ചരിത്രം വഴിമാറുന്ന നാൽക്കവലയിൽ

പിരപ്പൻകോടു മുരളി


ചരിത്രത്തിലിടം നേടിയ തിരുവനന്തപുരം യൂണിവേഴ് സിറ്റി കോളേജിലേയ്ക്ക് എത്തുമ്പോള്

മലയാളത്തിന്റെ പ്രിയ കവി ഒ.എന്.വിയുടെ ശിഷ്യനാകാനാഗ്രഹിച്ച് യൂണിവേഴ് സിറ്റി കോളേജില്

 1961 മെയ് അവസാനവാരം പ്രീ യൂണിവേഴ്സിറ്റി പരീക്ഷാഫലം പുറത്തുവന്നു. ഫസ്റ്റ്പാർട്ടിന് സെക്കന്റ് ക്ലാസ്സിനേക്കാൾ ഉയർന്ന മാർക്കുണ്ടായിരുന്നു. എന്നാൽ, സെക്കന്റ് പാർട്ടിന് പാസ്സ് മാർക്കിന് തൊട്ടടുത്ത മാർക്കേ ഉണ്ടായിരുന്നുള്ളു. ഫസ്റ്റ് പാർട്ടിൽ മലയാളത്തിന് എഴുപതുശതമാനം മാർക്കുണ്ടായിരുന്നത് എനിക്ക് വലിയ ആശ്വാസമായി. യൂണിവേഴ്സിറ്റി കോളേജിൽ മലയാളം ഐച്ഛികമായി എടുത്തുപഠിക്കണമെന്നത് അക്കാലത്തെ എന്റെ ജീവിതമോഹമായിരുന്നു. അത് കേവലം ഭാഷയും സാഹിത്യവും പഠിക്കാനുള്ള താല്പര്യംകൊണ്ടുമാത്രമായിരുന്നില്ല. കവിതയും സാഹിത്യവും ആസ്വദിക്കാൻ തുടങ്ങിയ കാലം മുതൽ ഞാൻ മനസ്സാ ആരാധിച്ചിരുന്ന ഒ.എൻ.വി. എന്ന കവിയുടെ ശിഷ്യനാവുക എന്ന എന്റെ ജീവിതമോഹം സഫലമാക്കാനുള്ള അവസരം എന്ന നിലയ്ക്കുകൂടി ആയിരുന്നു. ഒ.എൻ.വി. അന്ന് യൂണിവേഴ്സിറ്റി കോളേജിലെ മലയാളം അദ്ധ്യാപകനായിരുന്നു.

എന്റെ ജീവിതത്തിൽ ഒരു നല്ല കാര്യവും തടസ്സംകൂടാതെ നടന്നിട്ടില്ല. അച്ഛൻ പലപ്പോഴും പറയാറുള്ളത് അത് 'നിന്റെ ജാതകഗുണംകൊണ്ടാണ്' എന്നാണ്. എന്നാൽ എന്തു തടസ്സം ഉണ്ടെങ്കിലും അക്കാര്യങ്ങളെല്ലാം ഒടുവിൽ നടക്കുകയും ചെയ്യും. തടസ്സങ്ങളുടെ പട്ടിക പറയുമ്പോൾ എന്റെ ജീവിതത്തിലെ സുപ്രധാന കാര്യങ്ങളും തടസ്സം നേരിട്ടേ നടന്നിട്ടുള്ളു. എന്റെ വിദ്യാഭ്യാസം, ആദ്യ നാടകത്തിന്റെ അരങ്ങേറ്റം, പരീക്ഷാവിജയം, കോളേജു പ്രവേശനം, ഉദ്യോഗം, വിവാ ഹം, നിയമസഭ തെരഞ്ഞെടുപ്പ്, പാർട്ടി പ്രമോഷൻ തുടങ്ങി എല്ലാ കാര്യങ്ങളിലും കടുത്ത പ്രതിബന്ധങ്ങൾ താണ്ടിയാണ് ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തിച്ചേർന്നിട്ടുള്ളത്.

ഇതു പറയാൻ കാരണം ഞാൻ പ്രീയൂണിവേഴ്സിറ്റി പാസ്സായത് അറിഞ്ഞതോടെ എന്റെ അപ്പൂപ്പൻ ഇന്ദുലേഖയിലെ പഞ്ചുമേനോന്റെ ഈച്ച അടിച്ചാൻകോപ്പി ആയിരുന്നു അദ്ദേഹം. ഞാൻ ആയുർവ്വേദകോളേജിൽ വൈദ്യം പഠിക്കാൻ പോകണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഞങ്ങടെ കുടുംബത്തിലെ ഓരോരുത്തരും എന്തുചെയ്യണമെന്ന് തീരുമാനിച്ചിരുന്നത് അപ്പൂപ്പനായിരുന്നു. അദ്ദേഹം ഒന്നു തീരുമാനിച്ചാൽ അതിനെ ഞങ്ങളുടെ കുടുംബത്തിലെ ആരും ചോദ്യം ചെയ്തിരുന്നില്ല. ഞങ്ങളുടേത് ഒരു ആയുർവേദ വൈദ്യൻമാരുടെ കുടുംബമായിരുന്നു. എന്റെ വല്യമ്മാവനും, അമ്മാവനും വൈദ്യന്മാരായിരുന്നു. യാദൃച്ഛികമാവാം എന്റെ അനന്തിരവനും അടിസ്ഥാനപരമായി ഒരു ആയൂർവേദക്കാരനാണ്. അതുകൊണ്ട് കുടുംബപാരമ്പര്യം നിലനിർത്താൻ ഞാനും വൈദ്യം പഠിക്കണമെന്നായിരുന്നു അപ്പൂപ്പന്റെ സുഗ്രീവാജ്ഞ. എനിക്കാണെങ്കിലോ യൂണിവേഴ്സിറ്റി കോളേജിൽ ചേർന്ന് ഒ.എൻ.വി.സാറിന്റെ ശിഷ്യനായി സാഹിത്യം പഠിക്കണം എന്ന കലശലായ മോഹവും. അവിടെയും എനിക്കു തുണയായത് എന്റെ അച്ഛൻ തന്നെ. മഹാഭാരതത്തിലെ ശ്രീകൃഷ്ണനെപ്പോലെ ആരെയും പിണക്കാതെ ഇക്കാര്യത്തിൽ അദ്ദേഹം ഒരു വഴി കണ്ടെത്തി. ഞാൻ ആയുർവേദ കോളേജിൽനിന്ന് അപേക്ഷാഫാറം വാങ്ങുക. അപ്പൂപ്പന്റെ മുമ്പിൽവച്ച് പൂരിപ്പിക്കുക എന്നിട്ട് അത് എന്റെ മേശയിൽ തന്നെ ഭദ്രമായി സൂക്ഷിക്കുക. മാർക്കു കുറവായതുകൊണ്ട് ആയുർവേദകോളേജിൽ അഡ്മിഷൻ കിട്ടിയില്ലെന്ന് അപ്പൂപ്പനെ ബോധ്യപ്പെടുത്തുക. ഗത്യന്തരമില്ലാതെ ഞാൻ യൂണിവേഴ്സിറ്റി കോളേജിൽ ചേരാൻ നിർബന്ധിതനായതാണ് എന്ന് അപ്പൂപ്പനെ അറിയിക്കുക ഇതായിരുന്നു തന്ത്രം.

