു വിശാലമായ ക്ഷേത്ര സമുച്ചയമായി. ശ്രീകോവിലിന്റെ ഇടത് ഭാഗത്ത് സ്വർണം പൂശിയ നന്ദിയുടെ കൂറ്റൻ ശില്പം.

പശുപതിനാഥ ക്ഷേത്രത്തിനു സമീപം ബാഗ് മതിയുടെ തീരത്തെ ചിതകൾ


ആദി ശങ്കരന്റെ വരവിനെത്തുടർന്നാവാം,നൂറ്റാണ്ടുകളായി കർണാടകത്തിൽ നിന്നുള്ള ഭട്ടുമാരാണ് ഇവിടത്തെ മുഖ്യ പുരോഹിതന്മാർ. അവർക്കേ പ്രതിഷ്ഠയിൽ തൊടാൻ അധികാരമുള്ളു.നേപ്പാൾ വംശജരും കശ്യപ ഗോത്രക്കാരുമായ ഭണ്ഡാരികൾ പരികർമ്മികൾ മാത്രം.ക്ഷേത്ര ഭരണത്തിലല്ലാതെ പൂജാ വിധികളിൽ അവർക്ക് സ്ഥാനമില്ല. 2009 ൽ, മാവോയിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നശേഷം ഇന്ത്യൻ പുരോഹിതരുടെ അധീശത്വം അവസാനിപ്പിക്കാൻ ഉരുക്കു മുഷ്ടി പ്രയോഗിച്ചെങ്കിലും ഫലിച്ചില്ല. മുഖ്യ പുരോഹിതനെക്കൊണ്ട് നിർബന്ധപൂർവം രാജി വയ്പിച്ചു. ഖാസ്-ഗോർഖാലി വംശക്കാരായ നേപ്പാളി പുരോഹിതന്മാരെ ക്ഷേത്രത്തിൽ നിയമിച്ചു.ഭണ്ഡാരികളും വിശ്വാസികളും സർക്കാരിനെതിരെ തിരിഞ്ഞു.സർക്കാർ വഴങ്ങിയില്ല. പ്രതിഷേധകർക്കെതിരെ മർദ്ദന മുറകൾ സ്വീകരിച്ചു.നേപ്പാൾ സുപ്രീം കോടതി സർക്കാരിന്റെ നിയമനം റദ്ദാക്കിയിട്ടും സർക്കാർ കൂസിയില്ല.വിശ്വാസികൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ വിശ്വാസികൾക്കെതിരെ ആക്രമണമുണ്ടായി.അതോടെ പ്രതിപക്ഷത്തെ ജനപ്രതിനിധികളും അണികളും ഭട്ട് പുരോഹിതരെ പിന്തുണച്ച് രംഗത്തു വന്നു. ഒടുവിൽ സർക്കാരിനു വഴങ്ങേണ്ടി വന്നു.‘ശബരിമലയിൽ കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ വിശ്വാസികൾക്കെതിരേ ഇതേ നിലപാടല്ലേ എടുത്തത്?’, നീൽ എന്നോട് ചോദിച്ചു. ‘എന്നിട്ട് ആരു ജയിച്ചു? വിശ്വാസികളോ സർക്കാരോ?“ആരും ജയിച്ചില്ല,’ ഞാൻ പറഞ്ഞു.‘തോറ്റത് നിഷ്പക്ഷരായ ജനങ്ങളാണ്. ഹർത്താലുകളും അതിക്രമങ്ങളും അശാന്തിയും ഫലം.’