ഞാൻ ആയുർവേദ കോളേജിൽനിന്ന് ഫാറം വാങ്ങി പൂരിപ്പിച്ച് അപ്പൂപ്പനെ തൃപ്തിപ്പെടുത്തി. അത് ചെവിക്കുചെവി അറിയാതെ എന്റെ മേശയ്ക്കകത്തു സൂക്ഷിച്ചുവയ്ക്കുകയും യൂണിവേഴ്സിറ്റി കോളേജിൽനിന്നുള്ള ഫാറം കൃത്യമായി പൂരിപ്പിച്ച് അയയ്ക്കുകയും ചെയ്തു. എന്നാൽ ജൂൺ അവസാനിച്ചിട്ടും യൂണിവേഴ്സിറ്റി കോളേജിൽനിന്ന് എനിക്ക് അഡ്മിഷൻ കാർഡു വന്നില്ല. ജൂലായ് ആദ്യവാരം എന്റെ അപേക്ഷ നിരസിച്ചുകൊണ്ടുള്ള കാർഡാണ് എനിക്കു കിട്ടിയത്. ഞാൻ ആകെ പരിഭ്രാന്തനായി. എന്തു ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. തലസ്ഥാനത്തെ എന്റെ സുഹൃത്തുക്കളായ ചില വിദ്യാർത്ഥിനേതാക്കളെ കണ്ട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് പ്രീയൂണിവേഴ്സിറ്റിക്ക് ചാൻസെഴുതി പാസ്സായവർക്ക് യൂണിവേഴ്സിറ്റി കോളേജിൽ സാധാരണഗതിയിൽ അഡ്മിഷൻ ലഭിക്കുകയില്ല. ബന്ധപ്പെട്ട പ്രൊഫസറെക്കണ്ട് ഐച്ഛികവിഷയത്തിൽ സെക്കന്റ് ക്ലാസ്സ് മാർക്കെങ്കിലും ഉണ്ടെന്ന് ബോദ്ധ്യപ്പെടുത്തിയാൽ അദ്ദേഹത്തിന് അഡ്മിഷൻ നല്കാൻ അധികാരമുണ്ട്. എനിക്ക് ഐച്ഛിക വിഷയമായ മലയാളത്തിന് എഴുപതുശതമാനം മാർക്കുണ്ടായിരുന്നു. അതുകൊണ്ട് പ്രൊഫസറെക്കണ്ടാൽ അഡ്മിഷൻ കിട്ടുമെന്ന് അറിഞ്ഞപ്പോൾ എന്റെ പ്രതീക്ഷകൾ വീണ്ടും പൂവണിഞ്ഞു.


തിരുനല്ലൂര്‍ കരുണാകരന


അയ്യപ്പപ്പണിക

കരിംകുളം സി. നാരായണപിള്ള സാറായിരുന്നു അന്ന് യൂണിവേഴ്സിറ്റി കോളേജിലെ മലയാളം പ്രൊഫസർ. അദ്ദേഹത്തിന്റെ ഭാര്യ എന്റെ ഒരടുത്ത ബന്ധുവിന്റെ കുടുംബബന്ധുവായിരുന്നു. അദ്ദേഹം മുഖാന്തിരം ഞങ്ങൾ (അച്ഛനും, ഞാനും) പ്രൊഫസറെ സമീപിച്ചു. എന്റെ പരീക്ഷാവിജയത്തിന്റെ വിശദാംശങ്ങൾ അടങ്ങുന്ന ഒരപേക്ഷ അദ്ദേഹത്തിനു സമർപ്പിച്ചു. എന്റെ അപേക്ഷയിൽ പറഞ്ഞിട്ടുള്ളതുപോലെ ഞാൻ പരീക്ഷ എഴുതി തോറ്റതല്ല. പരീക്ഷാഫീസടച്ചിട്ട് ആദ്യത്തെ പ്രാവശ്യം പരീക്ഷ എഴുതാതെ അടുത്ത സെപ്റ്റംബറിൽ ഫസ്റ്റ് പാർട്ടും, മാർച്ചിൽ സെക്കന്റ് പാർട്ടും പാർട്ടുപാർട്ടായി എഴുതിയതുകൊണ്ടാണ് ചാൻസായി പോയത് എന്നു ബോധ്യപ്പെടുത്തി. ഒടുവിൽ 1961 ജൂലായ് 26 ബുധനാഴ്ച എന്നെ ഇന്റർവ്യൂവിന് ക്ഷണിച്ചു.

ഡോക്ടർ വി.ആർ.പിള്ള സാറായിരുന്നു അന്ന് യൂണിവേഴ്സിറ്റി കോളേജിലെ പ്രിൻസിപ്പാൾ. 'മെറിറ്റിന്റെ കാര്യത്തിൽ' കർക്കശക്കാരനായിരുന്നു അദ്ദേഹം. 'ചാൻസുകാരനെ' ഇന്റർവ്യൂവിന് വിളിച്ചതിൽ അദ്ദേഹത്തിന് തീരെ തൃപ്തി ഉണ്ടായിരുന്നില്ല. ഇന്റർവ്യൂവിന് പ്രൊഫസർ കരിംകുളം സാറുമൊത്ത് ഞാൻ പ്രിൻസിപ്പാളിന്റെ മുറിയിൽ പ്രവേശിച്ചപ്പോൾ വളരെ രൂക്ഷമായ ഒരു നോട്ടത്തോടെ പ്രിൻസിപ്പാൾ എന്നോടു ചോദിച്ചു. ''ചാൻസെഴുതിയാണ് പാസ്സായത് അല്ലേ''? ഉത്തരം എനിക്കു പറയേണ്ടിവന്നില്ല. പ്രൊഫസർ തന്നെ പറഞ്ഞു ''ഇയാൾ ഫസ്റ്റ് അപ്പിയറൻസ് നടത്തിയില്ല. തുടർന്ന് സെപ്റ്റംബർ മാർച്ച് പരീക്ഷകളിൽ ഓരോ പാർട്ടായിട്ടാണ് എഴുതിയത്. അതുകൊണ്ടാണ് ചാൻസ് ആയിപ്പോയത്. മലയാളത്തിന് എഴുപതുശതമാനം മാർക്കുണ്ട്. നല്ല ലിറ്റററി ടാലന്റ് ഉള്ള കുട്ടിയാണ്. നല്ലവണ്ണം കവിത എഴുതും പ്രസംഗിക്കും. നിരവധി സർട്ടിഫിക്കറ്റുകൾ ഉണ്ട്.'' (നാട്ടിലും സ്കൂളിലും നടന്ന നിരവധി സാഹിത്യമത്സരങ്ങളിൽ ഒന്നാം സ്ഥാനം കിട്ടിയ ഇരുപതോളം സർട്ടിഫിക്കറ്റുകൾ എന്റെ കൈവശമുണ്ടായിരുന്നു.) എന്റെ കൈവശമുള്ള സർട്ടിഫിക്കറ്റുകൾ വാങ്ങി അദ്ദേഹം പ്രിൻസിപ്പാളിനെ ഏൽപ്പിച്ചു. അദ്ദേഹം അതൊക്കെ മറിച്ചുനോക്കി. എന്നിട്ട് എന്നോട് ചോദിച്ചു ''തനിക്കിഷ്ടപ്പെട്ട ഒരു കവിയുടെ ഏതെങ്കിലും ഒരു ശ്ലോകം ചൊല്ലി വ്യാഖ്യാനിക്കാമോ''? എന്നെക്കാൾ വേഗത്തിൽ പ്രൊഫസർ പറഞ്ഞു. ''ഇയാൾ നന്നായി കവിത ചൊല്ലും.'' എന്നിട്ട് എന്നോട് ചോദിച്ചു ''എന്താ ഒരു ശ്ലോകം ചൊല്ലി വ്യാഖ്യാനിച്ചുകൂടെ.'' സന്തോഷത്തോടെ ഉത്സാഹത്തോടെ ഞാൻ പറഞ്ഞു 'ശ്രമിക്കാം'. എന്നിട്ട് കുമാരനാശാന്റെ നളിനിയിലെ പ്രസിദ്ധമായ

തന്നതില്ലപരനുള്ളുകാട്ടുവാ- നൊന്നുമേനരനുപായമീശ്വരൻ.

ഇന്നുഭാഷയിതപൂർണ്ണമിണ്ടഹോ വന്നു പോംപിഴയുമർത്ഥശങ്കയാൽ.

എന്ന ഭാവബന്ധുരമായ ശ്ലോകം ചൊല്ലി വ്യാഖ്യാനിക്കാൻ തുടങ്ങി. എന്റെ വ്യാഖ്യാനം പകുതിയോളമായപ്പോൾ പ്രിൻസിപ്പാൾ ചിരിച്ചുകൊണ്ട് ''മതി; മതി ഇയാൾക്ക് സാഹിത്യത്തിൽ താൽപ്പര്യമുണ്ട്. മിസ്റ്റർ. കരിംകുളം നമുക്ക് ഇയാൾക്ക് അഡ്മിഷൻ കൊടുക്കാം.'' (അപ്പോഴേ എനിക്ക് ശ്വാസം നേരെ വീണൊള്ളു.) ഞാൻ ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കുമ്പോൾ എന്നെ നോക്കി പ്രിൻസിപ്പാൾ പറഞ്ഞു. 'ഉഴപ്പിനടക്കരുത് നന്നായി പഠിക്കണം.' എന്നിട്ടൊരു ചോദ്യം. ''പരീക്ഷയ്ക്കു പണമടച്ചിട്ടും എന്താ പരീക്ഷ എഴുതാതിരുന്നത്? (ഞാൻ നിന്നു പരുങ്ങുന്നതു കണ്ട് ചിരിച്ചുകൊണ്ട്) രാഷ്ട്രീയക്കാരനാണ് അല്ലേ?'' ഞാൻ പ്രതികരിച്ചില്ല. അദ്ദേഹം ചിരിച്ചുകൊണ്ട് ''പൊയ്ക്കൊള്ളൂ പ്രൊഫസർക്ക് പ്രത്യേക താൽപ്പര്യമുള്ള കുട്ടി എന്ന നിലയ്ക്കാണ് തനിക്ക് അഡ്മിഷൻ നൽകാൻ തീരുമാനിച്ചിരുന്നത്. പക്ഷേ, സാഹിത്യത്തിൽ വാസനയുള്ള ആളാണ് താനെന്ന് ഇപ്പോൾ എനിക്കും ബോധ്യമായി. താൻ അഡ്മിഷന് അർഹനാണ്. കിട്ടിയ അവസരം പ്രയോജനപ്പെടുത്തണം.'' കൃതജ്ഞതാനിർഭരമായ മനസ്സുമായി സർട്ടിഫിക്കറ്റുകളും എടുത്ത് പ്രൊഫസറുടെ പിന്നാലെ ഞാൻ പുറത്തിറങ്ങി. അപ്പോൾ എന്റെ കണ്ണിൽപ്പെട്ടത് പ്രിൻസിപ്പാളിന്റെ മുറിക്കുമുമ്പിലെ സാക്ഷാൽ സ്വാതിതിരുനാൾ, അതിനു താഴെ പഠിപ്പാൻ മനസ്സുള്ളവർക്ക് എന്നു തുടങ്ങുന്ന അദ്ദേഹത്തിന്റെ നീട്ടും. പുറത്തു കാത്തുനിന്ന അച്ഛനോട് പ്രൊഫസർ പറഞ്ഞു 'മകന്റെ ആഗ്രഹംപോലെ സാഹിത്യം പഠിക്കാൻ അവസരം നൽകിയിട്ടുണ്ട്. എന്താ സന്തോഷമായില്ലേ. ആഫീസിൽ പോയി പണമടച്ച് ക്ലാസ്സിൽ പ്രവേശിച്ചോളൂ! പ്രൊഫസർ പുറത്തേക്കും, അച്ഛനും ഞാനും കോളേജ് ആഫീസിനകത്തേക്കും. അങ്ങനെ സാഹിത്യം പഠിക്കാനുള്ള എന്റെ ആഗ്രഹം ഒരർത്ഥത്തിൽ ഞാൻ പൊരുതി നേടി. 1961 ജൂലായ് 26 ബുധനാഴ്ച ഞാൻ യൂണിവേഴ്സിറ്റി കോളേജിൽ ഒരു വിദ്യാർത്ഥി ആയി പ്രവേശിച്ചു. അഡ്മിഷൻ പൂർത്തി ആയപ്പോൾ ഏതാണ്ട് മൂന്നുമണിയായി. അച്ഛൻ പറഞ്ഞു ഇനി ഏതായാലും ഇന്ന് ക്ലാസ്സിൽ പോകണ്ട. നാളെ മുതൽ പോകാം. ഞങ്ങൾ വീട്ടിലേക്കു മടങ്ങി.