ക്ഷേത്രത്തിനു സമീപം ബാഗ് മതിയുടെ തീരത്ത് കത്തിയെ രിയുന്ന ചിത


നീൽ കേരളത്തിൽ പലവട്ടം വന്നിട്ടുണ്ട്. മക്കൾ രണ്ടാളുടെയും സ്കൂൾ വിദ്യാഭ്യാസം കൊടൈക്കനാലിൽ ആയിരുന്നു.ഗുരുവായൂരും പത്മനാഭസ്വാമിക്ഷേത്രവും ഉൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം കുടുംബവുമൊത്ത് ദർശനം നടത്തിയിരുന്നു.ശബരിമലയിലൊഴികെ.‘നേപ്പാളിലേതുമായി ഒരു വ്യത്യാസമുണ്ട്,’ഞാൻ പറഞ്ഞു.‘ശബരിമലയിൽ യുവതികളെ കയറ്റാൻ സുപ്രീംകോടതിയാണു ഉത്തരവിട്ടത്.സർക്കാർ അത് അനുസരിക്കുക മാത്രമാണു ചെയ്തത്.’അതെന്തുമാവട്ട, ആരാധനാലയങ്ങൾ വിശ്വാസികളുടേതല്ലേ?‘ജന്മം കൊണ്ട് പാതി ബുദ്ധിസ്റ്റും പാതി ഹിന്ദുവുമായ നീൽ ചോദിച്ചു.ഞാനതിനു മറുപടി പറഞ്ഞില്ല.അടുത്തകാലം വരെ ഹിന്ദു രാഷ്ട്രമായിരുന്ന നേപ്പാളിലെ ജനങ്ങളുടെ വിശ്വാസത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചുമുള്ള കാഴ്ചപ്പാടിനു നമ്മുടേതിൽ നിന്ന് ബഹുദൂരമുണ്ട്.

ഹുക്ക വലിക്കുന്ന അഘോരി


വിശ്വാസത്തിനപ്പുറം വാസ്തുശില്പ്പ വൈദഗ്ധ്യമാണു നേപ്പാളിലെ പുരാതന ക്ഷേത്രങ്ങളിൽ എന്നെ ആകർഷിച്ചത്.പശുപതീ നാഥത്തിലെ മുഖ്യ ക്ഷേത്രം പഗോഡാ മാതൃകയിലാണു.നേപ്പാളിലെ മറ്റേതൊരു പ്രാചീന ക്ഷേത്രത്തിലേയും പോലെ ഇവിടത്തെയും തടികളിലുള്ള കൊത്തുപണി വിസ്മയം ജനിപ്പിക്കുന്നതാണ്. സൂക്ഷ്മതലത്തിൽ പോലും തച്ചന്റെ കരവിരുതും സൗന്ദര്യ ബോധവും ചാലിച്ചെടുത്ത ശില്പങ്ങളാണ് ഓരോ ചുമർ പാളിയും ജാലകവും വാതിൽ പ്പടികളും ഉത്തരങ്ങളും തൂണുകളും.മനുഷ്യ നിർമ്മിതമോ എന്നതിശയിച്ചു നിന്നു പോകും.ചതുരത്തിലുള്ളൊരു തറയിലാണു എഴുപത്തഞ്ചടി ഉയരത്തിൽ മുഖ്യ മന്ദിരം പടുത്തിരിക്കുന്നത്.നാലു നടകളുണ്ട്.വെള്ളിയിൽ പൊതിഞ്ഞ വാതിലുകളും വാതില്പ്പടികളും.അകത്ത് ഒന്നല്ല, രണ്ട് ഗർഭ ഗൃഹങ്ങൾ. ഒന്ന് പുറത്തും അതിനുള്ളിൽ വേറൊന്നും.വെള്ളിയിൽ തീർത്ത യോനിയിൽ ഉറപ്പിച്ച മൂന്നടി ഉയരമുള്ള മുഖ ലിംഗ ശിലയാണു പ്രതിഷ്ഠ. കൃഷ്ണശില.പശുപതീനാഥനു അഞ്ച് മുഖങ്ങളുണ്ടെന്ന് സങ്കല്പം.ഊർദ്ധ്വ മുഖം കൂടാതെ നാലു ദിക്കിലേക്കും നോക്കുന്ന നാലു മുഖങ്ങൾ. അഞ്ച് മുഖങ്ങളും അഞ്ച് ചൈതന്യങ്ങളേയും പഞ്ച ഭൂതങ്ങളേയും പ്രതീകവല്ക്കരിക്കുന്നു.മുകളിലേക്ക് നോക്കുന്ന ഈശാന മുഖം പഞ്ചഭൂതങ്ങളിലൊന്നായ ആകാശത്തെ സൂചിപ്പിക്കുന്നു. കിഴക്കു ദിക്കിലേത് തത് പുരുഷൻ. നന്ദീമുഖം. വായുവിനെ സൂചിപ്പിക്കുന്നു.പടിഞ്ഞാറു സദ്യോജാത അഥവാ മഹാദേവ(ഭൂമി). തെക്ക് അഘോരൻ അഥവാ ഭൈരവൻ അഗ്നിയെ പ്രതിനിധാനം ചെയ്യുന്നു. വടക്ക് വാമദേവൻ. ഉമയുടെ സാന്നിധ്യമുള്ളതിനാൽ അർദ്ധനാരീശ്വരൻ (ജലം). ഭാരതീയ സങ്കല്പമനുസരിച്ച് കിഴക്കേ മുഖം സദ്യോജാതനും പടിഞ്ഞാറു തത് പുരുഷനുമാണെന്ന് കേട്ടിട്ടുണ്ട്.അഞ്ച് മുഖമുണ്ടെങ്കിലും പശുപതീനാഥനു രണ്ടു കൈകളേയുള്ളു.അഭയമുദ്രയിൽ വലതു കയ്യിലെ രുദ്രാക്ഷമാല കാലത്തേയും മൃതിയേയും സൂചിപ്പിക്കുന്നു.ഇടത് കയ്യിലെ കമണ്ഡലുവിൽ മൃത്യുവിനുള്ള പരിഹാരമാണു, അമൃത്.