പിരപ്പന്‍കോട് മുരളി (പഴയകാല ചിത്രം)

1961 ജൂലായ് 27 വ്യാഴം. രാവിലെ ഒൻപതുമണിയോടെ ഞാൻ യൂണിവേഴ്സിറ്റി കോളേജിലെ മലയാളം ഡിപ്പാർട്ടുമെന്റിൽ എത്തി. ചരിത്ര പ്രസിദ്ധമായ യൂണിവേഴ്സിറ്റി കോളേജ് കാമ്പൗണ്ടിനെതിരെ റോഡിനു മറുവശത്തുള്ള പഴയ കെട്ടിടത്തിലാണ് മലയാളം, തമിഴ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകൾ പഠിപ്പിക്കുന്ന ക്ലാസ്സുകളും മലയാളം ഡിപ്പാർട്ടുമെന്റ് ലൈബ്രറിയും. എന്റെ നാട്ടുകാരനും, പ്രൊഫസറുടെ പേഴ്സണൽ അറ്റന്ററുമായ ഗംഗാധരൻ പിള്ള ചേട്ടൻ എന്നെ കണ്ട ഉടനെ തന്നെ ക്ലാസ്സിലേക്കു കൂട്ടിക്കൊണ്ടുപോയി. ഫസ്റ്റ് ബെല്ലടിച്ച് ക്ലാസ്സു തുടങ്ങുന്നതിനു മുമ്പാണ് എന്റെ പ്രവേശനം. പഴയ മാതൃകയിലുള്ള ആ കെട്ടിടത്തിലെ ഇടതുവശത്തെ ഏറ്റവും അവസാനത്തെ മുറിയിലാണ് മലയാളം ഫസ്റ്റ് ഡി.സി.ക്ലാസ്സ്. വിശാലമായ മുറി. പഴക്കം തോന്നിക്കുന്ന ഡസ്കും ബഞ്ചും. ചുവരോടു ചേർന്ന് വിശാലമായ ഒരു ബ്ലാക്ക് ബോർഡ്. ബോർഡിനു മുന്നിൽ സിംഹാസനം പോലെ ഒരു കസേര. കസേരയ്ക്ക് മുന്നിൽ ഒരു മേശ. മേശയ്ക്കഭിമുഖമായി രണ്ടു വരിയായി നാലു ജോഡി ഡസ്കും ബഞ്ചും. ആദ്യത്തെ വരിയിൽ ആൺകുട്ടികൾ. മേശയ്ക്ക് ഇടതുവശത്തായി മൂന്നു ബഞ്ചും ഡസ്കും. അതിൽ പെൺകുട്ടികൾ, ഞാൻ ക്ലാസ്സിലേക്കു കയറുമ്പോൾ ആകെ ഒൻപതു കുട്ടികളെ ഉണ്ടായിരുന്നുള്ളു. നാല് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും. ''ഇതാ നിങ്ങൾക്കൊരു കൂട്ടുകാരൻ. പ്രൊഫസറുടെ ബന്ധുവാണ്.'' (പ്രൊഫസറുടെ പ്രത്യേക ആനുകൂല്യത്തിൽ അഡ്മിഷൻ കിട്ടിയ ഞാൻ ആദ്യമൊക്കെ അദ്ദേഹത്തിന്റെ ബന്ധുവായാണ് അറിയപ്പെട്ടത്) എന്ന മുഖവുരയോടെ ഗംഗാധരൻ പിള്ള ചേട്ടൻ എന്നെ ക്ലാസ്സിലെ മറ്റുകുട്ടികൾക്ക് പരിചയപ്പെടുത്തി. ആരുടെയും മുഖത്തു നോക്കാതെ ഞാൻ ക്ലാസ്സിലേക്കുകയറി. മുമ്പിൽ ഇടതുവശത്തെ ബെഞ്ചിൽ ഒറ്റയ്ക്ക് ഇരുന്ന വെളുത്ത കൊഴുത്ത ഒരു വിദ്യാർത്ഥി എന്നെ ക്ഷണിച്ചു. 'ഇവിടെ ഇരിക്കാം' ഞാൻ അയാൾക്കൊപ്പം ഇരുന്നു. പിൽക്കാലത്ത് എന്റെ ആത്മസുഹൃത്തായി മാറിയ കൊല്ലത്തുകാരൻ രതീന്ദ്രനായിരുന്നു ആ വിദ്യാർത്ഥി. 'ക്ലാസ്സു തുടങ്ങിയിട്ട് ഏതാണ്ട് ഒരു മാസമായല്ലോ. എന്തുപറ്റി ഇയാൾക്ക്. അഡ്മിഷന് തടസ്സം വല്ലതും ഉണ്ടായിരുന്നോ'? അയാൾ എന്റെ ചെവിയിൽ എനിക്കുമാത്രം കേൾക്കാൻ പാകത്തിൽ ചോദിച്ചു. പക്ഷേ, മറുപടി പറയാൻ അവസരം ലഭിക്കും മുമ്പേ സുലോചന ടീച്ചർ ക്ലാസ്സിൽ വന്നു. പ്രസന്നവദനയായി ഒരു തറവാട്ടമ്മയെപ്പോലെ അവർ ക്ലാസ്സിലെ കസേരയിൽ ഇരുന്നു. എന്നിട്ട് ഒരു വിഹഗവീക്ഷണം നടത്തി. പെട്ടെന്ന് എന്റെ മുഖത്ത് തറപ്പിച്ചുനോക്കി. ചിരിച്ചുകൊണ്ടു ചോദിച്ചു 'ന്യൂ അഡ്മിഷനാണ് അല്ലേ'? ഞാൻ സീറ്റിൽനിന്നെഴുന്നേറ്റു.

ടീച്ചർ - 'എന്താ പേര്'?

ഞാൻ - മുരളി.

ടീച്ചർക്ക് തൃപ്തിയായില്ല. അവർ വീണ്ടും ചോദിച്ചു. മുഴുവൻ പേര് അങ്ങനെയാണോ?


കെ.എം. ഡാനിയല


പ്രൊഫ. എന്‍. കൃഷ്ണപിള

ഞാൻ - അല്ല. 'എസ്. മുരളീധരൻ നായർ. ടീച്ചർ ചിരിച്ചുകൊണ്ട്' അത് പറയാനെന്താ ഒരു മടി.' കുട്ടികൾ എല്ലാവരും ചിരിച്ചു. ഞാനും ചിരിച്ചു. ടീച്ചർ പിന്നെയും ചോദിച്ചു. 'എവിടെയാണ് സ്ഥലം.'

ഞാൻ - പിരപ്പൻകോട്.

ടീച്ചർ - അപ്പോൾ കമ്മ്യൂണിസ്റ്റ് ആണല്ലേ (പിരപ്പൻകോട് അക്കാലത്ത് ഒരു കമ്മ്യൂണിസ്റ്റു കേന്ദ്രമായി അറിയപ്പെട്ടിരുന്ന സ്ഥലമാണ്.) ഞാൻ മറുപടി പറഞ്ഞില്ല. ചിരിക്കുക മാത്രമാണ് ചെയ്തത്.

സുലോചന ടീച്ചർ 'കേരള ചരിത്ര'മാണ് പഠിപ്പിച്ചിരുന്നത്. ടീച്ചർ ക്ലാസ്സിലെ കുട്ടികളോട് പൊതുവെ ചോദിച്ചു. കേരളചരിത്രത്തെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം. എന്നിട്ട് എന്നോടു മാത്രമായി ഒരു ചോദ്യം. ''മുരളി കേരളചരിത്രവുമായി ബന്ധപ്പെട്ട ഏതെങ്കിലും പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ''?

ഞാൻ -ആധികാരികമായി ചരിത്ര പുസ്തകങ്ങൾ വായിക്കുകയോ, പഠിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, കെ.ദാമോദരന്റെ കേരളചരിത്രവും ഇ.എം.എസ്സിന്റെ ഒന്നേകാൽ കോടി മലയാളികളും സർദാർ കെ.എം.പണിക്കരുടെ കേരള സ്വാതന്ത്ര്യസമരവും വായിച്ചിട്ടുണ്ട്.

ടീച്ചർ - അതൊക്കെ നല്ലതുതന്നെ. എന്നാൽ പ്രൊഫസർ. ഇളംകുളം കുഞ്ഞൻപിള്ള സാറിന്റെ പുസ്തകങ്ങൾകൂടി വായിക്കണം. അതാണ് ആധികാരികം. നമുക്ക് പഠിക്കാനുള്ളതും ഇളംകുളത്തിന്റെ പുസ്തകങ്ങളാണ്. അങ്ങനെ ആ ചർച്ച നീണ്ടുപോയി. ടീച്ചർ പൊതുവിൽ കമ്മ്യൂണിസ്റ്റുവിരോധി ആണെങ്കിലും എന്നോട് പ്രത്യേക വാത്സല്യത്തോടെയാണ് പെരുമാറിയത്. അങ്ങനെ ക്ലാസ്സിലെ 'ന്യൂ കമർ' ആദ്യത്തെ ഒരുമണിക്കൂർ കൊണ്ട് ക്ലാസ്സിലെ 'ഹീറോ' ആയി. അന്ന് ടീച്ചർ എന്നോടു കാണിച്ച പ്രത്യേക വാത്സല്യം ഞാൻ അവരുടെ വിദ്യാർത്ഥി ആയിരുന്ന കാലത്തും മാത്രമല്ല ഈ നിമിഷംവരെയും അവരിൽനിന്ന് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അടുത്ത പീര്യേഡിന്റെ മണിയൊച്ച കേട്ടപ്പോഴാണ് ഒരു മണിക്കൂർ പോയത് ഞങ്ങളറിഞ്ഞത്. തൊട്ടുപിന്നാലെ ക്ലാസ്സിൽ വന്നത് നിരൂപക ചക്രവർത്തിയായ 'കെ.എം.ഡാനിയൽ' സാറായിരുന്നു.