2015 ലെ ഭൂകമ്പത്തിൽ തകർന്ന ക്ഷേത്ര മന്ദിരം (ഫയല്‍ ചിത്രം )


ക്ഷേത്ര സമുച്ചയത്തിനുള്ളിൽ തങ്ങി നില്ക്കുന്ന പുകപടലം കർപ്പൂര കുണ്ഡങ്ങളിൽ നിന്നുയരുന്നതോ ബാഗ് മതിയുടെ തീരത്തു നിന്ന് കാറ്റ് ചിറകിലേറ്റി വരുന്നതോ?ഹോമകുണ്ഡങ്ങൾക്കരികെ കഷ്ടിച്ചൊരു കൗപീനം മാത്രമുടുത്ത ജഡാ ധാരികളായ അഘോരി സന്യാസിമാരെ കണ്ടു.അവരിൽ ചിലർ ദേഹമെന്ന മായയിൽ നിന്നു മുക്തി നേടിയ ദിഗംബരർ ആയിരുന്നു. പല വലിപ്പത്തിലുള്ള നിരവധി രുദ്രാക്ഷ മാലകളണിഞ്ഞ് മേലാസകലം വിഭൂതി വാരിപ്പൂശിയ സന്യാസിമാരുടെ കൈകളിൽ നീണ്ട പിടികളുള്ള തൃശൂലം. പശുപതീ നാഥ സ്തുതികളും ഓം നമ:ശിവായയും മുഖരിതമാക്കിയ ക്ഷേത്ര വഴികൾ.സന്യാസിമാരിൽ ചിലർ ക്ഷേത്ര സമുച്ചയത്തിനു പുറത്തെ മരത്തണലുകളിൽ സ്വസ്ഥമായിരുന്ന് ഹുക്കാ വലിക്കുന്നു. കളിമണ്ണിൽ മെനഞ്ഞെടുത്ത ചെറിയ ഹുക്കാ കുഴലുകൾ വില്പ്പനയ്ക്കുമുണ്ട്. നൂറു നേപ്പാൾ രൂപ. നമ്മുടെ അറുപത് രൂപ.കഞ്ചാവ് കൃഷിക്കും പുകവലിക്കും കാലാകാലങ്ങളായി സർക്കാർ നല്കി വരുന്ന പ്രോത്സാഹനത്തിന്റെ അടയാളം.താഴെ ഗൗരീ ഘട്ടിലും കണ്ടു, കഞ്ചാവ് പുകയ്ക്കുന്ന കാഷായ ധാരികളെ.ശ്രീ പാർവതി കുളിച്ച സ്നാനഘട്ടം.ഒരു സംഘം സന്യാസിമാർ, മാലിന്യങ്ങളടിഞ്ഞ സ്നാനഘട്ടത്തിലിറങ്ങി മുങ്ങിക്കുളിക്കാൻ ധൈര്യമില്ലാഞ്ഞിട്ടാവാം,ബാഗ് മതിയിലെ ‘തീർത്ഥജലം’ശിരസ്സിലും ദേഹത്തും തളിച്ച് ‘ബോലേ പശുപതീ നാഥ്’ വിളിച്ച് തൃശൂലവും കയ്യിലേന്തി പടവുകൾ കയറുന്നു. വഴിയോരങ്ങളിലെവിടെയും രൂദ്രാക്ഷങ്ങൾ വില്ക്കുന്ന കടകൾ.പല മുഖങ്ങളുള്ള രൂദ്രാക്ഷം വിളയുന്ന ഭൂമിയാണു നേപ്പാൾ. പഞ്ച മുഖ രൂദ്രാക്ഷങ്ങൾക്കിടയിൽ ചൈനയിൽ നിന്നു വന്ന വ്യാജന്മാരെയും കണ്ടു.