ഡാനിയൽ സാറിനെ ഞാൻ മുമ്പേതന്നെ ശ്രദ്ധിക്കാൻ കാരണമുണ്ടായിരുന്നു. ചങ്ങമ്പുഴ യൂണിവേഴ്സിറ്റി കോളേജിൽ എം.എയ്ക്കു പഠിക്കുമ്പോൾ അദ്ദേഹത്തിന് രണ്ടു സഹപാഠികളാണുണ്ടായിരുന്നത്. കെ.എം.ഡാനിയലും, എം.കെ.ദേവകിക്കുട്ടി അമ്മയും. അരസികനും, അന്തർമുഖനുമായിരുന്നു കെ.എം.ഡാനിയൽ. സുന്ദരിയും സുശീലയുമായിരുന്നു ദേവകിക്കുട്ടി അമ്മ. മണിപ്രവാളവും, വ്യാകരണവുമായിരുന്നു ഡാനിയൽ സാറിന്റെ ഇഷ്ടവിഷയങ്ങൾ. പ്രായഭേദവും, വിവേചനവും കൂടാതെ പ്രതികരിക്കാനുള്ള ആർജ്ജവമായിരുന്നു ഡാനിയൽസാറിന്റെ സവിശേഷത. ഒരിക്കൽ വ്യാകരണത്തിലെ സന്ധിനിയമങ്ങൾ പഠിപ്പിക്കുമ്പോൾ ആന+പുറത്തുകയറി എന്ന രണ്ടു പദങ്ങൾ ഒറ്റപ്പദമാക്കുമ്പോൾ ഉത്തരപദത്തിന്റെ ആദ്യത്തെ വ്യഞ്ജനം ഇരട്ടിക്കും എന്നുപഠിപ്പിച്ചശേഷം കുട്ടികൾ എഴുതിയത് നോട്ടുബുക്കുകൾ നോക്കി നടക്കുകയായിരുന്നു ഡാനിയൽ സാർ. അപ്പോഴാണ് ഒരു പെൺകുട്ടി ആന+പുറത്തുകയറി എന്ന രണ്ടുപദങ്ങൾ കുട്ടിച്ചേർത്ത് ആന പുറത്തുകയറി എന്ന ഒറ്റപദമാക്കിയത് കണ്ടത്. സാറ് ചിരിച്ചുകൊണ്ട് ചോദിച്ചു 'എന്നിട്ടും നിനക്ക് ക്ഷീണമില്ലേ.' പെൺകുട്ടി തെറ്റു മനസ്സിലാക്കി. ഒരു 'പ' കൂടി വേണം അല്ലേ സാർ. ഡാനിയൽ സാർ ചിരിച്ചുകൊണ്ടു പറഞ്ഞു. ഒരു 'പ' കൂടി ഉണ്ടാകുന്നതാണ് നല്ലത്. സാരമില്ല. താനല്ലേ. 'പ' ഇല്ലെങ്കിലും ഒപ്പിക്കാം.' സന്ദർഭത്തിന്റെ സാരസ്യത്തിനപ്പുറം അതിൽ ഒളിച്ചിരിക്കുന്ന അനർത്ഥങ്ങളെക്കുറിച്ച് അദ്ദേഹം ചിന്തിച്ചതേയില്ല. അതാണ് ഡാനിയൽ സാർ. ലീലാതിലകവും കേരളപാണിനീയവും കെ.കെ. രാജയുടെ കണ്ണുനീർത്തുള്ളിയുമാണ് ഡാനിയൽ സാർ ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ഞങ്ങളുടെ രണ്ടാംവർഷ മധ്യത്തോടെ സീനിയർ പ്രൊഫസറായി പ്രമോഷൻ ലഭിച്ച അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജിലേക്ക് സ്ഥലം മാറി പോവുകയാണുണ്ടായത്. മൂന്നാമത്തെ പീര്യേഡിൽ ക്ലാസ്സിൽ വന്നത് സാക്ഷാൽ ഒ.എൻ.വി.കുട്ടിക്കാലം മുതൽ ഞാൻ സ്വപ്നം കണ്ടിരുന്ന എന്റെ ഇഷ്ടകവി. നല്ല ചുരുണ്ട മുടി പാതി കൂമ്പിയ കണ്ണുകൾ. മൂക്കിനുതാഴെ നേർത്ത മീശ. ചിരി ഒളിച്ചിരിക്കുന്ന ചുണ്ടുകൾ. ആകെക്കൂടി മുഖശ്രീയുള്ള ആകർഷകമായ രൂപം. ക്ലാസ്സിൽ കയറിവന്ന് കസേരയിൽ ഇരുന്നുകൊണ്ടു വിദ്യാർത്ഥികളെ ആകെ ഒന്നുനോക്കി. മുൻവരിയിൽ ഇരിക്കുന്ന എന്നെ നോക്കി. 'ന്യൂ അഡ്മിഷൻ' ആണ് അല്ലേ? എന്താ പേര്?

ഞാൻ- ''മുരളി.''

ഒ.എൻ.വി. - എവിടെയാ സ്ഥലം ഞാൻ - പിരപ്പൻകോട്

സാർ - 'ചിരിച്ചുകൊണ്ട്' ഓ ശരി

എനിയ്ക്കറിയാം. പരിചയപ്പെടൽ അവസാനിപ്പിച്ച് സാർ പറഞ്ഞു തുടങ്ങി. ''ഞാൻ ഇന്നലെ പറഞ്ഞു നിറുത്തിയിടത്തുനിന്നു തുടങ്ങാം. മുരളീ ഞങ്ങൾ കൂറേ ദൂരംപോയി. 'നിയോ ക്ലാസ്സിസ്സത്തിൽനിന്ന് റൊമാന്റിസിസ്സത്തിലേക്ക് കടക്കുകയാണ്. നമുക്കിന്ന് കുമാരനാശാനിൽനിന്ന് ആരംഭിക്കാം' എന്നുപറഞ്ഞ് പഴയ മലയാള മഹാകാവ്യങ്ങൾ കേശവീയം, രാമചന്ദ്ര വിലാസം, രുഗ്മാംഗദചരിതം, ഉമാകേരളം, ചിത്രയോഗം എന്നീ മഹാകാവ്യങ്ങളെക്കുറിച്ച് വളരെ സംക്ഷിപ്തമായി ചിലതുപറഞ്ഞു. (നിയോക്ലാസ്സിസ്സത്തെക്കുറിച്ച് എന്നിൽ ഒരു ധാരണയുണ്ടാക്കാൻ വേണ്ടി ആയിരുന്നു ഈ മഹാകാവ്യങ്ങളെക്കുറിച്ചുള്ള പരാമർശം എന്നു വ്യക്തം) ഈ മഹാകാവ്യങ്ങളെക്കുറിച്ച് പറഞ്ഞശേഷം സാറ് ആശാൻ കവിതകളിലേക്കും അതിന്റെ തുടക്കം എന്ന നിലയിൽ ആശാന്റെ വീണപൂവിലേക്കും പ്രവേശിക്കുമ്പോൾ പീര്യേഡ് അവസാനിച്ചു. ഉച്ചഭക്ഷണത്തിനുള്ള ഇന്റർവെല്ലായി. കഴിഞ്ഞ ഒരു മണിക്കൂർ മലയാളകവിതയുടെ മാസ്മരിക ലോകത്തായിരുന്നു ഞാനടക്കമുള്ള വിദ്യാർത്ഥികൾ ഒരു ഭരതനാട്യക്കാരന്റെ ഭാവഹാവാദികളോടെ, കൈമുദ്രകളോടെ മലയാള കവിതയുടെ ഇന്നലെകളിലേക്ക് ആ അനുഗ്രഹീത കവി ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. ഓരോ കാവ്യ സിദ്ധാന്തം അവതരിപ്പിക്കുമ്പോഴും അത് ഹൃദയത്തിൽ പതിയുംവിധം ജീവിതഗന്ധിയായ ഉദാഹരണങ്ങൾ നൽകിക്കൊണ്ടാണ് അത് ഞങ്ങളെ ബോധ്യപ്പെടുത്തിയത്. അതായിരുന്നു ഒ.എൻ.വിയുടെ അദ്ധ്യാപനശൈലിയുടെ പ്രത്യേകത. അദ്ദേഹത്തിന്റെ ആദ്യത്തെ ക്ലാസ്സുമുതൽ ജീവിതാന്ത്യത്തിനു തൊട്ടടുത്ത ദിവസങ്ങളിൽ നടത്തിയ സ്വാതിസ്മൃതി പ്രഭാഷണംവരെ ഈ സവിശേഷത അനുഭവിച്ചറിയാനുള്ള സൗഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ.


തിരുനല്ലൂര്‍ കരുണാകരന


അയ്യപ്പപ്പണിക

ഉച്ചഭക്ഷണം കഴിഞ്ഞ് ക്ലാസ്സിൽ ഒത്തുചേർന്നപ്പോഴാണ് ക്ലാസ്സിലെ മറ്റു സഹപാഠികളെ വിശദമായി പരിചയപ്പെടാൻ കഴിഞ്ഞത്. 1961-ലെ യൂണിവേഴ്സിറ്റി കോളേജ് മലയാളം ബി.എ. ക്ലാസ്സിൽ ഞാനുൾപ്പെടെ പത്തുവിദ്യാർത്ഥികളാണുണ്ടായിരുന്നത്. പാലോട് പച്ചയിലുള്ള ഒരിടത്തരം കുടുംബത്തിൽ ജനിച്ച പി.സാമുവൽ. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. അകാലത്തിൽ മരണപ്പെട്ടു. കൊല്ലത്തുകാരൻ തിരുവനന്തപുരത്തെ കൊയിലോൺ ചിട്ടിഫണ്ടുടമയുടെ മകനായ എൻ.രതീന്ദ്രൻ പിൽക്കാലത്ത് ഇദ്ദേഹം എസ്.എൻ.കോളേജുകളിൽ അദ്ധ്യാപകനായി. കുഴിത്തുറക്കാരനായ എൻ.നാഗപ്പൻ നായർ. പിൽക്കാലത്ത് ഇദ്ദേഹം ഗവൺമെന്റ് കോളേജിൽ അദ്ധ്യാപകനായി. വലിയതുറക്കാരൻ അലക്സാണ്ടർ ഡിക്രൂസ് അദ്ദേഹം കോഴ്സ് പൂർത്തിയാക്കാതെ ഒന്നാംവർഷം തന്നെ കോളേജുവിട്ടു. പിന്നെ ഈ ഞാനും. അങ്ങനെ ഞങ്ങൾ അഞ്ചുപേരായിരുന്നു ആൺകുട്ടികൾ. ഗൗരീശപട്ടത്തുകാരിയായ പി.രാധാദേവി പിൽക്കാലത്ത് വെങ്ങാനൂർ ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പാളായി റിട്ടയർ ചെയ്തു. 1971-ൽ എന്റെ ജീവിതസഖിയായി. ഇന്നും എന്നോടൊത്ത് ജീവിക്കുന്നു. ചിറയിൻകീഴുകാരിയായ സതീദേവി. കോളേജിൽ എസ്. എഫിന്റെ മുൻനിര പ്രവർത്തകയായിരുന്ന അവർ പിൽക്കാലത്ത് ഗവൺമെന്റുദ്യോഗസ്ഥയായി. ഉദ്യോഗത്തിൽനിന്ന് വിരമിച്ചശേഷം പക്ഷാഘാതത്തിനടിപ്പെട്ട് അകാലത്തിൽ മരണപ്പെട്ടു. കാഞ്ഞിരംകുളത്തുകാരിയായ ചന്ദ്രമതി. പ്രശസ്ത കമ്മ്യൂണിസ്റ്റുനേതാവായ സഖാവ്. വി.തങ്കയ്യയുടെ ബന്ധുവും, കവിയുമായ ചന്ദ്രമതി പ്രണയനൈരാശ്യംമൂലം പിൽക്കാലത്ത് സന്യാസം സ്വീകരിക്കുകയും, അകാലത്തിൽ മരണപ്പെടുകയും ചെയ്തു. നെയ്യാറ്റിൻകരക്കാരി ലീലാവതി. പിൽക്കാലത്ത് അദ്ധ്യാപികയായി. സകുടുംബം ജീവിക്കുന്നു. പരണിയത്തുകാരിയായ ഗ്രീസിൽഡ. വിദ്യാഭ്യാസാനന്തരം ഹൈസ്കൂൾ അദ്ധ്യാപികയായി റിട്ടയർ ചെയ്തശേഷം സന്തുഷ്ടകുടുംബജീവിതം നയിക്കുന്നു. ഞങ്ങൾ പത്തുപേരും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് അക്കാലം കഴിച്ചുകൂട്ടിയിരുന്നത്.

യൂണിവേഴ്സിറ്റി കോളേജ് ഒരുപാട് ചരിത്ര സ്മരണകൾ ഉണർത്തുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. രാഷ്ട്രീയ സാഹിത്യ കലാരംഗങ്ങളിൽ അവിസ്മരണീയരായ നിരവധി മഹാരഥന്മാർ ഈ കലാലയത്തിൽ പഠിച്ച് വിശ്രുതരായവരാണ്.