നിരത്തുകളിൽ ആരേയും ഭയമില്ലാതെ അലസമായി നടക്കുന്ന ദൈവിക പ്രജകൾ. നേപ്പാളിൽ മനുഷ്യനേക്കാൾ വില പശുക്കൾക്കാണ്.ഗോഹത്യ ചെയ്യുന്നവനു പണ്ട് മരണശിക്ഷ നല്കിയിരുന്നതായി എസ്.കെ. പൊറ്റക്കാട് രേഖപ്പെടുത്തിയിട്ടുണ്ട്.ഭരണഘടന പരിഷ്കരിച്ചപ്പോൾ ശിക്ഷ ഇളവ് ചെയ്ത് 12 വർഷത്തെ കഠിന തടവാക്കി.റസ്റ്റാറന്റുകളിൽ ‘ബീഫ്’ ഇല്ല, പകരം ‘ബഫ്’ ആണ്.ബഫ് എന്നാൽ എന്തെന്ന് ചോദിച്ചതും മറുപടി വന്നു: ‘വാട്ടർ ബഫല്ലോ’. നമ്മുടെ എരുമകളും പോത്തുകളും. പശുവിനു മാത്രമല്ല, പശുവിന്റെ പുരുഷനും കശാപ്പിൽ നിന്നും തീൻ മേശയിൽ നിന്നും മോചനം.

നേപ്പാളിലൂടെ നടത്തിയ യാത്രയിൽ കണ്ട ഹൃദയഭേദകമായ കാഴ്ചയായിരുന്നു കൽ ക്കൂമ്പാരങ്ങളായിത്തീർന്ന പൈതൃക മന്ദിരങ്ങൾ.ഭക്തിപൂരിലും കാഠ് മണ്ഡുവിലും പഠാനിലുമെല്ലാം കണ്ടു,ഇത്തരം കാഴ്ചകൾ.2015ലെ ഗോർഖാ ഭൂകമ്പത്തിൽ തകർന്ന നേപ്പാളിന്റെ ധന്യമായ ഭൂതകാല തിരുശേഷിപ്പുകൾ. പശുപതീനാഥ ക്ഷേത്രത്തിലെ ശ്രീകോവിലും മുഖ്യ മന്ദിരങ്ങളും ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്ന് രക്ഷപെട്ടെങ്കിലും അതിനു ചുറ്റും യുനസ്കോയുടെ പൈതൃക ഭൂമിയിൽ ഉൾപ്പെട്ട വാസ്തു ശില്പ ചാതുര്യമാർന്ന പല മന്ദിരങ്ങളും തകർന്നു പോയി. നേപ്പാൾ ഇനിയും ആ കനത്ത ആഘാതത്തിൽ നിന്നും പൂർണമായി വീണ്ടെടുത്തിട്ടില്ല.ഒൻപതിനായിരത്തോളം മനുഷ്യരുടെ ജീവൻ കവർന്ന മഹാ ദുരന്തം.ലോകത്തിന്റെ നിറുകയിൽ, എവറസ്റ്റ് കൊടു മുടിയിലുമുണ്ടായി അതിന്റെ ആഘാതം.യുനസ്കോയുടെ കണക്ക് പ്രകാരം കാഠ് മണ്ഡു താഴ്വരയിലെ മുപ്പതിലേറെ ചരിത്ര സ്മാരകങ്ങൾ പൂർണമായും തകർന്നടിഞ്ഞു.നൂറ്റി ഇരുപത് പൈതൃക മന്ദിരങ്ങൾക്ക് ഭാഗികമായി കേടുപാടുണ്ടായി.മൊണാസ്റ്ററികളും ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും ഉൾപ്പെടെ ആയിരത്തോളം മന്ദിരങ്ങൾ വീണ്ടെടുക്കാനായി യുനസ്കോ 160 ദശലക്ഷം ഡോളറിന്റെ പദ്ധതി തയ്യാറാക്കി.തകർന്നടിഞ്ഞതും ഭാഗികമായി തകർന്നതുമായ മന്ദിരങ്ങളുടെ രൂപരേഖയുണ്ടാക്കി വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരായ വാസ്തുശില്പ്പികളുടെ നേതൃത്വത്തിൽ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നിർവഹിച്ചു വരുന്ന കാഴ്ചയാണെങ്ങും.കൂടുതൽ