ഞാൻ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കാൻ വരുമ്പോൾ വിദ്യാർത്ഥികളുടെ അന്നത്തെ ഏറ്റവും വലിയ ആകർഷണകേന്ദ്രം സഖാവ് കണിയാപുരം രാമചന്ദ്രനായിരുന്നു. ഞാൻ ഫസ്റ്റ് ഡി.സിക്ക് പഠിക്കുമ്പോൾ അദ്ദേഹം മലയാളം ഫൈനൽ എം.എ. വിദ്യാർത്ഥി ആയിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ ചരിത്രപ്രസിദ്ധമായ മുത്തശ്ശിമാവും (ഈ മാവിനെക്കുറിച്ച് ഒ.എൻ.വിയുടെ പ്രശസ്തമായ ഒരു കവിതയുണ്ട്. ''ഒരു മാവിനു ചുറ്റും''

''ഒരിക്കൽ കൂടി കാണാൻ കൊതിക്കും മുത്തശ്ശി തൻ ചിരിക്കും മുഖം കാണും കൗതുകമാകുന്നു ഞാൻ ചില്ലകൾ മുരടിച്ച മാവിനെ വലംവച്ചെൻ ചിന്തകൾ കലമ്പുന്നു നാട്ടുകാക്കകളെപ്പോൽ അതിന്റെ തണലിൽ മദ്ധ്യാഹ്നങ്ങളിൽ കണിയാപുരം നടത്തുന്ന ഏകയാത്ര കലാപ്രകടനവും ഞങ്ങൾ, ജൂനിയർ വിദ്യാർത്ഥികൾക്ക്, ഏറെ ഹരമായിരുന്നു. കെ.പി.എ.സി.നാടകത്തിലെ ഏറ്റവും പുതിയ പാട്ടുകൾ പാടി അഭിനയിക്കുക കണിയാപുരത്തിന്റെ പരിപാടികളിൽ ഒന്നായിരുന്നു. പുതിയ ആകാശം പുതിയ ഭൂമിയിലെ

''പാൽക്കുടമൊക്കത്തേന്തിക്കൊണ്ടേ, പാദസ്വരങ്ങൾകിലുക്കിക്കൊണ്ടേ''

എന്ന പാട്ടുപാടി അതിമനോഹരമായി കണിയാപുരം നൃത്തം വയ്ക്കുമായിരുന്നു. അത്ഭുതത്തോടെ സ്വയം മറന്ന് ഞങ്ങൾ അത് നോക്കിയിരുന്നിട്ടുമുണ്ട്. ഇ.എം.എസ്., മുണ്ടശ്ശേരി, പട്ടംതാണുപിള്ള, മന്നത്തു പത്മനാഭൻ, തിക്കുറിശ്ശി സുകുമാരൻ നായർ തുടങ്ങിയവരുടെ പ്രസംഗങ്ങളുടെ ഹാസ്യാനുകരണം ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാൻ കോൺഗ്രസ്സ് നേതാക്കൾ അനുഭവിച്ച ത്യാഗത്തിന്റെ കഥകൾ ഇതൊക്കെ ആയിരുന്നു കണിയാപുരത്തിന്റെ സ്ഥിരം കലാപരിപാടികൾ. ഒരു വലിയ സംഘം വിദ്യാർത്ഥികൾ എല്ലാ മദ്ധ്യാഹ്നങ്ങളിലും കണിയാപുരത്തിനുചുറ്റും അണിനിരന്നിരുന്നു. അക്ഷരാർത്ഥത്തിൽ സഖാവ് കണിയാപുരം ഒരു സർവ്വകലാവല്ലഭൻ തന്നെ ആയിരുന്നു. പിൽക്കാലത്ത് പ്രശസ്തനായ പത്രപ്രവർത്തകനും, സി.പി.ഐ.എം. നേതാവും, എം.പിയുമായ ദേശാഭിമാനി കെ.മോഹനൻ, മന്ത്രിയും എം.എൽ.എയും ഇപ്പോൾ തിരുവനന്തപുരം പാർലമെന്റ് സ്ഥാനാർത്ഥിയും, സി.പി.ഐ.നേതാവുമായ സഖാവ് സി.ദിവാകരൻ എന്നീ പ്രഗത്ഭരായ വിദ്യാർത്ഥി നേതാക്കളും അക്കാലത്ത് എന്റെ സീനിയർ ക്ലാസ്സുകളിൽ അവിടെ പഠിച്ചിരുന്നു.


പിരപ്പന്കോട് മുരളി (പഴയകാല ചിത്രം)

നടവരമ്പിലൂടെയും, ഇവഴികളിലൂടെയും, ചെറിയ വെട്ടുറോഡുകളിലൂടെയും മാത്രം നടന്നു ശീലിച്ച ഒരു ഗ്രാമീണ ബാലൻ ജീവിതത്തിലാദ്യമായി മഹാ നഗരത്തിലെ ജനനിബിഢമായ ഒരു നാൽക്കവലയിലെത്തിയ അനുഭവമായിരുന്നു യൂണിവേഴ്സിറ്റി കോളേജ് എന്റെ മുന്നിൽ തുറന്നിട്ടത്. ബാരിസ്റ്റർ ജി.പി.പിള്ളയും, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും, കേസരി ബാലകൃഷ്ണപിള്ളയും മുന്നേറിയത് ഇവിടെനിന്നാണ്. ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഒ.എൻ.വി.കുറുപ്പും തിരുനല്ലൂർ കരുണാകരനും ഒക്കെ ശ്രദ്ധേയരായതും ഇവിടെനിന്നുതന്നെ. സി.വി.രാമൻപിള്ളയും എൻ.കൃഷ്ണപിള്ളയും പുളിമാന പരമേശ്വരൻപിള്ളയും നടന്നുകയറിയതും ഈ നാൽക്കവലയിൽ നിന്നാണ്. നാടിന്റെ ചരിത്രം തിരുത്തിക്കുറിച്ച വിപ്ലവകാരികൾ പത്രാധിപൻമാർ, എഴുത്തുകാർ, കലാകാരന്മാർ ഒക്കെ നടന്നു മുന്നേറിയത് ഈ നാൽക്കവലയിലൂടെയാണ്.

ഈ നാൽക്കവലയിൽ ഏതുവഴിയാണ് ഞാൻ തെരഞ്ഞെടുക്കേണ്ടത്. ആകെ ഒരു പരിഭ്രമത്തിലും ആശയക്കുഴപ്പത്തിലും ആയിരുന്നു ഞാൻ. ഈ ആശയക്കുഴപ്പത്തിൽനിന്ന് എന്നെ രക്ഷിക്കാനെത്തിയ ദൈവദൂതനായിരുന്നു സഖാവ് ബദ്ധരസൻ. ബദ്ധരസൻ കാട്ടിത്തന്ന വഴിയിലൂടെ യൂണിവേഴ്സിറ്റി കോളേജിൽനിന്നു ഞാൻ എന്റെ കമ്മ്യൂണിസ്റ്റ് യാത്ര ആരംഭിച്ചു. (തുടരും)കൂടുതൽ